മൈലാഞ്ചി

ജാലകം

Sunday, 9 February, 2014

ഓം ശാന്തി ഓശാനമൂന്നു റിവ്യൂ വായിച്ച് നല്ല അഭിപ്രായം കണ്ടപ്പോ കണ്ടേക്കാം എന്ന് കരുതി.. ഇത്തിരി പേടിയുണ്ടായിരുന്നു 1983 കണ്ടേന്റെ സുഖം കളയുമോ ന്ന്...

കളഞ്ഞില്ല, ഒട്ടും.. രണ്ടും രണ്ടുതരം സിനിമകളാണ് എന്നതിനാല്‍ത്തന്നെ താരതമ്യം അനാവശ്യം...

ഓംശാന്തി ഓശാന ഒരു സിംപിള്‍ സോഫ്റ്റ് ഫിലിം ആണ്.. പക്ഷേ അത്ര നിസ്സാരമല്ലാത്ത ചില കാര്യങ്ങള്‍ കൂളായി പറഞ്ഞുപോകുന്നുമുണ്ട്.... കണ്ടിരിക്കാവുന്ന പടം.. തെളിഞ്ഞ മനസുമായി കാണാം, തിരിച്ചുപോരാം...

എല്‍സമ്മയെ ആണ്‍കുട്ടിയായി ചിത്രീകരിച്ചപ്പോള്‍ നഷ്ടമായത് ഇവിടെ ഇത്തിരിയെങ്കിലും തിരിച്ചെടുത്തിരിക്കുന്നു എന്ന് തോന്നുന്നു.. അമ്മക്ക് ഇവള്‍ ആണ്‍കുട്ടിയാണെന്ന തോന്നലും കാലടുപ്പിച്ചിരിക്ക്, ചൂളം വിളിക്കരുത് തുടങ്ങിയ കല്പനകള്‍ നല്‍കുന്നുണ്ടെങ്കിലും അതൊന്നും അവളെ നിയന്ത്രിക്കാന്‍ പ്രാപ്തമാവുന്നുമില്ല... അമ്മ പിന്നെ അതൊട്ട് തുടരുന്നുമില്ല (സാധാരണ സിനിമകളില്‍ കാണുന്നപോലെ അന്നേ ഞാന്‍ പറഞ്ഞതല്ലേ അവളെ കയറൂരി വിടരുതെന്ന്, നിയന്ത്രിക്കണമെന്ന് തുടങ്ങിയ പരമബോറന്‍ ഡയലോഗുകളും ഇല്ല..) ..

ആണ്‍കുട്ടിയെപ്പോലെ എന്നത് സമൂഹത്തെ ബോധിപ്പിക്കാന്‍ പറഞ്ഞ ഡയലോഗായിട്ടേ എനിക്ക് തോന്നുന്നുള്ളൂ... സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിച്ചാല്‍ - സ്വതന്ത്രമായി ചിന്തിക്കാനും അനുവദിച്ചാല്‍ - ഏതു കുട്ടിയും (ആണും പെണ്ണും) ചെയ്യുന്ന കാര്യങ്ങളേ ഇതിലെ പൂജ എന്ന കഥാപാത്രവും ചെയ്യുന്നുള്ളൂ..

മക്കള്‍ക്ക് സ്വാതന്ത്ര്യം കൊടുത്ത് (കൊടുക്കേണ്ട വസ്തുതന്നെ സ്വാതന്ത്ര്യം!!!!! അവകാശമല്ലേയല്ല !!!!!) വളര്‍ത്തുന്ന അച്ഛനമ്മമാരും കല്യാണക്കാര്യത്തില്‍ മക്കള്‍ തീരുമാനമെടുക്കുമ്പോള്‍ പറയാറുള്ള സ്ഥിരം വാചകം "നിനക്കിത്ര സ്വാതന്ത്ര്യം തന്നത് തെറ്റായിപ്പോയി" എന്ന മട്ടിലാണ്.. അതിവിടെ ഇല്ല എന്നതിന് ഇതിന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് ഒരു സല്യൂട്ട്....

പെണ്‍കുട്ടികളുടെ ചന്തിക്കുപിടിച്ച് ആഘോഷിക്കുന്ന ഒരുത്തനെ തല്ലാന്‍ നായിക പോകുന്നതും അയാള്‍ തിരിച്ച് ഉപദ്രവിക്കാറാവുമ്പോള്‍ നായകന്റെ പ്രവേശവും പതിവുപോലെയാണല്ലോ എന്ന് കരുതിയപ്പോഴാണ്, അതിന്റെ പേരില്‍ കരയാത്ത നായികയെയും പെണ്ണുങ്ങള്‍ക്ക് അടക്കവും ഒതുക്കവും ഇല്ലെങ്കില്‍ ഇങ്ങനെരിക്കും എന്നു തുടങ്ങുന്ന വീരരസപ്രധാനമായ ഡയലോഗൊന്നും അടിക്കാതെ ചുമ്മാ പോകുന്ന നായകനെയും കണ്ടത്... ഹാ... അവടന്നങ്ങോട്ട് ഈ സിനിമ എടുത്തവരെ ആരാധിച്ചുതുടങ്ങി ഞാന്‍...

പറയാനാണെങ്കില്‍ കുറേയുണ്ട്... തല്ക്കാലം നിങ്ങള്‍ പോയി സിനിമ കാണൂ....

നസ്രിയ ആദ്യഭാഗത്ത് അല്പംകൂടി നിയന്ത്രിച്ച് അഭിനയിക്കാമായിരുന്നു എന്ന് തോന്നി.. ചില ഇടങ്ങളില്‍ മാത്രം... "ഇഷ്ടമുള്ളവരെ കാണുമ്പോ അടിവയറ്റില്‍ മഞ്ഞുകോരിയിടുന്ന" കാര്യം പറയുന്ന ഡയലോഗ് പറഞ്ഞ രീതി വളരെ ഇഷ്ടപ്പെട്ടു... വല്ലാത്ത ഒരു നിഷ്കളങ്കതയും കുസൃതിയും ഉണ്ട് പൂജ എന്ന നസ്രിയക്ക്...ആണിനെ വളയ്ക്കുന്ന പെണ്ണ് എന്ന ത്രെഡ് പരസ്യത്തില്‍ തന്നെ ഉപയോഗിച്ചപ്പോള്‍ സ്ഥിരം കുറേ അലവലാതിത്തരങ്ങള്‍ പ്രതീക്ഷിച്ചു.. അതില്ലാത്തതിന്, വളയ്ക്കലിന്റെ പോസിറ്റീവ് സൈഡ് കാണിച്ചുതന്നതിന് താങ്ക്സ്...

നിവിന്‍ പോളി അല്ലെങ്കിലും എനിക്കിഷ്ടപ്പെട്ട നടനാണ്.. ഇതിലും നന്നായിട്ടുണ്ട്....

എടുത്തുപറയേണ്ടുന്ന ഒരാള്‍ രണ്‍ജിപണിക്കരാണ്.. പൂജയുടെ അപ്പനായി വളരെ നല്ല പ്രകടനമാണ് രണ്‍ജിയുടേത്.. ഹരിതാഭയും ഊഷ്മളതയുമെല്ലാം കുറച്ചുനാളേക്ക് പറഞ്ഞുരസിക്കാന്‍ വകുപ്പുണ്ട്..

വിനീത് ശ്രീനിവാസന്‍, ലാല്‍ജോസ് തുടങ്ങിയ അതിഥിതാരങ്ങളും നന്നായിട്ടുണ്ട്.. വിനീതിന്റെ ടേയ്ക്ക് വണ്‍ നല്ല സന്ദര്‍ഭമാണ്....

ചുരുക്കത്തില്‍ ഇത് പൂജയുടെ കഥയാണ്, അവളുടെ കഥ അവളുടെ കാഴ്ച്ചപ്പാടിലൂടെ രസകരമായി പറയുന്നു.... കുഞ്ഞിക്കുഞ്ഞി പടങ്ങള്‍ ആസ്വദിക്കാനാവുമെങ്കില്‍ തീര്‍ച്ചയായും കാണൂ....

Friday, 7 February, 2014

അച്ഛനമ്മമാരെ നോക്കണോ?

         കഴിഞ്ഞ ദിവസം കൂട്ടുകാരോടൊത്ത് പലതും പറഞ്ഞിരിക്കുന്നതിനിടയിലാണ് കുട്ടികളെക്കുറിച്ച് ചര്‍ച്ച വന്നത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഓരോ ആണ്‍കുട്ടിയേ ഉള്ളൂ. സ്വാഭാവികമായും ഇനി ഒരു പെണ്‍കുട്ടി വേണമെന്ന മോഹത്തെക്കുറിച്ചായി സംസാരം. അപ്പോള്‍ കേട്ട അഭിപ്രായം, പെണ്‍കുട്ടി വേണം, കാരണം ഇന്നത്തെ കാലത്ത് ആണ്‍കുട്ടികള്‍ അച്ഛനമ്മമാരെ നോക്കില്ല, വയസ്സുകാലത്ത് പെണ്‍കുട്ടികളേ കാണൂ എന്ന്..
കെട്ടിച്ചുവിടുന്നോണ്ട് പെണ്‍കുട്ടി ഉണ്ടായിട്ടും കാര്യമില്ല എന്ന സ്ഥിരം പല്ലവിയില്‍നിന്ന് മാറിക്കേട്ടപ്പോ ചെറിയ സന്തോഷം തോന്നി. ഇതേ അഭിപ്രായം വര്‍ഷങ്ങള്‍ക്കു മുന്‍പ് കേട്ടത് ഏട്ടന്റെ സഹപ്രവര്‍ത്തകനില്‍നിന്നാണ്. ആണ്‍കുട്ടികള്‍ മാത്രമുള്ള ‌അവര്‍ക്ക് പെണ്‍കുട്ടി വേണമെന്ന് വലിയ മോഹമായിരുന്നു, കാരണവും നേരത്തേ പറഞ്ഞതുതന്നെയായിരുന്നു. അന്നു പക്ഷേ അവരുടെ സ്ഥിരം ചില മുന്‍വിധികളില്‍ ഒന്നായി മാത്രമാണ് കണ്ടത്.
           അതേ അഭിപ്രായം ഇപ്പോള്‍ കേട്ടപ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന് സംശയമായി. പിന്നെ പറഞ്ഞു, ആണായാലും പെണ്ണായാലും നമ്മളെ നോക്കും, അത് നമ്മള്‍ അവരോട് പെരുമാറുന്നപോലെ ഇരിക്കും എന്ന്. അതല്ല, നമ്മള്‍ എത്ര നന്നായി കുട്ടികളെ വളര്‍ത്തിയാലും ഇന്നത്തെ കാലത്ത് യാതൊരു കാര്യവുമില്ല, ഒക്കെ വിധിപോലെ വരും, അവര് നോക്കിയാല്‍ നോക്കി എന്നേയുള്ളൂ എന്നാണ് മറുപടി വന്നത്. യോജിക്കാനായില്ല, ഞാന്‍ പറഞ്ഞു, അച്ചൂം പാപ്പൂം വയസുകാലത്തും എന്റെ കൂടെയുണ്ടാവും എന്ന് ഉറപ്പുണ്ടെന്ന്. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന തമാശയില്‍ ആ വിശ്വാസത്തെ നിസ്സാരമാക്കിയപ്പോള്‍ ഉറപ്പിച്ചുതന്നെ പറഞ്ഞു, അവരെന്നെ വേണ്ടെന്നു വച്ചാല്‍ അതിന്റെ ഉത്തരവാദിത്തം എനിക്കുതന്നെയാണ് എന്ന്. എന്റെ വളര്‍ത്തലില്‍ എന്തോ കുറവുണ്ടായിട്ടുണ്ട്, ഞാന്‍ പകര്‍ന്നുകൊടുത്ത സംസ്കാരത്തില്‍ എന്തോ പിശകു പറ്റിയിട്ടുണ്ട് എന്ന്..

ആ സംസാരം അവിടെ തീര്‍ന്നു. പക്ഷേ, അതുണ്ടാക്കിയ അസ്വസ്ഥത മാറുന്നില്ല..

സത്യത്തില്‍ ആ വാക്കുതന്നെ - അച്ഛനമ്മമാരെ നോക്കുക – എന്നതുതന്നെ ശരിയാണോ?

       അച്ഛന്റെ അമ്മ ഇപ്പോഴും ആരോഗ്യത്തോടെ ഉണ്ട്, തൊണ്ണൂറു വയസ്സായി, പഴയപോലെ പണികളെടുക്കാന്‍ വയ്യെന്നേയുള്ളൂ, അവനവന്റെ കാര്യം സ്വയം ചെയ്തോളും. അമ്മമ്മ ഇപ്പോള്‍ അച്ഛന്റെയും അമ്മയുടെയും കൂടെയുണ്ട്. ഇപ്പോള്‍ എന്നു പറയാന്‍ കാരണം, സ്ഥിരമായി അമ്മമ്മയെ "നോക്കുന്നത്” അച്ഛനും അമ്മയും ആണ് എന്നു പറയാന്‍ പറ്റാത്തതുകൊണ്ടാണ്. മക്കളുടെ അടുത്ത് മാറിമാറി നില്‍ക്കുകയാണ് അമ്മമ്മ ചെയ്യുന്നത്. കുറച്ചുനാള്‍ മുമ്പുവരെ അമ്മമ്മതന്നെയായിരുന്നു തീരുമാനിച്ചിരുന്നത് ആരുടെ അടുത്തേക്ക് പോകണം എന്ന്. കുറേ നാള്‍ ഒരാളുടെ അടുത്ത് നിന്നുകഴിയുമ്പോള്‍ ഒരു ദിവസം കാണാം ബാഗൊതുക്കുന്നത്, എന്നിട്ടുപറയും ഞാന്‍ അനിയന്റെ അടുത്ത് പോ‌വുന്നു, കാരണങ്ങള്‍ ആരും ചോദിക്കാറില്ല, അതിന്റെ ആവശ്യം തോന്നിയിട്ടുമില്ല.. അല്ലെങ്കിലും സ്വന്തം മക്കളുടെ അടുത്ത് മാറിമാറി നില്‍ക്കുമ്പോള്‍ ആരെയാണ് ബോധിപ്പിക്കേണ്ടത്?
      ഇപ്പോള്‍ അല്പം വയ്യാത്തതുകൊണ്ട് യാത്രകള്‍ കുറവാണ്. അമ്മയുടെ അടുത്താണെങ്കില്‍ (അച്ഛന്റെ അടുത്ത്, വെല്യച്ഛന്റെ അടുത്ത് എന്നൊന്നും വായില്‍ വരാറില്ല .. എന്താണാവോ...) അമ്മയ്ക്ക് എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ ചെറിയമ്മയുടെയോ വെല്യമ്മയുടെയോ അടുത്തേക്ക് കൊണ്ടാക്കും.. അപ്പോഴും പറയാറില്ലാത്ത വാക്കാണ്, "അമ്മയെ നോക്കുന്നത് ഞങ്ങളാണ്" എന്നത്.. അമ്മ ഇപ്പോള്‍ അനിയന്റടുത്താണ്..അമ്മ ഞങ്ങടെ അടുത്തുണ്ട് എന്നൊക്കെയല്ലാതെ "നോക്കുക” എന്ന് പറയാറേയില്ല.. അതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടേയില്ലായിരുന്നു . ഇപ്പോള്‍ പക്ഷേ ഇത്തരം ചര്‍ച്ചയുടെ ഭാഗമായപ്പോള്‍ ചിന്തിക്കേണ്ടിവരുന്നു...

      പക്ഷേ മനസിലാവുന്നേയില്ല.. എങ്ങനെയാണ് അച്ഛനമ്മമാര്‍ നോക്കേണ്ട വസ്തുവാകുന്നത്? കുട്ടികളെ വളര്‍ത്തുന്നത് അവര്‍ ഭാവിയില്‍ നമ്മളെ നോക്കുമോ ഇല്ലയോ എന്നതനുസരിച്ചാണെങ്കില്‍ അത് നമ്മുടെ പെരുമാറ്റത്തിലും കാണില്ലേ? ലാഭത്തിനുവേണ്ടി ചെയ്യുന്ന ബിസിനസ്സാണോ ജീവിതം? ലാഭം കിട്ടാതെ വരുമ്പോള്‍ ന‍ഷ്ടമാണെന്നു പറഞ്ഞ് ഉപേക്ഷിക്കാനാവുമോ? ആവും എന്നതാണല്ലോ വൃദ്ധസദനങ്ങള്‍ തെളിയിക്കുന്നത്.. അച്ഛനമ്മമാരെക്കൊണ്ട് ഇനി ഉപകാരമില്ലാത്തതുകൊണ്ട് നോക്കാന്‍ വയ്യ...!!!

എന്താണാവോ അച്ഛനമ്മമാരെക്കൊണ്ടുള്ള ഉപകാരം? കുട്ടികളെക്കൊണ്ടോ? ബന്ധുക്കള്‍? സുഹൃത്തുക്കള്‍?????

മനസിലാവുന്നില്ല....


      ഒന്നുമാത്രം അറിയാം. എന്റെ കുടുംബം എനിക്കു പകര്‍ന്നുതന്ന സംസ്കാരം - അച്ഛനമ്മമാരെ നോക്കേണ്ട കാര്യമില്ല എന്നത് - ഞാന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.. അതുതന്നെ എന്റെ മക്കള്‍ക്കും പകര്‍ന്നുകൊടുക്കാന്‍ കഴിയും.. അതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല.. അച്ഛനും അമ്മയും അവരുടെ സഹോദരങ്ങളും ജീവിച്ചപോലെ ജീവിക്കുക.. അവരെ കണ്ട് ഞങ്ങള്‍ പഠിച്ചപോലെ ഞങ്ങളുടെ മക്കളും പഠിച്ചോളും.. അത് പഠിച്ചില്ലെങ്കില്‍, ഞാന്‍ / ഞങ്ങള്‍ ജീവിച്ച രീതിയേ ശരിയല്ല എന്നു മാത്രമാണ് അര്‍ത്ഥം... 

കൂട്ടുകാര്‍