മൈലാഞ്ചി

ജാലകം

Friday, 28 June, 2013

ഇതുകൊണ്ടാണ് ഞാനിപ്പോഴും മനുഷ്യരില്‍ വിശ്വസിക്കുന്നത്...


ദൈവപരിപാലനഭവനം എന്ന ഒരു സ്ഥാപനമുണ്ട് ഇവിടെ ഇരിങ്ങാലക്കുടയില്‍.. അച്ചന്മാര് നടത്തുന്നതാണ്.. കാറും ബൈക്കും മൊബൈല്‍ഫോണും പരിവാരങ്ങളും ഉള്ള 'പരിശുദ്ധാത്മാക്കളുടെ' അല്ല.. സ്വന്തമായി ഒരു സൈക്കിള്‍ പോലുമില്ലാത്ത പാവം അച്ചന്മാരുടെ .... ഒരിക്കല്‍ അവിടെ പോയിരുന്നു.. സുധീര്‍മാഷുടെയും കഥാകൃത്ത് രേഖയുടെയും കൂടെ... പ്രായമായ കുറേപേരെ കണ്ടു..കണ്ണുകാണാന്‍ വയ്യാത്ത ഒരു അപ്പാപ്പന്‍ ഉണ്ടാക്കിയ രൂപക്കൂട്, വീഡിയോ ടേപ്പുകൊണ്ടുണ്ടാക്കിയത്, കണ്ട് അന്തംവിട്ടത് ഇപ്പഴും ഓര്‍മയുണ്ട്.. പിന്നെയും കണ്ടു കുറെ കലാവിരുതുകള്‍ .. അന്ന് അവിടത്തെ അച്ചന്മാരോട് സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു ആരുടെയെങ്കിലും ഒക്കെ സഹായംകൊണ്ടാണ് കഴിയുന്നത് എന്ന്.. ചിലര്‍ പിറന്നാളിനോ എന്തെങ്കിലും വിശേഷങ്ങള്‍ക്കോ ഒക്കെ ഊണ് കൊടുക്കാറുണ്ടെന്ന്..അതല്ലാതെയുള്ള ചെലവിന് പിരിവെടുക്കലാണ് പതിവെന്നും....
ഹൗസിങ്ബോര്‍ഡില്‍ ഇവരുടെ പിരിവ് വരാറുണ്ടോ എന്നോര്‍മയില്ല.. പകല്‍സമയം വരുന്നുണ്ടായിരുന്നിരിക്കണം.. എന്തായാലും ഇവിടെ താമസമാക്കിയ ശേഷം മാസത്തില്‍ ഒരിക്കല്‍ ഒരു പാവം അച്ചന്‍ വരാറുണ്ട്.. ആദ്യമൊന്നും റെസീറ്റ് ഇല്ലായിരുന്നു..ഇപ്പോ ഉണ്ട്... ഏതെങ്കിലും മാസം നമ്മള്‍ ഇല്ലെങ്കില്‍ കൃത്യമായി ഓര്‍ത്തുവച്ച് അടുത്തമാസം പറയും, കഴിഞ്ഞതവണ നിങ്ങളില്ലായിരുന്നുകേട്ടോ എന്ന്...അതും കൂട്ടി കൊടുത്താല്‍ മിണ്ടാതെ നടന്നുപോകും...ചിലപ്പോഴൊക്കെ കണക്കുതെറ്റാണെന്ന് തോന്നാറുണ്ട്, തലേമാസം കൊടുത്തിരുന്നു എന്നത് ഓര്‍മ വരാറുണ്ട്..ഓര്‍മിപ്പിക്കാറില്ല... പാവം തോന്നും...വലിയ ആദരവും.. മഴയായാലും വെയിലായാലും കിലോമീറ്ററുകളോളം നടന്ന് കിട്ടുന്ന തുക ആരുമല്ലാര്‍ത്തവര്‍ക്ക് ഉണ്ണാനും ഉറങ്ങാനും ജീവിക്കാനും വേണ്ടി ചെലവാക്കുന്നവരോട് തോന്നേണ്ടുന്ന വികാരം വെറും ആദരവുമാത്രമാണോ എന്നറിയില്ല.... അന്ന് ഒരച്ചന്‍ പറഞ്ഞിരുന്നു, ചിലരെ മക്കള്‍ ഇവിടെ ആക്കിക്കഴിഞ്ഞാല്‍ പിന്നെ ഒരന്വേഷണവും ഉണ്ടാവാറില്ലെന്ന്.. മരിച്ചാല്‍പോലും തിരിഞ്ഞുനോക്കാത്ത മക്കളും ഉണ്ടത്രെ... നാട്ടില്‍ത്തന്നെയുള്ള ഒരാളുടെ അപ്പന്‍ മരിച്ചപ്പോള്‍ അയാളെ വിളിച്ചു, അയാള്‍ പറഞ്ഞത്രെ..നിങ്ങള്‍ എന്താന്നുവച്ചാ ചെയ്തോ എനിക്ക് സൗകര്യമില്ല ഇപ്പോ ന്ന്. ...!!!

ഒരു തവണ അച്ചന്‍ വന്നപ്പോള്‍ ഞാന്‍ ബാത്റൂമിലായിരുന്നു.. വന്നു നോക്കിയപ്പോഴേക്കും അച്ചന്‍ പോകാന്‍ ഇറങ്ങിയിരുന്നു..വാതില്‍ തുറന്നിട്ട് അച്ചനെ വിളിച്ചു..പ്രായക്കൂടുതല്‍ കാരണം അച്ചന് ചെവി കേള്‍ക്കല്‍ കുറവായിരുന്നു..കേട്ടില്ല...ഓക്കെ, അടുത്ത തവണ കൊടുത്തക്കാം എന്ന വൃത്തികെട്ട ചിന്ത എങ്ങനെയോ മനസില്‍ വന്നു.. വാതിലടച്ച് അകത്തുകേറി ഇരുന്നിട്ട് പക്ഷേ ഇരുപ്പുറച്ചില്ല... വേണോ വേണ്ടയോ... പിന്നെ ഓടി, പിന്നില്‍നിന്ന് വിളിച്ചത് കേട്ടില്ല.. പാവം അച്ചന്‍ മെയില്‍റോഡിലെത്തിയിരുന്നില്ല...പതുക്കെയേ അച്ചന് നടക്കാനാവുന്നുള്ളൂ... ഓടി... മുന്നിലെത്തി..മാപ്പുപറഞ്ഞു...പതിവിലും അല്പം കൂടുതല്‍ പൈസ കൊടുത്തു.. ഒരു തരം പ്രായ്ശ്ചിത്തം ? തിരിച്ചുനടക്കുമ്പോള്‍ എന്തിനോ കണ്ണുനിറഞ്ഞിരുന്നു....

ഇന്നിത് എഴുതാനുണ്ടായ കാരണം, അല്പം മുമ്പ് അച്ചന്‍ വന്നിരുന്നു, ഗെയ്റ്റ് കടക്കുന്നതുകണ്ടപ്പഴേ പൈസ തപ്പാന്‍ ഓടി..അച്ചന്‍ അതുകണ്ടില്ല, ബെല്ലടിച്ചു.. ഉണ്ടായിരുന്ന ചില്ലറ മുഴുവന്‍ തപ്പിയെടുത്തുവേണ്ടിവന്നു കൊടുക്കാന്‍.. പുറത്തുചെന്നപ്പോള്‍ തിണ്ണയില്‍ ഇരിക്കുന്നുണ്ടായിരുന്നു അച്ചന്‍.. അത് പതിവില്ലാത്തതാണ്, നേരിയ മഴയുണ്ടായിരുന്നു, അതുമാവാം, വയ്യായ്കയാവണം ശരിയായ കാരണം.... എന്തായാലും ക്ഷമാപണത്തോടെ ചില്ലറ കൊടുത്തു..വിറയ്ക്കുന്ന കൈകളോടെ അതുവാങ്ങി പഴ്സിന്റെ സിബ്ബുതുറന്ന് അതിലിട്ടു...നെഞ്ചുവിങ്ങി..ഏതാണ്ട് അഞ്ചുമിനിട്ടെടുത്തു ഇത്രയും ചെയ്യാന്‍.... പിന്നെ വീണ്ടും വിറച്ചുവിറച്ച് റസീറ്റുകീറിത്തന്നു...അടുത്ത അഞ്ചുമിനിറ്റ്.... പിന്നെ മെല്ലെ എണീറ്റു... കുടയില്ലേ എന്നു ചോദിച്ചപ്പോള്‍, ഇവിടെയുണ്ട് എന്ന് താഴേക്ക് ചൂണ്ടി..മഴയായോണ്ടാ പേടി എന്നോ തെന്നും എന്നോ എന്തോ പറഞ്ഞു.. സാവധാനം ഇറങ്ങി കുട നിവര്‍ത്തി മഴയത്തേയ്ക്ക് ഇറങ്ങിനടന്നു....

Thursday, 13 June, 2013

നിങ്ങളുടെ ജോലിയും ലൈംഗികാഭിരുചിയും തമ്മില്‍ എന്ത്?


ഇന്നലെ മുംബൈ പോലീസ് കണ്ടു.. ഇഷ്ടപ്പെട്ടില്ല.. 


പ്രിഥ്വിരാജ് അസ്സലായിട്ടുണ്ട്.. റഹ്മാനും അതെ..(ചില നേരങ്ങളില്‍ നോട്ടംകൊണ്ടുപോലും റഹ്മാന്‍ വിനിമയം ചെയ്യുന്നത് കണ്ട് ആദരവ് കൂടി...) ജയസൂര്യ പതിവുപോലെ... സ്ത്രീകഥാപാത്രങ്ങളില്‍ ഒരാള്‍(ഹിമ) ഞങ്ങളുടെ പണ്ടത്തെ അയല്‍വാസി..ആദ്യസിനിമ..(ഹെയര്‍സ്റ്റൈല്‍ എനിക്ക് മനസിലായില്ല, പുതിയ ഫാഷന്‍ ആവണം, പക്ഷേ രാവിലെ എണീറ്റുവരുമ്പോ എന്റെ മുടി ഇതിലും നന്നായി ഇരിക്കും എന്ന് തോന്നിപ്പോയി..അഭിനയം നന്നായെന്നോ മോശമായെന്നോ തോന്നിയില്ല..)

കുഞ്ചന്റെ വൈകാരികസീന്‍ അത്യുഗ്രന്‍ ... എണീറ്റ് സല്യൂട്ട് ചെയ്യാന്‍ തോന്നിപ്പോയി...

മെയ്ക്കപ്പില്‍ ആക്സിഡന്റിനു ശേഷം പ്രിഥ്വിരാജിന്റെ വലത്തേകണ്ണിന്റെ ചുവപ്പ്..തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിന്റെ നേര്‍ത്ത നേര്‍ത്ത വ്യത്യാസങ്ങള്‍ ... ഉഗ്രന്‍....

അഭിനയിച്ചവര്‍ നന്നായി എന്നതുകൊണ്ടോ പ്രതീക്ഷിക്കാത്ത സസ്പെന്‍സ് ഉണ്ടെന്നതുകൊണ്ടോ ഒരു സിനിമയെ ഇഷ്ടപ്പെടാനാവില്ലല്ലോ... ഇതും അത്തരത്തില്‍പെട്ടുപോയി ഞങ്ങള്‍ക്ക്... ഞങ്ങള്‍ എന്നുപറഞ്ഞാല്‍ ഞാനും ഏട്ടനും...

ആദ്യപകുതി വല്ലാതെ ഇഴഞ്ഞതുകൊണ്ടുമാത്രം രണ്ടാംപകുതി അത്ര വലിഞ്ഞില്ലെന്ന് തോന്നി.. പിന്നെ അനാവശ്യമായ (എന്നു തോന്നിയ - ചിലപ്പോ പുതിയ സിനിമാടെക്നിക്കാണങ്കിലോ) ചില മങ്ങിയ കാഴ്ചകള്‍..

അതൊക്കെ പോട്ടെ ന്നു വച്ചാലും ഈ സിനിമയെ ഇഷ്ടപ്പെടാതിരുന്നത് അതിന്റെ ക്ലൈമാക്സ് കൊണ്ടുതന്നെ...

ഇനി പറയുന്നതില്‍ സസ്പെന്‍സ് പൊളിക്കും..അതുകൊണ്ട് ഈ സിനിമ കാണാത്ത, കാണാന്‍ ആഗ്രഹിക്കുന്നവര്‍ വായിക്കരുത്...


 ആന്റണിമോസസ് എന്ന പോലീസ് ഓഫീസര്‍ക്ക് ഓര്‍മ നഷ്ടപ്പെടുന്നതോടെ തന്റെ ലൈംഗികാഭിരുചി സ്വയം തിരിച്ചറിയാനാവാതെ പോകുന്നു എന്ന് കാണിക്കുന്നിടത്ത് തുടങ്ങുന്നു വിയോജിപ്പ്.. താന്‍ ഗേ ആണെന്നത് മറ്റൊരാള്‍ പറഞ്ഞുമാത്രം അറിയുന്നു എന്നു പറയുമ്പോള്‍, അത് സ്വാഭാവികമല്ലെന്ന് പറയാതെ പറയുകയല്ലേ ചെയ്യുന്നത്? അതായത്, ഓര്‍മയില്ലാത്ത ആന്റണിമോസസിന് പഴയ ആന്റണിമോസസിന്റെ കഴിവുകള്‍, തീരുമാനമെടുക്കാനുള്ള പ്രാപ്തി, പഠിച്ച കാര്യങ്ങളുടെ ഓര്‍മ എല്ലാം ഉണ്ടാവും എന്ന് ഉറപ്പിച്ചു പറയുമ്പോള്‍ സ്വാഭാവികമായും തനത് വിചാരവികാരങ്ങളും അതില്‍ ഉള്‍പ്പെടേണ്ടതല്ലേ? അതുണ്ടാവുന്നില്ല, അതുപോട്ടെന്നു വച്ചു.. ഗേ ആണെന്നറിയുമ്പോഴുള്ള നിലവിളിയും,  നമ്മുടെ സമൂഹത്തിന്റെ പൊതുബോധത്തിനകത്താണ് ഓര്‍മ നഷ്ടപ്പെട്ട ആന്റണിമോസസ് എന്ന ന്യായത്തില്‍ കണ്ടില്ലെന്ന് വച്ചു...

അപ്പോ ദേ വരുന്നു ജയസൂര്യ കിടിലന്‍ ‍ഡയലോഗുകളുംകൊണ്ട്... ഇനിയെന്തൊക്കെ മറച്ചുവച്ചിട്ടുണ്ടെന്ന ചോദ്യവും നിന്റെ ജീവിതം നിന്റെ ഇഷ്ടം എന്ന പറച്ചിലും സ്വാഭാവികം.. നീയെനിക്ക് ചെയ്ത സഹായമൊക്കെ ഇത്തരം ഒരു കാര്യത്തിനായിരുന്നോ എന്ന് സംശയമാകുന്നു എന്ന് പറയുമ്പോള്‍ പക്ഷേ കാര്യങ്ങള്‍ മാറുന്നു.. ഒരാള്‍ ഗേ ആണെന്ന് കരുതി എല്ലാ ആണുങ്ങളോടും അയാള്‍ക്ക് ലൈംഗികതാല്പര്യം ഉണ്ടാവുമോ? അങ്ങനെയാണെങ്കില്‍ അതേ ന്യായം വച്ച് സ്ട്രെയ്റ്റ് ആയ ജയസൂര്യക്ക് എല്ലാ പെണ്ണുങ്ങളോടും ഇത് തോന്നണമല്ലോ.. ഒരാള്‍ ഗേ ആണെന്നു കരുതി അയാള്‍ക്ക് ആണ്‍സുഹൃത്തുക്കള്‍ (കൂട്ടുകാര്‍ - ലൈംഗികപങ്കാളിയല്ല) ഉണ്ടാവരുതെന്നുണ്ടോ? ഗേ അല്ലാത്ത പുരുഷന് സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടാവുകയില്ല എന്ന്, ആണിനും പെണ്ണിനും കൂട്ടുകാരായിരിക്കാന്‍ കഴിയില്ല എന്ന് കരുതുന്ന സമൂഹത്തിന് ഇത് ഇങ്ങനെയേ കാണാന്‍ കഴിയുള്ളൂവായിരിക്കും..

അതിലും കടുത്തതായി തോന്നിയത്, പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ ആന്റണി ചെയ്തുകൂട്ടിയ പരാക്രമങ്ങള്‍ പൗരുഷമില്ലായ്മയെ മറച്ചുവക്കലായി കണക്കാക്കുന്നു എന്നയിടത്താണ്. അത് വ്യക്തമായിത്തന്നെ ജയസൂര്യയുടെ കഥാപാത്രം(ആര്യന്‍) പറയുന്നുമുണ്ട്. പൊലീസ് ഓഫീസറായി ആരെയും കൂസാത്തവനായി കേമനായി നിന്നിരുന്ന കഥാപാത്രം ഗേ ആണ് എന്നറിയുന്നതോടെ കഴിവുകെട്ടവനും ആ കഴിവുകേടിനെ മറച്ചുവക്കുന്ന വഞ്ചകനും ആകുന്നു.. !!! ലൈംഗികന്യൂനപക്ഷത്തോട് (വാക്ക് ശരിയാണോ എന്നറിയില്ല...ലെസ്ബിയന്‍-ഗേ തുടങ്ങിയ ഭിന്നാഭിരുചിയുള്ളവരെ കുറിക്കാനാണ് ഇവിടെ പ്രയോഗിച്ചത്) എത്രമാത്രം മനുഷ്യത്വരഹിതമായ കാഴ്ചപ്പാടാണ് നമുക്കുള്ളതെന്ന് തോന്നിപ്പോയി ...

തീര്‍ന്നില്ല..ഇത് റിപ്പോര്‍ട്ട് ചെയ്യേണ്ടത് തന്റെ കടമയാണെന്നും വേണ്ട നടപടി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എടുത്തുകൊള്ളുമെന്നും ഭീഷണി മുഴക്കിയാണ് ആര്യന്‍ പോകുന്നത്. ഇതില്‍ ടെന്‍ഷനടിക്കുന്ന ആന്റണിയും പങ്കാളിയും എങ്ങനെയെങ്കിലും അത് തടയാന്‍ വഴികള്‍ ആലോചിക്കുന്നു.. എല്ലാം തീരും എന്നാണ് പേടി.. അതായത്, തങ്ങളുടെ ലൈംഗികാഭിരുചി തീര്‍ത്തും മറച്ചുവക്കപ്പെടേണ്ടതാണെന്നും അത് പുറംലോകമറിഞ്ഞാല്‍ അതോടെ ജീവിതം തുലഞ്ഞെന്നും കരുതുന്നു.. പൊതുസമൂഹം ഇത് അംഗീകരിച്ചിട്ടില്ല എന്നത് ശരിതന്നെ. പക്ഷേ ആര്യന്റെ ഭീഷണിയില്‍ ആന്റണി ഭയപ്പെടേണ്ടതുണ്ടോ? ഒരു പൊലീസ് ഓഫീസറെ അയാളുടെ ലൈംഗികതാല്പര്യം വച്ചാണോ അളക്കുന്നത്? അതോ അയാളുടെ കഴിവുകള്‍ വച്ചോ? ഏതു മേഖലയെയും എന്തുകൊണ്ടാണ് നമ്മള്‍ ലൈംഗികതകൊണ്ട് അളക്കുന്നത്? ആ അളവുകോല്‍ പിന്‍തുടരുന്നു അല്ലെങ്കില്‍ അംഗീകരിക്കുന്നു എന്നതുകൊണ്ടാണല്ലോ ആന്റണിക്ക് കൂട്ടുകാരനായ ആര്യനെ കൊല്ലേണ്ടിവരുന്നത്..കാരണം ആര്യന്‍ ജീവിച്ചിരുന്നാല്‍ ഇല്ലാതാവുന്നത് ആന്റണിയുടെ അസ്തിത്വമാണ്.!!! ഗേ ആണ് എന്ന ഓര്‍മ പോലും ഇല്ലാതായ - തനി "പുരുഷനായ" ആന്റണിയാണ് വിജയകരമായി കേസ് അവസാനിപ്പിക്കുന്നത് എന്നതുംകൂടി ഓര്‍ക്കേണ്ടതുണ്ട്..

ചുരുക്കിപ്പറഞ്ഞാല്‍ ലൈംഗികന്യൂനപക്ഷത്തിന് സ്വന്തമായ അസ്തിത്വമില്ല - എതിര്‍ക്കപ്പെടേണ്ടവരും വെറുക്കപ്പെടേണ്ടവരും ആണ് അവര്‍, മറച്ചുവക്കപ്പെടേണ്ടതാണ് അവരുടെ താല്പര്യങ്ങള്‍ - എന്ന പൊതുധാരണക്ക് അടിവരയിടുന്നതാണ് ഈ സിനിമയിലെ ക്ലൈമാക്സ്....


അതിനോടുള്ള ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള എന്റെ അവകാശം ഇവിടെ ഇത്തരത്തില്‍ വിനിയോഗിക്കുന്നു..

Wednesday, 20 March, 2013

കുറ്റവാളികളില്‍ നിങ്ങളില്ലെങ്കില്‍ ന്യായീകരിക്കാതിരിക്കുക...


"ജീന്‍സും ടീഷര്‍ട്ടും ഇട്ട പെണ്ണും സാരിയുടുത്ത പെണ്ണും എന്നില്‍ ഉണ്ടാക്കുന്ന വികാരം ഒന്നല്ല...ആ വ്യത്യാസം മനസിലാക്കാതെ വേഷംകെട്ടിയാല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും....ചിലര്‍ നിയന്ത്രിച്ചേക്കും ..പക്ഷേ എല്ലാവരും അത് ചെയ്യണമെന്നില്ലല്ലോ.."ഒരു കൂട്ടുകാരന്‍ പറഞ്ഞതാണ്..

വീണ്ടും ചിന്തകള്‍ കാടുകേറാന്‍ തുടങ്ങി. ഇതാദ്യമായല്ല ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുന്നത്. മതത്തിന്റെയോ മറ്റേതെങ്കിലുമോ അധികാരത്തിലിരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിക്കേള്‍ക്കാറുണ്ട്. ചില കൂട്ടുകാരെങ്കിലും അതേറ്റുപിടിച്ച് 'മാന്യമായ' വസ്ത്രധാരണത്തെക്കുറിച്ചും ഇല്ലെങ്കിലുണ്ടാകാവുന്ന പ്രശ്നങ്ങളെപ്പറ്റിയും ഒക്കെ പറയുമ്പോള്‍ ആദ്യമൊക്കെ വല്ലാതെ ദേഷ്യം വന്നിരുന്നു. തര്‍ക്കിക്കുകയും ചെയ്തിരുന്നു. പിന്നീട് ദേഷ്യം ഒന്നിനും പരിഹാരമല്ല എന്ന് മനസിലാക്കി, പരമാവധി മയത്തില്‍ കാര്യം പറയാന്‍ നോക്കും. പലരുടെയും പോയ്ന്റ് ഒന്നുതന്നെയാണ്. പ്രകോപനം പാടില്ല, ഞങ്ങള്‍ ആണുങ്ങള്‍ക്ക് പെട്ടെന്ന് പ്രകോപനം വന്നേക്കും, നിങ്ങള്‍ സൂക്ഷിക്കണം.

ശരി, സൂക്ഷിക്കാം. പക്ഷേ, എന്താണ് മാന്യമായ വേഷം
 ഒരാള്‍ക്ക് സാരിയാണ് ഏറ്റവും മാന്യം. അപ്പോ വേറൊരാള്‍ക്ക് സാരിയോളം സെക്സിയായ വേശമില്ല. ചുരിദാറിന്റെ സ്ലിറ്റ് ഒരാള്‍ക്ക് പ്രശ്നമാണെങ്കില്‍ വോറൊരുത്തന് അത് വിഷയമേയല്ല, പക്ഷേ കഴുത്തിറങ്ങിയിട്ടുണ്ടെങ്കില്‍ അറിയാതെ നോക്കിപ്പോകും. ജീന്‍സ് വെരി അണ്‍റൊമാന്റിക് എന്നൊരാള്‍. റ്റൂ സെക്സി എന്ന് വേറൊരാള്‍. മുഴുവന്‍ മൂടിയ പര്‍ദയില്‍ ഇത്തിരി കാണുന്ന മുഖമാണ് കൊതിപ്പിക്കുന്നതെന്ന് ഇനിയൊരാള്‍
 
പറയാന്‍ തോന്നുന്നത്, നിങ്ങള്‍ ആദ്യം ഒരു പൊതു ധാരണ ഉണ്ടാക്കൂ, ഇനി മുതല്‍ ഇന്നയിന്ന വസ്ത്രം ധരിച്ചാല്‍ പ്രകോപിതരാവില്ല, ഇന്നയിന്നത് ധരിച്ചാല്‍ ആവാം എന്ന്. അപ്പോ ഞങ്ങള്‍ക്കും എളുപ്പമാകുമല്ലോ.

സത്യത്തില്‍ ഇതാണോ പ്രശ്നം? എന്റെ കൂട്ടുകാരോട് ഈ ചര്‍ച്ചക്കിടെ ഞാന്‍ ചോദിച്ചിരുന്നു, കേവലം ആകര്‍ഷണത്തിന്റെയോ, കാഴ്ചസുഖത്തിന്റെയോ അപ്പുറം ഈ വസ്ത്രങ്ങള്‍ അവരെ ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്നുണ്ടോ എന്ന്
 
ഇല്ല എന്നുമാത്രമല്ല ആരും പറഞ്ഞത്. അത് തങ്ങളുടെ പെഴ്സനല്‍ മേന്മയാണെന്നും എല്ലാവരും തങ്ങളെപ്പോലെയാവണമെന്നില്ലെന്നും ഓരോരുത്തരും പറഞ്ഞു!! (എന്റെ ഭാഗ്യംകൊണ്ടാവണം, തനിക്കിഷ്ടമില്ലാത്ത പെണ്ണിനെ തൊടാന്‍ തോന്നാത്ത, ഇഷ്ടമുള്ള പെണ്ണിനെ അവളുടെ സമ്മതത്തോടെ മാത്രം തൊടാന്‍ ആഗ്രഹിക്കുന്നവരാണ് ഈ കൂട്ടുകാരെല്ലാം..). പക്ഷേ, അപരന്‍ അങ്ങനെയല്ലെന്ന് അവര്‍ക്ക് ഉറപ്പുമുണ്ട്. അതുകൊണ്ട് സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട എന്ന്
 
തങ്ങളുടെ സംസ്കാരമാണ് ഇതെന്നും എല്ലാവരില്‍നിന്നും ഈ സംസ്കാരം പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പ്. അപ്പോള്‍, ഇതേ സംസ്കാരം പ്രചരിപ്പിക്കുകയല്ലേ വേണ്ടത്? അതു സാധ്യമല്ല എന്നുകരുതാന്‍ ഏതു മുന്‍വിധിയാണ് നമ്മെ തടയുന്നത്?

വസ്ത്രമാണ് പ്രശ്നം, സ്ത്രീകള്‍ അടങ്ങിയൊതുങ്ങി ഇരിക്കാത്തതാണ് പ്രശ്നം എന്നു പറഞ്ഞവരോട് മൂന്നു ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചത്
 
ഒന്ന്, ആറുമാസം പ്രായമുള്ള കുഞ്ഞും എണ്‍പതുവയസുള്ള വൃദ്ധയും ആക്രമിക്കപ്പെട്ട നാടാണിത്. പതിനഞ്ചിനും നാല്പത്-നാല്പത്തഞ്ചിനും ഇടയിലുള്ള സ്ത്രീകള്‍ 'മാന്യമായ' വേഷം ധരിച്ചാല്‍ ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാവുമോ?

രണ്ട്, ആണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളും ഒട്ടും കുറവല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതും വസ്ത്രധാരണത്തിന്റെ പ്രശ്നമാണോ?

മൂന്ന്, കൊച്ചുപെണ്‍കുട്ടികള്‍ സെക്സ് എന്താണെന്നറിയും മുന്‍പേ സെക്സ് മാര്‍ക്കെറ്റില്‍ വരുന്നു, അവര്‍ക്കാണ് ഡിമാന്റ് എന്നാണ് കേള്‍ക്കുന്നത്. ഇതും വസ്ത്രം 'ശരിയായി' ധരിച്ചാല്‍ മാറുമോ?

മാറും എങ്കില്‍ ഞാനും എന്റെ കൂടെയുള്ളവരും ഇനി മുതല്‍ അവര്‍ പറയുന്ന വേഷമേ ഇടൂ എന്നും പറഞ്ഞു. മൌനമാണ് ആദ്യമറുപടി. പിന്നെ, നിത്യജീവിതത്തില്‍ നാം നേരിടുന്ന പ്രശ്നങ്ങളെയും സെക്സ് റാക്കറ്റ് പോലുള്ള സാമൂഹ്യപ്രശ്നങ്ങളെയും ഒരുപോലെ കാണാനാവില്ല എന്നും, നമ്മള്‍ ഇടപെടുന്ന ചെറിയ ലോകത്തില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് പറയുന്നതെന്നും..

എന്തുകൊണ്ട് നിത്യജീവിതത്തില്‍ നേരിടുന്ന 'ചെറിയ' അപമാനങ്ങള്‍ സാമൂഹ്യപ്രശ്നമല്ല? എങ്ങനെയാണത് ചെറുതാവുന്നത്? മാത്രമല്ല, പറഞ്ഞുതുടങ്ങിയത് സ്ത്രീകള്‍ക്കുനേരെയുള്ള പൊതുവായ അക്രമങ്ങളെയും അപമാനശ്രമങ്ങളെയും കുറിച്ചല്ലേ? അപ്പോള്‍ അതൊരു സാമൂഹ്യപ്രശ്നമായിക്കണ്ട് അതിനെതിരെ തിരിയേണ്ടത് ഓരോരുത്തരുടെയും കടമയാണ്. പരസ്പരം കുറ്റപ്പെടുത്തലല്ല ആവശ്യം. ആരോഗ്യകരമായ ബന്ധങ്ങള്‍ ഉണ്ടാക്കുക, നിലനിറുത്തുക എന്നതാണ്.

അതിനെന്തു ചെയ്യണമെന്നത് കൂട്ടായ ആലോചന ആവശ്യപ്പെടുന്ന ഒന്നാണ്. പക്ഷേ, ഇവിടെയും എന്തോ ഒരു അസ്വാരസ്യം കിടക്കുന്നു.
എന്തുകൊണ്ടാണ് സ്വയം സംസ്കാരമുള്ളവരാണെന്ന് പറഞ്ഞവര്‍ പിന്നെ ഇത്തരം വാദഗതികള്‍കൊണ്ട് പ്രതികളെ ന്യായീകരിക്കുന്ന നിലപാടെടുക്കുന്നത്? ഒരുപക്ഷേ, അറിയാതെയാവാം. പക്ഷേ, എന്തുകൊണ്ട് ?

ഇതിനുത്തരമെന്ന് തോന്നിയ നിഗമനത്തിലെത്താന്‍ സഹായിച്ചത് മറ്റു ചിലരുടെ വാക്കുകളാണ്

 അപമാനകരമായ പെരുമാറ്റങ്ങളും പ്രവര്‍ത്തികളും കൂടിയ അവസ്ഥയില്‍, പുരുഷനായതില്‍ ലജ്ജിക്കുന്നു എന്നും മൊത്തം പുരുഷന്മാര്‍ക്കുംവേണ്ടി എല്ലാ സ്ത്രീകളോടും മാപ്പുചോദിക്കുന്നു എന്നും ഹൃദയത്തില്‍ത്തട്ടി പറഞ്ഞ ചിലരുണ്ട്.  

ഒരുപക്ഷേ, ഇതിന്റെ മറുവശമായിക്കൂടേ ആ ന്യായീകരണങ്ങള്‍? പുരുഷവര്‍ഗത്തിന് കളങ്കമുണ്ടാക്കിയവരെ ന്യായീകരിച്ച് മറുവശത്ത് കുറ്റം ചുമത്തിയാല്‍ താനുള്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് ആശ്വസിക്കാമെന്ന അബോധവിചാരം ആവുമോ ഇതിനു പിന്നില്‍
 
അങ്ങനെയെങ്കില്‍ സുഹൃത്തുക്കളേ, നിങ്ങള്‍ ചെയ്യേണ്ടത്, പുരുഷവര്‍ഗത്തിനു അപമാനമുണ്ടാക്കുന്നവരെ തിരിച്ചറിയുകയും, അവര്‍ക്ക് പ്രോത്സാഹനമാകുന്ന ബാലിശവാദങ്ങളെ പ്രചരിപ്പിക്കാതിരിക്കുകയും സര്‍വോപരി നിങ്ങളിലുള്ള നല്ല സംസ്കാരത്തെ പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയുമാണ്.
തെറ്റുചെയ്യുന്ന പെണ്ണുങ്ങള്‍ മൊത്തം പെണ്ണുങ്ങളെ പ്രതിനിധീകരിക്കാത്തപോലെത്തന്നെ, ആണുങ്ങളിലെ ക്രിമിനലുകള്‍ മൊത്തം ആണ്‍വര്‍ഗത്തെ പ്രതിനിധീകരിക്കുന്നില്ല. അതുകൊണ്ട് ഇവരെ ന്യായീകരിക്കാനുള്ള ബാധ്യത നമുക്കില്ല എന്ന തിരിച്ചറിവാണ് വേണ്ടത് എന്നുതോന്നുന്നു. ആണും പെണ്ണും ചേരിതിരിഞ്ഞല്ല ഈ പ്രശ്നങ്ങളെ നേരിടേണ്ടത്. ഒന്നിച്ചുതന്നെയാണ്. പരസ്പരം കുറ്റപ്പെടുത്തുന്നതിലൂടെ നാം രക്ഷിക്കുന്നത് കുറ്റവാളികളെയാണ്, സമൂഹത്തെയല്ല.

Tuesday, 12 March, 2013

തമാശയുടെ അതിര് ...


ഇന്നലെ ഒരു കഥ കേട്ടു.....തമാശക്കഥ....പറഞ്ഞയാ

ളോ അയാളോട് പറഞ്ഞയാളോ അത് കേട്ടിരുന്ന് ചിരിച്ചവരോ ഒന്നും ഇവിടെ പ്രസക്തമല്ല...(അതെന്തുകൊണ്ടെന്ന് പിന്നെ പറയാം..)....കഥ വിസ്തരിക്കുന്നില്ല.. പലരും കേട്ട കഥയായിരിക്കണം... 
 
ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു പെണ്‍കുട്ടി ദുഷ്ടാ എന്നെ വിടൂ,....... ദുഷ്ടാ വിടൂ........എന്ന് പറഞ്ഞ് പറഞ്ഞ് ഒടുക്കം ദുഷ്ടേട്ടാ......ദുഷ്ടേട്ടാ......ദുഷ്.......... എന്നിങ്ങനെ ആവുന്നത്...(മനോധര്‍മം അനുസരിച്ച് വികാരം കൊടുത്ത് വായിക്കാവുന്നതാണ്..)...
 
അവര്‍ക്ക് ഇതൊരു തമാശ മാത്രമായിരുന്നു.. എനിക്ക് പക്ഷേ വേദനിച്ചു..നല്ലവണ്ണം.......ബലാത്സംഗം എന്ന ക്രൂരകൃത്യത്തെ എങ്ങനെയെല്ലാം ലഘൂകരിക്കാം എന്നതിന്റെ ചെറിയ ഒരുദാഹരണം മാത്രമാണ് ഈ കഥ....ഇത്തരം പല പല കഥകള്‍ ഇറങ്ങിക്കാണണം..ഇപ്പോഴല്ല, പണ്ടുതന്നെ... കാലടി യൂണിവേഴ്സിറ്റിയുടെ ഏതോ കൊല്ലത്തെ മാഗസിനില്‍ വന്ന കഥ ഒരു സുഹൃത്ത് വായിക്കാന്‍ തന്നത് ഓര്‍ക്കുന്നു... തിരക്കുള്ള ബസില്‍ പെണ്‍കുട്ടികളുടെ സ്പര്‍ശനസുഖത്തിനായി മുന്‍വാതിലിലൂടെ ഡീസന്റ് ചമഞ്ഞ് കയറുന്ന ഒരു പൂവാലന്റെ കഥ.... മാന്യനാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് എന്ന് പറഞ്ഞുവക്കുന്നിടത്തുമാത്രം ആ കഥ പോസിറ്റീവാണ്.. പിന്നീട് പക്ഷേ, ഒരു പെണ്‍കുട്ടിയെ ഇയാള്‍ തോണ്ടാനും പിടിക്കാനും തുടങ്ങുമ്പോള്‍ പുറമേക്ക് എതിര്‍ക്കുന്ന കുട്ടി വാസ്തവത്തില്‍ ആസ്വദിക്കുകയാണെന്നും പറഞ്ഞ് വിസ്തരിക്കുമ്പോള്‍ നേരത്തേ പറഞ്ഞ കഥയില്‍നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലാത്ത മനോഭാവംതന്നെയാണ് കാണുന്നത്.....(ബസില്‍ സ്ഥലമില്ലാതെ പിന്നിലേക്ക് നീങ്ങിനില്‍ക്കേണ്ടിവരുന്ന പെണ്ണുങ്ങള്‍ തോണ്ടല്‍ ആഗ്രഹിക്കുന്നു എന്ന് കരുതുന്നവര്‍ ഏറെയുണ്ടത്രെ!! ഞാന്‍ ഞെട്ടി..) ..നിര്‍ദോഷമെന്ന് കരുതപ്പെടുന്ന തമാശകളിലൂടെയായാലും കഥകളിലൂടെയായാലും ഇത്തരം വാദഗതികള്‍ പ്രചരിപ്പിക്കുമ്പോള്‍ ഒട്ടും നിര്‍ദോഷമല്ലാത്ത, തികച്ചും ദോഷകരമായ, ആശയങ്ങളെയാണ് കൈമാറുന്നത് എന്നത് പലരും അറിയാതെ പോകുന്നു..
ഇതിനൊക്കെ ഇത്ര പറയാനുണ്ടോ, ഇതൊക്കെ ഒരു ചെറിയ തമാശയായി കണക്കാക്കിയാല്‍ പോരേ എന്നാവും പലരുടെയും ചോദ്യം.. പോര എന്നുതന്നെയാണ് എന്റെ ഉത്തരം... തമാശക്കും ഒരതിരുണ്ട് എന്ന് നമ്മള്‍ പറയാറില്ലേ? ഇവിടെ ആ അതിര് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു...

ഒന്നാമത്തെ കാര്യം, ബലാത്സംഗം ഒരു ലൈംഗികപ്രവൃത്തിയായി കാണാന്‍ കഴിയില്ല എന്നതാണ്. അത് അധികാരത്തിന്റെ പ്രകടനമാണ്.. ഏതു ബലാത്സംഗവും അങ്ങനെയാണ്..ലിംഗാധികാരത്തിന്റെ
, രാഷ്ട്രീയാധികാരത്തിന്റെ, ജാതിഅധികാരത്തിന്റെ അങ്ങനെ അങ്ങനെ പലവിധം അധികാരങ്ങള്‍... ബലാത്സംഗം എന്നതുമാത്രമല്ല, സമ്മതമില്ലാതെയുള്ള ഏതു പെരുമാറ്റവും ഇത്തരത്തില്‍ത്തന്നെയാണ്. ഭീഷണിയോ സമ്മര്‍ദ്ദമോ ഉപയോഗിച്ചുള്ള സമ്മതംപോലും ഇത്തരത്തില്‍ത്തന്നെവേണം കണക്കാക്കാന്‍ ... പെണ്‍കുട്ടികളുടെ നേരെ മാത്രമല്ല, ആണ്‍കുട്ടികളുടെ നേരെയും അക്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്.. ഇതൊന്നും ആരുടെയും സമ്മതപ്രകാരമല്ല നടക്കുക.. നിസ്സാരം എന്നുപറയപ്പെടുന്ന തോണ്ടലായാലും ഭീകരബലാത്സംഗങ്ങളായാലും ഇരയുടെ -ആണോ പെണ്ണോ ആവട്ടെ - ഒരു സമയത്തുമുള്ള സമ്മതം ഉണ്ടാവില്ല.. കാരണം അത് ബലപ്രയോഗമാണ്, സ്നേഹമോ കാമമോ പോലും അല്ല.... അതുകൊണ്ടുതന്നെ പുറമേക്ക് എതിര്‍ക്കുന്നവര്‍ അകമേ ആസ്വദിക്കും എന്ന് പറയുന്നതും, ആദ്യം എതിര്‍ക്കുന്നവര്‍ പിന്നീട് സുഖിക്കും എന്ന് പറയുന്നതും ഒരുപോലെ ക്രൂരമാണ്.. കേവലം ലൈംഗികമായി കാണുന്നതുകൊണ്ടാണ്, അവസാനനിമിഷത്തെ "സുഖം" ഉണ്ടാവും എന്ന തോന്നല്‍ കടന്നുവരുന്നത്....അത് മറ്റൊരു തെറ്റിദ്ധാരണയാണ്.. സ്ത്രീലൈംഗികതയെക്കുറിച്ച് അറിയാത്തതുമൂലം....അതിവിടെ തല്കാലം പറയാന്‍ ഉദ്ദേശിക്കുന്നില്ല..
രണ്ടാമത്തെ കാര്യം, ഇത്തരം തമാശകള്‍, കഥകള്‍ എല്ലാം പറയുകയും തമാശയായിത്തന്നെ കാണുകയും മറ്റുപലരോടും പറയുന്നവര്‍ അവര്‍ അറിയാതെതന്നെ ബലാത്സംഗത്തെ ന്യായീകരിക്കുകയാണ് എന്നതാണ്. എനിക്കറിയാം ഇന്നലെ കഥ പറഞ്ഞയാളോ, അയാളോട് പറഞ്ഞയാളോ ഒന്നും ഒരു പെണ്‍കുട്ടിയെയും അനാവശ്യമായി തൊടുകപോലും ഇല്ലെന്ന്..അവരെയും അവരുടെ സുഹൃത്തുക്കളെയും എനിക്ക് വിശ്വാസമാണ്.(അതുകൊണ്ടാണ് ആരെന്ന് പറയുന്നില്ല എന്ന് പറഞ്ഞത്..ഇവര്‍ മാത്രമല്ല ഇത്തരം കഥകള്‍ പറയുന്നത് എന്നതിനാലാണ് ഇവിടെ പേരുകള്‍ പ്രസക്തമല്ലാത്തതും.) പക്ഷേ, അറിയാതെയെങ്കിലും ഒരു ക്രൂരതയെ വെള്ളതേക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അവര്‍ തിരിച്ചറിയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു...

മൂന്നാമത്തേത്, ഇത്തരം കഥകള്‍ പറയുന്നവരുടെ ഒരു സമാധാനം എന്റെ പെങ്ങള്‍, എന്റെ ഭാര്യ, എന്റെ കൂട്ടുകാരി, എന്റെ മകള്‍, എന്റെ അമ്മ ആക്രമിക്കപ്പെട്ടിട്ടില്ല എന്നതാണ്.. (ആക്രമിക്കപ്പെടുകയുമില്ല എന്നതും ?) .. പക്ഷേ, പൊതുവെ നമ്മുടെ നാട്ടില്‍ ഇഷ്ടമില്ലാത്ത നോട്ടവും വാക്കും സ്പര്‍ശവും അനുഭവിക്കാതെ ഒരു പെണ്‍കുട്ടിയും പെണ്ണാവുന്നില്ല എന്നതാണ് സത്യം.. അത് ആസ്വദിക്കുകപോയിട്ട് സാരമില്ലെന്നു വക്കാന്‍പോലും പറ്റുമെന്ന് തോന്നുന്നില്ല... പെങ്ങളോടു ചോദിക്കൂ, ആദ്യമായി ശരീരം അപമാനമാണെന്ന് തോന്നിയത് എപ്പോഴാണെന്ന്..നിങ്ങളെ വിശ്വാസമുണ്ടെങ്കില്‍ അവള്‍ പറഞ്ഞുതരും അവളുടേതല്ലാത്ത തെറ്റുകള്‍ക്ക് അവള്‍ സ്വയം കുറ്റപ്പെടുത്തിയത് എപ്പോഴൊക്കെയാണെന്ന്...


പിന്നെ, പ്രധാനപ്പെട്ട മറ്റൊരു കാര്യം, നമ്മള്‍ അടുത്ത തലമുറയ്ക്ക് കൊടുക്കുന്ന സന്ദേശം എന്താണ് എന്ന്, വേണ്ട, സ്വന്തം തലമുറയോട് ചെയ്യുന്നത് എന്താണ് എന്നത് ഇവരാരും ആലോചിക്കുന്നില്ല എന്നതാണ്.....വാക്കുകള്‍ സംസ്കാരത്തെയാണ് വഹിക്കുന്നത്.. നമ്മുടെ സംസ്കാരത്തില്‍ (ആര്‍ഷഭാരതഒലക്കപ്പിണ്ണാക്കല്ല.
!!!.....ജീവിതം - അതിന്റെ ചുറ്റുപാട്..നിലപാടുകള്‍- സഹജീവികളോടുള്ള പെരുമാറ്റം- സമൂഹത്തോടുള്ള കടമ ഇങ്ങനെ പലതും ആണത്.. ) മെല്ലെ മെല്ലെ വിഷം കലര്‍ത്തുന്ന പ്രവൃത്തിയാണ് അബോധമായെങ്കിലും ഇവിടെ നടക്കുന്നത്.. അതുകൊണ്ട്, പ്രിയപ്പെട്ടവരേ, പറയുംമുമ്പ് ചിന്തിക്കണം പലപ്പോഴും...

Monday, 18 February, 2013

അച്ചൂന്റെ ദൈവം


കഴിഞ്ഞ ദിവസം അച്ചു സ്കൂളില്‍നിന്നു വന്ന് സാധാരണപോലെ വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി..അവന്റെ വിശേഷങ്ങള്‍ മിക്കവാറും ഇന്റര്‍വെല്‍ സമയത്ത് കളിച്ച ക്രിക്കറ്റിന്റെ കമന്ററി ആവാറാണ് പതിവ്."അമ്മേ ഞാനിന്ന് ഉഗ്രന്‍ ഷോട്ടടിച്ചു, .. ഇന്ന് ഷാഹില് സൂപ്പര്‍ ബോളിംഗാര്‍ന്നു, ഞാന്‍ ഡക്കിന് ഔട്ടായി... വിവേകിന്റെ ഇന്നത്തെ ക്യാച്ച് എന്തുട്ടാ ക്യാച്ച് ന്നറിയോ.." ഇങ്ങനെ പോകും...
ഇന്നങ്ങനെ ആയിരുന്നില്ല. "ഇന്ന് ഞാനും ബാലൂം തമ്മില് ഭയങ്കര വാദിക്കലാര്‍ന്നു..അവന്‍ പറഞ്ഞു എല്ലാം ദൈവത്തിന്റെ സൃഷ്ടിയാന്ന് .. ഞാന്‍ പറഞ്ഞു അല്ല സയന്‍സ് ശരിക്ക് കണ്ടുപിടിച്ചട്ട്ണ്ട് ന്ന്.. അവന്‍ കൊറേ കാര്യങ്ങള് പറഞ്ഞു.. ഞാന്‍സമ്മതിച്ചില്യ.. അപ്പോ അവന്‍ ചോദിച്ചു ഈശ്വരന്‍ ഉണ്ടല്ലോ നീ വിശ്വസിക്കുന്നില്ലേ ന്ന്.. ഞാന്‍ പറഞ്ഞു ദൈവൊന്നും ഇല്യാന്ന്.. ".. ഇങ്ങനെ പോയി വര്‍ത്താനം.. അതുകഴിഞ്ഞ് അവന്റെ ചില സംശയങ്ങള്‍.. ബാലുവോ അതുപോലെ ആരൊക്കെയോ പറഞ്ഞതിന് അവന് വിയോജിപ്പുണ്ടെങ്കിലും തര്‍ക്കിക്കാനുള്ള വകുപ്പ് കയ്യിലില്ലാത്തതിനാല്‍ അതിനുള്ള കാര്യങ്ങള്‍ ചോദിക്കല്‍ എന്നിങ്ങനെ...

തൃപ്തികരമായ മറുപടി കിട്ടും വരെ അന്വേഷിക്കുക എന്നത് അവന്റെ രക്തത്തില്‍ ഉള്ളതുകൊണ്ടും നിവൃത്തിയുണ്ടെങ്കില്‍ ഉത്തരം കൊടുക്കുക എന്നത് ഞങ്ങള്‍ ശീലമാക്കിയതുകൊണ്ടും അവന്‍ ഒന്നും പകുതിക്ക് വച്ച് നിര്‍ത്തി പോകില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെട്ടു എന്ന് കരുതുന്നു.

പിന്നെയാണ് അവന്റെ ചോദ്യത്തെക്കുറിച്ചും നിലപാടിനെക്കുറിച്ചും ആലോചിച്ചത്. എന്തുകൊണ്ടായിരിക്കും അവന്‍ ദൈവമില്ല എന്നു പറഞ്ഞിട്ടുണ്ടാവുക? വെറും തര്‍ക്കത്തിനു വേണ്ടി മറ്റൊരാള്‍ പറഞ്ഞത് എതിര്‍ക്കുന്ന സ്വഭാവം അവനില്ല.. അപ്പോ അതല്ല.. പിന്നെന്താവും?

ഇവിടെ വീട്ടില്‍ ഒരു ചെറിയ പൂജാമുറിയുണ്ട്. ഏട്ടന്‍ കുളിച്ചുവന്നാല്‍ മിക്കവാറും വിളക്കുകത്തിക്കലുണ്ട്. അതൊരു ശീലമാണ്. അതിനപ്പുറം ആചാരങ്ങളോ നാമംചെല്ലലോ ഒന്നുമില്ല.. ഏട്ടന് തിരക്കാവുകയോ എവിടേക്കെങ്കിലും പോവുകയോ ചെയ്താല്‍ ആ മുറി അനാഥമാകും. ദൈവം എന്നൊരാളുടെ സാന്നിദ്ധ്യം അതില്‍ ഒതുങ്ങുന്നു. അല്ലാതെ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈശ്വരാ എന്നുവിളിച്ച് പ്രാര്‍ത്ഥിക്കാറില്ല, നല്ല കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാം ദൈവത്തിന്റെ കൃപ എന്നു കൈകൂപ്പാറുമില്ല. കുട്ടികളെ ദൈവശിക്ഷയെപ്പറ്റി പറഞ്ഞ് പേടിപ്പിക്കാറില്ല, ദൈവസ്നേഹമഹത്വം പറഞ്ഞ് പ്രലോഭിപ്പിക്കാറുമില്ല. അതുകൊണ്ടൊക്കെയാവണം അവന് വിശ്വാസം ഇല്ലാതെ പോയത് എന്ന് കരുതി.

പക്ഷേ, വെറും പതിനൊന്ന് വയസുമാത്രം പ്രായമുള്ള ഒരു കുട്ടി ഇക്കാരണം കൊണ്ടു മാത്രം ദൈവത്തെ തള്ളിപ്പറയുമോ?

അപ്പോഴാണ് ചില സാധ്യതകള്‍ മനസില്‍ തെളിഞ്ഞത്. കഴിഞ്ഞ കുറച്ചുനാളുകളായി പലവിധപീഡനവാര്‍ത്തകളാണല്ലോ ചുറ്റും.. ഡല്‍ഹിസംഭവം വായിച്ച് അവന്‍ ചോദിച്ചിരുന്നു എന്താണ് റേപ്പ് എന്ന്. അവന്റെ പ്രായത്തില്‍ കൂടുതല്‍ മനസിലാവില്ല എന്നതിനാല്‍ ഒരു തരം ഉപദ്രവമാണെന്ന് പറഞ്ഞുകൊടുത്തു. എന്തിനാ മനുഷ്യന്മാര് തമ്മില്‍ത്തമ്മില്‍ ഉപദ്രവിക്കുന്നത്, അവരെയൊക്കെ ശിക്ഷിക്കണം എന്നൊക്കെ പറഞ്ഞു അവന്‍.. പിന്നെ ആ കുട്ടി മരിച്ചപ്പോള്‍, സ്വാഭാവികമായും വെറും ഉപദ്രവമല്ല എന്നവന് മനസിലായി വീണ്ടും സംശയങ്ങളുമായി വന്നു.. പോരാത്തതിന് പുതിയ വാക്ക് പേപ്പറില്‍നിന്ന് പഠിച്ചിട്ടുണ്ട്.. റേപ്പ്... എന്താ അമ്മേ റേപ്പ് എന്നു വച്ചാ? അന്നു പറഞ്ഞില്ലേ ബലാത്സംഗം ..അതുതന്നെ റേപ്പ്... പക്ഷേ ഉപദ്രവിച്ചാ ആ ചേച്ചി എങ്ങനെയാ മരിക്കണേ.. ആന്തരാവയവങ്ങള്‍ എന്നാലെന്താ.. അതിനെന്താ പറ്റിയേ എങ്ങനെയാ പറ്റിയേ... സംശയങ്ങള്‍ നീണ്ടു.. ഒടുവില്‍ തുറന്നു പറയുകയാണ് ശരി എന്നു തോന്നിയതിനാല്‍ പറഞ്ഞുകൊടുത്തു. സെക്സും റേപ്പും.... അവന് വിശ്വസിക്കാനാവുന്നില്ല.. ഒരാള്‍ക്ക് ഇഷ്ടമില്ലാതെ എങ്ങനെയാണ് മറ്റൊരാള്‍ തൊടുന്നത്? എങ്ങനെയാണ് ബലം പ്രയോഗിച്ച് സ്വന്തം ഇഷ്ടംമാത്രം നോക്കുന്നത്..? ഇത്രമാത്രം ക്രൂരമായി എങ്ങനെയാണ് പെരുമാറാന്‍ കഴിയുന്നത്..? കരച്ചിലിന്റെ വക്കത്തായി അവന്‍..എല്ലാരേം വെടിവെച്ചുകൊല്ലണം എന്നു പറഞ്ഞ് അവന്‍ എണീറ്റുപോയി..
പിന്നീട് പേപ്പറില്‍ കാണുന്ന പലതരം പീഡനവാര്‍ത്തകള്‍ അവന്‍ കണ്ടുതുടങ്ങി.. കുഞ്ഞുങ്ങളെ വരെ ഉപദ്രവിക്കുന്നവര്‍ ഉണ്ടെന്ന് ഞെട്ടലോടെ അറിഞ്ഞു... പേപ്പറില്‍ കാണില്ല എന്നതിനാല്‍ അവനെപ്പോലുള്ള ആണ്‍കുട്ടികളെയും ഉപദ്രവിക്കുന്നവര്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞുകൊടുത്തു... ഇവിടെ വീട്ടില്‍ തുറന്നുതന്നെ ചര്‍ച്ചകള്‍ നടന്നു... അതുകൊണ്ടുതന്നെ ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ തെറ്റുകാരല്ലെന്ന ബോധ്യം അവനിലുണ്ടായിട്ടുണ്ട്.. അതുകൊണ്ട് സൂര്യനെല്ലി കേസും മറ്റും കേസുകളും വൈകുന്നതും ആ പെണ്‍കുട്ടികളെ ചിലര്‍ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നതും അവന് മനസിലാവുന്നേയില്ല..

രാത്രി ന്യൂസ് കാണുമ്പോള്‍ രാഷ്ട്രീയമായ സംശയങ്ങളും വന്നുതുടങ്ങി.. അച്ചു മാത്രമല്ല, പാപ്പുവും.. അഴിമതിയെപ്പറ്റി.. രാഷ്ട്രീയക്കളികളെപ്പറ്റി.. ഭരണസംവിധാനത്തെപ്പറ്റി.. അങ്ങനെയങ്ങനെ...

ഇതൊക്കെ ഉണ്ടാക്കിയ ആലോചനകളുടെ ഫലമാണ് ദൈവമില്ല എന്ന തീരുമാനത്തില്‍ അവനെ എത്തിച്ചിട്ടുണ്ടാവുക എന്ന് തോന്നുന്നു.. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ആക്രമിക്കപ്പെടുമ്പോള്‍ നോക്കിനില്‍ക്കുന്ന ദൈവം വെറും പ്രതിമ മാത്രമാണെന്നോ അങ്ങനെ ഒരു ദൈവം ഇല്ലാതിരിക്കുകയാണ് ഭേദം എന്നോ തോന്നിയെങ്കില്‍ അവനെ കുറ്റം പറയാനാവില്ലെന്നും എനിക്ക് തോന്നി.. ദൈവങ്ങളുടെ പേരില്‍ത്തന്നെ എത്രയോ പ്രശ്നങ്ങള്‍ .. അല്ലാതെയും. ഇഷ്ടംപോലെ... ഇതിലൊന്നും ഇടപെടാതെ കാഴ്ചക്കാരനായി നില്‍ക്കാനാണെങ്കില്‍ എന്തിനാ ദൈവം? മനുഷ്യന്‍തന്നെ ധാരാളമല്ലേ? ഇതൊന്നും അവന്‍ പറഞ്ഞതല്ല, അങ്ങനെ തോന്നിയാല്‍ കുറ്റമില്ല എന്നാണ് പറഞ്ഞത്..

എന്തുകാരണം കൊണ്ടായാലും അവനോട് ഞാനത് ചോദിക്കാന്‍ പോകുന്നില്ല.. അവന്റെ ടോപ് സ്കോറും ഡക്കൌട്ടും ഒരേ പോലെ സ്വീകരിക്കുന്ന മട്ടില്‍ത്തന്നെ ഇതിനെയും സ്വാഭാവികമായി സ്വീകരിച്ചു.. കാരണം, അത് അവന്റെ തീരുമാനമാണ്, എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് അവന്‍ എത്തിച്ചേര്‍ന്ന തീരുമാനം... ഇനി നാളെ ഒരു ദിനം അവന്‍ ദൈവമുണ്ടെന്ന് കണ്ടെത്തിയാലും അത് അവന്റെ ദൈവം ആകണം, ഞങ്ങളുടേത് ആകരുത്.. സ്വന്തം അനുഭവത്തില്‍നിന്നുവേണം അവന്‍ അതു കണ്ടെത്താന്‍... ഇനി ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും അതും അവന്റെ അനുഭവം ആയിരിക്കണം... ഒപ്പം മറ്റൊരാള്‍ക്ക് തിരിച്ചു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് അവന്‍ മനസിലാക്കുകയും വേണം.

കൂട്ടുകാര്‍