മൈലാഞ്ചി

ജാലകം

Saturday 14 June, 2014

ബാംഗ്ലൂര്‍ ഡേയ്സ്....

കഴിഞ്ഞാഴ്ച അച്ചൂന്റെ പനിമൂലം മാറ്റിവച്ച് കാണാതെ പോവുമോ ന്ന് പേടിച്ച ബാംഗ്ലൂര്‍ ഡേയ്സ് ഇന്നലെ കണ്ടുചുരുക്കിപ്പറഞ്ഞാല്‍ ഇഷ്ടായിനല്ലോണം ഇഷ്ടായി...

മനസില്‍ അല്പമെങ്കിലും യുവത്വം കുട്ടിത്തം ഒക്കെ ഉള്ളവര്‍ക്ക് നല്ലോണം ഇഷ്ടാവുംഅല്ലാത്തോര്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും എന്നേ പറയാനാവൂഅറിഞ്ഞൂട.. എന്നുകരുതി ഇതൊരു ന്യൂജനറേഷന്‍ തട്ടിക്കൂട്ട് പടമൊന്നുമല്ല.. എങ്കിലും ഇന്നത്തെ തലമുറയുടെ കാഴ്ചപ്പാടുകള്‍ കുറെയൊക്കെ ഈ ചിത്രത്തെ നയിക്കുന്നുണ്ട്താനും... അതെന്തെങ്കിലുമാവട്ടെ... ഞങ്ങള്‍ക്ക് നാലുപേര്‍ക്കും സിനിമ നല്ലോണം ഇഷ്ടായി ....

അഭിനേതാക്കളില്‍ നിവിന്‍പോളിയും പാര്‍വതിയും തന്നെ ഏറ്റവും മുന്നില്‍ ... ഫഹദ് ഫാസില്‍ ദുല്‍ക്കര്‍സല്‍മാന്‍നസ്രിയ എന്നിവരും കല്പന അടക്കമുള്ള മുതിര്‍ന്നവരുടെ നിരയും എല്ലാരും നന്നായിട്ടുണ്ട്.

ചില രംഗങ്ങളില്‍ നല്ലോണം ചിരിച്ചുഒട്ടും വളിപ്പല്ലാത്ത തമാശകളും ചാണകക്കുഴിയല്ലാത്ത രംഗങ്ങളും കാണുമ്പോ എന്തൊരു സുഖം!!!

ചില രംഗങ്ങളില്‍ സംവിധായിക കം തിരക്കഥാകൃത്തിന് ഫുള്‍മാര്‍ക്ക് കൊടുക്കണംക്ലീഷേകളില്‍നിന്നുള്ള ഒഴിഞ്ഞുമാറലിന് പ്രത്യേകിച്ചും... ഇഷ തല്‍വാറിനോടുള്ള നിവിന്‍പോളിയുടെ ലാസ്റ്റ് ഡയലോഗിന്റെ ബാക്ഗ്രൌണ്ട് മ്യൂസിക് വിജയരാഘവന്റെ കത്ത് രണ്ടുമൂഡില്‍ വായിക്കുന്നത് തുടങ്ങി പുതുമകള്‍ ഏറെയുണ്ട്...

നിവിന്‍പോളിയുടെ കഥാപാത്രം ഒരു ശരാശരി മലയാളിയാണ്അച്ഛന്റെ സുഖാന്വേഷണയാത്രകളെ വിശാലമനസ്സോടെ അംഗീകരിക്കാന്‍ കഴിയുന്നയാള്‍ പക്ഷേ അമ്മയുടെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്നു... അമ്മ ഒരു നൊസ്റ്റാള്‍ജിക് പ്രൊഡക്റ്റ് ആണല്ലോഅവിടെ വ്യക്തിത്വത്തിനേക്കാള്‍ പ്രാധാന്യം മറ്റുപലതിനുമാണല്ലോ.. എന്തായാലും അവസാനം അല്പം സഹാനുഭൂതിയോടെ ഉള്‍ക്കൊള്ളാന്‍ അയാള്‍ ശ്രമിക്കുന്നു എന്നിടത്ത് പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പ്...

നസ്രിയയുടെ കഥാപാത്രം ഭര്‍ത്താവിന്റെ ഭൂതകാലം മനസിലാക്കി തിരിച്ചുവന്ന് പെരുമാറുന്ന രീതി പ്രത്യേകം ഇഷ്ടപ്പെട്ടുഅവള്‍ സ്വയം നിര്‍ണയിക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ടു വഴിക്കോടിയിരുന്ന അവരുടെ വണ്ടികള്‍ ഒരേ ദിശയിലേക്കെത്തി.. (ജോഗിംഗുമായി ബന്ധപ്പെടുത്തി ഇത് വളരെ രസകരമായി ആവിഷ്കരിച്ചിട്ടുണ്ട്..)

പാര്‍വതിയുടെ കഥാപാത്രം നല്‍കുന്ന പോസിറ്റീവ് എനര്‍ജി വലുതുതന്നെ..

പറഞ്ഞുതുടങ്ങിയാല്‍ കുറെയുണ്ടാവും...

ആദ്യം പറഞ്ഞപോലെ തീരെ മരവിച്ചിട്ടില്ലാത്തോര്‍ക്കൊക്കെ ഇഷ്ടമാവാന്‍ ചാന്‍സുണ്ട് .. കണ്ടുനോക്കൂ...



ഈയടുത്ത് വായിച്ച ഒരു റിവ്യൂവില്‍ ഇതിലെ വലിയ ചില സദാചാരപ്രശ്നങ്ങളെപ്പറ്റി പറഞ്ഞിരുന്നുഅതുകൊണ്ടുതന്നെ സിനിമ ശരിയല്ലെന്നും.. സിനിമ കാണാതെ അഭിപ്രായം പറയാന്‍ പാടില്ലല്ലോ..അതോണ്ട് ഇപ്പോ പറയാം എന്നു തോന്നുന്നു ....

നസ്രിയ അവതരിപ്പിക്കുന്ന ദിവ്യയുടെ കല്യാണത്തലേന്ന് ഏറ്റവും അടുത്ത സുഹൃത്തുക്കളായ കസിന്‍സിനൊപ്പം ചീട്ടുകളിക്കുന്നതും അവിടെത്തന്നെ കിടന്നുറങ്ങുന്നതും ഭര്‍ത്താവ് ബിസിനസ് ടൂര്‍ പോയപ്പോള്‍ ഇതേ കൂട്ടുകാര്‍-കസിന്‍സിനൊപ്പം ബാംഗ്ലൂര്‍ കറങ്ങാന്‍ പോകുന്നതും കണ്ട് നമ്മുടെ നാട്ടിലെ കുട്ടികള്‍ വഴിതെറ്റിപ്പോയേ എന്നു വിലപിക്കുന്നതായിരുന്നു ആ റിവ്യൂസാമാന്യം നീളമുള്ള സിനിമയിലെ നല്ല വശങ്ങളെല്ലാം കളഞ്ഞ് ഇതുമാത്രം വലിയ പ്രശ്നമായി കാണുകയും സദാചാരം നഷ്ടപ്പെട്ട യുവതലമുറയെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുകയും ചെയ്യുന്ന അദ്ദേഹം തലച്ചോറുകൊണ്ടല്ല മറ്റേതോ അവയവംകൊണ്ടാണ് ചിന്തിക്കുന്നത് എന്ന് തോന്നിപ്പോയി.. അടുത്ത കൂട്ടുകാര്‍ മാത്രമല്ല കസിന്‍സുകൂടിയായ രണ്ടുപേരെ അത്രയധികം വിശ്വസിക്കുന്നതുകൊണ്ടാണല്ലോ ദിവ്യ അത്ര അടുത്ത് പെരുമാറുന്നത്ഭര്‍ത്താവിന് ഇവരെ പരിചയപ്പെടുത്തുമ്പോഴും കെട്ടിപ്പിടിച്ച് പരിചയപ്പെടുത്തുന്നത് ആ അടുപ്പവും വിശ്വാസവും തന്നെയല്ലേ കാണിക്കുന്നത്വെടിമരുന്നും തീപ്പെട്ടിയും എന്ന സ്ഥിരം പ്രയോഗത്തെ ഓര്‍മിപ്പിച്ച് ഒരു പ്രശ്നവുമില്ലാതെ ഇവര്‍ എങ്ങനെ കിടന്നുറങ്ങുന്നു എന്ന് അത്ഭുതപ്പെടുന്ന ആ റിവ്യൂവില്‍ ഇന്നത്തെ തലമുറയുടെ സംസ്കാരമില്ലായ്മയെക്കുറിച്ച് ഏറെ ആശങ്കപ്പെടുന്നുണ്ട്എന്റെ സംശയംഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളും ഒരു കട്ടിലില്‍ ഒരു രാത്രി "ഉറങ്ങി” എന്നതാണോ സംസ്കാരശൂന്യതഅതോ അവിടെ "എന്തെങ്കിലുംസംഭവിക്കേണ്ടതായിരുന്നു എന്നൊക്കെ തോന്നുന്നതോ?

വിശ്വാസം എന്നത് സ്നേഹത്തിനേക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെ നില്‍ക്കുന്ന ഒന്നാണ്അത്തരത്തില്‍ വിശ്വസിക്കാവുന്ന കൂട്ടുകാര്‍ എല്ലാവര്‍ക്കും ഉണ്ടാവാനുള്ള അവസരം സൃഷ്ടിക്കുകയാണ് വേണ്ടത് എന്ന് തോന്നുന്നുവേലികെട്ടിത്തിരിച്ച് തങ്ങളെന്തോ തൊട്ടാല്‍പ്പൊട്ടും ഇംഗ്ലീഷ് മുട്ടയാണ് എന്ന തോന്നല്‍ ഇല്ലാതെ വളരാന്‍ ഏതുകുട്ടിക്കും കഴിയണം... ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും..

സാഹോദര്യം എന്ന ലേബല്‍ ഇടാതെതന്നെ പരസ്പരം കളങ്കമില്ലാതെ സ്നേഹിക്കാന്‍ കഴിയുമെന്നല്ലേ നമ്മള്‍ കുട്ടികളോട് പറഞ്ഞുകൊടുക്കേണ്ടത്അതോ പെങ്ങളായാല്‍പ്പോലും ഒരകലം വിട്ടുപെരുമാറണമെന്നോ?

Saturday 31 May, 2014

ഹൌ ഓള്‍ഡ് ആര്‍ യു കണ്ടപ്പോ തോന്നീത്

കഴിഞ്ഞാഴ്ചയാണ് ഹൌ ഓള്‍ഡ് ആര്‍ യു കാണാന്‍ പോയത്.. മൂന്ന് റിവ്യൂ വായിച്ച് മൂന്നിലും നല്ല അഭിപ്രായം കണ്ടപ്പോള്‍ എന്തായാലും കണ്ടേ തീരൂ എന്നായി. കണ്ടു. ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചാല്‍, ഇല്ലെന്ന് പറഞ്ഞൂട. എന്നാല്‍ എന്തോ എവിടെയോ ഒരു പിടിക്കായ്കയും ഉണ്ട്.. അതുകൊണ്ട് വലിയ റിവ്യൂ ഒന്നും ഇല്ല ഇത്തവണ. ആദ്യം സിനിമയെപ്പറ്റി തോന്നിയ ചിലത്.. പിന്നെ സിനിമ കണ്ടശേഷം തോന്നിയ ചിലത് ...

ഇന്‍ ടോട്ടല്‍ പത്തില്‍ ആറുമാര്‍ക്ക് കൊടുക്കും.
നല്ലത് -
  1. അഭിനേതാക്കള്‍ (മഞ്ജുവാര്യരെ മാറ്റിനിര്‍ത്തി) കുഞ്ചാക്കോബോബന്‍ ഉള്‍പ്പെടെ ... ബസ്സിലെ യാത്രക്കാരിയായ സ്ത്രീ ഗംഭീരമാക്കി ചെറിയ റോളാണെങ്കിലും..
  2. മൊത്തത്തിലുള്ള ആറ്റിറ്റ്യൂഡ് .- how old are you, എന്നതിന് it doesn't matter എന്നു പറയാന്‍ ആണിനും പെണ്ണിനും ചിലനേരത്ത് കഴിയണം..പിന്നെ, സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് expiry date നിശ്ചയിക്കേണ്ടത് ആരാണെന്ന ചോദ്യം, നിങ്ങളുടെ സ്വപ്നമാണ് നിങ്ങളുടെ സിഗ്നേച്ചര്‍ എന്ന വാചകം തുടങ്ങിയ ചിലതൊക്കെ കൊള്ളാം ഒരു ഇന്‍സ്പൈറിംഗ് തലത്തില്‍ ...!!
  3. കാമറ, മെയ്കപ്പ് തുടങ്ങിയവയെക്കുറിച്ചൊന്നും പറയാന്‍ ആളല്ലാത്തോണ്ട് അതൊക്കെ നന്നായി എന്നുമാത്രം പറയുന്നു :)

മോശം -
  1. ആരൊക്കെ തല്ലുണ്ടാക്കിയാലും വേണ്ടില്ല, എനിക്ക് മഞ്ജുവാര്യരെ ഇഷ്ടായില്യ. കാണാനും അഭിനയോം. കട്ടപ്പല്ല് കളഞ്ഞ് പല്ലുകെട്ടിച്ചപ്പോ വായേടവടെ അടികിട്ടിയപോലെണ്ട്, വപ്പി എന്നാ ഞങ്ങള് ഇതിനെ പറയാ...! നല്ലോണം ചിരിക്കുമ്പഴൊക്കെ കൊഴപ്പല്യ, വായടച്ചാ തീര്‍ന്നു, ക്ലോസപ്പ് സഹിക്കാനും വയ്യ...
  2. മഞ്ജുവാര്യരടെ അഭിനയം.. പഴേ മഞ്ജുന്റെ നിഴല്‍ മാത്രമാണ് ഇതില്‍ .. ഡയലോഗ് പറയണതൊക്കെ എങ്ങനെ ഇത്രേം ലാഗ് ആവുന്നു, അതും അന്നൊക്കെ കിടുകിടുക്കന്‍ ഡയലോഗടിച്ച് കത്തിനിന്നിരുന്ന ആളുടെ? (ആറാംതമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‍ലഹം, കണ്ണെഴുതി പൊട്ടുംതൊട്ട്... പറയാന്‍ തുടങ്ങിയാല്‍ തീരില്ല.. ആറാംതമ്പുരാനിലെ മോഹന്‍ലാലുമായുള്ള ആദ്യസീന്‍ മാത്രം പോരേ? അത്രേം സുന്ദരമായി പടപടാന്ന് ഡയലോഗ് പറഞ്ഞേര്‍ന്ന ആള്‍ക്ക് അല്പകാലം മാറിനിക്കുമ്പോ ഇങ്ങനെ പറ്റാണ്ടാവോ? ഉവ്വേരിക്കും)
  3. അതൊക്കെ പോട്ടെ.. പക്ഷേ സ്ത്രീകളെ ഇന്‍സ്പൈര്‍ ചെയ്യാനായി ഇറങ്ങിയെന്നൊക്കെ പറയുന്ന, സ്ത്രീപക്ഷസിനിമ എന്ന ലേബലുള്ള സിനിമ ഒട്ടും റിയലിസ്റ്റിക് അല്ലാതെ പോയി എന്നതും, അതുമൂലം പ്രചോദനം ഉദ്ദേശിച്ച വിധത്തില്‍ കിട്ടില്ല എന്നതുമാണ് മെയിന്‍ പരാതി. പത്തുവീട്ടിലെ ടെറസ്സിലെ കൃഷികൊണ്ട് കല്യാണത്തിന് പച്ചക്കറി കൊടുക്കുന്നത് ഓക്കെ, പക്ഷേ അതിന്റെ പേരില്‍ സെമിനാറില്‍ സംസാരിക്കല്‍ (അതും ധാരാളം നമ്മള്‍ വായിച്ചറിഞ്ഞിട്ടുള്ള വിഷയങ്ങള്‍), മന്ത്രി അത് കേട്ട് ടെറസ്സിലെ കൃഷി നിര്‍ബന്ധമാക്കാന്‍ നിയമം കൊണ്ടുവരാന്‍ ശ്രമിക്കല്‍, അത് ഭരണപ്രതിപക്ഷഭേദമെന്യേ എല്ലാവരും അംഗീകരിക്കല്‍, അതിന്റെ തലപ്പത്ത് ഈ വീട്ടമ്മയെ നിയോഗിക്കല്‍, അതിനെ ദേശീയതലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ രാഷ്ട്രപതി ക്ഷണിക്കല്‍ എന്നിങ്ങനെ ഒറ്റയടിക്ക് വിഴുങ്ങാന്‍ പ്രയാസമുള്ള കുറേ കാര്യങ്ങളാണ് അവസാനത്തെ കുറച്ചുസമയംകൊണ്ട് സിനിമ കാണിച്ചുതന്ന് പ്രചോദിപ്പിക്കുന്നത്!!! എന്റടുത്തിരുന്ന പാപ്പു "നടന്നപോലെത്തന്നെ” എന്ന് പറയുന്നുണ്ടായിരുന്നു.. സിനിമ കണ്ട പലരും അത് പറഞ്ഞുകാണണം.. (പിന്നെ ചില സിനിമ കാണുമ്പോ സിനിമയിലെങ്കിലും നടക്കട്ടെ എന്ന് ആശ്വസിക്കാറുണ്ട് ചില അവിശ്വസനീയ സംഭവങ്ങള്‍ .. ഇത് പക്ഷേ സ്ത്രീകളുടെ കഴിവുകളെ തിരിച്ചറിയാനും അവരെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും വേണ്ടി ഉണ്ടാക്കിയ സിനിമയല്ലേ, അപ്പോ ഇങ്ങനെ പാടുമോ?)
  4. യുക്തിക്ക് നിരക്കാത്ത കുറേ കാര്യങ്ങള്‍ . രാജീവിന് റേഡിയോ സ്റ്റേഷനില്‍ അവതാരകന്റെയോ ന്യൂസ് റീഡറുടെയോ പണി എന്ന് മനസിലാവാത്തത്(രണ്ടും കാണിക്കുന്നുണ്ടേ, അതോണ്ടാ..) രാഷ്ട്രപതിയെ കാണാന്‍ ആദ്യം പോകുന്ന നിരുപമയ്ക്ക് അവിടെ നടക്കാന്‍ പോകുന്ന കാര്യങ്ങളെപ്പറ്റി ഒരു ഐഡിയയും ആരും കൊടുക്കാതിരിക്കുന്നത് , വളരെ ആദര്‍ശശാലിയും തന്റേടിയും ഒക്കെ ആയിരുന്ന നിരുപമ ഗവണ്‍മെന്റ് ജോലിയില്‍ തളച്ചിടപ്പെടുന്നതോടെ തനി കുശുമ്പുകുന്നായ്മക്കാരി ആവുന്നത്, പേപ്പറുപോലും വായിക്കാത്ത വെറും സീരിയല്‍പ്രേമി ആവുന്നത് എന്നിങ്ങനെ എന്തൊക്കെയോ ......
രാജീവിന് നിരുപമ യോജിച്ചവളല്ല എന്ന് തോന്നാന്‍മാത്രം അയാളത്ര കേമനല്ല, അതുകൊണ്ട് അത് അവിശ്വസനീയമാണെന്ന് ഒരാള്‍ എഴുതിക്കണ്ടു, പ്രിയസുഹൃത്തേ, നിങ്ങള്‍ക്കല്ലേ രാജീവ് കേമനല്ലാത്തതും നിരുപമ നല്ലവളാകുന്നതും, എത്ര രാജീവുമാരെ കാണണം നാട്ടില്‍, സ്വയം കേമനാണെന്നും തന്റെയൊഴികെ മറ്റെല്ലാവരുടെയും ഭാര്യമാരും കഴിവുള്ളവരാണെന്നും കരുതുന്നവരായിട്ട്?

രാഷ്ട്രപതിയെ കാണാന്‍ പോകുമ്പോ രാജീവിന്റെ സപ്പോര്‍ട്ട് ഇല്ലാതിരുന്നതും വിശ്വസിക്കാനാവുന്നില്ലെന്ന് വേറൊരാള്‍ .. മോളുടെ ഏതോ ചോദ്യത്തിന്റെ പേരില്‍ മാത്രം കിട്ടിയ അംഗീകാരത്തില്‍ അസൂയപ്പെടാനല്ലാതെ കെട്യോളെപ്പറ്റി അഭിമാനിക്കാവുന്ന നിലയില്‍ അല്ലല്ലോ അയാളപ്പോള്‍? സ്വയം തെളിയിച്ച് ഉന്നതങ്ങളിലെത്തിയപ്പോള്‍ അവസാനസീനുകളില്‍ ഭാര്യയെപ്പറ്റി അഭിമാനിക്കു‌കയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന നല്ലവനായ ഭര്‍ത്താവായി അയാള്‍ മാറുന്നുമുണ്ടല്ലോ ... (വളര്‍ച്ചയുടെ രണ്ടുകൊല്ലത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ഏത് എന്ന ചോദ്യത്തിന് "ഇപ്പോള്‍” (ഭര്‍ത്താവ് മേശക്കടിയിലൂടെ കൈപിടിച്ച് ഞാന്‍ നിന്റെ കൂടെയുണ്ടെന്നോ സ്നേഹിക്കുന്നെന്നോ ഒക്കെ പ്രകടിപ്പിക്കുന്ന നിമിഷം) എന്നു മറുപടി പറയുന്നതിലൂടെ നിരുപമയും ഉത്തമകുടുംബിനി ആവുന്നുമുണ്ട്..)ഒരുകാര്യം ശരിയാണെന്ന് തോന്നുന്നു, അവനവനെക്കുറിച്ച് അഭിമാനിക്കുന്ന, സ്വയം എന്തെങ്കിലുമൊക്കെ ആണെന്ന് തെളിയിക്കുന്ന സ്ത്രീകളെ ആദ്യം അംഗീകരിക്കാന്‍ വിഷമിക്കുമെങ്കിലും പിന്നീട് കൂടെനില്‍ക്കും ഭര്‍ത്താക്കന്മാര്‍ ... (കുടുംബം വിട്ടുപോവില്ലെന്നും അതിലെ താളത്തിന് കുഴപ്പമുണ്ടാക്കില്ലെന്നും ഉള്ള ഉറപ്പുണ്ടെങ്കില്‍ എന്ന ക്ലോസ് വക്കണം പല കേസുകളിലും എന്നുമാത്രം .. ..) അല്ലാതെ സര്‍വംസഹയും സ്ഥിരംകണ്ണീര്‍പ്രവാഹിനിയുമായ നിത്യത്യാഗി വീട്ടമ്മയെ ആദരിക്കുന്നത് സീരിയലില്‍മാത്രേ കാണൂ .. ജീവിതത്തില്‍ അവര്‍ക്ക് സ്ഥാനം അടുക്കളയിലെ പാത്രങ്ങള്‍ക്കൊപ്പമോ അതില്‍ താഴെയോ മാത്രമാകും..

മനസിലാവാത്ത ഒരുകാര്യംകൂടി.. നിരുപമയ്ക്ക് കോളേജിലെ ഓട്ടോഗ്രാഫില്‍ കൂട്ടുകാര്‍ എഴുതുന്ന വാചകം ഏതോ കൊമ്പത്തൊക്കെ എത്തും എന്ന മട്ടിലാണ്.. വല്യ കമ്പനികളുടെ തലപ്പത്ത്...ലോകം ഭരിക്കാന്‍ പോകുന്നവള്‍ എന്നൊക്കെ .. അത്രയും കഴിവുള്ള ഒരാള്‍ യുഡിക്ലാര്‍ക്കില്‍നിന്ന് പ്രമോഷന്‍ കിട്ടാന്‍ പോലും ശ്രമിക്കാന്‍ വയ്യാത്ത അത്രയും ഡൌണായിപ്പോകുമോ? സ്വന്തമായി ലൈസന്‍സ് ഉണ്ടായിട്ടും ഒരു ടുവീലര്‍പോലും ഒരിക്കലും ഓടിക്കാതെ സ്ഥിരം ബസ്സില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുമോ? അതും കെട്യോന് കാറുണ്ടായിട്ട്.... അടിമയെപ്പോലെയൊന്നുമല്ല നിരുപമ എന്ന കഥാപാത്രത്തെ നിര്‍മ്മിച്ചിരിക്കുന്നത്, കുറഞ്ഞപക്ഷം വഴക്കുകൂടുമ്പോ തമാശയായി ഭര്‍ത്താവുകണക്കാക്കുന്നതെങ്കിലും രാഷ്ട്രപതിയിലേക്കെത്തുവാന്‍ കെല്പുള്ള ചില ഡയലോഗുകള്‍ അടിക്കാന്‍ മാത്രം വീറ് ഉള്ളില്‍ സൂക്ഷിക്കുന്നുണ്ടല്ലോ.. എന്തോ .. പലതും മനസിലാവുന്നില്ല ...

വീട്ടുമുറ്റത്തെ കൃഷിയും അതുപോലുള്ള കാര്യങ്ങളുമാണ് പെണ്ണുങ്ങക്ക് പറ്റിയതെന്നും അതില്‍ അവര്‍ വിജയിച്ചോട്ടെ തടയണ്ട കെട്യോന്മാരേ എന്നുമുള്ള സന്ദേശമാണ് ഈ സിനിമ നല്‍കുന്നതെന്ന വിമര്‍ശനവും വായിച്ചു... അതിനോടത്ര യോജിപ്പൊന്നൂല്യ.. വിഷമില്ലാത്ത കൃഷി വീട്ടുമുറ്റത്തായാലും എവിടെയായാലും അത്ര ചെറിയ കാര്യമാണെന്ന് തോന്നുന്നില്ല എന്നത് ഒന്ന്. രണ്ടാമത്, അയര്‍ലണ്ടിലേക്ക് ഭര്‍ത്താവിന്റെ കൂടെ പോവില്ല എന്ന് തീരുമാനിച്ച നിരുപമ അത് ശക്തമായി നടപ്പിലാക്കി (സിനിമയിലെങ്കിലും) കൃഷികൊണ്ട് എത്താവുന്ന ഉയരങ്ങളിലേക്ക് എത്തുന്നു എന്നത് വേറെ കാര്യം.. അത് അന്നന്നത്തേക്ക് വേണ്ടുന്ന പച്ചക്കറി ഉണ്ടാക്കുന്ന വെറും വീട്ടമ്മയില്‍നിന്നുള്ള വലിയദൂരം തന്നെയാണ്..

തലേം വാലുല്യാണ്ടെ എന്തൊക്കെയോ എഴുതിയപ്പോത്തന്നെ എന്തൊരാശ്വാസം!!! എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ തരുന്ന സന്ദേശം ഇതാണ് - നമ്മള്‍ സ്വയം ബഹുമാനിച്ചില്ലെങ്കില്‍ ഒരുത്തനും കാണില്യ മൈന്‍ഡ് ചെയ്യാന്‍ .. ത്യാഗം തേങ്ങ മാങ്ങ ന്നൊക്കെ പറഞ്ഞ് കാലം കഴിച്ചട്ട് ലാസ്റ്റ് കെട്യോനോടും പിള്ളേരോടും അതിന്റെ പേരില് ഗുസ്തി പിടിക്കാന്‍ ചെന്നാ അവര് തിരിച്ച് ചോദിക്കും ഞങ്ങള് വേണ്ടാന്ന് പറഞ്ഞോ ഇല്ലല്ലോ ന്ന്.. ചുമ്മാ ഞങ്ങളെ കുറ്റപ്പെടുത്തല്ലേ ന്ന് .... അതോണ്ട് വേണംച്ചാ ജീവിക്കാം, ഇല്ലെങ്കി ഇങ്ങനെ കഴിഞ്ഞുകൂടാം...


ത്യാഗമയിയായ അമ്മ എന്നത് ഒരു അശ്ലീലമാണ് ന്ന് പണ്ടൊരിക്കെ ഒരു ബന്ധുവിനോട് പറഞ്ഞപ്പോ അവരെന്നെ തിന്നാന്‍ വന്നു.. ഇന്നിപ്പോ ആര് തിന്നാലും വേണ്ടില്യ അതന്നെ ഒന്നുംകൂടി പറയണു.. ഈ സൈസ് ത്യാഗം അച്ഛന്റെ ആയാലും അമ്മേടെ ആയാലും ബോറാണ്.. ആര്‍ക്കും ഉപകാരല്യാത്ത ഒലക്കപ്പിണ്ണാക്ക്...



ഒരു കാര്യംകൂടി പറയാന്‍ മറന്നു... നിരുപമയെ കൈപിടിച്ച് ഉയര്‍ത്താന്‍ പഴയ ഒരു കൂട്ടുകാരി വരുന്നുണ്ട് ഇതില്‍ .. ഹനുമാനെ കുറേ പൊക്കിപ്പറഞ്ഞാലേ പുള്ളിക്ക് സ്വന്തം ശക്തീടെ കാര്യം ഓര്‍മ്മ വരൂത്രെ.. നമ്മളില്‍ പലരും ഹനുമാന്മാരാണ്.. ഇതുപോലുള്ള ചില കൂട്ടുകാര്‍ ഉണ്ടാവണം, നമ്മളെ തിരിച്ചറിയാന്‍ , മടിച്ചുനില്‍ക്കുമ്പോ ഒന്ന് ഉന്താന്‍ , നിനക്ക് കഴിയും എന്ന് ആത്മവിശ്വാസം കൂട്ടാന്‍ .. നല്ല കൂട്ടുകാര്‍ എല്ലാര്‍ക്കും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു ....  

Thursday 15 May, 2014

ചില മനുഷ്യര്‍ മനസില്‍ കയറിപ്പറ്റുന്നത് ഇങ്ങനെ...

ഇന്നലെ വൈകീട്ട് അമ്പലത്തില്‍ പോയി ആദ്യം അനുപമയും സംഘവും അവതരിപ്പിച്ച നൃത്തപരിപാടി കണ്ടു, അതില്‍ ഞങ്ങളുടെ സുഹൃത്ത് അണിമ ഉണ്ട് എന്നത് പ്രധാന ആകര്‍ഷണമായിരുന്നു.. അതിനുശേഷം മട്ടന്നൂര്‍ത്രയത്തിന്റെ ട്രിപ്പിള്‍ തായമ്പക... ആദ്യമായാ കേള്‍ക്കുന്നേ.. അതിഗംഭീര അനുഭവം.... 

അതുകഴിഞ്ഞ് ഇറങ്ങിയപ്പോ പത്തര, പത്തേമുക്കാല് .. ഉച്ചക്ക് തൃശൂര് പോയിരുന്നോണ്ട് ഭക്ഷണം വച്ചിരുന്നില്ല, രാത്രിയിലേക്ക് ചോറില്ല.. വൈകീട്ട് കഴിച്ചതോണ്ട് എനിക്ക് വിശപ്പില്ല.. ഏട്ടനാണെങ്കി രാത്രി ഉണ്ടില്ലെങ്കി ഉറക്കം വരില്ല.. (രാത്രി രണ്ടുമണിക്ക് വിശക്കും എന്നൊരു ന്യായവും പറയും.. അതെനിക്കിതുവരെ മനസിലായിട്ടില്ല...) 
അമ്മയോട് ചോദിച്ചപ്പോ ഏട്ടനുള്ള ഊണുണ്ടാവുംന്ന് പറഞ്ഞു.. ഇനിപ്പോ അവടെ പോവാന്‍ നിക്കണ്ട, പഴം വല്ലതും വാങ്ങാംന്ന് പറഞ്ഞ് ഇറങ്ങി... രാത്രി പതിനൊന്നുമണിയാവാറായി, കടകളൊക്കെ അടച്ചു.. മുന്നോട്ട് പോയപ്പോ ഗ്രാമ്യ തുറന്നിട്ടുണ്ട്.. എന്നാ രണ്ട് ചപ്പാത്തി കഴിക്കാം എന്നായി ഏട്ടന്‍ ... 
ചെന്നു രണ്ട് ചപ്പാത്തി കുറുമ പറഞ്ഞു.. കുറുമ ഇല്ല, എന്ന് ... വെജ് വേറെന്താ ന്ന് ചോദിച്ചപ്പോ ചില്ലിഗോബി മാത്രം.. അത്തരം ഐറ്റംസിനോട് എനിക്ക് താല്പര്യാണെങ്കിലും കഴിക്കാന്‍ പോണ ഏട്ടന് അത്ര പോര.. വേറെ നിവൃത്തിയില്ലാത്തോണ്ട് ഓക്കെ പറഞ്ഞു.. 
ഒരുമിനിറ്റ് കഴിഞ്ഞപ്പോ അദ്ദേഹം തിരിച്ചുവന്നു.. ചില്ലിഗോബി കഴിഞ്ഞു!!!!!
"വേറെന്താ ഉള്ളേ? റൈസ് ഐറ്റംസ് എന്തെങ്കിലും?"
"ബിരിയാണി റൈസ് ഉണ്ട്, സലാഡോ തൈരോ ഉണ്ടാവും, അച്ചാറും തരാം.."
"ഓക്കെ കൊഴപ്പല്യ.. കുറച്ചുമതിട്ടോ.."
സംഭവം വന്നു.. ഏട്ടന്‍ സന്തോഷത്തോടെ വിളമ്പി.. അതാ ചാടുന്നു ഒരു ചിക്കന്‍പീസ്!!!!!
ചങ്ങായിയെ വിളിച്ചു.. "ഇത് ചിക്കന്‍ബിരിയാണി ആണോ? ഞാന്‍ നോണ്‍ കഴിക്കില്ല... "
"അല്ലസര്‍, റൈസ് വെജ് ആണ്"
"ചിക്കന്‍ മിക്സ് അല്ലേ?"
"അല്ല, ദം ബിരിയാണി ആണ് ചിക്കന്‍ അടിയിലേ കാണൂ.. ഇത് ഇളക്കാതെ മുകളില്‍നിന്ന് എടുത്തതാ!!!"
"സോറി, ഞാന്‍ നോണ്‍ തീരെ കഴിക്കില്ല, ഇത് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്..."
അദ്ദേഹം എന്തുപറയണമെന്നറിയാതെ നിന്നു. ഞാന്‍ പറഞ്ഞു, "കഴിക്കണ്ട, മനസമാധാനം ഉണ്ടാവില്ല ഏട്ടന് ഇത് കഴിച്ചാല്‍" ന്ന്.. 

സപ്ലൈയര്‍ പോയി സൂപ്പര്‍വൈസറെ കണ്ടു എന്തോ പറഞ്ഞു.. അല്പനേരം കഴിഞ്ഞ് അവര്‍ അങ്ങോട്ടും ഇങ്ങോട്ടും കുറേ നടന്നിട്ട് നമ്മുടെ അടുത്തേക്ക് വന്നു..
"സര്‍, എന്താ ഇപ്പോ ചെയ്യുക? വേറെ റൈസില്ല.."
"സാരല്യ, നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ ഇത് കാന്‍സല്‍ ചെയ്യാമോ?"
"അത് കൊഴപ്പല്യ. കാന്‍സല്‍ ചെയ്യാം, പക്ഷേ നിങ്ങള്‍ എന്തു കഴിക്കും?"
"അത് നോക്കാം.. എന്തെങ്കിലും പഴം കിട്ടുമോന്ന് നോക്കാം. "
"ഈ നേരത്ത് കടകളൊന്നും ഉണ്ടാവില്ല സര്‍"
"അത് സാരല്യ, എന്തെങ്കിലും ചെയ്യാം.. നിങ്ങള്‍ക്ക് ഇത് വേണ്ടെന്നു വക്കുമ്പോ ബുദ്ധിമുട്ടുണ്ടോ? ഞങ്ങള്‍ കഴിച്ചിട്ടില്ല, വിളമ്പിയതേയുള്ളൂ"
"അത് വിഷയമല്ല സര്‍, നിങ്ങള്‍ക്ക് കഴിക്കാന്‍ എന്തുചെയ്യുമെന്നാ? പൊറോട്ട എടുക്കട്ടേ?"
"പൊറോട്ട കഴിക്കാറില്ല, ചപ്പാത്തിയേ കഴിക്കൂ"
"ചപ്പാത്തിയെടുക്കാം"
"അതാ ഞങ്ങള്‍ ആദ്യം ഓര്‍ഡര്‍ ചെയ്തത്, പക്ഷേ കറി ഇല്ലാത്തോണ്ട് വേണ്ടെന്നു വച്ചതാ"
"അല്ല സര്‍ വെജിറ്റബിള്‍ കറിയുണ്ട് "
"കഴിഞ്ഞെന്നു പറഞ്ഞു"
"അതല്ല സര്‍ മെനുവില്‍ ഇല്ലാത്ത കറിയാണ്, സാറിന് വിരോധമില്ലെങ്കില്‍ എടുക്കാം"
"ഒരു വിരോധ‌വുമില്ല, നിങ്ങള്‍ക്ക് വെറുതെ ബുദ്ധിമുട്ടായി അല്ലേ?"
"അത് സാരല്യ സര്‍, ഈ രാത്രിയില്‍ നിങ്ങള്‍ കഴിക്കാതെ പോയാല്‍ അത് വലിയ വിഷമമാകും.. അതുകൊണ്ടാണ്.."

എന്തായാലും ചപ്പാത്തിയും കറിയും വന്നു.. നല്ല ചപ്പാത്തി.. ഉരുളക്കിഴങ്ങും ചുരയ്ക്കയും ചേര്‍ത്ത അധികം മസാലയിടാത്ത, നല്ല കറി.. അത് അവരുടെ സ്റ്റാഫിനുവേണ്ടി ഉണ്ടാക്കിയതാണ്. 

"സര്‍, കറി നന്നല്ലെന്നറിയാം, പക്ഷേ വേറെ ഇല്ലാത്തതുകൊണ്ടാണ്.."
"ഇല്ല, ഇത്തരം കറിയാണ് എനിക്കിഷ്ടം.നന്നായിട്ടുണ്ട്.."
"സന്തോഷം സര്‍.."

കഴിക്കണ്ട എന്നുകരുതിയ ഞാനും കഴിച്ചു.. വളരെ സന്തോഷത്തോടെ.. 

സപ്ലൈയറും സൂപ്പര്‍വൈസറും വന്ന് പരിചയപ്പെട്ടു.... ബില്ല് വന്നപ്പോ ചപ്പാത്തിയുടെ മാത്രം പൈസ എടുത്തിട്ടുള്ളൂ...!!!

പതിവില്‍ കൂടുതല്‍ ടിപ്പ് കൊടുത്ത് ഇറങ്ങിയപ്പോ വയറുമാത്രമല്ല, മനസും നിറഞ്ഞു...

Tuesday 1 April, 2014

കൊച്ചുറാണി...

കൊച്ചുറാണിയെ കല്യാണം ആലോചിച്ച് ചെന്നപ്പോ കേട്ടത് എപ്പഴും ചിരിക്കണ കൊച്ചെന്നാ. കണ്ടപ്പോ ഞങ്ങക്കും തോന്നി. നല്ല ചിരി. നല്ല പെരുമാറ്റം. അമ്മച്ചിക്കും പിടിച്ചു, അപ്പച്ചനു പിന്നെ അവരടെ തറവാടും മഹിമേം ഒക്കെ കണ്ട് ആദ്യമേ ബോധിച്ചതാ. സേവ്യറുംകൂടി കണ്ട് ബോധിച്ചപ്പോ രണ്ട് മാസത്തിനുള്ളില്‍ കെട്ടങ്ങ് നടത്തി.

കെട്ടും കഴിഞ്ഞ് അയല്‍പക്കത്തൊള്ള ചെല കുശുമ്പും കുന്നായ്മേം പാര്‍ട്ടീസൊണ്ട്, അവരടെ മാര്‍ക്കിടലും കഴിഞ്ഞ് വശക്കേടായി ഇരിക്കുമ്പഴാ ഞാനാദ്യായി അവളോട് സംസാരിച്ചേ.. പാവമാന്നേ.. നല്ലോര് കൊച്ച്.
ആദ്യമൊന്നും ഒര് കൊഴപ്പോമില്ലാര്‍ന്നു. പിന്നെപ്പഴാ..... വിരുന്നുപോക്കും മറ്റുമായി രണ്ടുമൂന്നാഴ്ച അങ്ങനെ പോയി. അച്ചാച്ചന്റെ വീട്ടീപ്പോയി അവര് മടങ്ങിവരണ ദിവസാ അപ്പച്ചന്‍ അമ്മച്ചീടടുത്ത് ഏതാണ്ടുംപറഞ്ഞ് വഴക്കിട്ടത്. അതിപ്പോ പതിവായോണ്ട് ഞങ്ങക്കാര്‍ക്കും ഒന്നും തോന്നീല്ല. കൊച്ചുറാണി പക്ഷേ വന്നവരവില്‍ ഒന്നു പേടിച്ചു. അപ്പച്ചന്‍ കലിതുള്ളി നിക്കുന്നു, അമ്മച്ചി കരയാറായി നിക്കുന്നു, ദേഷ്യത്തിന് അപ്പച്ചന്‍ ഏതാണ്ടെടുത്ത് നെലത്തും എറിഞ്ഞാര്‍ന്നു. ഞാനവളെ അകത്തേക്ക് വിളിച്ചോണ്ടുപോയി. ഇതൊക്കെ അങ്ങനെ നടക്കും, ഇവടെ ആണുങ്ങക്കൊക്കെ മൂക്കത്താ ദേഷ്യം, അപ്പോ കണ്ണിക്കണ്ടതൊക്കെ ചെലപ്പോ വലിച്ചെറിഞ്ഞൂന്നും വരും.ഇത്തിരി കഴിഞ്ഞാ ഒക്കെ മാറും ന്നും പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞപ്പഴക്കും ഞാന്‍ പറഞ്ഞേന്റെ പൊരുള് അവക്ക് പിടികിട്ടി. ഇത്തിരിയില്ലാത്ത കാര്യത്തിന് ആ ദിവസങ്ങളില് പൊട്ടിയത് രണ്ട് ചില്ലുഗ്ലാസ്, ചളുങ്ങിയത് മൂന്നു പ്ലേറ്റ്..

പിന്നത്തെയാഴ്ച എന്റെ കെട്യോന്‍ സെബിച്ചന്‍, പിള്ളാരടെ ടീവി കാണണ ലഹള സഹിക്കാണ്ട് റിമോട്ട് എടുത്തൊരേറ്. അത്രേം വേണ്ടീരുന്നില്ലാന്ന് പറഞ്ഞേന് എന്റെ നേരെ ചാട്ടം. എടേല് പെട്ടപ്പോ അമ്മച്ചിയോടും ചാട്ടം. അപ്പച്ചന്‍ എല്ലാരേം വഴക്കും പറഞ്ഞ് ഇരിപ്പ്.. . ഈ ലഹളേടെ എടേല് കൊച്ചുറാണി വന്നട്ട് മേശപ്പൊറത്തിരുന്ന ഫ്ലവര്‍വാസെടുത്ത് നിലത്തേക്ക് ഒറ്റയേറ്.. സെബിച്ചന്റെ കാലിനടുത്താ അതുവന്നു വീണേ..എല്ലാരും തരിച്ച് നിക്കുമ്പോ അവള്ണ്ട് പറയണു, എന്തേലും എടുത്തെറിഞ്ഞ് നശിപ്പിക്കാന്‍ പെണ്ണുങ്ങക്കും പറ്റുമെന്ന് കാണിച്ചതാ ന്ന്.!!

ആദ്യത്തെ സംഭവായോണ്ട് എങ്ങനാ പ്രതികരിക്കണ്ടേന്ന് അറിയാണ്ടെ എല്ലാരും മിഴിച്ചുനിന്നു. കൊച്ചുറാണി കൂളായി അടുക്കളേല് പോയി പണികള്‍ തൊടങ്ങേം ചെയ്തു. അങ്ങനൊരു സംഭവമേ ഉണ്ടായില്ലെന്ന മട്ടില് അവള് പിന്നെ പെരുമാറീതാ എല്ലാര്‍ക്കും അത്ഭുതായേ. സെബിച്ചന്‍ പറഞ്ഞത് അവള്‍ക്ക് ഇത്തിരി മാനസികമൊണ്ടെന്നാ... അപ്പച്ചന്‍ അവളിത്തിരി നെഗളിപ്പുകാരിയാണെന്നും പറഞ്ഞു.. അമ്മച്ചി പക്ഷേ എന്താണാവോ ഒന്നും പറഞ്ഞില്ല..

അതോണ്ട് ഒരു ഗുണോണ്ടായി. പിന്നെ നമ്മടെ വീട്ടിലെ പാത്രങ്ങളൊന്നും അത്ര പൊട്ടീട്ടില്ല..

പിന്നെ കൊറേ നാള് കഴിഞ്ഞപ്പഴാ കൊച്ചുറാണിക്ക് ശരിക്കും വട്ടാണെന്ന് തോന്നിക്കണ സംഭവങ്ങള് ണ്ടായത്. സേവ്യറിന് ലേശം മദ്യപാനത്തിന്റെ അസുഖോണ്ടാര്‍ന്നേ.. കൂട്ടുകാര് സല്‍ക്കരിക്കാനൊണ്ടേ അവനെ പിടിച്ചാ കിട്ടത്തില്ല... കൊറേ നാള് സഹിച്ച് മടുത്തട്ടാവണം കൊച്ചുറാണി ഭീഷണി മൊഴക്കി, ഇനീം കുടിച്ച് വെളിവില്ലാതെ വന്നാ അവളെന്തെങ്കിലും ചെയ്യുമെന്ന്.. അവനത് കാര്യാക്കീല്ല.. എനിക്ക് പക്ഷേ സംശയണ്ടാരുന്നു, അവളല്ലേ മൊതല്.. എന്തേലും ചെയ്തേക്കും ന്ന്.. പെരുന്നാളിന്റെ പിറ്റേന്ന് സേവ്യറും സെബിച്ചനും അപ്പച്ചനും ഒക്കെക്കൂടി അടിച്ചുപൂസായത് പോരാഞ്ഞ് സേവ്യറ് ഷാപ്പിലും പോയി , പിന്നെ ഇത്തിരി ലഹളേം കൂട്ടീന്നാ കേട്ടേ....

പിറ്റേന്ന് സേവ്യറ് ഷാപ്പീപ്പോയപ്പോ അവളുണ്ട് പിന്നാലെ.. എന്നട്ടോ, സേവ്യറ് ഓര്‍ഡറ് ചെയ്തത് എനിക്കുംകൂടി ന്ന്...!!! പോരേ പൂരം!!! അവനവടെക്കെടന്ന് പറയാവുന്ന രീതീലൊക്കെ പറഞ്ഞു, ആര് കേള്‍ക്കാന്‍? അവള് കള്ള് കുടിക്കുംന്ന് ഒറപ്പായപ്പോ അവന്റെ നെലതെറ്റി..പൊട്ടിച്ചു കവിളത്തൊന്ന്, നല്ല സിനിമാസ്റ്റൈലില്... പെണ്ണാണെങ്കി അവള് തോല്ക്കൂലല്ലോ..അത്രേം പേരടെ മുന്നില് വച്ച് അവളെന്നാ പറഞ്ഞേന്നറിയാവോ? തല്ലാന്‍ എനിക്കും അറിയാന്‍ പാടില്ലാഞ്ഞല്ല, അതത്ര കേമത്തമാണെന്ന് തോന്നാത്തോണ്ടാ ന്ന്.... കള്ളുകുടിച്ച് വഴക്കുണ്ടാക്കണോരെ തല്ലണേല്‍ ആദ്യം നിങ്ങക്കെത്ര തല്ലുകൊള്ളണമെന്നു പറ.. എന്നിട്ടാവാം എന്നെ തൊടുന്നത് ന്ന്...

സേവ്യറിന് ആകെ പ്രാന്തു പിടിച്ചപോലെയായി.. ഇപ്പപ്പൊക്കോണം സ്വന്തം വീട്ടീക്ക് ന്ന് അവന്‍ ... അവള് ഒന്നും പറ്റാത്തപോലെ വന്നു.. സേവ്യറ് വന്ന് കൊറേ ഏതാണ്ടൊക്കെ പറഞ്ഞു.. ചിരിച്ചോണ്ട് നിക്കണതല്ലാതെ അവളൊന്നും പറഞ്ഞുമില്ല...

ആണുങ്ങളെല്ലാംകൂടി അവള്‍ക്ക് വട്ടാണെന്നും വീട്ടിക്കൊണ്ടോയാക്കണം ന്നും പറഞ്ഞ് ലഹളയായപ്പോ ആദ്യായിട്ട് അമ്മച്ചി കനത്തില് ഒര് ഡയലോഗടിച്ചു... "ആണുങ്ങടെ പണീന്നും പറഞ്ഞ് നിങ്ങള് കാട്ടിക്കൂട്ടണതൊക്കെ ഞങ്ങക്കും പറ്റുംന്ന് മനസിലായില്ലേ, ഉശിരുണ്ടേല്‍ ‍ഞങ്ങള് ചെയ്യണ എന്തെങ്കിലും ചെയ്ത് കാണിക്ക്.. അല്ലേ ഇനി ശരിക്കുള്ള ആണാണെങ്കി ആണുങ്ങളായി നടക്ക്.. അല്ലാതെ ചുമ്മാ വഴക്കൊണ്ടാക്കാന്‍ വന്നാലൊണ്ടല്ലോ പൊന്നുമോനേ, നീ അമ്മച്ചിയെ അമ്മച്ചിയായേ കണ്ടിട്ടൊള്ളൂ... പെണ്ണായിട്ടെറങ്ങിയാലേ താങ്ങൂല... മോന്‍ കേറിപ്പോ... നീ വാടീ കൊച്ചുറാണീ.....”


അന്തം വിട്ട് നിക്കണ സെബിച്ചന്റേം സേവ്യറിന്റേം അപ്പച്ചന്റേം മുന്നീക്കൂടെ ‍ഞങ്ങള് "പെണ്ണുങ്ങള്”ചിരിച്ചോണ്ട് നടന്നുംപോയി...

Thursday 6 March, 2014

രണ്ടു ചെറിയ സംഭവങ്ങള്‍....


ഇന്നലെ രാവിലെ പാല് കൊണ്ടുവരണ ചേട്ടന് പൈസ കൊടുക്കാനുള്ളോണ്ട് ഗെയ്റ്റ് തുറക്കണ ശബ്ദം കാത്തുനിന്നു..(ചേട്ടന്‍ ന്ന് പറയാം ന്നേള്ളൂ.. അച്ഛനേക്കാള്‍ പ്രായമുണ്ട്ട്ടോ..).. ശബ്ദം കേട്ടില്ല. കാരണം ഏട്ടന്‍ കോളേജില്‍ പോയപ്പോ അത് തുറന്നിട്ടിരുന്നു.. പിന്നെ പാത്രത്തിന്റെ ശബ്ദം കേട്ടപ്പോ വേഗം പോയി വാതില്‍ തുറന്നു. പാല് ഒഴിച്ചുതീര്‍ന്നപ്പോ പൈസ എടുത്തു കൊടുത്തു. വളരെ സൂക്ഷിച്ച് എണ്ണി, പിന്നേം എണ്ണുന്നത് കണ്ടപ്പോ സംശയമായി, ഇനി ഞാനെടുത്തത് തെറ്റിയോ? കണക്കുകൂട്ടുന്ന സ്വഭാവം ഇല്ലാത്തോണ്ട് തെറ്റാന്‍ സാധ്യതയുണ്ടല്ലോ..
ചോദിച്ചു, "കുറവുണ്ടോ പൈസ? .."
"ഇല്ല, എനിക്ക് കണ്ണുകാണല്‍ നല്ലോണം കുറവാ..അതോണ്ടാ.."
ഒന്നും മിണ്ടിയില്ല..എന്തുപറയാന്‍?
"കഴിഞ്ഞ ദിവസം ഇവടെയൊന്ന് വീണു..ഈ പടി കണ്ടില്ല.. അവിടെയെന്തോ ഉണ്ടായിരുന്നെന്ന് തോന്ന്ണു.."
"അയ്യോ.. ചെരുപ്പാവും.. സോറി.. ഇനി മാറ്റിയിട്ടോളാം.."
"ആ ചെരുപ്പാണെന്ന് തോന്നുണു.. ഞാന്‍ കണ്ടില്ല.. വീണെങ്കിലും പാല് കുപ്പി ഞാന്‍ പൊക്കിപ്പിടിച്ചു..അത് പൊട്ടിയാല്‍ ശരിയാവില്ലല്ലോ..."
"അതാവും ഏട്ടന്‍ എന്നോട് രാവിലെ ലൈറ്റിട്ടുവക്കണം ഉമ്മറത്തെ ന്ന് പറഞ്ഞത്..ഏട്ടന്‍ കണ്ടൂന്ന് തോന്ന്ണൂ.."
"ആ..കണ്ടോ ആവോ.."
"കണ്ണടയില്ലേ?"
"അതോണ്ടൊന്നും കാര്യല്യ.. ഇത് തിമിരത്തിന്റെയാ"
"തിമിരത്തിന് ഇപ്പോ ഓപ്പറേഷന്‍ ണ്ടല്ലോ... നോക്കാര്‍ന്നില്യേ?"
"പത്തെഴുപത്തിരണ്ടു വയസ്സായി..ഇനിയിപ്പോ എന്തിനാ? ഒന്നും വേണ്ട.."
"അത്രയല്ലേ ആയുള്ളൂ.. എന്റെ അമ്മമ്മയ്ക്ക് തൊണ്ണൂറു വയസ്സായി.. കുറച്ചുകൊല്ലം മുമ്പാ ഓപ്പറേഷന്‍ ചെയ്തേ.. ദേ ഇപ്പോ വെല്യച്ഛന് ചെയ്തു.. "
"ആര്‍ക്കു വേണ്ടിയാ ചെയ്യണേ.. ഒരു കാര്യോല്യ.."

എന്തു പറയണമെന്ന് മനസിലായില്ല...മിണ്ടാതെ നിന്നു.
"മക്കള്‍ ഉണ്ട്..അവര് നമ്മള് വിചാരിക്കണ പോലെ ആവണമെന്നില്ലല്ലോ.."..
"..........."
"ദേ ഇപ്പത്തന്നെ ഞാന്‍ നാലുമണിക്കെണീക്കണതാ.. പശൂന്റെ പണികളൊക്കെ തീര്‍ത്തു.. പാലെങ്കിലും കൊണ്ടുകൊടുക്കെടാ ന്ന് പറഞ്ഞാ, ഇത്രേം നേരത്തേ പറ്റില്യ, പേടിയാവും, പാമ്പുണ്ടാവും എന്നൊക്കെയാ പറയണേ.. ഞാന്‍ പോരുമ്പോ ആരും എണീറ്റട്ടില്യ.."
.......
"അവരൊക്കെ അവരടേതായ രീതിയിലേ ജീവിക്കൂ..പറഞ്ഞിട്ട് കാര്യല്യ.. പറ്റണ കാലം ഞാന്‍ പണിയെടുക്കും.."

പിന്നെന്തൊക്കെയോ....സംസാരം കൂടിയപ്പോള്‍ ശബ്ദം കുറഞ്ഞു.. പറയുന്നത് എന്താണെന്ന് ഊഹിക്കാമായിരുന്നതിനാല്‍ ചോദിച്ചില്ല.. നെടുവീര്‍പ്പല്ലാതെ പ്രതികരിച്ചതുമില്ല.. എന്തു പറയാന്‍ ?

ഒടുവില്‍ പോകുമ്പോ ഗെയ്റ്റ് അടച്ച് നടന്നു, രണ്ടടി വച്ചിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു.."താങ്ക്യൂ"

മനസ്സില്‍ എവിടെയോ ഒരു കത്തി ഇറക്കിയ വേദന...എന്തിനെന്നറിയില്ല....

..........................

പതിവു തിരക്കുകള്‍ .. അത്രയധികം പണിയില്ലെങ്കിലും നേരം വൈകി പോകാന്‍ ...

ബസ് സ്റ്റോപ്പില്‍ ചെന്നപ്പോ കറക്റ്റായി ചാലക്കുടിക്കുള്ള ഒരു ബസ് പോണു.. ഒരു ബസ് മിസ്സാവുക എന്നു പറഞ്ഞാല്‍ അര്‍ത്ഥം കാലടിക്കെത്താന്‍ മിനിമം ഇരുപത് മിനിറ്റ് വൈകുക എന്നാണ്.. 

പത്തുമിനിറ്റ് കഴിഞ്ഞു, അടുത്ത ബസ് വന്നു.. പതിവുപോലെ സീറ്റുണ്ടോ എന്ന് വെറുതെ നോക്കി.. (പൊക്കം ധാരാളം ഉള്ളതുകൊണ്ട് തൂങ്ങിയാത്ര വല്ലാത്ത സര്‍ക്കസ്സാണ്.. കഴുത്തും കയ്യും ഒക്കെ വേദനയായോണ്ട് നില്പ് അത്ര സുഖകരവുമല്ല...അതോണ്ട് പരമാവധി സീറ്റുകിട്ടാന്‍ മോഹിക്കാറുണ്ട്..അതിമോഹമാണെങ്കിലും..)

കേറി ഉള്ളിലേക്ക് കടന്ന് നില്ക്കാന്‍ റെഡിയാവുമ്പോ ഒരു സ്ത്രീയുടെ അടുത്തിരുന്നയാള്‍ എണീറ്റു.. ലേഡീസ് സീറ്റില്‍ ഇരിക്കുന്നവര്‍ ചിലപ്പോ എണീറ്റുതരാറുണ്ട്..സന്തോഷത്തോടെ ഇരുന്നു.. എണീറ്റയാളെ ശ്രദ്ധിച്ചില്ല, അടുത്തുള്ള സ്ത്രീയെ ശ്രദ്ധിക്കാതിരിക്കാന്‍ പറ്റിയില്ല.. കാരണം സാമാന്യത്തിലധികം വണ്ണമുണ്ടായിരുന്നു അവര്‍ക്ക്.. അടുത്തിരിക്കാന്‍ കഷ്ടപ്പെട്ടു.. മുക്കാല്‍ഭാഗം സീറ്റും അവര്‍ക്ക് വേണമായിരുന്നു.. ഇന്നത്തെ നിലയ്ക്ക് കാല്‍ഭാഗം സീറ്റ് എനിക്ക് ഒന്നുമാവില്ല, എന്നാലും ഇരുന്നു..ബസ് നീങ്ങി..

എണീറ്റയാള്‍ എന്റെ തൊട്ടടുത്തു നില്പുണ്ടായിരുന്നു. ഏതോ പയ്യന്‍ എന്നുതോന്നി.. ചെറിയ ശരീരം ആണെന്നതേ ശ്രദ്ധിച്ചുള്ളൂ...

കുറച്ചുസമയം കഴിഞ്ഞ് കണ്ടക്ടര്‍ വന്നു.. ടിക്കറ്റെടുത്തു.. എന്റെ അടുത്തുള്ള സ്ത്രീ ഇടിക്കാന്‍ പോണപോലെ കൈ നീട്ടി അമ്പതുരൂപ കൊടുത്തു.."രണ്ട് ചാലക്കുടി".. കണ്ടക്ടര്‍ ബാക്കി കൊടുത്തു..എണ്ണിനോക്കീട്ട് എത്രയാ ചാലക്കുടിക്ക്? എത്രയാ ചാലക്കുടിക്ക്? എന്ന് ഉറക്കെ.. കണ്ടക്ടര്‍ തരാം തരാം എന്നുംപറഞ്ഞ് പോയി.. ഇവര്‍ വീണ്ടും, എത്രയാ ചാലക്കുടിക്ക്? എന്റെ അടുത്തുനിന്നയാല്‍ മറുപടി പറഞ്ഞു.."പതിമൂന്ന്"...

ശബ്ദം കേട്ട് സംശയം തോന്നി ഞാന്‍ അയാളെ നോക്കി.. ഒന്ന് ഞെട്ടി.. കുറഞ്ഞത് എണ്‍പതുവയസ്സെങ്കിലും ഉള്ള ഒരു വൃദ്ധന്‍..!! അദ്ദേഹമാണ് എനിക്ക് സീറ്റ് തന്നത്.. !!!

ആകെ തരിച്ചിരുന്നു ഒരു നിമിഷം... എണീറ്റ് കൊടുക്കേണ്ടതാണ് എന്ന് മനസു പറയുന്നു.. എന്തുപറഞ്ഞ് ഇരിക്കാന്‍ പറയണം? ഇത്ര നേരം കഴിഞ്ഞതിന് എന്ത് ന്യായം പറയണം? ആലോചിച്ച് ഒടുക്കം തീരുമാനത്തിലെത്തി.. സത്യം പറയുക, ശ്രദ്ധിച്ചില്ലായിരുന്നു എന്ന്..സോറിയും..

എണീക്കാന്‍ ബാഗെടുക്കുമ്പോഴേക്കും പിന്നില്‍നിന്ന് ഒരു പയ്യന്‍ എണീറ്റ് സീറ്റ് കൊടുത്തു.. ആശ്വാസത്തേക്കാളേറെ ആത്മനിന്ദയാണ് തോന്നിയത്.. സ്വാര്‍ത്ഥതയുടെ ഊക്കുകൊണ്ട് തീരുമാനം വൈകിച്ചതില്‍... പിന്നെ സങ്കടമാണോ കുറ്റബോധമാണോ എന്താണ് മനസില്‍ എന്നറിയില്ല.. ആകെ ഉരുകി അവിടെയിരുന്ന്... 

അടുത്തിരുന്ന സ്ത്രീയുടെ തടി വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. പോരാത്തതിന് അവര്‍ കയ്യെടുത്ത് മുന്‍സീറ്റിലെ കമ്പിയില്‍ പിടിക്കുന്നു...മുട്ട് എന്റെ മൂക്കിന് നേരെ.... എന്നിട്ടും അല്പം കഴിഞ്ഞ് മുന്നില്‍ സീറ്റൊഴിഞ്ഞിട്ടും മാറിയിരുന്നില്ല.. ഈ ശിക്ഷ ഞാന്‍ അര്‍ഹിക്കുന്നു എന്നൊരു തോന്നല്‍ ... കുറേ നേരം വിങ്ങി വിങ്ങി അങ്ങനെ ഇരുന്നു... അദ്ദേഹത്തിന് സീറ്റ് കൊടുത്ത പയ്യന് എതിര്‍വശത്തുള്ള സീറ്റ് കിട്ടിയതോടെ പൂര്‍ണമായി.. അവരെയൊന്നും ഫെയ്സ് ചെയ്യാന്‍ വയ്യാതെ തലകുനിച്ചിരുന്നു... പിന്നെ ഇപ്പോ കരയും എന്ന് തോന്നിയപ്പോ മുന്നില്‍ ഒഴിഞ്ഞ സീറ്റിലേക്ക് വേഗമിരുന്നു..

വിന്‍ഡോ സീറ്റ്.. കാറ്റടിച്ചപ്പോ അല്പം ആശ്വാസം... മെല്ലെ മനസിനെ ശാന്തമാക്കാന്‍ നോക്കി.. ഞാന്‍ പറഞ്ഞിട്ടല്ലല്ലോ സീറ്റ് തന്നത്, വൃദ്ധനാണെന്ന് ശ്രദ്ധിച്ചില്ലല്ലോ എന്നൊക്കെ.. അതൊക്കെ വെറും സ്വയം ന്യായീകരണങ്ങളേ ആകുന്നുള്ളൂ എന്ന് മനസിലായപ്പോള്‍ നിര്‍ത്തി..

അടുത്ത സ്റ്റോപ്പില്‍ മൂന്നാലു പേര്‍ കേറി.. കുട്ടിയേംകൊണ്ട് ഒരു സ്ത്രീ കേറിയപ്പോള്‍ ചാടിയെണീറ്റു..എന്റടുത്തിരുന്ന ചേച്ചി എണീക്കാന്‍ തുടങ്ങിയതായിരുന്നു.. അവര്‍ അല്പം ആശ്വാസത്തോടെയും അത്ഭുതത്തോടെയും നോക്കി, സാധാരണ അറ്റത്തിരിക്കുന്നോരാണല്ലോ എണീറ്റ് കൊടുക്കാറ്....

അവര്‍ക്ക് സീറ്റ് കൊടുത്ത് കമ്പിയില്‍ തൂങ്ങി അല്പനേരവും കുട്ടികള്‍ നില്ക്കുന്ന പോലെ സീറ്റില്‍ പിടിച്ച് ബാക്കി സമയവും നിന്നപ്പോ പത്തുലക്ഷം കടം വാങ്ങിയതില്‍ അമ്പതിനായിരമെങ്കിലും കൊടുത്ത ആശ്വാസം......!!!!

--------------------------

ആസ് എ റിസല്‍ട്ട്.. യൂണിവേഴ്സിറ്റിയില്‍ എത്താന്‍ വൈകി, സെമിനാറില്‍ കേറാന്‍ പറ്റിയില്ല, ഗൈഡ് ലീവായോണ്ട് അദ്ദേഹത്തേം കാണാന്‍ പറ്റിയില്ല... ഈ അനുഭവം ഉണ്ടാവാനും സ്വയം തിരിച്ചറിയാനുംവേണ്ടിമാത്രം ഞാന്‍ കാലടിയില്‍ പോയിവന്നു....!!!

Monday 3 March, 2014

പറയാന്‍ ബാക്കിവച്ചത്...


“ഡാ, ഗെറ്റുഗതറിന് മുന്‍പ് എനിക്ക് നിന്നെയൊന്ന് കാണണം, ഒറ്റക്ക്..  എന്നാ വേണ്ടേ? “

വിനോദ് അങ്ങനെ പറയണമെങ്കില്‍ എന്തോ കാര്യമായി പറയാനുണ്ടാവണം. കോളേജില്‍ പഠിച്ച കൂട്ടുകാരില്‍ ആകെ കോണ്‍ടാക്റ്റ് ഉള്ളത് ഇവനുമായിട്ടാണ്. എല്ലാവരുടെയും വിശേഷങ്ങള്‍ അറിയാറുള്ളതും വിനോദിന്റെ വിളികളില്‍നിന്നാണ്. അറിയാനേറെ ആഗ്രഹിക്കുന്ന ഒരാളുടെ വിശേഷങ്ങളടക്കം..

എന്തായാലും പോകണം. സിന്ധുവിന് സംശയമാണ്, വെള്ളമടിക്കാനാണോ പോണതെന്ന്. കുറ്റം പറയാന്‍ പറ്റില്യ, ഈയിടെയായി ഇത്തിരി കൂടുതല്‍ തന്നെയാണ്.

എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് വിനോദിനെ വിളിച്ച് കാണേണ്ട സ്ഥലം ചോദിച്ചപ്പോ കോളേജിന്റെ മുമ്പില്‍ എന്നാ പറഞ്ഞത്. അതെന്തിനാണെന്ന് മനസിലായില്ല. ഒത്തുചേരലിന്റെ വല്ലതും ചെയ്യാന്‍ കാണുമായിരിക്കും എന്നു കരുതി. അവനടക്കം മൂന്നാലുപേര്‍ മാസങ്ങളോളം കഷ്ടപ്പെട്ടിട്ടാ എല്ലാരേം കിട്ടിയതെന്ന് കേട്ടു. കേരളത്തിലല്ലെങ്കിലും ഇന്ത്യയിലെങ്കിലും ആണല്ലോ അവന്‍ .. അതിന്റെ ഗുണം. പ്രവാസികള്‍ക്ക് ഇതു വല്ലതും വിധിച്ചിട്ടുണ്ടോ? മനസുനിറയെ സ്നേഹിക്കുന്നവരെ ഒന്നു കാണാന്‍പോലും ആവില്ല പലപ്പോഴും.. ഓരോരോ തിരക്കുകള്‍ . നാളെയാവട്ടെ എന്നു കരുതുമ്പോള്‍ നാളെ എന്നത് എത്ര വര്‍ഷങ്ങള്‍ക്കപ്പുറമാണെന്നത് മാത്രം അറിയുന്നില്ല.

കോളേജിന്റെ മുമ്പിലെത്തിയപ്പോള്‍ അവനെത്തിയിട്ടില്ല. വിളിച്ചപ്പോള്‍ വരാന്‍ വൈകും, വേണമെങ്കില്‍ ഒന്ന് പഴയ ക്ലാസ് റൂമിന്റെ അവിടെ പോയി വന്നോ, ഓര്‍മകള്‍ കുറെയുള്ളതല്ലേ എന്ന് മറുപടി. അല്പം ദേഷ്യം വന്നു. വൈകുമെങ്കില്‍ ആദ്യമേ പറയാമായിരുന്നില്ലേ… എന്തായാലും അവന്‍ പറഞ്ഞത് ശരിയാണ്, എത്രയോ ഓര്‍മകളുള്ള ഇടമാണ്…
ക്ലാസ്റൂം തുറന്നിട്ടില്ല.. അല്ലെങ്കിലും ഓര്‍മകളില്‍ ഒരിക്കലും ക്ലാസ്റൂം വരാറില്ലല്ലോ.. ക്ലാസിലേക്കുള്ള കോണിപ്പടികളും അപ്പുറത്തെ വരാന്തയും ഒക്കെയല്ലേ ഉള്ളൂ..

വിനോദ് വരും വരെ ഇവിടെ ഇരിക്കാം.. ഈ പടികളില്‍വച്ചാണ് അവള്‍ ആദ്യമായി ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞത്, അല്ല, കൈവെള്ളയില്‍ എഴുതിയത്.. പറയാന്‍ മടിയുണ്ടായിരുന്നു, പറയാതെതന്നെ അറിയാമായിരുന്നു, എങ്കിലും തുറന്നുപറയുന്നതുകൊണ്ട് രണ്ടാള്‍ക്കും വിഷമമേ ഉണ്ടാകൂ എന്ന തിരിച്ചറിവുകൊണ്ട് മിണ്ടാതിരുന്നു.. ക്ലാസ് കഴിഞ്ഞ സമയത്ത് ഒന്നുകാണാന്‍വേണ്ടി മാത്രം കോളേജിലേക്ക് വന്നുതുടങ്ങിയപ്പോഴാണ് നഷ്ടമാവാന്‍ പോകുന്നതിന്റെ ആഴം മനസിലായത്.. ഒന്നും മിണ്ടാതെ എത്രയോ നേരം ഈ കോണിപ്പടിയില്‍ ഇരുന്നു… അത്തരം ഒരു ദിവസമാണ് അവളുടെ കല്യാണക്കാര്യം പറഞ്ഞ് കളിയാക്കിയത്, കൂട്ടുകാരെയൊക്കെ പിന്നെ നീ മറക്കും എന്നു പറഞ്ഞപ്പോള്‍ അവളുടെ കണ്ണുനിറഞ്ഞു.. പിന്നെ കയ്യില്‍ വിരല്‍ത്തുമ്പുകൊണ്ടെഴുതി “you dont know how much i love you”.. ഒന്ന് കെട്ടിപ്പിടിക്കണമെന്നുണ്ടായിരുന്നു, പക്ഷേ അന്നുമിന്നും പ്രാക്റ്റിക്കലായതുകൊണ്ട് വെറുതെ കൈകോര്‍ത്തിരുന്നു.. നിറഞ്ഞ കണ്ണുകളെ തടയാതെ… അന്ന് ബസ് കയറുമ്പോള്‍ അവള്‍ നോക്കിയ നോട്ടം ഇന്നും കൊളുത്തി വലിക്കുന്നു… പറയാമായിരുന്നു, എനിക്കും ഇഷ്ടമാണെന്ന്.. നീയെത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയാമെന്നും…

ഒന്നുമുണ്ടായില്ല, പരീക്ഷ കഴിഞ്ഞു, റിസല്‍ട്ടറിഞ്ഞു, ഒരുവട്ടംകൂടി പിന്നെയും കണ്ടു. എന്റെ കൂടെ വിനോദുണ്ടായിരുന്നു, അവളുടെ കൂടെ ഗായത്രിയും.. നാലുപേരുംകൂടി ഒരുമിച്ച് അവസാനമായി കണ്ടത് അന്നായിരുന്നു.. പ്രത്യേകിച്ചൊന്നും സംഭവിക്കാത്തപോലെ കല്യാണവിശേഷങ്ങള്‍ പറഞ്ഞ് ചിരിച്ചു അവള്‍.. ഗായത്രിയുടെ കളിയാക്കലില്‍ നാണിച്ചു.. മനസില്‍ എന്തോ നീറി… ജീവിതം ഇങ്ങനെയൊക്കെയാണ് എന്നുംപറഞ്ഞ് സമാധാനിക്കാന്‍ ശ്രമിച്ചു..

പിന്നെ എപ്പോഴൊക്കെയോ ഓര്‍ത്തു.. ഓര്‍ക്കാതിരിക്കാന്‍ ആയില്ല എന്നുവേണം പറയാന്‍ .. സിന്ധുവും കുട്ടികളും ജീവിതത്തിലേക്ക് വന്നിട്ടും ഓര്‍മകളില്‍ ഇന്നും പഴയ ക്ലാസ് മുറി നിറഞ്ഞു ഇടക്കിടെ… അവള്‍ ഓര്‍ക്കുന്നുണ്ടാകുമോ എന്ന് വെറുതെ ചിന്തിച്ചു.. ഉണ്ടാവില്ല.. പ്രാരാബ്ധങ്ങള്‍ക്കിടെ എവിടെ നേരം..ഇടയ്ക്ക് ഫെയ്സ്ബുക്കില്‍ ഒന്ന് പരതി നോക്കി.. അതേ പേരില്‍ പഴയ ഫോട്ടോ ഇട്ട് അവളുണ്ട്.. പഴയ മന്ദബുദ്ധിത്തരത്തിന് മാറ്റമില്ലാത്തതിനാല്‍ ഐഡി പബ്ലിക് ആക്കി ഇട്ടിരിക്കുന്നു.. പോത്ത് എന്ന് വിളിക്കാറുള്ളത് വെറുതെയല്ല.. എന്തായാലും നന്നായി എന്നും തോന്നി, അല്ലെങ്കില്‍ എങ്ങനെ അവളുടെ വിശേഷങ്ങള്‍ അറിയും...

“നീയെവിടെയുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു” ..വിനോദിന്റെ ശബ്ദം.. ചിരിച്ചു.. കെട്ടിപ്പിടിച്ചു.. ഓര്‍മകളുടെ ഭാരംനിറഞ്ഞ കെട്ടിപ്പിടിത്തം…

“പോകാം?”
“എങ്ങോട്ട്?”
“നിന്നെക്കൊണ്ടു ചെല്ലാമെന്ന് ഒരാള്‍ക്ക് ഞാന്‍ വാക്കുകൊടുത്തിട്ടുണ്ട് “..
പെട്ടെന്ന് അവളുടെ മുഖം മനസില്‍ .. പ്രതീക്ഷയോ പരിഭ്രമമോ..എന്തൊക്കെയോ..അതറിഞ്ഞിട്ടെന്നപോലെ അവന്‍ പറഞ്ഞു… “ഗായത്രി വരും.. ബസ് സ്റ്റാന്‍ഡില്‍” ..

എന്തോ തകര്‍ന്നുവീണു.

ഗായത്രിക്ക് വലിയ മാറ്റമില്ല.. അല്പംകൂടി സുന്ദരിയായിട്ടുണ്ടോ എന്നൊരു സംശയം.. ചോദിക്കണോ കൂട്ടുകാരിയുടെ വിശേഷം..വേണ്ട.. ഇവര്‍ക്കൊന്നും അറിയില്ല, എന്തിനു വെറുതെ ഇത്രകാലം കഴിഞ്ഞ് … വേണ്ട…

“നിനക്ക് തരാന്‍ എന്നെ ഏല്പിച്ചതാണ് “… ഒരു കവര്‍ നീട്ടി ഗായത്രി പറഞ്ഞു..

എന്തിനെന്നറിയാതെ വിറയ്ക്കുന്ന കൈകളോടെ കവര്‍ വാങ്ങി… ആരും പറയണ്ട എനിക്കറിയാം ഇതവളുടേതാണ്..

ചെറിയ ഒരു കത്ത്.. പണ്ടു വിളിച്ചിരുന്ന അതേ സംബോധനയില്‍ തുടങ്ങി അവളെ വിളിച്ചിരുന്ന ചെല്ലപ്പേരില്‍ അവസാനിക്കുന്നു…
“പറയാനുള്ളതെല്ലാം കുറിച്ചിട്ടിരുന്നു സമയം കിട്ടിയപ്പോള്‍ .. അത് അയച്ചുതന്ന് സമാധാനം കെടുത്തണ്ട എന്ന് കരുതി.. ഒരു ചെറിയ പെട്ടിയുണ്ട് ഗായത്രിയുടെ വീട്ടില്‍ ഏല്പിച്ചിട്ടുണ്ട്, അതിലുണ്ട് എല്ലാം… നമ്പര്‍ലോക്ക് ആണ് .. മൂന്നക്കം.. ഏതാണ് നമ്പറെന്ന് പറയേണ്ടതില്ലല്ലോ”…

“എന്താണിതിന്റെ അര്‍ത്ഥം?”

“പറയാം “  ഗായത്രി നെടുവീര്‍പ്പിട്ടു.. “എന്താണവള്‍ എഴുതിയതെന്ന് ആദ്യം പറ.”.
“നിന്റടുത്തൊരു പെട്ടിയുണ്ടെന്ന് മാത്രം..അതെനിക്ക് വേണം”
“അത് ഞാനൂഹിച്ചു.. അതുകൊണ്ട് എടുത്തോണ്ട് വന്നിട്ടുണ്ട്.. നമ്പര്‍ലോക്കാ.. കത്തിലുണ്ടോ ഏതാ നമ്പറെന്ന്…?”
“ഇല്ല, പക്ഷേ എനിക്കറിയാം”..

ഗായത്രിയും വിനോദും അത്ഭുതം കലര്‍ന്ന സന്തോഷത്തോടെ, അല്പം വിഷമത്തോടെയും നോക്കി നിന്നു..
പെട്ടി തുറന്നു.. നാലഞ്ചു ഡയറികള്‍ …. എല്ലാ ദിവസത്തെയും ഇല്ല.. സമയം കിട്ടുമ്പോള്‍ തിയതി വച്ച് എഴുതിയിരിക്കുന്നു… എല്ലാം എനിക്കുള്ള കത്തുകളുടെ രൂപത്തില്‍ …. വായിക്കാന്‍ തുടങ്ങിയപ്പോഴേ കണ്ണുനിറഞ്ഞു, നെഞ്ചുപിടഞ്ഞു.. വയ്യ..

ഒരു ചെറിയ കുറിപ്പു് പെട്ടിയുടെ മുകളില്‍ .. “ഡയറി പിന്നെ വായിക്കാം….ഇതിനുശേഷമുള്ളത് ഇമെയിലില്‍...ഡ്രാഫ്റ്റിലുണ്ട്.. പതിയെ വായിച്ചാല്‍ മതി ….. മെയില്‍ ഐഡി ഗായത്രിയോട് ചോദിക്കൂ.. പാസ് വേഡ് നിന്റെ ഞാന്‍ തന്നെ…(പിന്നെ, ഫെയ്സ്ബുക്കില്‍ എന്റെ വിശേഷങ്ങള്‍ കാണാറുണ്ടല്ലോ അല്ലേ??)”...

തലയില്‍ കൈവച്ച് അല്പനേരം ഇരുന്നു.പിന്നെ പെട്ടിയടച്ചു എണീറ്റു.. വായിക്കല്‍ പിന്നെയാവാം.. നെറ്റ് കഫേ കാണണം..  

മെയില്‍ തുറന്നു.. ഡ്രാഫ്റ്റകളില്‍ ഡയറിയുടെ തുടര്‍ച്ചകള്‍ … അവളുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും പങ്കുവച്ചിരിക്കുന്നു.. ഞാനടുത്തുള്ളപോലെ…. എന്നോട് ആ കോണിപ്പടികളില്‍ വച്ച് സംസാരിച്ചിരുന്നതുപോലെ.. അതേ ആര്‍ദ്രതയില്‍ തീവ്രതയില്‍ … ഇത്രകൊല്ലം ...എന്നിട്ടും …

വിനോദ് വന്ന് കെട്ടിപ്പിടിച്ചപ്പോഴാണ് കരയുകയാണെന്ന് മനസിലായത്… ഗായത്രിയും കരയുന്നുണ്ടായിരുന്നു….

പെട്ടെന്നാണ് ഇടിവെട്ടിയപോലെ ഒരു സംശയം മനസിലേക്കെത്തിയത്… എന്തിന് ഇപ്പോള്‍ ഇതൊക്കെ എനിക്ക്? …… നെഞ്ചില്‍ ചുട്ടുപഴുത്ത പാറക്കല്ല് വന്നുവീണു… എന്തിന്? എന്തുപറ്റി ഇപ്പോള്‍?

ഗായത്രി ചുമലില്‍ കൈവച്ചു…
“നിനക്കവളെ കാണണോ? ആസ്പത്രിയിലാണ്, നമ്മുടെ ഗെറ്റ് റ്റുഗദറിന്റെ തലേന്ന് ഓപ്പറേഷനാണ്… അവളാണ് എല്ലാവരുടെയും അഡ്രസ് കോളേജില്‍നിന്ന് സംഘടിപ്പിച്ച് വീടുകളിലേക്ക് കത്തുകളയച്ച് , പുതിയ അഡ്രസും ഫോണ്‍നമ്പരും ഒക്കെ സംഘടിപ്പിച്ചത്.. അസുഖമാണെന്നറിഞ്ഞ അന്നു മുതല്‍ വിശ്രമമില്ലായിരുന്നു അവള്‍ക്ക് .. നിന്നെ എല്ലാവരുമായും കോണ്‍ടാക്റ്റ് ചെയ്യിക്കണമെന്നത് അവളുടെ ആഗ്രഹമായിരുന്നു.. അവള്‍ക്കും വരാനാവുമെന്ന് കരുതിയതാ.. പക്ഷേ… ഇതിപ്പോ പെട്ടെന്നാ കൂടിയേ.. ഓപ്പറേഷന്‍ വിജയിക്കാന്‍ ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സേ പറയുന്നുള്ളൂ.. അതാ ഇതൊക്കെ നിന്നെ ഏല്പിക്കാന്‍ പറഞ്ഞത്.. കഴിയാറാവുമ്പഴാ പായസത്തിന് സ്വാദ് കൂടുക എന്നൊരു തമാശയും പറഞ്ഞു ജീവിതത്തെപ്പറ്റി.”.

“ഒരു കാര്യം സമ്മതിക്കണം കേട്ടോടാ..  അവളിപ്പോഴും പണ്ടത്തെപ്പോലെത്തന്നെ ചിരിക്കും.. എന്തസുഖം വന്നാലും ഞാന്‍ ഞാന്‍തന്നെയല്ലേ എന്നാ ചോദ്യം “…

ഫോണടിച്ചു.. സിന്ധുവാണ്.. എന്താ വൈകുന്നതെന്ന്… എന്തുപറയണം...ഒരു ഫ്രന്റിനെ കണ്ടിട്ട് വരാമെന്നു പറഞ്ഞാല്‍, രണ്ടുമൂന്നു ദിവസം കഴിഞ്ഞ് എല്ലാരേം കാണണതല്ലേ എന്ന് ചോദിക്കും.. പോരാത്തേന് മോന് നല്ല സുഖവുമില്ലായിരുന്നു വരുമ്പോ … ഇപ്പോ വരാം എന്നും പറഞ്ഞ് സമാധാനിപ്പിച്ചു..

“അപ്പോ നീ പോണില്യേ ആസ്പത്രീലക്ക്?”
“ഇന്നില്ല.. ഇപ്പോ തിരിച്ചു പോയേ പറ്റൂ..”
“എങ്കില്‍ ഞങ്ങള്‍ മറ്റന്നാള്‍ പോകുന്നുണ്ട്, അപ്പോ പോകാം….ഓപ്പറേഷനു ശേഷം എന്താന്നറിയില്ല്ലല്ലോ.. അതോണ്ട് ..”

ഞെട്ടി… ഇല്ല.. “അങ്ങനെ ഒന്നും പറയണ്ട.. ഒന്നും ഉണ്ടാവില്യ..”

“പക്ഷേ..എന്തെങ്കിലും സംഭവിച്ചാല്‍ …?”

“ഇല്ല..ഒന്നൂല്യ.. നിങ്ങള്‍ പോയിട്ട് അവളോട് പറയണം, ഓപ്പറേഷന്‍ കഴിഞ്ഞ് വരുമ്പോ ഞാനവിടെ ഉണ്ടാവുമെന്ന്…എനിക്കൊരു കാര്യം പറയാനുണ്ടെന്ന്... അതുമാത്രം മതി.. എനിക്കു പറയാനുള്ളത് കേള്‍ക്കാന്‍ അവള്‍ക്ക് തിരിച്ചുവരാതിരിക്കാനാവില്ല.. ഉറപ്പ്.”

യാത്ര പറഞ്ഞു മടങ്ങവേ ബുക്സ്റ്റാളില്‍ കേറി, ബഷീറിന്റെ സമ്പൂര്‍ണകൃതികള്‍ വാങ്ങി..ബഷീറിന്റെ ആരാധികയ്ക്ക് … സാറാമ്മയാവാന്‍ കൊതിച്ചവള്‍ക്ക് , ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ കൊടുക്കാന്‍ …

Sunday 9 February, 2014

ഓം ശാന്തി ഓശാന



മൂന്നു റിവ്യൂ വായിച്ച് നല്ല അഭിപ്രായം കണ്ടപ്പോ കണ്ടേക്കാം എന്ന് കരുതി.. ഇത്തിരി പേടിയുണ്ടായിരുന്നു 1983 കണ്ടേന്റെ സുഖം കളയുമോ ന്ന്...

കളഞ്ഞില്ല, ഒട്ടും.. രണ്ടും രണ്ടുതരം സിനിമകളാണ് എന്നതിനാല്‍ത്തന്നെ താരതമ്യം അനാവശ്യം...

ഓംശാന്തി ഓശാന ഒരു സിംപിള്‍ സോഫ്റ്റ് ഫിലിം ആണ്.. പക്ഷേ അത്ര നിസ്സാരമല്ലാത്ത ചില കാര്യങ്ങള്‍ കൂളായി പറഞ്ഞുപോകുന്നുമുണ്ട്.... കണ്ടിരിക്കാവുന്ന പടം.. തെളിഞ്ഞ മനസുമായി കാണാം, തിരിച്ചുപോരാം...

എല്‍സമ്മയെ ആണ്‍കുട്ടിയായി ചിത്രീകരിച്ചപ്പോള്‍ നഷ്ടമായത് ഇവിടെ ഇത്തിരിയെങ്കിലും തിരിച്ചെടുത്തിരിക്കുന്നു എന്ന് തോന്നുന്നു.. അമ്മക്ക് ഇവള്‍ ആണ്‍കുട്ടിയാണെന്ന തോന്നലും കാലടുപ്പിച്ചിരിക്ക്, ചൂളം വിളിക്കരുത് തുടങ്ങിയ കല്പനകള്‍ നല്‍കുന്നുണ്ടെങ്കിലും അതൊന്നും അവളെ നിയന്ത്രിക്കാന്‍ പ്രാപ്തമാവുന്നുമില്ല... അമ്മ പിന്നെ അതൊട്ട് തുടരുന്നുമില്ല (സാധാരണ സിനിമകളില്‍ കാണുന്നപോലെ അന്നേ ഞാന്‍ പറഞ്ഞതല്ലേ അവളെ കയറൂരി വിടരുതെന്ന്, നിയന്ത്രിക്കണമെന്ന് തുടങ്ങിയ പരമബോറന്‍ ഡയലോഗുകളും ഇല്ല..) ..

ആണ്‍കുട്ടിയെപ്പോലെ എന്നത് സമൂഹത്തെ ബോധിപ്പിക്കാന്‍ പറഞ്ഞ ഡയലോഗായിട്ടേ എനിക്ക് തോന്നുന്നുള്ളൂ... സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിച്ചാല്‍ - സ്വതന്ത്രമായി ചിന്തിക്കാനും അനുവദിച്ചാല്‍ - ഏതു കുട്ടിയും (ആണും പെണ്ണും) ചെയ്യുന്ന കാര്യങ്ങളേ ഇതിലെ പൂജ എന്ന കഥാപാത്രവും ചെയ്യുന്നുള്ളൂ..

മക്കള്‍ക്ക് സ്വാതന്ത്ര്യം കൊടുത്ത് (കൊടുക്കേണ്ട വസ്തുതന്നെ സ്വാതന്ത്ര്യം!!!!! അവകാശമല്ലേയല്ല !!!!!) വളര്‍ത്തുന്ന അച്ഛനമ്മമാരും കല്യാണക്കാര്യത്തില്‍ മക്കള്‍ തീരുമാനമെടുക്കുമ്പോള്‍ പറയാറുള്ള സ്ഥിരം വാചകം "നിനക്കിത്ര സ്വാതന്ത്ര്യം തന്നത് തെറ്റായിപ്പോയി" എന്ന മട്ടിലാണ്.. അതിവിടെ ഇല്ല എന്നതിന് ഇതിന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് ഒരു സല്യൂട്ട്....

പെണ്‍കുട്ടികളുടെ ചന്തിക്കുപിടിച്ച് ആഘോഷിക്കുന്ന ഒരുത്തനെ തല്ലാന്‍ നായിക പോകുന്നതും അയാള്‍ തിരിച്ച് ഉപദ്രവിക്കാറാവുമ്പോള്‍ നായകന്റെ പ്രവേശവും പതിവുപോലെയാണല്ലോ എന്ന് കരുതിയപ്പോഴാണ്, അതിന്റെ പേരില്‍ കരയാത്ത നായികയെയും പെണ്ണുങ്ങള്‍ക്ക് അടക്കവും ഒതുക്കവും ഇല്ലെങ്കില്‍ ഇങ്ങനെരിക്കും എന്നു തുടങ്ങുന്ന വീരരസപ്രധാനമായ ഡയലോഗൊന്നും അടിക്കാതെ ചുമ്മാ പോകുന്ന നായകനെയും കണ്ടത്... ഹാ... അവടന്നങ്ങോട്ട് ഈ സിനിമ എടുത്തവരെ ആരാധിച്ചുതുടങ്ങി ഞാന്‍...

പറയാനാണെങ്കില്‍ കുറേയുണ്ട്... തല്ക്കാലം നിങ്ങള്‍ പോയി സിനിമ കാണൂ....

നസ്രിയ ആദ്യഭാഗത്ത് അല്പംകൂടി നിയന്ത്രിച്ച് അഭിനയിക്കാമായിരുന്നു എന്ന് തോന്നി.. ചില ഇടങ്ങളില്‍ മാത്രം... "ഇഷ്ടമുള്ളവരെ കാണുമ്പോ അടിവയറ്റില്‍ മഞ്ഞുകോരിയിടുന്ന" കാര്യം പറയുന്ന ഡയലോഗ് പറഞ്ഞ രീതി വളരെ ഇഷ്ടപ്പെട്ടു... വല്ലാത്ത ഒരു നിഷ്കളങ്കതയും കുസൃതിയും ഉണ്ട് പൂജ എന്ന നസ്രിയക്ക്...ആണിനെ വളയ്ക്കുന്ന പെണ്ണ് എന്ന ത്രെഡ് പരസ്യത്തില്‍ തന്നെ ഉപയോഗിച്ചപ്പോള്‍ സ്ഥിരം കുറേ അലവലാതിത്തരങ്ങള്‍ പ്രതീക്ഷിച്ചു.. അതില്ലാത്തതിന്, വളയ്ക്കലിന്റെ പോസിറ്റീവ് സൈഡ് കാണിച്ചുതന്നതിന് താങ്ക്സ്...

നിവിന്‍ പോളി അല്ലെങ്കിലും എനിക്കിഷ്ടപ്പെട്ട നടനാണ്.. ഇതിലും നന്നായിട്ടുണ്ട്....

എടുത്തുപറയേണ്ടുന്ന ഒരാള്‍ രണ്‍ജിപണിക്കരാണ്.. പൂജയുടെ അപ്പനായി വളരെ നല്ല പ്രകടനമാണ് രണ്‍ജിയുടേത്.. ഹരിതാഭയും ഊഷ്മളതയുമെല്ലാം കുറച്ചുനാളേക്ക് പറഞ്ഞുരസിക്കാന്‍ വകുപ്പുണ്ട്..

വിനീത് ശ്രീനിവാസന്‍, ലാല്‍ജോസ് തുടങ്ങിയ അതിഥിതാരങ്ങളും നന്നായിട്ടുണ്ട്.. വിനീതിന്റെ ടേയ്ക്ക് വണ്‍ നല്ല സന്ദര്‍ഭമാണ്....

ചുരുക്കത്തില്‍ ഇത് പൂജയുടെ കഥയാണ്, അവളുടെ കഥ അവളുടെ കാഴ്ച്ചപ്പാടിലൂടെ രസകരമായി പറയുന്നു.... കുഞ്ഞിക്കുഞ്ഞി പടങ്ങള്‍ ആസ്വദിക്കാനാവുമെങ്കില്‍ തീര്‍ച്ചയായും കാണൂ....

Friday 7 February, 2014

അച്ഛനമ്മമാരെ നോക്കണോ?

         കഴിഞ്ഞ ദിവസം കൂട്ടുകാരോടൊത്ത് പലതും പറഞ്ഞിരിക്കുന്നതിനിടയിലാണ് കുട്ടികളെക്കുറിച്ച് ചര്‍ച്ച വന്നത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഓരോ ആണ്‍കുട്ടിയേ ഉള്ളൂ. സ്വാഭാവികമായും ഇനി ഒരു പെണ്‍കുട്ടി വേണമെന്ന മോഹത്തെക്കുറിച്ചായി സംസാരം. അപ്പോള്‍ കേട്ട അഭിപ്രായം, പെണ്‍കുട്ടി വേണം, കാരണം ഇന്നത്തെ കാലത്ത് ആണ്‍കുട്ടികള്‍ അച്ഛനമ്മമാരെ നോക്കില്ല, വയസ്സുകാലത്ത് പെണ്‍കുട്ടികളേ കാണൂ എന്ന്..
കെട്ടിച്ചുവിടുന്നോണ്ട് പെണ്‍കുട്ടി ഉണ്ടായിട്ടും കാര്യമില്ല എന്ന സ്ഥിരം പല്ലവിയില്‍നിന്ന് മാറിക്കേട്ടപ്പോ ചെറിയ സന്തോഷം തോന്നി. ഇതേ അഭിപ്രായം വര്‍ഷങ്ങള്‍ക്കു മുന്‍പ് കേട്ടത് ഏട്ടന്റെ സഹപ്രവര്‍ത്തകനില്‍നിന്നാണ്. ആണ്‍കുട്ടികള്‍ മാത്രമുള്ള ‌അവര്‍ക്ക് പെണ്‍കുട്ടി വേണമെന്ന് വലിയ മോഹമായിരുന്നു, കാരണവും നേരത്തേ പറഞ്ഞതുതന്നെയായിരുന്നു. അന്നു പക്ഷേ അവരുടെ സ്ഥിരം ചില മുന്‍വിധികളില്‍ ഒന്നായി മാത്രമാണ് കണ്ടത്.
           അതേ അഭിപ്രായം ഇപ്പോള്‍ കേട്ടപ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന് സംശയമായി. പിന്നെ പറഞ്ഞു, ആണായാലും പെണ്ണായാലും നമ്മളെ നോക്കും, അത് നമ്മള്‍ അവരോട് പെരുമാറുന്നപോലെ ഇരിക്കും എന്ന്. അതല്ല, നമ്മള്‍ എത്ര നന്നായി കുട്ടികളെ വളര്‍ത്തിയാലും ഇന്നത്തെ കാലത്ത് യാതൊരു കാര്യവുമില്ല, ഒക്കെ വിധിപോലെ വരും, അവര് നോക്കിയാല്‍ നോക്കി എന്നേയുള്ളൂ എന്നാണ് മറുപടി വന്നത്. യോജിക്കാനായില്ല, ഞാന്‍ പറഞ്ഞു, അച്ചൂം പാപ്പൂം വയസുകാലത്തും എന്റെ കൂടെയുണ്ടാവും എന്ന് ഉറപ്പുണ്ടെന്ന്. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന തമാശയില്‍ ആ വിശ്വാസത്തെ നിസ്സാരമാക്കിയപ്പോള്‍ ഉറപ്പിച്ചുതന്നെ പറഞ്ഞു, അവരെന്നെ വേണ്ടെന്നു വച്ചാല്‍ അതിന്റെ ഉത്തരവാദിത്തം എനിക്കുതന്നെയാണ് എന്ന്. എന്റെ വളര്‍ത്തലില്‍ എന്തോ കുറവുണ്ടായിട്ടുണ്ട്, ഞാന്‍ പകര്‍ന്നുകൊടുത്ത സംസ്കാരത്തില്‍ എന്തോ പിശകു പറ്റിയിട്ടുണ്ട് എന്ന്..

ആ സംസാരം അവിടെ തീര്‍ന്നു. പക്ഷേ, അതുണ്ടാക്കിയ അസ്വസ്ഥത മാറുന്നില്ല..

സത്യത്തില്‍ ആ വാക്കുതന്നെ - അച്ഛനമ്മമാരെ നോക്കുക – എന്നതുതന്നെ ശരിയാണോ?

       അച്ഛന്റെ അമ്മ ഇപ്പോഴും ആരോഗ്യത്തോടെ ഉണ്ട്, തൊണ്ണൂറു വയസ്സായി, പഴയപോലെ പണികളെടുക്കാന്‍ വയ്യെന്നേയുള്ളൂ, അവനവന്റെ കാര്യം സ്വയം ചെയ്തോളും. അമ്മമ്മ ഇപ്പോള്‍ അച്ഛന്റെയും അമ്മയുടെയും കൂടെയുണ്ട്. ഇപ്പോള്‍ എന്നു പറയാന്‍ കാരണം, സ്ഥിരമായി അമ്മമ്മയെ "നോക്കുന്നത്” അച്ഛനും അമ്മയും ആണ് എന്നു പറയാന്‍ പറ്റാത്തതുകൊണ്ടാണ്. മക്കളുടെ അടുത്ത് മാറിമാറി നില്‍ക്കുകയാണ് അമ്മമ്മ ചെയ്യുന്നത്. കുറച്ചുനാള്‍ മുമ്പുവരെ അമ്മമ്മതന്നെയായിരുന്നു തീരുമാനിച്ചിരുന്നത് ആരുടെ അടുത്തേക്ക് പോകണം എന്ന്. കുറേ നാള്‍ ഒരാളുടെ അടുത്ത് നിന്നുകഴിയുമ്പോള്‍ ഒരു ദിവസം കാണാം ബാഗൊതുക്കുന്നത്, എന്നിട്ടുപറയും ഞാന്‍ അനിയന്റെ അടുത്ത് പോ‌വുന്നു, കാരണങ്ങള്‍ ആരും ചോദിക്കാറില്ല, അതിന്റെ ആവശ്യം തോന്നിയിട്ടുമില്ല.. അല്ലെങ്കിലും സ്വന്തം മക്കളുടെ അടുത്ത് മാറിമാറി നില്‍ക്കുമ്പോള്‍ ആരെയാണ് ബോധിപ്പിക്കേണ്ടത്?
      ഇപ്പോള്‍ അല്പം വയ്യാത്തതുകൊണ്ട് യാത്രകള്‍ കുറവാണ്. അമ്മയുടെ അടുത്താണെങ്കില്‍ (അച്ഛന്റെ അടുത്ത്, വെല്യച്ഛന്റെ അടുത്ത് എന്നൊന്നും വായില്‍ വരാറില്ല .. എന്താണാവോ...) അമ്മയ്ക്ക് എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ ചെറിയമ്മയുടെയോ വെല്യമ്മയുടെയോ അടുത്തേക്ക് കൊണ്ടാക്കും.. അപ്പോഴും പറയാറില്ലാത്ത വാക്കാണ്, "അമ്മയെ നോക്കുന്നത് ഞങ്ങളാണ്" എന്നത്.. അമ്മ ഇപ്പോള്‍ അനിയന്റടുത്താണ്..അമ്മ ഞങ്ങടെ അടുത്തുണ്ട് എന്നൊക്കെയല്ലാതെ "നോക്കുക” എന്ന് പറയാറേയില്ല.. അതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടേയില്ലായിരുന്നു . ഇപ്പോള്‍ പക്ഷേ ഇത്തരം ചര്‍ച്ചയുടെ ഭാഗമായപ്പോള്‍ ചിന്തിക്കേണ്ടിവരുന്നു...

      പക്ഷേ മനസിലാവുന്നേയില്ല.. എങ്ങനെയാണ് അച്ഛനമ്മമാര്‍ നോക്കേണ്ട വസ്തുവാകുന്നത്? കുട്ടികളെ വളര്‍ത്തുന്നത് അവര്‍ ഭാവിയില്‍ നമ്മളെ നോക്കുമോ ഇല്ലയോ എന്നതനുസരിച്ചാണെങ്കില്‍ അത് നമ്മുടെ പെരുമാറ്റത്തിലും കാണില്ലേ? ലാഭത്തിനുവേണ്ടി ചെയ്യുന്ന ബിസിനസ്സാണോ ജീവിതം? ലാഭം കിട്ടാതെ വരുമ്പോള്‍ ന‍ഷ്ടമാണെന്നു പറഞ്ഞ് ഉപേക്ഷിക്കാനാവുമോ? ആവും എന്നതാണല്ലോ വൃദ്ധസദനങ്ങള്‍ തെളിയിക്കുന്നത്.. അച്ഛനമ്മമാരെക്കൊണ്ട് ഇനി ഉപകാരമില്ലാത്തതുകൊണ്ട് നോക്കാന്‍ വയ്യ...!!!

എന്താണാവോ അച്ഛനമ്മമാരെക്കൊണ്ടുള്ള ഉപകാരം? കുട്ടികളെക്കൊണ്ടോ? ബന്ധുക്കള്‍? സുഹൃത്തുക്കള്‍?????

മനസിലാവുന്നില്ല....


      ഒന്നുമാത്രം അറിയാം. എന്റെ കുടുംബം എനിക്കു പകര്‍ന്നുതന്ന സംസ്കാരം - അച്ഛനമ്മമാരെ നോക്കേണ്ട കാര്യമില്ല എന്നത് - ഞാന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.. അതുതന്നെ എന്റെ മക്കള്‍ക്കും പകര്‍ന്നുകൊടുക്കാന്‍ കഴിയും.. അതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല.. അച്ഛനും അമ്മയും അവരുടെ സഹോദരങ്ങളും ജീവിച്ചപോലെ ജീവിക്കുക.. അവരെ കണ്ട് ഞങ്ങള്‍ പഠിച്ചപോലെ ഞങ്ങളുടെ മക്കളും പഠിച്ചോളും.. അത് പഠിച്ചില്ലെങ്കില്‍, ഞാന്‍ / ഞങ്ങള്‍ ജീവിച്ച രീതിയേ ശരിയല്ല എന്നു മാത്രമാണ് അര്‍ത്ഥം... 

കൂട്ടുകാര്‍