മൈലാഞ്ചി

ജാലകം

Friday, 3 December, 2010

ഏതു പേരും അപൂര്‍ണമാവുന്നു...

ചാപ്പ കുത്തിയിട്ടില്ലെന്നേയുള്ളൂ
ചങ്ങലയിട്ടില്ലെന്നേയുള്ളൂ
പേരുമാറിയിട്ടുണ്ടെന്നേയുള്ളൂ
അവര്‍ നോക്കുന്ന നോട്ടം
ഇന്നും പഴയതു തന്നെ...

നിലത്തുനോക്കി
കുനിഞ്ഞുനിന്ന്
നടുവളഞ്ഞ നമ്മളും
പഴയതു തന്നെ...

എങ്കിലും
എനിക്കുവേണ്ടി
കണ്ണേ
നിന്റെ കണ്ണു നിറയുമ്പോള്‍
നടുനിവര്‍ന്ന സുഖം...

Tuesday, 23 November, 2010

വോയ്സ് റെസ്റ്റ്

കുട്ടിക്കാലം
ശബ്ദങ്ങളാണ്..

കൂട്ടുകാരോടൊത്തുള്ള
കൂക്കിവിളി..

ഇഷ്ടപ്പെട്ടതിനു വേണ്ടി
നിലത്തുവീണുരുണ്ട്
വാശി..

താന്‍ നില്‍ക്കുന്ന മൂലയിലേക്ക്
അമ്മ വരാന്‍ വേണ്ടി
ഉറക്കെ ഉറക്കെ അലറല്‍..

ശ്രുതിയും സംഗതിയും നോക്കാതെ,
വരികള്‍ പോലും വേണ്ടാതെ,
അസമയമെന്തെന്നറിയാതെ
വായില്‍ത്തോന്നുന്ന പാട്ട്..

സങ്കല്പ വളയം തിരിച്ച്
ആഞ്ഞുനിന്ന് ഗിയറു മാറ്റി
പി പീ.. ബ്രും ബ്രൂം...

അച്ചൂ..

വരികളില്‍
ഗൃഹാതുരത്വം നിറച്ചാല്‍
തീര്‍ക്കാവുന്നതല്ലല്ലോ
വോയ്സ് റെസ്റ്റിന്‍റെ
ക്രൂരത....

ഓളിയിടാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച്
റസ്സല്‍ പറഞ്ഞെന്നു കരുതി
അവസ്ഥകള്‍
മാറുന്നുമില്ലല്ലോ....

Thursday, 11 November, 2010

സോഷ്യലിസം റീലോഡഡ്

എനിക്കെന്നെഴുതുമ്പോള്‍
നിനക്കെന്നാവുന്നത്
കെ.ജി.എസ് കവിതയില്‍ മാത്രമായിരുന്നു
ഇന്നലെ വരെ..

‘നീ തന്നെ’ എന്നു പറയുമ്പോള്‍
തുറക്കുന്ന വാതിലുകള്‍
സൂഫിക്കഥകളില്‍ മാത്രമായിരുന്നു
ഇന്നലെ വരെ...

എന്റെ വിശപ്പ്
എന്റേതു മാത്രമായിരുന്നു
ഇന്നലെ വരെ...

എന്റെ ശരി
എന്റെ കാഴ്ച
എന്റെ പിഴ
എന്റെ ചിരി
എന്റെ കണ്ണീര്‍

എന്റെ എന്റെ
എന്നെണ്ണിപ്പറയുവാന്‍
ഒന്നുമില്ലാതാകും വിധം
ഞാന്‍
നീയായി മാറുന്നു
ഇന്ന്...

Saturday, 23 October, 2010

വിവാഹിതയുടെ പ്രണയം

വിവാഹിതയുടെ പ്രണയം
ആത്മഹത്യയേക്കാള്‍
കഷ്ടമാണ്..
ജയിച്ചാലും തോറ്റാലും
പഴികേള്‍ക്കണം...

ജയില്‍പ്പുള്ളിയുടെ
ജീവിതം പോലെയാണ്,
എന്നു മതില്‍ ചാടുമെന്ന്
ഏതോ കണ്ണുകള്‍
തേടിക്കൊണ്ടിരിക്കും...

പുറത്തു കടന്നാലും
ജയില്‍പ്പുള്ളിയെന്ന
നോട്ടം
ബാക്കിയാകും...

എന്നാണിനി വീണ്ടും
ജയിലിലേക്കെന്ന്
ചോദിക്കില്ലെന്നു മാത്രം.....

Friday, 15 October, 2010

പ്രണയായനം

നിന്‍റെ പ്രണയം
കാര്‍ ഡ്രൈവിംഗ് പോലെ.....

നിന്റെ ലക്ഷ്യം..
നിന്റെ സ്പീഡ്..
നീ നിശ്ചയിക്കുന്ന വഴികള്‍..

സ്റ്റീരിയോയില്‍ നിന്നുയരുന്ന
നിന്‍റെ ഇഷ്ടഗാനത്തില്‍ മുങ്ങി
ദൂരെയെങ്ങോ കേള്‍ക്കാതാവുന്നു
എന്‍റെ പ്രിയഗീതം..

ഞാന്‍ കാണേണ്ട കാഴ്ചകള്‍
പിന്നിലേക്കോടി മറയുന്നു..
ഞാന്‍ തിരിയാന്‍ കൊതിച്ച തിരിവുകള്‍
പൊടിയില്‍ മുങ്ങുന്നു...

എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നെന്ന്
ഞാന്‍ മറന്നുതുടങ്ങുന്നു...

വിവാഹം പ്രണയത്തെ
ഒരു തീവണ്ടിയാക്കുന്നു..
ഒറ്റ എഞ്ചിന്റെ പിറകില്‍
ട്രാക്കുതെറ്റാതെ അങ്ങനെ..

ഒറ്റലക്ഷ്യത്തിലേക്ക്
ഒരുമിച്ചു തുഴഞ്ഞാല്‍ മാത്രം
മുന്നോട്ടുനീങ്ങുന്ന
വഞ്ചിയാവണം പ്രണയം..

Thursday, 30 September, 2010

സോഷ്യലിസം...

നമ്മള്‍ ഒന്നല്ലേ?

നിന്റെ മനസ്
എന്റേതല്ലേ?

എന്റെ മനസും
നിന്റെയല്ലേ?

എന്റെയീ ശരീരം
നിന്റേതല്ലേ?

നിന്റെ എല്ലാം
എന്റെയുമല്ലേ?


എന്റെ സുഖമല്ലേ
നിന്റെ സുഖം?

എന്നിട്ടും
ഞാന്‍
നിന്റെ ശരീരം കൊണ്ട്
ഒരല്പം കൂടുതല്‍
സുഖം തേടിയപ്പോള്‍
നീയെന്തിനാ എന്നെ
ചതിയനെന്ന്
വിളിക്കുന്നത്?

Monday, 6 September, 2010

മൂത്രപുരാണങ്ങൾ...

അത്ര വലിയ കാര്യങ്ങളൊന്നുമല്ല.. എന്നാലും മറക്കാതിരിക്കാൻ എഴുതിവച്ചേക്കാം ന്ന് വച്ചു.. അത്രേ ഉള്ളൂ..

എന്താ സംഭവം ന്ന് വച്ചാല്, കഴിഞ്ഞ മാസം ആദ്യം ഏട്ടൻ വൈറൽ പനിയുമായി ആസപത്രീലാർന്നു.. ചൊവ്വാഴ്ച വൈകീട്ട് മേലുവേദന, രാത്രി ആയപ്പോ പനി തുടങ്ങി.....  ഈ റേസിംഗ് കാറൊക്കെ സ്റ്റാർട്ടിംഗ് പോയന്റീന്നന്നെ ഹൈ സ്പീഡ് എടുക്കില്ലേ, അതുപോലെയാർന്നു, തൊടങ്ങ്യപ്പഴക്കും അസ്സല് പൊള്ളണ പനി ! അപ്പോ തന്നെ ഡോക്റ്റർടെ അടുത്ത് പോവാം ന്ന് ഞാൻ പറഞ്ഞതാ.. പറഞ്ഞാ കേക്കണ്ടേ? ന്നട്ടെന്ത്ണ്ടായി? പാതിരാത്രി ബാത്ത്‌റൂമില് തലകറങ്ങി വീണ് കുറെ നേരം അവടെ കെടന്നു.. പിന്നെ എപ്പഴോ ബോധം വന്ന് എന്നെ വിളിച്ചപ്പഴാ വീണുകെടക്കണത് അറിഞ്ഞതന്നെ..എന്തായാലും രാവിലെ തന്നെ ഞങ്ങൾ പതിവായി കാണാറുള്ള ഉഷഡോക്റ്ററെ കാണാൻ പോയി.. പക്ഷേ, അവര് അവരുടെ മോളെ ഡോക്റ്ററാക്കാൻ പോയേക്കാർന്നു.. അതോണ്ട് നിവൃത്തില്യാണ്ട് ഹോസ്പിറ്റലിൽ പോയി.. അവടെ കാഷ്വാലിറ്റി, പിന്നെ സ്പെഷ്യൽ ഒബ്സെർവേഷൻ യൂണിറ്റ് എന്നീ പുണ്യസ്ഥലങ്ങളിൽ വിശ്രമം.. ഒടുവിൽ വേണമെങ്കിൽ എലിപ്പനിയിലേക്ക് ട്രാൻസ്ഫർ കൊടുക്കാവുന്ന വൈറൽ ഫീവർ എന്ന് പ്രഖ്യാപിച്ച് ജയിൽ വാസം ..

സ്പെഷ്യൽ ഒബ്സെർവേഷൻ യൂണിറ്റിൽ 8 ബെഡാണുള്ളത്.. അവിടെ ഡ്രിപ്സും കേറ്റി ഏട്ടൻ കിടക്ക്വാർന്നു.. ഡ്രിപ്സ് കേറ്റണേന്റെ ഇഫക്റ്റും പിന്നെ മഴേടെ തണുപ്പും കൂടി ആയപ്പോ ഏട്ടന് മൂത്ര ശങ്ക.. സിസ്റ്ററെ വിളിക്കാം ന്ന് ഞാൻ.. (ഡ്രിപ്സിന്റെ സൂചി അഴിക്കാനാ.. അല്ലാതെ...ശ്ശെ..) ..  വേണ്ട, ഡ്രിപ്സ് തീർന്നിട്ടാവാംന്ന് ഏട്ടൻ,.. പക്ഷേ, അങ്ങനെ പിടിച്ച് നിർത്താൻ ഇത് സ്റ്റാൻലീടെ ഓട്ടോ ഒന്നുമല്ലല്ലോ.. പിന്നേം ശങ്ക.. അപ്പൊ സിസ്റ്ററെ വിളിച്ചു... അവര് മര്യാദക്ക് ചോദിച്ചു, ബെഡ്പാൻ വച്ചുതരട്ടേ ന്ന്.. വേണ്ട, എനിക്ക് നടക്കാം ന്ന് ഏട്ടൻ.. ഉറപ്പാണോന്ന് ഞാൻ.. ആ, എനിക്ക് കൊഴപ്പൊന്നൂല്യ, നടന്നോളാം ന്ന് ഏട്ടൻ ഭയങ്കര കോൺ‌ഫിഡൻസില്.. എന്നാ അങ്ങനെത്തന്നെ എന്ന് ഞാനും..
എണീറ്റ് അല്പ സമയം ഇരുന്ന് ഒന്ന് നോർമൽ ആയി ഏട്ടൻ കട്ടിലിൽ നിന്നിറങ്ങി.. താങ്ങിപ്പിടിക്കാൻ ഞാനും.. മെല്ലെ മെല്ലെ ബാത്‌റൂമിലേക്ക് നടന്നു..(ഏട്ടനെ താങ്ങാൻ ഞാൻ ധാരാളം എന്ന ഭാവം മുഖത്ത് വരുത്താൻ പരമാവധി ശ്രമിച്ചോണ്ട്....).. മൂലക്ക് കാണുന്ന ഒരു വാതിലിലേക്ക് സിസ്റ്റർ ചൂണ്ടിക്കാട്ടി.. ഞാൻ അത് തുറന്നു.. ഏട്ടനെ ഒറ്റക്ക് വിടാൻ ധൈര്യം തോന്നാഞ്ഞോണ്ട് ഞാനും അകത്ത് കടന്നു.. വാതിൽ ഭദ്രമായി കുറ്റിയിട്ടു.. കടന്നയുടൻ വാഷ്ബേസിൻ ഉള്ള ഒരു മുറിയാണ്.. അതിനപ്പുറമാണ് ടോയ്ലറ്റ്.. സ്ലോമോഷനിൽ ഞങ്ങൾ അങ്ങോട്ട് കടന്നു.. മറ്റേ വാതിൽ കുറ്റിയിട്ടതിനാൽ ഇതിന്റെ വാതിൽ ചാരാൻ പോലും നിന്നില്ല...
യൂറോപ്യൻ ക്ലോസറ്റാണ്.. ഏട്ടനെ അതിനടുത്തുനിർത്തി, ഇനി കാര്യം സാധിച്ചോളൂ എന്ന മട്ടിൽ ഞാൻ പിടിവിട്ട് മാറാൻ തൊടങ്ങ്യപ്പോ............... ദാ.. കൊഴഞ്ഞ് കൊഴഞ്ഞ് എന്റെ മേത്തേക്ക് വീഴാൻ പോണൂ.. അന്നാദ്യമായി യൂറോപ്യൻ ക്ലോസറ്റിനെ ഞാൻ ഇഷ്ടപ്പെട്ടു, അതായോണ്ടല്ലെ ഏട്ടനെ സെയ്ഫായി അതിലേക്ക് ചാരി ഇരുത്താൻ പറ്റിയേ..  ക്ലോസറ്റിനു മുകളിൽ ഫ്ലഷ് ടാങ്കിന് അഭിമുഖമായി ആകെ കുഴഞ്ഞ് ഏട്ടൻ.. ഏതോ വിധത്തിൽ ഞാൻ താങ്ങീട്ടുണ്ട്.. ‘ഏട്ടാ.. ഏട്ടാ..‘ ഊഹും അനക്കമില്ല.. എന്തു ചെയ്യണം? അപ്പുറത്ത് ടാപ് ഉണ്ട്.. മുഖത്തു തളിക്കാൻ വെള്ളമെടുക്കാമെന്നു വച്ചാൽ ഏട്ടനെ വിടാതെ പറ്റില്ല...  ‘ഏട്ടാ.. ഏട്ടാ.‘. ഒന്ന് രണ്ട് കുലുക്ക് കുലുക്കി നോക്കി.. നോ രക്ഷ..  ഞാൻ തിരിഞ്ഞ് ഭദ്രമായി അടച്ച വാതിലിലേക്ക് നോക്കി... സിനിമയിലേതു പോലെ വാതിൽ തള്ളിത്തുറക്കാൻ ആരെങ്കിലും വരുമോ? കുറഞ്ഞ പക്ഷം യോദ്ധായിലെ അകോഷോട്ടോവിനെപ്പോലെ കണ്ണുകൊണ്ട് സാധനങ്ങൾ നീക്കാനുള്ള വിദ്യയെങ്കിലും എനിക്ക് കിട്ടുമോ? കുറച്ചു നേരം തുറിച്ച് നോക്കി ....എനിക്ക് തന്നെ എന്നോട് സഹതാപം തോന്നിയപ്പോ ആ ശ്രമം ഉപേക്ഷിച്ചു... റിട്ടേൺ ടു ഏട്ടൻ..പിടിച്ചു പൊക്കാൻ നോക്കി.. ഹൊ! ഈ ബോധം കെട്ടു കിടക്കുന്നോർക്കൊക്കെ എവടന്നാ ഇത്ര ഒടുക്കത്തെ വെയ്റ്റാവോ.... അതും ഉപേക്ഷിച്ചു....
 .. “ഏട്ടാ.. ഏട്ടാ.. ഒന്നുണർന്നേ.. എന്നാലേ എനിക്ക് സിസ്റ്റർമാരെ എങ്കിലും വിളിച്ച് ഇവടന്ന് പുറത്തിറക്കാൻ പറ്റൂ.. ഏട്ടാ.. ഏട്ടാ...“
എവടെ ! പുള്ളി നല്ല ധ്യാനത്തിലല്ലേ...
ഞാൻ ഒന്നൂടെ വാതിലിനെ പ്രത്യാശയോടെ ണോക്കി.. തിരിച്ച് ഏട്ടനെ.. പിന്നെ വെള്ളം ഇറ്റുവീഴുന്ന ടാപ്പിനെ....
രണ്ട് റൌണ്ട് ഈ നോട്ടം കഴിഞ്ഞപ്പോ എന്റെ നിസ്സഹായാവസ്ഥ തികച്ചും ബോധ്യമായി.. പിന്നെ നിയന്ത്രിക്കാനായില്ല.. അറിയാതെ എന്റെ ഉള്ളിൽ നിന്ന് ഒരു പൊട്ടൽ ! ആദ്യം ചെറുതായി തുടങ്ങി.. പിന്നെ നിവൃത്തിയില്ലാതെ കാര്യമായിത്തന്നെ പൊട്ടിപ്പൊട്ടി.....ചിരിച്ചു...!!!
അതേന്നേ.. വേറെ ഒന്നും ചെയ്യാനാവില്ല എന്നറിഞ്ഞപ്പോ ആ കക്കൂസിൽ ഏട്ടനേം താങ്ങി എത്ര നേരം നിക്കേണ്ടി വരും എന്നറിയാത്ത അവസ്ഥ ആലോചിച്ചപ്പോ ചിരി നിയന്ത്രിക്കാനായില്ല... !
ആ സമയം പരിഭ്രമിക്ക്യല്ലേ വേണ്ടേ ന്ന് ആലോചിക്കായ്കയല്ല.. പറ്റണ്ടേ....

(വാൽക്കഷ്ണം: സിനിമാസ്റ്റൈലിൽ തന്നെ മുഖത്ത് പടപടാന്ന് നാലഞ്ച് തട്ടുകൊടുത്തപ്പോ--അടിക്കാൻ കിട്ട്യേ ചാൻസല്ലേ, കളയാൻ തോന്നീല്യ--  ഏട്ടൻ അല്പം ഉണർന്നു.. ആ ഗ്യാപ്പിൽ ഫുൾ ഉണർത്തി കാര്യം സാധിപ്പിച്ച് പുറത്തുകടത്തി.. ഇനി ബോധം കെടുകയോ എന്താന്ന് വച്ചാ ആയിക്കോ എന്നും പറഞ്ഞ്..)


വേറൊരു സംഭവം ണ്ടായത് അതേ യൂണിറ്റിൽ വച്ചന്നെ.. ഏട്ടന്റെ തൊട്ടപ്പുറത്തെ ബെഡിൽ ആദ്യം ഒരു 126കിലോ ഉള്ള അമ്മുമ്മയാർന്നു.....കട്ടിലിന്റെ ദയാഹർജി പരിഗണിച്ച്
അവരെ ഐ സി യൂവിലേക്ക് മാറ്റി.. അല്പം കഴിഞ്ഞപ്പോ മെലിഞ്ഞ മറ്റൊരമ്മാമ്മയെ കൊണ്ടന്നു..... മെലിഞ്ഞ് നീണ്ട പാവം അമ്മാമ്മ.. പക്ഷേ കൂടെ നാലാൾക്കാർണ്ടാർന്നു.. എന്തിനാന്ന് പിന്ന്യല്ലേ മനസിലായേ.. അമ്മാമ്മക്ക് ഒടുക്കത്തെ ശക്തി.. ആരു പിടിച്ചാലും നിക്കില്ല..  ഷുഗർ കുറഞ്ഞതാന്നോ ഓർമക്കുറവുണ്ടെന്നോ ഒക്കെ പറയുന്ന കേട്ടു.. അമ്മാമ്മ ഇടതടവില്ലാതെ പ്രാർഥിക്കുന്ന കാരണം അത്ര ക്ലിയറായില്ല.....‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി....... ‘

എന്തായാലും ഡോക്റ്റർ വന്നു, ഷുഗർ ഇത്ര കുറയും വരെ കാത്തുനിന്നേന് വീട്ടുകാരെ കുറെ ചീത്ത പറഞ്ഞു.. അമ്മാമ്മേടെ കെട്ട്യോൻ അപ്പാപ്പനും മക്കളും ഒക്കെ പല തവണ പറഞ്ഞു, ഇന്നലെ തന്നെ അവിടെ അടുത്തുള്ള ഡോക്റ്ററെ കാണിച്ച് മരുന്നു കൊടുത്തൂന്ന്.. ഇത് എനിക്ക് പോലും മനസിലായി എന്നട്ടും ആ ഡോക്റ്റർക്ക് മനസിലായില്ല.. അതോ മറ്റേ ഡോക്റ്ററെ കാണിച്ചേന്റെ ദേഷ്യമൊ.. എന്തൊ..
എന്തായാലും ഏതൊക്കെയോ ഇഞ്ചക്ഷൻ അടിയന്തിരമായി കൊടുക്കാൻ പറഞ്ഞ് ഡോക്റ്റർ പോയി.. അല്ലെങ്കിലും ഈ ഡോക്റ്റർമാർക്കൊക്കെ എന്തുമാവാലോ. പറഞ്ഞിട്ട് പോയാപോരേ.. ഇഞ്ചക്ഷൻ എങ്ങനെ കൊടുക്കാൻ.. സൂചി കൊണ്ടുവരുമ്പഴേ അമ്മാമ്മ ഉറക്കെ കരഞ്ഞ് കുതറും... അപ്പാപ്പനും മക്കളും പിടിച്ചിട്ട് നിക്കണില്ല.. കുത്താൻ വന്ന സിസ്റ്റർ ആദ്യം മര്യാദക്ക് പറഞ്ഞു.. അപ്പോ ‘നന്മ നിറഞ്ഞ മറിയമേ‘ ഉറക്കെ ചൊല്ലിക്കേൾപ്പിച്ചു.. സിസ്റ്റർ അല്പം ദേഷ്യപ്പെട്ടു.. ‘ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ..”.. എന്നായി.. സിസ്റ്റർ അവസാനത്തെ അടവായ കെഞ്ചലിലേക്ക് കടന്നു... (ഒരു നഴ്സ് കെഞ്ചുന്നത് ഞാൻ ആദ്യായി കാണുകയാ.എനിക്കിഷ്ടപ്പെട്ടു)..  ‘സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു..’ .... സിസ്റ്റർക്ക് ഗതിമുട്ടി വേറെ ഒരു സിസ്റ്ററേം ഒരു അറ്റൻഡറേം കൂട്ടി വന്ന് ബലമായി പിടിച്ച് കുത്താൻ തുടങ്ങി.. സൂചി കണ്ട വഴി ..’അയ്യോ എനിക്ക് മുള്ളാൻ പോണേ..ഇപ്പ പോണേ...’ എന്നായി അമ്മാമ്മ..“ അമ്മ മിണ്ടാണ്ട്ന്നേ“ ന്ന് മകൾ.. പിന്നെ കേട്ടത് പ്രാർഥനയാർന്നില്യാന്നാണ് എന്റെ വിശ്വാസം...
എന്തായാലും  മനോഹരമായ ഒരു കോമ്പിനേഷനാർന്നു പിന്നീട്..

‘’നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടു കൂടെ... എനിക്ക് മുള്ളണം...... സ്ത്രീകളിൽ അങ്ങ്.. അങ്ങ്.... മുള്ളണം......  അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശൊ.....മുള്ളണം....... പരിശുദ്ധ മറിയമെ തമ്പുരാന്റമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി... മുള്ളണം...... ഇപ്പോഴും എപ്പോഴും എന്നേക്കും...... മുള്ളണം......പാപികളായ ഞങ്ങൾക്കു വേണ്ടി ... പാപികളായ ഞങ്ങൾക്കു വേണ്ടി ...പാപികളായ ഞങ്ങൾക്കു വേണ്ടി ... ...ഈശോ... ഈശോ.. ഈശോ.... മുള്ളണം.......!    “‌‌‌‌‌‌‌‌‌‌‌----------------------------------------------------------------------------

Thursday, 29 July, 2010

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം എന്നത്
തോക്കിനോടും ലാത്തിയോടും എതിരിട്ട്
ജയിലില്‍ കിടന്നവര്‍
അര്‍ദ്ധരാത്രി സ്വപ്നം കണ്ട
പുതുപുലരി
മാത്രമല്ല...

പുലരും മുന്‍പേ
വിളിച്ചുണര്‍ത്തുന്ന കോഴിയുടെ
മരണമാണ്...

രാത്രി മാത്രം തുറക്കുന്ന
പുസ്തകമാണ്..

വിയര്‍പ്പുചാലില്‍ നിന്നും
ഷവറിനടിയിലേക്കുള്ള
ദൂരമാണ്..


ചിലപ്പോഴെങ്കിലും
അലക്കൊഴിയാതെത്തന്നെ
കാശിയിലേക്കുള്ള
യാത്രയാണ്..

Tuesday, 6 July, 2010

ജബുലാനികള്‍...

ഒന്ന്


ലോകകപ്പായിരിക്കും...
‘ജബുലാനി’യെന്നൊക്കെ
പേരുമിട്ടേക്കും...
വി ഐ പി കള്‍ പുഞ്ചിരിയോടെ
മാറോട് ചേര്‍ത്ത്
ഫോട്ടോക്ക് പോസ് ചെയ്തെന്നുമിരിക്കും...

എന്നിട്ടെന്താ‍...

കാലുകളില്‍നിന്ന്
കാലുകളിലേക്ക്
തട്ടിക്കളിച്ച്,
വലകാക്കുന്നവന്റെ കൈക്കുള്ളിലോ,
വലക്കകത്തോ...

പലപ്പോഴും
കളത്തില്‍നിന്നുതന്നെ
പുറത്തേക്കും....-------------------------------------- രണ്ട്വേണ്ടെന്ന് കരുതിയാലും
പന്തായിപ്പിറക്കും..

പക്ഷേ,
ടെന്നീസ്ബോളാവണ്ട..
ഒരു കോര്‍ട്ടില്‍നിന്ന്
മറ്റേതിലേക്ക്
അടിച്ചുപായിക്കും...

ക്രിക്കറ്റ്ബോളൊട്ടും വേണ്ട..
വിക്കറ്റുകള്‍ക്കിടയില്‍
നില്‍ക്കുന്നവര്‍ക്ക്
വലിച്ചെറിയാനും
വീശിയടിക്കാനും,
അതിര്‍ത്തി കടക്കുമ്പോള്‍
ചിലര്‍ക്കുമാത്രം
ആഘോഷിക്കാനും...

ബാസ്ക്കറ്റ്ബോളാവരുതേ..
ഉയരാന്‍ വിടാതെ
നിലത്തേക്കടിച്ചടിച്ച്
ഒടുവില്‍
കുട്ടയിലേക്ക്
വലിച്ചെറിയും...

ഫുട്ബോളാണു ഭേദം..
എത്രയൊക്കെ
തട്ടിക്കളിച്ചാലും
ജയിച്ചുനില്‍ക്കുമ്പോള്‍
വാരിയെടുത്ത്
ഉമ്മവക്കാനുള്ള
സാധ്യതയെങ്കിലുമുണ്ട്..
ലോകകപ്പുകാലത്തെങ്കിലും
സ്വന്തമായി
പേരുമുണ്ടാവുമല്ലോ...

കളികള്‍ക്കൊടുവില്‍
കറിവേപ്പിലയാകുമെങ്കിലും...

Saturday, 19 June, 2010

പാപ്പൂ...... ഐ ലവ് യൂ.....

പതിനാലു വര്‍ഷം മുന്‍പ്, ഇരുപതാം വയസില്‍, വിവാഹിതയാകുമ്പോള്‍- ഈ മുപ്പത്തിനാലാം വയസില്‍ പോലും ഇല്ലാത്ത- പക്വത എന്ന സംഭവം ഞാന്‍ കേട്ടിട്ടും കൂടി ഇല്ലായിരുന്നു.. അതിന്റെ ഏനക്കേട് മുഴുവന്‍ ഞങ്ങളുടെ ദാമ്പത്യജീവിതത്തില്‍ (ഹൊ ! ഈ വാക്കൊക്കെ ആരാ കണ്ടുപിടിച്ചേ ആവോ..വെരി അണ്‍ റൊമാന്റിക് വാക്ക്..) ആദ്യകാലത്ത് കണ്ടിരുന്നു... ഒരു പക്കാ ‘ശ്രീമതി’യെ ആഗ്രഹിച്ച ഏട്ടനും സിനിമയിലേക്കാള്‍ റൊമാന്റിക്കായ അടിപൊളി കൂട്ടിനെ ആഗ്രഹിച്ച ഞാനും ഒരുപോലെ കണ്‍ഫ്യൂസ്ഡ്...സ്നേഹം എന്നത് ഉല്പ്രേരകമായി വര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ രണ്ടുമാസംകൊണ്ടേ അടിച്ചുപിരിയേണ്ടിവന്നേക്കാവുന്ന അത്ര പൊരുത്തം..

ഉത്തരവാദിത്തം കേട്ടെഴുത്തില്‍ പോലും തെറ്റാതെ എഴുതാനാവാത്ത എന്നെ നേരെയാക്കാന്‍ പറ്റിയ വഴി എത്രയും പെട്ടെന്ന് അമ്മയാവുക എന്നതാണെന്ന് ഞാന്‍ തന്നെയങ്ങു തീരുമാനിച്ചു.. രണ്ടുകൊല്ലമെങ്കിലും കഴിയാതെ വീര്‍ത്ത വയറുമായി നടക്കാന്‍ വയ്യെന്ന് പറഞ്ഞിരുന്ന ഞാന്‍തന്നെ വാക്കുമാറ്റിയപ്പോള്‍ ഏട്ടന്‍ ഒന്ന് സംശയിച്ചുകാണും... എന്നാലും സംശയിച്ചുനിന്നാല്‍ ഞാന്‍ പിന്നേം വാക്കുമാറ്റിയാലോ എന്നുപേടിച്ച് വേഗം സമ്മതിച്ചു... അങ്ങനെ പുരാണങ്ങളില്‍ പറയും പോലെ (ഏട്ടന്റെ സമാധാനത്തിന്) നാളും മുഹൂര്‍ത്തവും നോക്കി കാര്യം സെറ്റപ്പാക്കി...

ഒരു കാര്യം ചെയ്താല്‍ അതിന്റെ റിസല്‍ട്ടറിയണേല്‍ പിന്നേം ഒരു മാസം കഴിയണം എന്നത് ആരാണാവോ നിശ്ചയിച്ചേ? വല്ല യൂണിവേഴ്സിറ്റി പരീക്ഷയോ മറ്റോ ആണെങ്കില്‍ റിസല്‍റ്റ് വന്നില്ലെങ്കിലും കൊഴപ്പല്ല്യാര്‍ന്നു...ഇതിപ്പോ അങ്ങനെയല്ലല്ലൊ...
എന്തായാലും അടുത്ത മാസം ഡോക്റ്റര്‍ പറഞ്ഞു ഞങ്ങള്‍ രണ്ടാള്‍ടേം സിസ്റ്റത്തിന് തകരാറൊന്നുമില്ലാത്തതുകൊണ്ട് പ്രൊഡക്ഷന്‍ ഓക്കെ ആയിട്ടുണ്ട്, ഇനി ഒരു ഒമ്പതു മാസം കൂടി കഴിഞ്ഞാല്‍ ലോഞ്ച് ചെയ്യാം എന്ന്...
അങ്ങനെ സന്തോഷത്തോടെ പുതു വരവും കാത്ത് ഇരിപ്പ്, നില്‍പ്പ്, കാലിന്മേല്‍ തപസ്സ്.... ഒറ്റ സങ്കടം മാത്രം .. സിനിമയിലെ പെണ്ണുങ്ങള്‍ക്ക് കാണുന്ന ഛര്‍ദ്ദി, തലകറക്കം, മസാലദോശ ഓര്‍ പച്ചമാങ്ങ (മിനിമം പുളി എങ്കിലും) എന്നിവയോട് ആര്‍ത്തി എന്നിങ്ങനെ യൂണിവേഴ്സല്‍ ആയ  ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല..! രാജകീയമായി ഒന്ന് റെസ്റ്റെടുക്കാമെന്ന് വച്ചാല്‍ നടുവേദന പോയിട്ട് തലവേദന പോലും ഇല്ല ..!
അപ്പൊത്തന്നെ ഞാന്‍ ഉറപ്പിച്ചു, ഈ വരുന്നത് ഒരു ആറ്റംബോംബാണ് ന്ന്...
എന്നാലും ആറ്റംബോംബ് ഒരു മാസം മുന്‍പേ ചാടിയിറങ്ങുമെന്ന് ഞങ്ങളാരും കരുതിയില്ല.. അതും ചിക്കന്‍പോക്സ് പിടിച്ച് ഞാന്‍ അവശയായ ഗ്യാപ് നോക്കി.......
മാത്രമോ.. ‘ഇതാ ഞാന്‍ വരുന്നു‘ എന്ന് പറഞ്ഞ് അല്പം ബ്ലീഡിങിനെ പൈലറ്റായി വിട്ട് ഒരിത്തിരി വേദനേം കൂടെ വിട്ട് ചങ്ങാതി വയറിനകത്ത് സുഖനിദ്ര ..!
മൂന്ന് ദിവസം കാത്തിട്ടും ഇദ്ദേഹം വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കാത്തതിനാല്‍ വേദനയെങ്കിലും വരട്ടെ എന്നും പറഞ്ഞ് ഉഷഡോക്റ്റര്‍ ഇഞ്ചക്ഷന്‍ തന്നു...  ( ചിക്കന്‍പോക്സ് പിടിച്ച ഞാന്‍ ലേബര്‍ റൂമില്‍ ഉള്ളതിനാല്‍ മൂന്ന് ദിവസവും സിസ്റ്റേഴ്സിന്റെ റൂമിലായിരുന്നു മറ്റു പ്രസവങ്ങള്‍.. )
ഇഞ്ചക്ഷന്റെ പവറും ഡോക്റ്ററുടെ സപ്പോര്‍ട്ടും ഒക്കെക്കൊണ്ട് വലിയ താമസമില്ലാതെ എനിക്ക് അമ്മറോളിലേക്ക് പ്രൊമോഷന്‍ കിട്ടി...
“പെങ്കുട്ട്യോള്‍ടെ കളി” എന്ന ആരവത്തോടെ ഡോക്റ്റര്‍ കുഞ്ഞിനെ സിസ്റ്റര്‍ക്ക് കൈമാറി... (ആ ആശുപത്രിയില്‍ ആയിടെ ജനിച്ചതെല്ലാം പെണ്‍ കുട്ടികള്‍ ആയിരുന്നത്രെ..ഇതും സീസണല്‍ ഫ്രൂട്ട് ആണോ?)

കുളിപ്പിച്ച് പൊതിഞ്ഞുകെട്ടിയ കുഞ്ഞിനെ സിസ്റ്റര്‍ കാണിച്ചു തന്നു.. ജനിച്ചു വീണ കുഞ്ഞിനും സൌന്ദര്യം കാണുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല..! (ബന്ധുക്കളും ഇതു തന്നെ പറഞ്ഞൂട്ടോ)

മുന്‍കൂട്ടി തീരുമാനിച്ചിരുന്ന പോലെ ആതിര എന്ന് പേരിടാം എന്ന് തീരുമാനിച്ചു... എന്തു വിളിക്കും? ആതിരേ.. എന്ന് വിളിക്കാന്‍ ഒരു സുഖോല്യ..... അമ്മു.. ഓള്‍റെഡി രണ്ടാളുണ്ട്.... പല പേരും സജസ്റ്റ് ചെയ്തു.. ഒടുക്കം ഏട്ടന്റെ കന്നട രക്ഷയായി........... ‘പാപ്പു’.. .......വാവ എന്നതിന്റെ കന്നട..

അങ്ങനെ ആതിരപട്ടേല്‍ എന്ന പാപ്പു എല്ലാരുടേം ഓമനയായി വളര്‍ന്നു...

അല്പം ട്രാജഡി പറ്റിയത് എനിക്കാ...  ഈ ഉത്തരവാദിത്തവും പക്വതയും ഒന്നും കുട്ടീടെ കൂടെ കിട്ടുന്ന ഫ്രീ ആക്സസറീസൊന്നുമല്ലല്ലൊ.. .അതെനിക്ക് വന്നില്ല....!!

അതു വരാത്തേന്റെ കുഴപ്പം മുഴോനും അനുഭവിച്ചത് പാപ്പുവാണ്... എന്നെത്തന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ എനിക്കു പറ്റുന്നില്ല, എന്നിട്ടാ വാശീടെ ഹോള്‍സെയില്‍ ഡീലേഴ്സായ ബനദകൊപ്പയില്‍ നിന്നും പൈതൃകമായി ജംബോപാക്ക് വാശി കൊണ്ടുവന്നിട്ടുള്ള പാപ്പൂനെ..?

 മൂന്നാ‍ലുകൊല്ലം കഴിയേണ്ടി വന്നു അല്പമെങ്കിലും ‘അമ്മത്തം’ വരാന്‍... വാശി എന്നാല്‍ വാശി മാത്രമല്ലെന്നും അത് മറ്റു പല കാര്യങ്ങളേയും ആശ്രയിച്ചിരിക്കുമെന്നും സ്നേഹത്തിന്റെ തുറന്ന പ്രകടനത്തിലൂടെ പല വാശികളേയും മറികടക്കാമെന്നും അറിയാന്‍ ഏറെ വൈകി... വായനയിലൂടെയും മറ്റുള്ളവരുമായുള്ള സംസാരങ്ങളില്‍ നിന്നും ഞാന്‍ മാറേണ്ടത് എങ്ങനെയെന്ന് മെല്ലെ മെല്ലെ അറിഞ്ഞുതുടങ്ങി...

കഴിഞ്ഞ വര്‍ഷം ‘’താരെ സമീന്‍ പര്‍’‘ കണ്ടപ്പോഴാണ് ഞാന്‍ ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിഞ്ഞത്... (‘’ എവരി ചൈല്‍ഡ് ഈസ് സ്പെഷ്യല്‍’‘ എന്നോ മറ്റോ ആണ് അതിന്റെ തലവാചകം)... ഇത്രയും സ്പെഷ്യല്‍ ആയ ഒരു കുട്ടിയെ എനിക്ക് കിട്ടിയിട്ടും ഞാന്‍ വേണ്ടവിധം ശ്രദ്ധിച്ചില്ലല്ലോ എന്ന്..

താരെ സമീന്‍ പര്‍ ലെ ‘’മേരി മാ..’‘ എന്ന പാട്ടു കേട്ടപ്പോ- പ്രത്യേകിച്ചും ‘ജബ് ഭി കഭി പാപ്പാ മുജെ...’‘ എന്ന വരികള്‍ കേട്ടപ്പോ-  ആ നിമിഷം പാപ്പു അടുത്തുണ്ടായിരുന്നെങ്കില്‍ ...........കാലുപിടിച്ചു മാപ്പു പറഞ്ഞേനേ.............അപ്പ അടിക്കുമ്പോള്‍ അമ്മ വന്ന് തടയുമെന്നും ആശ്വസിപ്പിക്കുമെന്നും കരുതുന്ന പാപ്പുവിനെ നോക്കി എത്ര തവണ ഞാന്‍ ‘അവിടെ കിടന്ന് അടി കൊള്ള്.. ആവശ്യമില്ലാതെ വാശി പിടിച്ചിട്ടല്ലേ’ എന്ന് മനസില്‍ കരുതിയിരിക്കുന്നു....

അടി ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഏട്ടനോട് വഴക്കിട്ട് ഇനി അവളെ തല്ലരുതെന്ന് പറഞ്ഞ്, പിന്നീടുള്ള ഓരോ വാശിക്കും ഏട്ടന്റെ വഴക്ക് വാങ്ങിവച്ചിട്ടുണ്ടെങ്കിലും.. അതിനു മുന്‍പ് അവള്‍ കൊണ്ട തല്ലിനൊന്നും അത് പരിഹാരമാവുന്നില്ലല്ലോ...

ഐ ആം സോറി പാപ്പു .......


മാതൃത്വം എന്നത് മഹത്താ‍യ അനുഭവമാണെന്നും മറ്റൊന്നും അതിനു പകരം വക്കാനാവില്ലെന്നും പലരും പല തരത്തില്‍ എഴുതീട്ടുണ്ട്, പറഞ്ഞിട്ടുണ്ട്....എനിക്കു തോന്നുന്നത് ഏതു ബന്ധവും അതിന്റെ വാല്യൂ  അറിയുമ്പോഴാണ് മഹത്തരമാകുന്നത് എന്നാണ്... അങ്ങനെ നോക്കിയാല്‍ അമ്മ എന്ന പദത്തിന്റെ അര്‍ഥം ഇന്നെനിക്ക് ശരിക്കും അറിയാം.. പക്ഷേ, അത് വേണ്ട വിധം പ്രകടിപ്പിക്കാന്‍ ആവുന്നുണ്ടോ? അറിയില്ല...


ആദ്യത്തെ കുട്ടി പെണ്ണാവണമെന്നത് എന്റെ ആഗ്രഹമായിരുന്നു...ഞങ്ങള്‍ ഒരുമിച്ചു വളരും... വലുതാകുമ്പോള്‍ ഞാനും അവളും നല്ല ഫ്രന്‍ഡ്സായിരിക്കും.. കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടും.. രഹസ്യങ്ങള്‍ കൈമാറും.. ജനറേഷന്‍ ഗ്യാപ്പിന്റെ പേടിയില്ലാതെ കമ്മ്യൂണിക്കേറ്റ് ചെയ്യും...


ഇന്നിപ്പോ ഞാനും അവളും ഒരേ കമ്മല്‍ ഇടുന്നു... ഒരേ ചെരുപ്പിടുന്നു... അത്യാവശ്യം കാര്യങ്ങള്‍ ഒക്കെ പങ്കുവക്കുന്നു... പരസ്പരം താങ്ങാവുന്നു......


എന്നാലും അവള്‍ക്ക് നഷ്ടമായ ആദ്യ കുറച്ചുവര്‍ഷങ്ങള്‍ എങ്ങനെ തിരിച്ചുകൊടുക്കും?


എന്തൊക്കെ കുറവുകളുള്ള അമ്മയാണ് ഞാനെന്നാലും പാപ്പൂ, നീയെന്റെ ജീവനാണ്...


നീ ആദ്യമായി ചിരിച്ചതെന്നാണെന്ന് എനിക്കോര്‍മയില്ല... പക്ഷേ, നിന്നെ എന്നും ചിരിച്ചു കാണാന്‍ എന്തു ചെയ്യാനും അമ്മ തയ്യാറാണ്..
നീ അമ്മേ എന്ന് വിളിച്ചു തുടങ്ങിയതെന്നാണെന്ന് ഓര്‍മയില്ല... എന്റെ അവസാനശ്വാസത്തിലും അതേ സ്നേഹത്തോടെയുള്ള വിളി കേള്‍ക്കണം...

ഡാന്‍സ് പഠിച്ചു തുടങ്ങിയ അന്ന് രാത്രി ഉറക്കത്തില്‍ കൈ മുദ്ര കാട്ടി ‘പതാക, ത്രിപതാക..’പറഞ്ഞത് ഓര്‍മയുണ്ട്...
ആദ്യമായി നീ സ്റ്റേജില്‍ കേറിയത് ഓര്‍മയുണ്ട്..
ഡാന്‍സറാവണമെന്ന ആഗ്രഹം നിന്നില്‍ വളരുന്നത് അറിയുന്നുണ്ട്...

പഠിക്കാനുള്ള നിന്റെ ബുദ്ധിമുട്ട് അറിയുന്നുണ്ട്...
എഴുതുന്നത് തെറ്റുമെന്ന കോമ്പ്ലെക്സ്കൊണ്ട് എഴുതാന്‍ മടിക്കുന്നത് അറിയുന്നുണ്ട്..

അച്ചു പഠിപ്പില്‍ മുന്നേറുമ്പോള്‍ നിന്റെ മനസു വിങ്ങുന്നത് അറിയുന്നുണ്ട്...
അവനെ കൂടുതല്‍ ഞങ്ങള്‍ സ്നേഹിക്കുമോ എന്ന പേടി അറിയുന്നുണ്ട്...


നിനക്കില്ലാത്ത കഴിവുകള്‍ മറ്റുള്ളവരില്‍ കാണുമ്പോള്‍ ഹൃദയം ചെറുതായി പിടക്കുന്നത് അറിയുന്നുണ്ട്..

ശരിയാണ്..നിനക്കും കുറവുകളുണ്ട്..

പക്ഷേ, നീ നീയല്ലേ പാപ്പൂ...
നീയാവാന്‍ നിനക്കല്ലേ കഴിയൂ...

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്...
സ്നേഹം നിറഞ്ഞ ഹൃദയം...
എന്തു പണിയും ചെയ്യാനുള്ള ഉത്സാഹം..

ഇങ്ങനെ മറ്റു പലരിലും ഇല്ലാത്ത എത്രയോ ഗുണങ്ങള്‍ ഉണ്ട് നിന്നില്‍...

നീയാ‍യിരിക്കുക, എന്നും....
നിന്നെയാണെനിക്കിഷ്ടം..


പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍... 

പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍... 
പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍... 
പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍... 
പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍...    

Thursday, 17 June, 2010

ഒറ്റ സ്നാപ്പില്‍ ഒതുക്കാവതല്ല................

ഈ പാടം 
ഏതുഫോട്ടോയിലും സുന്ദരമാണ്....

മഴക്കാലത്ത് 
ആഴമില്ലെന്നതു മറച്ചുവച്ച് 
കായല്‍ പോലെ ഏരിയല്‍ വ്യൂ...

പിന്നീടെപ്പോഴോ 
'നാച്വറല്‍ ബ്യൂട്ടി' എന്നു പേരിടാന്‍വേണ്ടി 
പച്ചപുതച്ചു 
വൈഡ്ആംഗിള്‍ വ്യൂ..

കൊയ്തുമാറ്റപ്പെടും എന്നറിഞ്ഞിട്ടും
നിറകതിര്‍ പേറി ലോംഗ് വ്യൂ..... 

കുറ്റികള്‍മാത്രം ബാക്കിനിര്‍ത്തി 
നെടുവീര്‍പ്പോടെ മീഡിയം വ്യൂ....

ഈര്‍പ്പമെല്ലാം വറ്റി 
വിണ്ടുകീറിയ ക്ലോസപ്......

Monday, 14 June, 2010

വേനലറുതി

അമ്മാത്തെ കുളം
കൊടും വേനലില്‍
വറ്റിവരളാറൊന്നുമില്ല..
കുളമെന്ന പേരുള്ളതുകൊണ്ടാവും
ചേറുനിറച്ചിട്ടെങ്കിലും
അല്പം വെള്ളം
ബാക്കി നിര്‍ത്തുന്നത്..

എത്ര വേനല്‍മഴപെയ്തിറങ്ങിയിട്ടും
വരള്‍ച്ച മാറാതെ അങ്ങനെ...

കാലവര്‍ഷം തന്നെ വരണം
എല്ലാ ഉറവകളും പൊട്ടി
നിറഞ്ഞൊഴുകാന്‍.....

Thursday, 20 May, 2010

പ്രണയഗംഗ

ഹിമവാനില്‍ നിന്ന്
ഒഴുകിത്തുടങ്ങിയത്
നിഷ്കളങ്കതയായിരുന്നു..

കാലവും ദേശവും കടന്ന്
കാശിയിലെത്തി
മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റുവാങ്ങി
അകം നിറയെ
ശവഗന്ധവും പേറി
പുറമേ സ്വച്ഛമായൊഴുകി...

പാപങ്ങളെല്ലാം
പൂര്‍ണമനസോടെ
ഏറ്റെടുക്കുമ്പോഴും
പുണ്യമാണല്ലോ ചെയ്യുന്നതെന്ന്
മനസു നിറഞ്ഞു...

തീരത്തിന്റെ വിശുദ്ധിയും
ജലത്തിന്റെ നിര്‍മലതയും
വ്യാപാരതന്ത്രമാണെന്ന്
തിരിച്ചറിഞ്ഞപ്പോള്‍
എല്ലാ പുണ്യങ്ങളും
പാപങ്ങളായി
വിഷം ചീറ്റുന്നു...

ഈ കറയെല്ലാം കഴുകി
വിശുദ്ധയായ്
മുങ്ങിനിവരാന്‍
അഗാധ സമുദ്രമേ
നിന്നിലേക്കടിയട്ടെയോ?

Tuesday, 4 May, 2010

വാണിഭം

കൈവെള്ളയിലൊതുങ്ങി
ഉയര്‍ന്നപ്പോള്‍
അറിഞ്ഞിരുന്നില്ല
ഒറ്റപ്പെടുത്തി
മടങ്ങുമെന്ന്..
കടിച്ചു കീറപ്പെടുമെന്ന്..
ഒരിക്കലും തിരിച്ചുവരാത്ത വിധം
ആഴത്തിലേക്ക്
തള്ളപ്പെടുമെന്ന്..

ഒടുവില്‍,
വെറും
ചണ്ടിയായി
പുറം തള്ളപ്പെടുമെന്ന്.....

Sunday, 2 May, 2010

രാഷ്ട്രീയം...

ചെത്തിക്കൂര്‍പ്പിച്ച്
കടുപ്പിച്ചെഴുതണമെന്ന് കരുതും
മുനയൊടിഞ്ഞാലോ എന്ന
പേടി കാരണം
എഴുതാതിരിക്കും..
ചെത്താതെയുമിരിക്കും,
തെളിച്ചെഴുതാന്‍
മുനയില്ലെന്ന്
ന്യായീകരിക്കാലോ...

Tuesday, 6 April, 2010

കൂട്ട്

കോലുകളും
മാരാരും
കാത്തിരിക്കുന്നു
ചെണ്ടേ ചെണ്ടേ
ഓടിപ്പോ..
 
തല്ലായ തല്ലെല്ലാം
ഏറ്റുവാങ്ങാന്‍
നിന്നെപ്പൊതിയും
തുകലായ്
ഞാന്‍
കൂടി
പോരട്ടെ..?

Sunday, 4 April, 2010

ധര്‍മ്മസങ്കടം.

ഇനി വരും ജന്മങ്ങള്‍
നിനക്കുള്ളതാണെന്ന്
എങ്ങിനെ വാക്കു തരും..?

പുനര്‍ജന്മത്തില്‍
നാം
വിശ്വസിക്കുന്നില്ലല്ലോ...

Thursday, 1 April, 2010

ആഗോളവത്കരണം

ചൂണ്ടയില്‍
കൊരുക്കപ്പെടാനുള്ളതാണ്
ജീവിതമെന്ന്
കാത്തുനില്‍പ്പാണ് ചിലര്‍..

ചെറിയ ഇരയേ വേണ്ടൂ
മറ്റെല്ലാം മറന്ന്
കുരുങ്ങിക്കിടക്കാന്‍..

ചിലപ്പോഴെങ്കിലും
ഇര പോലും വേണ്ട
കൊളുത്തുതേടിപ്പോയി
പിടഞ്ഞുവീഴാന്‍..

എന്നാലും
ചൂണ്ടയിടുന്നവന്‍
എന്നും
വേട്ടക്കാരന്‍ തന്നെ...

എതു വേട്ടക്കാരനേയും
കുരുക്കാനുള്ള ചൂണ്ട
ഉള്ളിലൊളിപ്പിച്ചാണ് 
പിടഞ്ഞു തീരുന്നതെന്ന് 
അറിയും വരെ..

Tuesday, 30 March, 2010

ഞാനും സ്റ്റാറായി ..!!!

അങ്ങനെ ഞാനും ഒരു സംഭവമായി... എന്നു വച്ചാല്‍ എന്നേം കോപ്പിയടിച്ചു ..! ദാ ഇപ്പോ സൈബര്‍ ജാലകം വഴി പുതിയ പോസ്റ്റുകള്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു..അപ്പോള്‍ എന്റെ വരികള്‍ അതാ കിടക്കുന്നു.. ഇതെന്താ വീണ്ടും എന്ന് നോക്കിയപ്പോള്‍ പേര് എന്റെയല്ല...ഒരു ഹാരിസ് ഖാന്‍.. http://hariskhanveliyam.blogspot.com/2010/03/blog-post_9023.html... ഹാരിസിന്റെ പേജ് തുറന്നപ്പോള്‍ കിട്ടിയ അഡ്രസ് ബാര്‍ കോപ്പി ചെയ്തതാ.. ശരിയായോ എന്നറിയില്ല...ലിങ്ക് കൊടുക്കാന്‍ പഠിച്ചിട്ടില്ല..ക്ഷമിക്കൂ..
എന്തായാലും ഇതെഴുതിയതിനു ശേഷം ആ സുഹൃത്തിനു ഞാനൊരു കമന്റിടുന്നുണ്ട്, എന്റെ കൊച്ചിനെ എനിക്കുതന്നെ തന്നേക്കൂ എന്ന്...
കോപ്പിയടിക്കാന്‍ മാത്രമുള്ള ഗുണം അതിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ആ സുഹൃത്തിനോട് അല്പം നന്ദിയും ആകാം അല്ലെ?
എന്നാലും ദത്തെടുക്കുന്നത് പോലെയല്ലല്ലോ കട്ടെടുക്കുന്നത്....

ഒറ്റയൊറ്റ മണിക്കൂറുകളിലെ ജീവിതങ്ങള്‍...

ഒറ്റയൊറ്റ മണിക്കൂറുകളില്‍
ദശാവതാരമത്രയും
ജീവിച്ചു തീര്‍ക്കാം
ഒരു നിമിഷമെങ്കിലും
ഞാനായി പിറക്കാന്‍...

Sunday, 28 March, 2010

വിപ്ലവകാലമായിരുന്നു..

വിപ്ലവകാലമായിരുന്നു..
ഓര്‍മകള്‍ക്കു പോലും
ചുവപ്പു നിറം കലര്‍ന്നിരുന്നു.

‘നാളെ’യെക്കുറിച്ചുള്ള
പ്രതീക്ഷകളായിരുന്നു
നയിച്ചിരുന്നത്..

(ഇന്ന് വിതക്കുന്നത്
ഇന്നു തന്നെ കൊയ്യാനായെങ്കില്‍
എന്ന സ്വപ്നവും
വെറുതെ കണ്ടിരുന്നു)

നമ്മള്‍ കൊയ്യുന്ന വയല്‍
നമ്മുടേതാവില്ലെന്ന്
ചിലപ്പോഴെങ്കിലും
തിരിച്ചറിഞ്ഞിരുന്നു..

(എങ്കിലും
പ്രതീക്ഷകള്‍
നഷ്ടമാകാതെ
കാത്തുസൂക്ഷിച്ചിരുന്നു)

വിപ്ലവകാലമായിരുന്നു..
പ്രണയം അസാധ്യമെന്ന്
പറഞ്ഞു പഠിപ്പിച്ചിരുന്നു.

പക്ഷേ,
മറ്റുള്ളവര്‍ പഠിപ്പിക്കുന്നതിന്റെ
അപ്പുറത്താണല്ലൊ
(നമ്മുടെ)ജീവിതം..

Saturday, 27 March, 2010

ഇടക്കു മാത്രം റേയ്ഞ്ചില്‍ വരുന്ന ജീവിതങ്ങള്‍.....

പരിധിക്കു പുറത്താണ്
പലപ്പോഴും ജീവിതം.
പരിധി നിശ്ചയിക്കുന്നത്
ഞാനല്ലാതാവുമ്പോള്‍
പ്രത്യേകിച്ചും...

ഒരു ടവറിന്റെ പരിധിയില്‍ നിന്നും
മറ്റൊരു ടവറിന്റേതിലേക്ക്..
അതിനിടയില്‍ എപ്പൊഴോ
വീണുകിട്ടുന്ന
റെയ്ഞ്ചില്ലാമൂലകള്‍..

ഈ റെയ്ഞ്ചില്ലാമൂലകളുടെ
ഓരം ചേര്‍ന്ന്
ഒരു യാത്ര പോകണം...

Monday, 22 March, 2010

സെല്‍ഫ്ഗോള്‍

മുറിവുകളുടെ കയ്പുണ്ടായിരുന്നു മനസില്‍...

വിഷാദഛായ പകര്‍ന്ന നോട്ടം ബാക്കിവച്ച്
കടന്നുപോകണമെന്ന മോഹം
നഷ്ടമായതിന്‍റെ
നിരാശ....

എനിക്ക് വേണ്ടി കഴുവേറാന്‍
ആരുമില്ലാത്തതിന്റെ വേദന..

രക്തസാക്ഷിയാവാന്‍ തുനിഞ്ഞിറങ്ങിയിട്ടും
ആരും തിരിഞ്ഞുനോക്കുന്നില്ല..

ശാപങ്ങളേറ്റുവാങ്ങാന്‍
ഈ ജന്മം ഇനിയും ബാക്കി..

Friday, 19 March, 2010

അത്രയേ ഉള്ളൂ അഥവാ അത്രക്കുണ്ട്...

നേരത്തേയുണര്‍ന്ന്
അതിലും നേരത്തേയുണര്‍ന്ന പുഴുക്കളെ
കൊത്തിയെടുക്കുന്ന കിളികളെപ്പോലെ
ഞാനും എന്റെ വാക്കുകളെ
നേരത്തേ കൊത്തിയെടുക്കുന്നു
അത്രയേ ഉള്ളൂ...

പൂച്ച തന്റെ വിസര്‍ജ്യം
മണ്ണിട്ടു മൂടും പോലെ
ഞാനെന്റെ നോവുകളെ
വാക്കിന്റെ മണലില്‍
ഒളിപ്പിച്ചു വക്കുന്നു
അത്രയേ ഉള്ളൂ...

കെട്ടിയിടപ്പെട്ട പട്ടി
കുരച്ചുകൊണ്ട് അധികാരം
രേഖപ്പെടുത്തും പോലെ
ഞാനെന്റെ പാഴ്വാക്കുകള്‍
വലിച്ചെറിയുന്നു
അത്രയേ ഉള്ളൂ...

തകര്‍ക്കപ്പെടുമെന്നറിഞ്ഞിട്ടും
വേട്ടാളന്‍
വൈദ്യുതപാതയില്‍
കൂടുകെട്ടും പോലെ
ഞാനെന്റെ വികാരങ്ങള്‍ക്കായി
ഒരു കുഞ്ഞിടം കരുതിവക്കുന്നു
അത്രയേ ഉള്ളൂ
അഥവാ
അത്രയ്ക്കുണ്ട്...

Monday, 15 March, 2010

ഒരു നിമിഷമേയുള്ളൂ

ഒരു നിമിഷമേയുള്ളൂ
ഒരൊറ്റ നിമിഷം..

ആ ഒരു നിമിഷമാണ്
ഇന്നലെ വണ്ടി തെറ്റിച്ചത്..
ഉപ്പേരി കരിയിച്ചത്..
മഷിക്കുപ്പി തട്ടിയിട്ടത്..
കാല്‍തെറ്റി വീഴിച്ചത്..
കുഞ്ഞിക്കാലടികളില്‍
വെള്ളപുതപ്പിച്ചത്..
മോഹങ്ങളില്‍
അഗ്നിഗോളം പെയ്യിച്ചത്...

എന്തിനീ നിമിഷം..?

എങ്കിലും
ഈ ഒരൊറ്റ നിമിഷം തന്നെയല്ലേ
കാലമേറെ കഴിഞ്ഞുള്ള
കണ്ടുമുട്ടലില്‍
ഏറ്റവും മനോഹരമായ വേള സമ്മാനിച്ചത്...
ഒരു നിമിഷം കഴിഞ്ഞു സംഭവിക്കുമായിരുന്ന
അപകടത്തില്‍നിന്നും രക്ഷിച്ചത്..
കണ്ണീര്‍ പൊഴിക്കുന്ന
കുഞ്ഞിന്റെ ചുണ്ടില്‍
പുഞ്ചിരി വിരിയിച്ചത്..
കൂടെയുള്ളവരുടെ കണ്ണുവെട്ടിച്ച്
മുത്തമിട്ടോടിയത്...

ഈ നിമിഷം
ഇല്ലാതെ എങ്ങനെ..?

Wednesday, 10 March, 2010

എന്നിലെ എന്നില്‍ നീ ...

നിന്റെ ചുണ്ടുകളിലൂടെ
ഞാന്‍ തേടുന്നത്
നിന്നെ തന്നെ പ്രിയേ
എന്നവന്‍....

നിന്നിലൂടെ ഞാന്‍ തേടുന്നത്
എന്നെത്തന്നെ എന്ന്‍
ഞാന്‍...

Monday, 1 March, 2010

വഴിയോരത്തെ വെയില്‍ ...

വഴിയോരത്തെ വെയില്‍ മാത്രം..
വാകമരച്ചോടും
നീര്‍മാതളവും
ഒന്നും ഇല്ലായിരുന്നു...

- പ്രണയവും
ഇല്ലായിരുന്നല്ലോ-

പക്ഷേ,
ഉള്ളതെന്തെന്ന്
തിരിച്ചറിഞ്ഞില്ല ...

ഇതല്ല പറയേണ്ടിയിരുന്നത്
ഇതല്ല പറയാന്‍ വന്നത്
എന്ന്
വാക്കിനടിയില്‍ എന്തോ
ഒളിച്ചുകളിച്ചു ...


നിന്റെ ബസ് വന്നു...
പോകാതെ വയ്യ-
നിനക്കും
എനിക്കും-

ഒരു മാത്ര നിന്റെ കണ്ണില്‍ വിരിഞ്ഞ
ആ ഭാവം മാത്രം മതി
നൂറു വിരഹങ്ങളുടെ ദാഹമകറ്റാന്‍ ...


എന്നിട്ടും.........

മൌനം..

വാക്കുകള്‍
അപ്രസക്തമാകുന്നിടത്ത്
പ്രകൃതിയുടെ ദാനമാണ്
ചുംബനമെന്ന് കവി...

ചുംബനം
പ്രസക്തമല്ലാത്തിടത്ത്
വാക്കുകള്‍
അപ്രസക്തമാകുമ്പോള്‍
ദാനമായി നല്കാന്‍
പ്രകൃതിയില്‍ എന്തുണ്ട്?


കൂട്ടുകാരാ...
ചിലപ്പോഴെങ്കിലും
നമ്മള്‍
മൌനത്തിന്റെ സംഗീതം
കേള്‍ക്കുന്നത്
ഇങ്ങനെയല്ലേ...........

Sunday, 28 February, 2010

മൈന്‍ഡ് ടോപ്‌...

ഹൃദയത്തിന്റെ
കോണില്‍
ഒരു കമ്പ്യൂട്ടര്‍
ഒളിച്ചിരിപ്പുണ്ട് ...

വെര്‍ച്വല്‍ റിയാലിറ്റിയുടെ
ഡിജിറ്റല്‍ ലോകത്ത്
റിയാലിറ്റി എന്തെന്ന്
തിരിച്ചറിയാതെ
ഇന്ന് ഞാന്‍....

തെറ്റും ശരിയും
സ്നേഹവും വിശ്വാസവും
ഒന്ന്-പൂജ്യം കണക്കില്‍
അപ്‌ലോഡ്‌ ചെയ്യനാവാത്തതിനാല്‍
എന്റെ കമ്പ്യൂട്ടര്‍
എന്നും ഹാങ്ങാവുന്നു....

ഏതോ വൈറസ്‌ കയറി
എന്റെ റിയാലിറ്റികളെ മുഴുവന്‍
ഡിലീറ്റ് ചെയ്യുന്നു...

ഓര്‍മ്മകള്‍ ചിലപ്പോള്‍
ഒരുമിച്ചു ഡിസ്പ്ലേ ചെയ്യുന്നു....

ചിലപ്പോള്‍ പക്ഷേ......

ദിസ്‌ പ്രോഗ്രാം ഈസ്‌
നോട്ട് റെസ്പോണ്ടിംഗ് ...............

ഒന്നു ഫോര്‍മാറ്റ്‌ ചെയ്തു നോക്കിയാലോ?

പക്ഷേ, പേടിയാവുന്നു..

അത്യാവശ്യം വേണ്ട ഫയലുകള്‍
നഷ്ടമായാലോ?

Friday, 26 February, 2010

ഓഫ്‌ലൈന്‍ മെസ്സേജസ്..

ജീവിതം ഓണ്‍ ലൈന്‍ അല്ലാത്തവര്‍ക്ക്
ഒരു സൈബര്‍ ലൈഫ്..
ബൂമറാങ്ങ്
എന്റെ സ്നേഹം പോലെ...
വലിച്ചെറിഞ്ഞാലും
തിരികെയെത്തുന്നു
നിന്നില്‍ത്തന്നെ ....

Saturday, 20 February, 2010

കണ്ണാടി

കണ്ണാടികള്‍
കണ്ണാടി നോക്കുമ്പോള്‍
കാണുന്നതെന്ത്?

മറു കണ്ണാടിയുടെ മുഖമോ?
അതില്‍ തെളിയുന്ന
തന്റെ തിളക്കമോ?

നിന്നെ ഞാന്‍ അറിയുന്നു
എന്നൊരു കണ്ണാടി..
നിന്നെ ഞാന്‍ അറിയുന്നതും
നീ എന്നെ അറിയുന്നതും
ഞാന്‍ അറിയുന്നു എന്ന്
കൂട്ടുകണ്ണാടി..

നീയറിയുന്നത്‌
ഞാനറിയുന്നു എന്ന്
നീയറിയുന്നു എന്ന് എനിക്കറിയാം എന്ന്.........

.....
...
...

Thursday, 18 February, 2010

ഒന്ന്..രണ്ട്..മൂന്ന്...

----
ചെരിപ്പ് കാണാനില്ലാത്തത് കൊണ്ട്
ഒളിച്ചോട്ടം വേണ്ടെന്നു വച്ചു!!!!


----
എനിക്ക് മുന്നില്‍ തുറന്ന
ഓരോ വാതിലും
കൂടുതല്‍ കൂടുതല്‍
അകത്തേക്ക് മാത്രമുള്ളതായിരുന്നു ...!!!----
എഴുതാന്‍ ഉദ്ദേശിച്ചത്
ഇതൊന്നുമായിരുന്നില്ല
പക്ഷേ,
എന്റെ ഈ പേന
ഇങ്ങനെയാണ്.
അതിന് എന്റെ ഭാഷ
മനസിലാവുന്നെയില്ല
മഷി കഴിയാറായത് കൊണ്ടാവും
എഴുതിയെഴുതി
തെളിയാതായി...!!!


---

നീ..ഞാനും...

ചിലര്‍ ഉലക്ക പോലെ
കുത്താനോ തല്ലാനോ വേണ്ടി
മാത്രം ജനിച്ചവര്‍..

ചിലര്‍ ഉരല് പോലെ
എത്ര ഒതുങ്ങിയിരുന്നാലും
കുത്ത് വാങ്ങുന്നവര്‍...

നീ,
ചുറ്റിക പോലെ
അടിച്ചമര്‍ത്തിയും
വലിച്ചിളക്കിയും
എന്നോടുകൂടി
നില്‍ക്കുന്നവന്‍...

വായന

എന്റെ ജീവിതം
ഒരു തുറന്ന പുസ്തകമാണ്.
വായിക്കാനെടുത്തവര്‍
പേജുകള്‍ കീറിക്കീറി
ഒടുവില്‍
പുറംചട്ട മാത്രം ബാക്കിയായി...

Monday, 15 February, 2010

അറിയുന്നില്ലേ..?
നിന്റെ നോട്ടം മാത്രം മതി
എന്നില്‍
പ്രണയത്തിന്റെ ലഹരി നിറക്കാന്‍...

ഒരു വിരല്‍ സ്പര്‍ശം പോലുമില്ലാതെ
എന്റെ ശരീരത്തെ നീ ഉണര്‍ത്തിയത്
ഇന്നലെയായിരുന്നോ?
അതോ...യുഗങ്ങള്‍ക്കു മുന്‍പോ?

''നീ ചുംബിച്ചത് എന്റെ ചുണ്ടുകളെയല്ല, ആത്മാവിനെ ആണെന്ന് ''
പാടിയ കവീ....
നിന്നെ ഞാന്‍ അറിയുന്നു...

എന്റെ പ്രിയനേ...
നിന്റെ കണ്ണില്‍ ഞാന്‍ എന്നെ കാണുകയല്ല,
എന്നില്‍ നിന്നെ കാണുകയാണ്..
ഇന്ന് ഞാന്‍ നീ തന്നെയാണ്..

എന്നില്‍ പ്രണയം പൂര്‍ണമായത്‌
അത് ശരീരത്തിലേക്ക്
ചുരുങ്ങിയപ്പോഴല്ല,
ശരീരത്തോളം വികസിച്ചപ്പോഴാണ്..

കൂട്ടുകാര്‍