മൈലാഞ്ചി

ജാലകം

Saturday, 14 March, 2015

ചില പതനങ്ങള്‍ ഉയരങ്ങളിലേക്ക് ...

നിമഷനേരത്തെ
മിന്നല്‍ കണ്ടു ചിലര്‍..
പ്രകാശം പൊഴിക്കും നക്ഷത്രത്തിന്‍
ദ്രുതതാളം കണ്ടതിനിയും ചിലര്‍ ..
കടന്നുപോന്ന വഴിയിലെ
സംഘര്‍ഷങ്ങളില്‍
സ്വയമെരിഞ്ഞ്
ഭൂതകാലകളങ്കങ്ങള്‍ ഭസ്മമാക്കി
നിര്‍മലമായി
ഭൂമിയുടെ ആകര്‍ഷണത്തിലേക്ക്
സ്വയംമറന്നു പതിച്ച
കരിക്കട്ട !!
ഉല്‍ക്ക എന്നു ചിലര്‍
ഞാന്‍ എന്നു നീ.. !!

Saturday, 3 January, 2015

തീണ്ടലും തൊടീലും അത്രപെട്ടെന്ന് വഴിമാറില്ല ..

കഴിഞ്ഞാഴ്ചത്തെ മാതൃഭൂമി വീക്കിലി ഇന്നാണ് വായിച്ചത്.. ജാതി, അയിത്തം തുടങ്ങിയ ചര്‍ച്ചകള്‍ വായിച്ചപ്പോള്‍ കഴിഞ്ഞയാഴ്ച കര്‍ണാടകയില്‍ ഏട്ടന്റെ സഹോദരന്മാരുടെ അടുത്ത് ഇതേ കാര്യങ്ങളാണല്ലോ ചര്‍ച്ച ചെയ്തത് എന്നത് കൌതുകത്തോടെ ഓര്‍ത്തു .. 

കാര്യമായ ഉച്ചനീചത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് അവിടെ .. ചെറിയ തോതിലെങ്കിലും അതില്‍ വരുന്ന മാറ്റത്തില്‍ അസ്വസ്ഥരാണ് പലരും (സവര്‍ണര്‍ എന്നു പറയേണ്ടതില്ലല്ലോ) ... താഴ്ന്ന ജാതിക്കാര്‍ ഇപ്പോള്‍ അഹങ്കാരികളാകുന്നു എന്നും ഗവണ്‍മെന്റ് സൌജന്യങ്ങള്‍ കൊടുത്തുകൊടുത്ത് അവരെ മടിയന്മാരാക്കുന്നു എന്നും ഒക്കെ കേട്ടു (എന്നുവച്ചാല്‍ പഴയപോലെ ഇവരുടെ വീടുകളില്‍ നിസ്സാരകൂലിക്ക് ആളെ കിട്ടുന്നില്ല എന്നുസാരം)..

ജാതിവ്യവസ്ഥ നിലനില്ക്കേണ്ടതിന്റെ ആവശ്യത്തെ‌പ്പറ്റി അവരും ജാതിയേ ഇല്ലാത്ത ഒരു ലോകം ആവശ്യമാണെന്നതിനെപ്പറ്റി ഏട്ടനും ഞാനും വാദിച്ചു... (ഇത്തരം വാദങ്ങള്‍കൊണ്ടൊന്നും വലിയ കാര്യമില്ലെന്നറിയാം.. ജീവിതത്തില്‍നിന്ന് പൂര്‍ണമായും ജാതിയെ ഇല്ലാതാക്കാന്‍ ഇപ്പോള്‍ എനിക്ക് കഴിയില്ലെന്നും അറിയാം..എന്നാലും..... )

വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിലൂടെ പുലര്‍ന്നേക്കാവുന്ന സമഭാവനയെക്കുറിച്ചുമുള്ള സ്വപ്നങ്ങള്‍ പറഞ്ഞപ്പോള്‍ ഏട്ടന്റെ രണ്ടാമത്തെ സഹോദരന്റെ ചോദ്യം.. "ഇവരൊക്കെ പഠിച്ച് ജോലിക്ക് പോയാല്‍ തൊഴുത്തിലെ ചാണകം ആരുവാരും?"

എക്സാറ്റ്‍ലി ദ പോയ്ന്റ് ...!!! വിദ്യാഭ്യാസമില്ലാതെ, ജീവിക്കാന്‍ മറ്റു നിവൃത്തിയില്ലാതെ പശുക്കളുടെയും മനുഷ്യന്റെയും ചാണകം വാരാന്‍ ഒരു കൂട്ടര്‍ ഉണ്ടാവേണ്ടത് ചിലരുടെ ആവശ്യമാണ്...

കൂട്ടുകാര്‍