മൈലാഞ്ചി

ജാലകം

Tuesday, 1 April, 2014

കൊച്ചുറാണി...

കൊച്ചുറാണിയെ കല്യാണം ആലോചിച്ച് ചെന്നപ്പോ കേട്ടത് എപ്പഴും ചിരിക്കണ കൊച്ചെന്നാ. കണ്ടപ്പോ ഞങ്ങക്കും തോന്നി. നല്ല ചിരി. നല്ല പെരുമാറ്റം. അമ്മച്ചിക്കും പിടിച്ചു, അപ്പച്ചനു പിന്നെ അവരടെ തറവാടും മഹിമേം ഒക്കെ കണ്ട് ആദ്യമേ ബോധിച്ചതാ. സേവ്യറുംകൂടി കണ്ട് ബോധിച്ചപ്പോ രണ്ട് മാസത്തിനുള്ളില്‍ കെട്ടങ്ങ് നടത്തി.

കെട്ടും കഴിഞ്ഞ് അയല്‍പക്കത്തൊള്ള ചെല കുശുമ്പും കുന്നായ്മേം പാര്‍ട്ടീസൊണ്ട്, അവരടെ മാര്‍ക്കിടലും കഴിഞ്ഞ് വശക്കേടായി ഇരിക്കുമ്പഴാ ഞാനാദ്യായി അവളോട് സംസാരിച്ചേ.. പാവമാന്നേ.. നല്ലോര് കൊച്ച്.
ആദ്യമൊന്നും ഒര് കൊഴപ്പോമില്ലാര്‍ന്നു. പിന്നെപ്പഴാ..... വിരുന്നുപോക്കും മറ്റുമായി രണ്ടുമൂന്നാഴ്ച അങ്ങനെ പോയി. അച്ചാച്ചന്റെ വീട്ടീപ്പോയി അവര് മടങ്ങിവരണ ദിവസാ അപ്പച്ചന്‍ അമ്മച്ചീടടുത്ത് ഏതാണ്ടുംപറഞ്ഞ് വഴക്കിട്ടത്. അതിപ്പോ പതിവായോണ്ട് ഞങ്ങക്കാര്‍ക്കും ഒന്നും തോന്നീല്ല. കൊച്ചുറാണി പക്ഷേ വന്നവരവില്‍ ഒന്നു പേടിച്ചു. അപ്പച്ചന്‍ കലിതുള്ളി നിക്കുന്നു, അമ്മച്ചി കരയാറായി നിക്കുന്നു, ദേഷ്യത്തിന് അപ്പച്ചന്‍ ഏതാണ്ടെടുത്ത് നെലത്തും എറിഞ്ഞാര്‍ന്നു. ഞാനവളെ അകത്തേക്ക് വിളിച്ചോണ്ടുപോയി. ഇതൊക്കെ അങ്ങനെ നടക്കും, ഇവടെ ആണുങ്ങക്കൊക്കെ മൂക്കത്താ ദേഷ്യം, അപ്പോ കണ്ണിക്കണ്ടതൊക്കെ ചെലപ്പോ വലിച്ചെറിഞ്ഞൂന്നും വരും.ഇത്തിരി കഴിഞ്ഞാ ഒക്കെ മാറും ന്നും പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞപ്പഴക്കും ഞാന്‍ പറഞ്ഞേന്റെ പൊരുള് അവക്ക് പിടികിട്ടി. ഇത്തിരിയില്ലാത്ത കാര്യത്തിന് ആ ദിവസങ്ങളില് പൊട്ടിയത് രണ്ട് ചില്ലുഗ്ലാസ്, ചളുങ്ങിയത് മൂന്നു പ്ലേറ്റ്..

പിന്നത്തെയാഴ്ച എന്റെ കെട്യോന്‍ സെബിച്ചന്‍, പിള്ളാരടെ ടീവി കാണണ ലഹള സഹിക്കാണ്ട് റിമോട്ട് എടുത്തൊരേറ്. അത്രേം വേണ്ടീരുന്നില്ലാന്ന് പറഞ്ഞേന് എന്റെ നേരെ ചാട്ടം. എടേല് പെട്ടപ്പോ അമ്മച്ചിയോടും ചാട്ടം. അപ്പച്ചന്‍ എല്ലാരേം വഴക്കും പറഞ്ഞ് ഇരിപ്പ്.. . ഈ ലഹളേടെ എടേല് കൊച്ചുറാണി വന്നട്ട് മേശപ്പൊറത്തിരുന്ന ഫ്ലവര്‍വാസെടുത്ത് നിലത്തേക്ക് ഒറ്റയേറ്.. സെബിച്ചന്റെ കാലിനടുത്താ അതുവന്നു വീണേ..എല്ലാരും തരിച്ച് നിക്കുമ്പോ അവള്ണ്ട് പറയണു, എന്തേലും എടുത്തെറിഞ്ഞ് നശിപ്പിക്കാന്‍ പെണ്ണുങ്ങക്കും പറ്റുമെന്ന് കാണിച്ചതാ ന്ന്.!!

ആദ്യത്തെ സംഭവായോണ്ട് എങ്ങനാ പ്രതികരിക്കണ്ടേന്ന് അറിയാണ്ടെ എല്ലാരും മിഴിച്ചുനിന്നു. കൊച്ചുറാണി കൂളായി അടുക്കളേല് പോയി പണികള്‍ തൊടങ്ങേം ചെയ്തു. അങ്ങനൊരു സംഭവമേ ഉണ്ടായില്ലെന്ന മട്ടില് അവള് പിന്നെ പെരുമാറീതാ എല്ലാര്‍ക്കും അത്ഭുതായേ. സെബിച്ചന്‍ പറഞ്ഞത് അവള്‍ക്ക് ഇത്തിരി മാനസികമൊണ്ടെന്നാ... അപ്പച്ചന്‍ അവളിത്തിരി നെഗളിപ്പുകാരിയാണെന്നും പറഞ്ഞു.. അമ്മച്ചി പക്ഷേ എന്താണാവോ ഒന്നും പറഞ്ഞില്ല..

അതോണ്ട് ഒരു ഗുണോണ്ടായി. പിന്നെ നമ്മടെ വീട്ടിലെ പാത്രങ്ങളൊന്നും അത്ര പൊട്ടീട്ടില്ല..

പിന്നെ കൊറേ നാള് കഴിഞ്ഞപ്പഴാ കൊച്ചുറാണിക്ക് ശരിക്കും വട്ടാണെന്ന് തോന്നിക്കണ സംഭവങ്ങള് ണ്ടായത്. സേവ്യറിന് ലേശം മദ്യപാനത്തിന്റെ അസുഖോണ്ടാര്‍ന്നേ.. കൂട്ടുകാര് സല്‍ക്കരിക്കാനൊണ്ടേ അവനെ പിടിച്ചാ കിട്ടത്തില്ല... കൊറേ നാള് സഹിച്ച് മടുത്തട്ടാവണം കൊച്ചുറാണി ഭീഷണി മൊഴക്കി, ഇനീം കുടിച്ച് വെളിവില്ലാതെ വന്നാ അവളെന്തെങ്കിലും ചെയ്യുമെന്ന്.. അവനത് കാര്യാക്കീല്ല.. എനിക്ക് പക്ഷേ സംശയണ്ടാരുന്നു, അവളല്ലേ മൊതല്.. എന്തേലും ചെയ്തേക്കും ന്ന്.. പെരുന്നാളിന്റെ പിറ്റേന്ന് സേവ്യറും സെബിച്ചനും അപ്പച്ചനും ഒക്കെക്കൂടി അടിച്ചുപൂസായത് പോരാഞ്ഞ് സേവ്യറ് ഷാപ്പിലും പോയി , പിന്നെ ഇത്തിരി ലഹളേം കൂട്ടീന്നാ കേട്ടേ....

പിറ്റേന്ന് സേവ്യറ് ഷാപ്പീപ്പോയപ്പോ അവളുണ്ട് പിന്നാലെ.. എന്നട്ടോ, സേവ്യറ് ഓര്‍ഡറ് ചെയ്തത് എനിക്കുംകൂടി ന്ന്...!!! പോരേ പൂരം!!! അവനവടെക്കെടന്ന് പറയാവുന്ന രീതീലൊക്കെ പറഞ്ഞു, ആര് കേള്‍ക്കാന്‍? അവള് കള്ള് കുടിക്കുംന്ന് ഒറപ്പായപ്പോ അവന്റെ നെലതെറ്റി..പൊട്ടിച്ചു കവിളത്തൊന്ന്, നല്ല സിനിമാസ്റ്റൈലില്... പെണ്ണാണെങ്കി അവള് തോല്ക്കൂലല്ലോ..അത്രേം പേരടെ മുന്നില് വച്ച് അവളെന്നാ പറഞ്ഞേന്നറിയാവോ? തല്ലാന്‍ എനിക്കും അറിയാന്‍ പാടില്ലാഞ്ഞല്ല, അതത്ര കേമത്തമാണെന്ന് തോന്നാത്തോണ്ടാ ന്ന്.... കള്ളുകുടിച്ച് വഴക്കുണ്ടാക്കണോരെ തല്ലണേല്‍ ആദ്യം നിങ്ങക്കെത്ര തല്ലുകൊള്ളണമെന്നു പറ.. എന്നിട്ടാവാം എന്നെ തൊടുന്നത് ന്ന്...

സേവ്യറിന് ആകെ പ്രാന്തു പിടിച്ചപോലെയായി.. ഇപ്പപ്പൊക്കോണം സ്വന്തം വീട്ടീക്ക് ന്ന് അവന്‍ ... അവള് ഒന്നും പറ്റാത്തപോലെ വന്നു.. സേവ്യറ് വന്ന് കൊറേ ഏതാണ്ടൊക്കെ പറഞ്ഞു.. ചിരിച്ചോണ്ട് നിക്കണതല്ലാതെ അവളൊന്നും പറഞ്ഞുമില്ല...

ആണുങ്ങളെല്ലാംകൂടി അവള്‍ക്ക് വട്ടാണെന്നും വീട്ടിക്കൊണ്ടോയാക്കണം ന്നും പറഞ്ഞ് ലഹളയായപ്പോ ആദ്യായിട്ട് അമ്മച്ചി കനത്തില് ഒര് ഡയലോഗടിച്ചു... "ആണുങ്ങടെ പണീന്നും പറഞ്ഞ് നിങ്ങള് കാട്ടിക്കൂട്ടണതൊക്കെ ഞങ്ങക്കും പറ്റുംന്ന് മനസിലായില്ലേ, ഉശിരുണ്ടേല്‍ ‍ഞങ്ങള് ചെയ്യണ എന്തെങ്കിലും ചെയ്ത് കാണിക്ക്.. അല്ലേ ഇനി ശരിക്കുള്ള ആണാണെങ്കി ആണുങ്ങളായി നടക്ക്.. അല്ലാതെ ചുമ്മാ വഴക്കൊണ്ടാക്കാന്‍ വന്നാലൊണ്ടല്ലോ പൊന്നുമോനേ, നീ അമ്മച്ചിയെ അമ്മച്ചിയായേ കണ്ടിട്ടൊള്ളൂ... പെണ്ണായിട്ടെറങ്ങിയാലേ താങ്ങൂല... മോന്‍ കേറിപ്പോ... നീ വാടീ കൊച്ചുറാണീ.....”


അന്തം വിട്ട് നിക്കണ സെബിച്ചന്റേം സേവ്യറിന്റേം അപ്പച്ചന്റേം മുന്നീക്കൂടെ ‍ഞങ്ങള് "പെണ്ണുങ്ങള്”ചിരിച്ചോണ്ട് നടന്നുംപോയി...

കൂട്ടുകാര്‍