മൈലാഞ്ചി

ജാലകം

Friday 25 November, 2011

വിരിപ്പും പുതപ്പും...


വിരുന്നുകാര്‍ മടങ്ങിപ്പോയ
രാത്രിയിലാണ്
അമ്മയുടെ പുതപ്പും
മകളുടെ വിരിപ്പും
തമ്മില്‍
മാറിപ്പോയത്..

പേരെന്തായാലും
കൈലേസിന്റെ ധര്‍മ്മമാണു
തനിക്കെന്ന്
പുതപ്പ്
മകളോട്
സങ്കടം പറഞ്ഞു..

മലര്‍ന്നു നിവര്‍ന്നു കിടക്കുമ്പോള്‍
കമിഴ്ന്നു വീഴുന്ന പിറുപിറുക്കലും
ഇളംമനസില്‍ ഒതുങ്ങാത്ത
കൊടും സംഘര്‍ഷങ്ങളും
ഇത്തിരി ദേഷ്യവും
ഒത്തിരി സ്നേഹവും
മകള്‍പോലുമറിയാതെ
ഏറ്റുവാങ്ങാമെന്ന്
വിരിപ്പ്
അമ്മയെ പഠിപ്പിച്ചു..

അന്ന് രാത്രി
അമ്മപ്പുതപ്പില്‍
മകള്‍
സ്വപ്നം കാണാതുറങ്ങി..

പിറ്റേന്ന്
കണ്ണെരിയിക്കുന്ന
സോപ്പുപതയെ മറന്ന്
അലക്കുയന്ത്രത്തിനുള്ളില്‍
പുതപ്പും വിരിപ്പും
കെട്ടിപ്പിടിച്ചുനിന്നു..

Wednesday 10 August, 2011

ദു:ഖപൂര്‍ണിമ

സത്യത്തില്‍ ഇതെഴുതേണ്ടത് രണ്ടുമാസം മുമ്പാണ്. അന്നത്തെ ഒരു മാനസികാവസ്ഥയില്‍ എഴുതാനായില്ല. പിന്നീട് എഴുതേണ്ടെന്ന് വച്ചതാണ്, പക്ഷേ, മനസ്സമാധാനം കിട്ടണ്ടേ? അതുകൊണ്ട് എഴുതുന്നു. ഇത്രയും പറഞ്ഞത് ഈ പോസ്റ്റ് എന്റെ ഒരു ആശ്വാസത്തിനുവേണ്ടി മാത്രമുള്ളതാണെന്ന് അറിയിക്കാനാണ്, അതിന്റെ എല്ലാ കുഴപ്പവും ഇതില്‍ കാണും ക്ഷമിക്കുക.

    പറയാനുള്ളത് ഒരു മരണത്തെക്കുറിച്ചാണ്. ‘ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണ’മെന്ന ആപ്തവാക്യത്തില്‍ തൂങ്ങി മറന്നുകളയാന്‍ പറ്റാത്ത ഒരു മരണം - ഒരു ആത്മഹത്യ-

    പത്തൊന്‍പതു വയസ്സ് മരിക്കാനുള്ള പ്രായമൊന്നുമല്ല, ആത്മഹത്യ ചെയ്യാന്‍ തീരെയുമല്ല -എന്നിട്ടും എന്തിനാണ് ഞങ്ങളുടെ പൂര്‍ണിമ , ജീവിതം ഒരു ഷാളിന്‍തുമ്പില്‍ കൊളുത്തിയിട്ടത്?

    എന്തിനാണ് ഒരാള്‍ ആത്മഹത്യ ചെയ്യുന്നത്?

പലപ്പോഴും വായിക്കാറുണ്ട്, കേള്‍ക്കാറുണ്ട് പലതരം കാരണങ്ങളെപ്പറ്റി.. ടിവി കാണാന്‍ സമ്മതിക്കാത്തതിന്, പരീക്ഷയില്‍ തോറ്റതിന്, ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന്, എന്തിന് മുഖക്കുരു മാറാത്തതിനുപോലും..  അപ്പോഴൊക്കെ ക്രൂരമായ ഒരു ചിന്തയാണ് മനസില്‍ ഉയരാറ് - ജീവിതത്തെ ഫെയ്സ് ചെയ്യാന്‍ ത്രാണിയില്ലാത്തവര്‍ മരിക്കുകയാണ് നല്ലത് എന്ന്..

ഞാന്‍ എന്തുമാത്രം തെറ്റാണെന്ന് തന്റെ മരണത്തിലൂടെ പൂര്‍ണിമ കാണിച്ചുതന്നു..

    ഏട്ടന്റെ നേരെ മൂത്ത ചേച്ചിയുടെ മകളായിരുന്നു പൂര്‍ണിമ, ഏട്ടന്റെ ഏറ്റവും പ്രിയപ്പെട്ട അനന്തിരവള്‍, പാപ്പൂന്റെ ഏറ്റവും പ്രിയപ്പെട്ട കസിന്‍ ..ഞങ്ങളുടെ വിവാഹസമയത്ത് അവള്‍ നഴ്സറിപ്രായം.. അവളോടൊപ്പം കഴിവുകളും വളര്‍ന്നു. ഏഴിലോ മറ്റോ പഠിക്കുമ്പോള്‍ രാഷ്ട്രപതിയുടെ കയ്യില്‍നിന്ന് മെഡല്‍ വാങ്ങിയിട്ടുണ്ട്. സ്മാര്‍ട്ട്, ബ്യൂട്ടിഫുള്‍ ആന്റ് ബോള്‍ഡ്. പഠിപ്പിലും പാട്ടിലും ഡാന്‍സിലും ചിത്രംവരയിലും സ്പോര്‍ട്സിലും എല്ലാം മുന്‍പന്തിയില്‍ ..ബൈക്കും ബുള്ളറ്റും ജീപ്പും ഒക്കെ ഓടിക്കാന്‍ ഹൈസ്കൂള്‍ക്ലാസില്‍വച്ചേ പഠിച്ചു.. എന്തിനോടും അടങ്ങാത്ത താല്പര്യം.. എന്തെങ്കിലും വേണമെന്ന് ആഗ്രഹിച്ചാല്‍ നേടിയെടുക്കാനുള്ള കഴിവും വാശിയും...

എല്ലാം ഒരു നിമിഷംകൊണ്ട് തീര്‍ന്നു - പക്ഷേ, എന്തിന്?

കേരളത്തിലായിരുന്നെങ്കില്‍ പേപ്പറില്‍ ഒരു കോളം വാര്‍ത്തയെങ്കിലും ആയേനെ..”നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു” എന്ന്..

അതെ, അവളുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ. കഴിഞ്ഞ ഡിസംബര്‍ 9 നായിരുന്നു ആഘോഷപൂര്‍വം അവളുടെ വിവാഹം ഉണ്ടായത്. കൃത്യം ആറുമാസം കഴിഞ്ഞ് ജൂണ്‍ 11ന് രാവിലെ എല്ലാം അവസാനിക്കുകയും ചെയ്തു.

ആരെയാണ് പഴിക്കേണ്ടത്?

സീരിയല്‍ക്കഥകള്‍ തോല്‍ക്കും വിധം പോരെടുത്തിരുന്ന ആ അമ്മായിയമ്മയെയോ, ഭ്രാന്തമായി സ്നേഹിക്കുകയും അതിലേറെ ഭ്രാന്തമായി വഴക്കിടുകയും ചെയ്യുന്ന ഭര്‍ത്താവിനെയോ, ഇതെല്ലാമറിഞ്ഞിട്ടും ഒക്കെ ശരിയാവുമെന്നു കരുതി ആരോടും പറയാതെ മറച്ചുവച്ച ചേച്ചിയെയോ, പക്വതയില്ലാത്ത പ്രായത്തില്‍ വിവാഹം കഴിച്ചയച്ച് ഭാരം തീര്‍ത്ത വീട്ടുകാരെയോ …. ആരെയാണ് പഴിക്കേണ്ടത്?

പൂര്‍ണിമക്ക് ഫാഷന്‍ ഡിസൈനിംഗ് പഠിക്കണമെന്നുണ്ടായിരുന്നു, ബ്യൂട്ടീഷന്‍ കോഴ്സ് ചെയ്യണമെന്നുണ്ടായിരുന്നു.. ഇവിടെ കേരളത്തില്‍ കൊണ്ടുവരാമെന്ന് ഞങ്ങള്‍ ഏറ്റതുമാണ്, അപ്പോഴാണല്ലോ ഉത്തമജാതകപ്പൊരുത്തവുമായി കല്യാണാലോചന വരുന്നത്. മകള്‍ ഒരു കൂട്ടുകാരന്റെ കൂടെ ഐസ്ക്രീം കഴിക്കാന്‍ പോയെന്നോ ബസ് സ്റ്റോപ്പില്‍ കണ്ടുവെന്നോ ആരോ പറഞ്ഞുകേട്ടയുടന്‍ എല്ലാ പഠിപ്പും മതിയാക്കി വീട്ടുതടങ്കലിലാക്കി അവളുടെ അച്ഛന്‍ .. പഠിക്കണമെന്നുപറഞ്ഞ് അവള്‍ നടത്തിയ സമരങ്ങളെല്ലാം വെറുതെയായി.. അച്ഛന് കൂട്ടായി വീട്ടുകാരും അമ്മാമനും ഒക്കെ വന്നപ്പോള്‍ വിവാഹമെന്ന മാമാങ്കം നടന്നു. തലേ ദിവസത്തെ ചടങ്ങുകളില്‍ അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം എല്ലാവര്‍ക്കും ചിരിക്കുള്ള വകയായി.. പൂജയ്ക്ക് ഇരിക്കുമ്പോള്‍ സ്വയം മൈലാഞ്ചിയിടുന്ന മണവാട്ടിയെ കണ്ടാല്‍ ചിരിവരാതെ എങ്ങനെ? ഒരുപക്ഷേ ആ കുട്ടിത്തമാവാം അവള്‍ക്ക് വിനയായതും...

ആരുടെയും വാക്കുകള്‍ക്ക് ചെവികൊടുക്കാതെ വേണ്ടത്ര സമയമെടുത്ത് സ്വയം മെയ്കപ്പ് ചെയ്താണ് അവള്‍ മണവാട്ടിയായി ഒരുങ്ങി വന്നത്. ആകെ സഹായം വേണ്ടിവന്നത് മുടി കെട്ടാന്‍ മാത്രം.. അത് ചെയ്തുകൊടുക്കാനുള്ള യോഗം എന്തുകൊണ്ടോ എനിക്കായിരുന്നുതാനും.

അന്നത്തെ അവളുടെ എല്ലാ കുട്ടിക്കളിക്കും ഭര്‍ത്താവും അമ്മായമ്മയും കൂട്ടുണ്ടായിരുന്നു.. എല്ലാവരും പറഞ്ഞു, പറ്റിയ ബന്ധമാണ് കിട്ടിയതെന്ന്.. ഇനി മുതല്‍ രാജയോഗമാണ് ജാതകത്തിലെന്നും..... വല്ലാത്തൊരു രാജയോഗം തന്നെ..!

ഒരുപക്ഷേ ആ കുട്ടിക്കളി തന്നെയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായതും.. വഴക്കും വക്കാണവുമെല്ലാം എല്ലാ വീട്ടിലും ഉള്ളതാണെന്നും അതെല്ലാം സഹിക്കുകയും ‘അഡ്ജസ്റ്റ്’ ചെയ്യുകയും വേണമെന്നും അമ്മയടക്കം എല്ലാവരും ഉപദേശിച്ചുകാണണം. അഡ്ജസ്റ്റുമെന്റിന്റെ പരമാവധി അവള്‍ക്കിഷ്ടമില്ലാഞ്ഞിട്ടും ഒരു അബോര്‍ഷനിലേക്കെത്തിയപ്പോഴാവണം അവളുടെ മനസ് ചാഞ്ചാടിത്തുടങ്ങിയത്, ….. അബോര്‍ഷന് കാരണം പറഞ്ഞത് ജൂണില്‍ കോളേജില്‍ പോകുമ്പോള്‍ ഈ ഗര്‍ഭം തടസ്സമാകുമെന്നും.. ഒടുവില്‍ ജൂണ്‍ ആയി. കോളേജില്‍പോക്ക് ചിലവുകൂടുതലാക്കുമെന്നു പറഞ്ഞ് അധ്യാപിക കൂടിയായ  അമ്മായമ്മ പറഞ്ഞു.. അവസാനവാക്ക് അവരുടേതായതിനാല്‍ അവളുടെ ഒരു വാശിയും ഫലം കണ്ടില്ല..

തന്നെ ദ്രോഹിച്ചവരെ ഒരു പാഠം പഠിപ്പിക്കാനാണോ പൂര്‍ണിമ ഈ തീരുമാനം എടുത്തത്? ചിലപ്പോള്‍ ആയിരിക്കാം..

പക്ഷേ, പാഠം പഠിക്കേണ്ടത് ഞാനടക്കമുള്ള ബന്ധുക്കള്‍ ആയിരുന്നു. പാകത വരാത്ത ഇളംമനസിനെ വിവാഹജീവിതത്തിലേക്ക് പിടിച്ചിടുമ്പോള്‍ അവള്‍ അവിടെ ഉണങ്ങുകയാണോ പഴുക്കുകയാണോ ചീയുകയാണോ എന്ന് അന്വേഷിക്കേണ്ടത് ഞങ്ങളുടെ കടമയായിരുന്നില്ലേ?

മകള്‍ അവിടെ കഷ്ടപ്പെടുമ്പോള്‍ , പുറത്തിറങ്ങാനോ ഫോണ്‍ ചെയ്യാനോ അനുവാദമില്ലാതെ ഒറ്റപ്പെട്ടു ശ്വാസംമുട്ടുമ്പോള്‍ അത് അടുത്തുള്ള ബന്ധുക്കളോടു പറഞ്ഞ് അവള്‍ക്ക് ഒരാശ്വാസം കൊടുക്കേണ്ടത് അമ്മയുടെ കടമയായിരുന്നില്ലേ?

എനിക്കിവിടെ നില്‍ക്കാന്‍ വയ്യെന്ന് മകള്‍ വിളിച്ചുപറയുമ്പോള്‍ എങ്ങനെയെങ്കിലും സഹിക്കാന്‍ പറയുന്നതിനുപകരം അവളുടെ പ്രശ്നം അന്വേഷിക്കേണ്ടത് അച്ഛന്റെ കടമയായിരുന്നില്ലേ?

മകന് മാനസികപ്രശ്നമുണ്ടായിട്ടും മറച്ചുവച്ച് വിവാഹം കഴിപ്പിക്കുമ്പോള്‍ വധുവായി വരുന്ന കുട്ടിക്കളിക്കാരിയെ സപ്പോര്‍ട്ട് ചെയ്യേണ്ടത് അമ്മായമ്മയുടെ കടമയായിരുന്നില്ലേ?

അമ്മ മരുമകളെ വരുതിക്കു നിറുത്താന്‍ എല്ലാ അടവും പയറ്റുമ്പോള്‍ , ജീവനുതുല്യം താന്‍ സ്നേഹിക്കുന്നു എന്നു പറയുന്ന ഭാര്യയെ സമാധാനിപ്പിക്കുകയെങ്കിലും ചെയ്യേണ്ടത് ഭര്‍ത്താവിന്റെ കടമയായിരുന്നില്ലേ?

ഞങ്ങളാരും അവരവരുടെ കടമ നിറവേറ്റാതിരുന്നിട്ടും ഈ മരണത്തിന് പൂര്‍ണിമ മാത്രം എങ്ങനെ കുറ്റക്കാരിയാവുന്നു?

മരണത്തിന് ശേഷമെങ്കിലും അവളോട് നീതി പുലര്‍ത്താന്‍ ഞങ്ങള്‍ക്കാവുന്നുണ്ടോ?

ആത്മഹത്യ എന്നു ലേബലിട്ട് മാറ്റിവച്ച്, ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് ഒന്നും സഹിക്കാന്‍ കഴിവില്ലെന്നു പറഞ്ഞ് കൈ കഴുകാന്‍ എന്തവകാശം? ജീവിച്ചിരിക്കുന്നു എന്ന അവകാശമോ?

മകളുടെ മരണശേഷം ജീവിതത്തിലേക്ക് ഇനിയും മടങ്ങിയെത്തിയിട്ടില്ലാത്ത ആ അമ്മ പറയുന്നത് അത് ആത്മഹത്യയേ അല്ലെന്നാണ്. അവര്‍ പറഞ്ഞ കാരണങ്ങള്‍ ഞങ്ങളില്‍ മിക്കവര്‍ക്കും ബോധ്യമായതുമാണ്. പൂര്‍ണിമയെപ്പോലെ ജീവിതത്തെ സ്നേഹിച്ച ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുള്ളപ്പോള്‍ പ്രത്യേകിച്ചും... സംശയം ബാക്കി നില്‍ക്കുന്നു..

പക്ഷേ എന്തുകാര്യം? പലതരം സ്വാര്‍ഥതകള്‍കൊണ്ട് ഒരു അന്വേഷണവും വേണ്ടെന്ന തീരുമാനത്തിലാണ് ചേച്ചിയൊഴികെയുള്ളവര്‍ … മരണത്തില്‍ സംശയമില്ലെന്ന് സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഒപ്പിട്ടുകൊടുക്കുമ്പോള്‍ ചേച്ചിയുടെ കൂടെ ഞാനും ഉണ്ടായിരുന്നു... അപ്പോഴും ഒരു പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് വേണ്ടിവന്നാല്‍ കേസ് കൊടുക്കാനാവുമെന്ന്...
പക്ഷേ, ആരൊക്കെയോ ചേര്‍ന്ന് എല്ലാ പഴുതുകളും അടച്ചുവെന്ന് അറിഞ്ഞപ്പോള്‍ , അത് തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണെന്നുകൂടി അറിയുമ്പോള്‍, നിസ്സഹായത അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന ആ അമ്മക്കുമുമ്പില്‍ കണ്ണീര്‍പ്രണാമം അര്‍പ്പിക്കുക മാത്രമേ എനിക്കാവുന്നുള്ളൂ...


Friday 4 March, 2011

ചൂണ്ട

എന്റെ പെണ്ണേ നോക്കൂ
നമ്മളൊന്നിച്ചുള്ള ഫോട്ടോസ്,
എത്ര മനോഹരമായിരിക്കുന്നു അല്ലേ?

ഉദയസൂര്യന്റെ തുടിപ്പും തിളക്കവും
നിന്റെ കണ്ണിലും കവിളിലും തെളിഞ്ഞുകാണാം.
നിന്റെ പ്രണയം മുഴുവന്‍
പുഞ്ചിരിയിലൊതുക്കി
എനിക്കു നല്‍കുന്നതു കാണാം.
ചുംബനത്തിന്റെ ലഹരിയില്‍
സ്വയം മറന്നു നീ അലിയുന്നതു കാണാം

നീയും ഞാനുമൊത്തുള്ള സുന്ദരനിമിഷങ്ങള്‍
എന്റെ മൊബൈലിന്റെ ഗാലറിയില്‍
ഭദ്രമായിരിക്കും
വിലമതിക്കാനാവാത്ത സ്വത്തല്ലേ പെണ്ണേ ഇതെല്ലാം?

രാത്രിയുടെ ഏകാന്തയാമങ്ങളില്‍
നീ കൂടെയുണ്ടെന്ന തോന്നലിന്,
നീണ്ടയാത്രയിലെ വിരസതയില്‍
ആശ്വാസത്തിന്,
എന്നുമെന്നും  നീ എന്റെയാണെന്ന തോന്നലിന്

ചിലപ്പോഴെങ്കിലും
കൂട്ടുകാര്‍ക്കുമുമ്പില്‍ ഞെളിയുന്നതിന്,

ഒരുപക്ഷേ,
തിരിച്ചറിവിന്റെ ആഴത്തില്‍
ഞെട്ടിയുണര്‍ന്ന്
നീ വഴിമാറി അകന്നുപോയാല്‍
തിരികെ വിളിക്കാനുള്ള ചൂണ്ടക്കൊളുത്തിന്.......

Monday 21 February, 2011

ഹാപ്പി ബര്‍ത്ത്ഡേ റ്റു മി..... അഥവാ സ്വപ്നം പോലെ ഒരു പിറന്നാള്‍ദിനം...


ഇന്നെന്റെ പിറന്നാളായിരുന്നു. കുംഭമാസത്തിലെ അത്തം. മിനിഞ്ഞാന്ന് ജന്മദിനമായിരുന്നു, ഫെബ്രുവരി പത്തൊമ്പത്. ഫേസ്ബുക് പ്രൊഫൈലില്‍ തിയതി ഉള്ളതിനാല്‍ കുറേ ആശംസകള്‍ വന്നു. ആര്‍ക്കും ഓര്‍മയുടെ ഭാരം താങ്ങേണ്ടല്ലോ ഇപ്പോള്‍ . ഞാനും പതിവാണ് മൊബൈലില്‍ റിമൈന്‍ഡര്‍ ഇടുന്നത്. പല പല തിരക്കുകള്‍ക്കിടയില്‍ മറക്കരുതെന്ന് നാം ആഗ്രഹിക്കുന്ന പലതും മറന്നുപോകും, പിന്നീട് ഓര്‍മവരുമ്പോള്‍ തീര്‍ത്താല്‍ത്തീരാത്ത നഷ്ടബോധവും ചിലപ്പോഴൊക്കെ കുറ്റബോധവും. അതൊഴിവാക്കാന്‍ ഏറ്റവും നല്ല വഴി റിമൈന്‍ഡര്‍ ഇടുക തന്നെയാണെന്ന് കരുതുന്നു, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ മന:പ്പൂര്‍വം കണ്ടില്ലെന്ന് നടിക്കുന്നു. ഫേസ്ബുക്ക് ആശംസകളുടെ ഒരു കുഴപ്പം അത് ആരും ഓര്‍ത്തിരിക്കുന്നതല്ല എന്നത് നമുക്ക് ഓര്‍മ വരും എന്നതാണ്, (നമുക്ക് എന്നുവേണ്ട എനിക്ക് എന്നാക്കാം.) എന്തുകൊണ്ടോ മൊബൈലിലെ ഇത്തരം ആശംസകള്‍ക്ക് ആ കുഴപ്പം എനിക്ക് തോന്നിയിട്ടുമില്ല. ഇത് ഒരുപക്ഷേ, ഞാന്‍ ഫേസ്ബുക്കിനേക്കാള്‍ മൊബൈല്‍ ഉപയോഗിക്കുന്ന ആളായതുകൊണ്ടാവാം, അല്ലെങ്കില്‍ മൊബൈലിലെ റിമൈന്‍ഡര്‍ നമ്മള്‍ സെറ്റ് ചെയ്യുന്നതാണ് എന്നതുകൊണ്ടുമാവാം

 
ചില റിമൈന്‍ഡറുകള്‍ നമ്മള്‍ മനസിലും കൂടി സെറ്റ് ചെയ്ത് വക്കും, അതിനുവേണ്ടി ഒരുങ്ങും, മനസും പരിസരവും. ഇത്തവണ എന്റെ പിറന്നാള്‍ അത്തരം ഒരു ഒരുക്കത്തിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരമായിരുന്നു, ഒരു റിമൈന്‍ഡറിന്റേയും സഹായമില്ലാതെ എന്റെ പാപ്പു ഒരുക്കിയെടുത്ത ആഘോഷം. ആഴ്ചകള്‍ നീണ്ട ഒരുക്കങ്ങള്‍ .. ആരെയൊക്കെയോ വിളിക്കുന്നു, എന്തൊക്കെയോ വാങ്ങുന്നു... 
 
കഴിഞ്ഞാഴ്ചയോടെ എനിക്ക് ചെറിയ ഐഡിയ കിട്ടിത്തുടങ്ങി, ദേവനും ഹരിയും വരും, ഉറപ്പിച്ചു, കേയ്ക്ക് വാങ്ങുന്നുണ്ട്, എന്തോ ഗിഫ്റ്റും.. ഇത്രയും അറിഞ്ഞെങ്കിലും നടിച്ചില്ല, ഗിഫ്റ്റ് വാങ്ങിയത് ഞാനറിഞ്ഞു, ഇവിടെ വക്കുന്നു, തുറന്നു നോക്കരുത് എന്ന് അവള്‍ പറഞ്ഞിരുന്നു, ഒരാഴ്ച അതവിടെ ഇരുന്നു, വീട്ടില്‍ വരുന്നവര്‍ക്ക് കാണിച്ചുകൊടുക്കും, ആ സമയം ഞാന്‍ ഒന്നുകില്‍ കണ്ണുപൊത്തണം, അല്ലെങ്കില്‍ വേറെ എങ്ങോട്ടെങ്കിലും മാറണം.. രസമായിരുന്നു.... അവളുടെ കുട്ടമ്മാമനോട് തല്ലുകൂടി പലവട്ടം എന്തൊക്കെയോ വാങ്ങിവന്നു.
ഏറെ രസകരമായ ഒരു സംഭവം, അവള്‍ക്ക് ഇതെന്നോട് പറഞ്ഞാല്‍ക്കൊള്ളാം എന്നുണ്ടായിരുന്നു എന്നതാണ്. ഇടക്ക് വന്ന് പറയും, 'അമ്മാ, എനിക്ക് പറയാന്‍ തോന്നുണു.. പക്ഷേ, പറഞ്ഞാല്‍ സസ്പെന്‍സ് പൊളിയും.. ഞാനെന്താ ചെയ്യാ? ' … 
 
ഒരുവിധം കടിച്ചുപിടിച്ച് പതിനേഴാം തിയ്യതി ആയി.. അന്ന് അവള്‍ എന്നോട് ചോദിച്ചു, അമ്മക്ക് എന്തൊക്കെ മനസിലായീ ന്ന്. ഞാന്‍ അറിയാവുന്നത് പറഞ്ഞു. ആരൊക്കെ വരുമെന്ന് പറഞ്ഞില്ലെങ്കിലും ഊണിന് എത്രപേരുണ്ടെന്ന് പറഞ്ഞില്ലെങ്കില്‍ നിന്റെ വിരുന്നുകാര്‍ പട്ടിണി കിടക്കും എന്ന് ഭീഷണിയും വച്ചു. ഒരു പത്തുപതിനഞ്ചുപേര്‍ നമ്മളേം കൂട്ടി, എന്ന് മറുപടി. പിറ്റേന്നക്ക് അത് കുറഞ്ഞു. അതിന്റെ കാരണം വൈകീട്ട് അനു വിളിച്ചപ്പോളാണ് മനസിലായത്. അനുവിന് പനിയാണ്, പാലക്കാടാണ്, വരില്ല എന്ന്.. പത്തൊമ്പതാം തിയ്യതി അണിമ വിളിച്ചു ആശംസകള്‍ പറഞ്ഞപ്പോള്‍ അവളെയും വിളിച്ചെന്ന് മനസിലായി, അണിമക്കും പനി.. അങ്ങനെ പാപ്പുവിന്റെ സസ്പെന്‍സുകള്‍ ഓരോന്നായി പൊളിഞ്ഞു തുടങ്ങി. മാത്രമല്ല, കഷ്ടകാലത്തിന് പാപ്പൂനും അച്ചൂനും ശനിയാഴ്ച ക്ലാസുമുണ്ട്.
എന്തുചെയ്യും എന്നറിയാതെ അവള്‍ അല്പം വിഷമിച്ചു. ഉടന്‍ പരിഹാരവും കണ്ടു. ഉച്ചവരെയേ പോകൂ. ടീച്ചര്‍ക്ക് ലെറ്റര്‍ തരണം.. ഓക്കെ ..ഡണ്‍ ..(എന്നിട്ടെന്താ, രണ്ടാളും അന്ന് പോയില്ല..)

അങ്ങനെ അവള്‍ കാത്തുകാത്തിരുന്ന ദിവസം.. രാവിലെ അവള്‍ പറഞ്ഞിരുന്നു ഇപ്പോ ഉള്ളവരെ കൂടാതെ നാലാള്‍ എക്സ്റ്റ്രാ എന്ന്. ഞങ്ങള്‍ നാലുപേരല്ലാതെ കുട്ടനും ഷിന്‍ച്ചി എന്ന് ഞാന്‍ വിളിക്കുന്ന ഷീനച്ചേച്ചിയും ഉണ്ടായിരുന്നു. അപ്പോള്‍ ഉറപ്പായി മറ്റു രണ്ടുപേര്‍ ആത്മനും ആത്മസഖി ഷിതയും ആണെന്ന്. (പ്രയോഗം കുട്ടന്റേത്).

എന്തായാലും ചെറുകിട സദ്യ ഒരുക്കാന്‍ ഷിന്‍ച്ചിയുടെ മേല്‍നോട്ടത്തില്‍ അടുക്കള ഒരുങ്ങി.. നോര്‍ത്തും സൌത്തും പുതിയ പരീക്ഷണങ്ങളും ഒരുപോലെ വഴങ്ങുന്ന ഷിന്‍ച്ചി ഒട്ടും മോശമാക്കിയില്ല.. മാത്രമല്ല, പുതിയ ഒരു വിഭവം ലാന്‍ഡ് ചെയ്യുകയും ചെയ്തു. വെള്ളക്കടല വേവിച്ചത് ബാക്കിയായതും തലേന്നത്തെ ചക്ക ഉപ്പേരിയും കൂടി ഒരു പ്രയോഗം.. ഉഗ്രന്‍ സംഭവമായിരുന്നു. പിന്നെ പഞ്ചാരപ്പായസവും... ഒക്കെ കഴിഞ്ഞ് വൈകീട്ട് കേയ്ക്ക് മുറിക്കലും.. എന്റെ ജീവിതത്തിലെ ആദ്യത്തെ birthday cake-white forest.





അങ്ങനെ വിചാരിച്ചിരിക്കാതെ പിറന്നാള്‍ ഗംഭീരമായി..

ആദ്യം മുതലേ ഈ പിറന്നാള്‍ സ്പെഷ്യല്‍ ആയിരുന്നു. അര്‍ദ്ധരാത്രി പ്രിയതമന്റെ മധുരചുംബനം ഏറ്റുവാങ്ങിയാണ് പിറന്നാള്‍ദിനം തുടങ്ങിയത്. അപ്പോഴേ ഊഹിച്ചു ഇത് ഗംഭീരമാവും എന്ന്. ഇത്രയും കൊല്ലത്തിനിടെ ആദ്യമായി ഏട്ടന്‍ അലാം വച്ചെണീറ്റ് wish ചെയ്തു, സമ്മാനം തന്നു..... !!!!

രാവിലെ അച്ചൂനും പാപ്പൂനും വേണ്ടി ഏട്ടന്‍ വാങ്ങിയ സമ്മാനങ്ങള്‍ കൂടി കിട്ടി. ബ്രേസ്ലെറ്റ് പോലുള്ള വാച്ച്, കോഫിമഗ്, ഫോട്ടോഫ്രെയിം... ഇതു കൂടാതെ പാപ്പു നേരത്തേ വാങ്ങിവച്ച സമ്മാനം, ഒരുഗ്രന്‍ മാലേം കമ്മലും സെറ്റ്..കൂടെ birthday cardഉം..

ആത്മന്റെ കാറിലാണ് ദേവനും ഹരിയും വന്നത്.. അവരും പാപ്പൂം കൂടെ എത്ര നാളായി തയ്യാറെടുപ്പ് തുടങ്ങീട്ട് എന്നതിന്റെ തെളിവായിരുന്നു മണിച്ചേട്ടായി എന്ന് ഞാന്‍ വിളിക്കുന്ന് ഹരിയുടെ സമ്മാനം.. അവര്‍ ആഴ്ചകള്‍ക്ക് മുമ്പേ കര്‍ണാടകയിലെ കുശാല്‍നഗറില്‍ പോയപ്പോള്‍ വാങ്ങിയ രണ്ടു കീചെയിനുകള്‍ .. പാവക്കുട്ടികള്‍ തൂങ്ങിക്കളിക്കുന്ന മനോഹരമായ cute gift..

കേട്ട ഗാനം മധുരം , കേള്‍ക്കാനുള്ളത് മധുരതരം എന്നതുപോലെയാണ് എന്റെ കൂട്ടുകാരുടെ എല്ലാരുടേം വക എന്ന്‌ പറഞ്ഞ് തന്ന ഗിഫ്റ്റ്.. ആത്മന്റെ വീട്ടില്‍ വിടര്‍ന്ന മനോഹരമായ ഒരു മഞ്ഞ പനിനീര്‍പ്പൂവച്ച് അലങ്കരിച്ച കവര്‍ തന്നപ്പോഴേ പുസ്തകമാണെന്ന് ഊഹിച്ചു, ഏറെ സന്തോഷിച്ചു, കാരണം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം എന്നും പുസ്തകമാണെന്നതിനാല്‍ …

എന്നാല്‍ ….......

കവര്‍ തുറന്ന ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.. കൂക്കിവിളിച്ചു.. എന്റെ സകല നിയന്ത്രണവും പോയി... എന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മനോഹരസമ്മാനം... എന്റെ കവിതകളുടെ സമാഹാരം.....!!!






കവര്‍ ഡിസൈന്‍ ആത്മന്‍ , പേജ് സെറ്റിംഗ് ദേവന്‍ , പ്രിന്റിംഗ് അനുവും ശ്രീകുമാറും.... ഞങ്ങള്‍ ഒരുമിച്ചുപോയ യാത്രയുടെ ഓര്‍കള്‍ ഉണര്‍ത്തി 'ഇലവീഴാപൂഞ്ചിറ' യാണ് കവറില്‍ .. (ഒഫീഷ്യല്‍ ടൂറല്ലാതെ ഞാന്‍ പോയ ആദ്യ യാത്ര.)

ഇനി ഞാനെന്തുപറയാന്‍ ! സൌഹൃദം അര്‍ത്ഥപൂര്‍ണമാകുന്നത് അനുഭവിച്ചറിയുമ്പോള്‍ വാക്കുകള്‍ അപ്രസക്തമാകുന്നു..

ഇനിയൊരു പിറന്നാളും ആഘോഷിച്ച് ഇതിന്റെ ഭംഗി കെടുത്താന്‍ വയ്യ..

നിറഞ്ഞ മനസോടെ.......
നന്ദി

Tuesday 1 February, 2011

ഉപ'ഗൃ'ഹം

മാനത്തതാ കുഞ്ഞേ
അമ്പിളിമാമന്‍...


ഭൂമിയെ ചുറ്റുകയാണു ധര്‍മം..

വേലിയേറ്റങ്ങളുടെയും
ഇറക്കങ്ങളുടെയും
ഭാരം
ഏറ്റെടുക്കണം...

ഇനിയുമടുക്കാനോ
പിണങ്ങിയകലാനോ
കഴിയാതെ
എന്നും ചുറ്റിക്കൊണ്ടേയിരിക്കണം...

ഏതു കറുത്തവാവു കഴിഞ്ഞാലും
മെല്ലെ മെല്ലെ പുഞ്ചിരിച്ച്
പൂര്‍ണചന്ദ്രനാവണം...

മറ്റൊരാളുടെ
സൌജന്യത്തില്‍ വേണം
ഒന്നു പ്രകാശിക്കാന്‍ പോലും...


എങ്കിലും കുഞ്ഞേ,
അമ്പിളിയമ്മാമന്‍
എത്ര ഭാഗ്യവാന്‍ !
ഒരൊറ്റ ഭൂമിയെ മാത്രം
ചുറ്റിക്കൊണ്ടിരുന്നാല്‍ മതിയല്ലോ...

Thursday 27 January, 2011

ആയുധം

നിരായുധരെ ആക്രമിക്കരുത്..
അത്
യുദ്ധനീതിയല്ല..

ആയുധമെടുക്കാന്‍ അറിയാഞ്ഞല്ല
വെറും കയ്യോടെ നില്‍ക്കുന്നത്

ചരിത്രപുസ്തകങ്ങള്‍
നോക്കിയാലറിയാം
പടപൊരുതി നേടിയ
സ്വാതന്ത്ര്യത്തിന്റെ
വീതംവയ്പ്പ്

എതിര്‍ക്കാനറിയാഞ്ഞിട്ടല്ല
വാ പൊത്തി നില്‍ക്കുന്നത്
ഭയന്നിട്ടുമല്ല

കിട്ടാനുള്ളത്
വാങ്ങിയെടുക്കാനുള്ള
കച്ചവടതന്ത്രം..

Saturday 15 January, 2011

വഴിക്കണക്ക്...

വിജയലക്ഷ്മിട്ടീച്ചറുടെ കണക്കു ക്ലാസ്
നല്ല രസമായിരുന്നു..
വഴിക്കണക്കുകള്‍
വഴിപോലെ ചെയ്ത്
ഒരു പേന സമ്മാനവും
വാങ്ങിയിരുന്നു...

ചിലപ്പോഴെങ്കിലും
ഉത്തരത്തില്‍നിന്ന്
ചോദ്യത്തിലേക്ക്
കുറുക്കുവഴി
മെനഞ്ഞിരുന്നു...


വഴിക്കണക്കിലെ
വഴികളിലെ
പഴുതുകള്‍
ആരും കാണാതെ
ഒളിപ്പിച്ചു വച്ചിരുന്നു...

ഉത്തരത്തിലേക്കെത്തുമെന്ന്
ഉറപ്പില്ലാത്ത ചോദ്യങ്ങള്‍
പാതിവഴിയില്‍
ഉപേക്ഷിച്ചിരുന്നു...

കണക്കു തെറ്റിക്കാത്ത
ചില വഴികളേ കാണൂ
ഒടുക്കം....
നിന്നെപ്പോലെ.......

കൂട്ടുകാര്‍