മൈലാഞ്ചി

ജാലകം

Tuesday 30 March, 2010

ഞാനും സ്റ്റാറായി ..!!!

അങ്ങനെ ഞാനും ഒരു സംഭവമായി... എന്നു വച്ചാല്‍ എന്നേം കോപ്പിയടിച്ചു ..! ദാ ഇപ്പോ സൈബര്‍ ജാലകം വഴി പുതിയ പോസ്റ്റുകള്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു..അപ്പോള്‍ എന്റെ വരികള്‍ അതാ കിടക്കുന്നു.. ഇതെന്താ വീണ്ടും എന്ന് നോക്കിയപ്പോള്‍ പേര് എന്റെയല്ല...ഒരു ഹാരിസ് ഖാന്‍.. http://hariskhanveliyam.blogspot.com/2010/03/blog-post_9023.html... ഹാരിസിന്റെ പേജ് തുറന്നപ്പോള്‍ കിട്ടിയ അഡ്രസ് ബാര്‍ കോപ്പി ചെയ്തതാ.. ശരിയായോ എന്നറിയില്ല...ലിങ്ക് കൊടുക്കാന്‍ പഠിച്ചിട്ടില്ല..ക്ഷമിക്കൂ..
എന്തായാലും ഇതെഴുതിയതിനു ശേഷം ആ സുഹൃത്തിനു ഞാനൊരു കമന്റിടുന്നുണ്ട്, എന്റെ കൊച്ചിനെ എനിക്കുതന്നെ തന്നേക്കൂ എന്ന്...
കോപ്പിയടിക്കാന്‍ മാത്രമുള്ള ഗുണം അതിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ആ സുഹൃത്തിനോട് അല്പം നന്ദിയും ആകാം അല്ലെ?
എന്നാലും ദത്തെടുക്കുന്നത് പോലെയല്ലല്ലോ കട്ടെടുക്കുന്നത്....

ഒറ്റയൊറ്റ മണിക്കൂറുകളിലെ ജീവിതങ്ങള്‍...

ഒറ്റയൊറ്റ മണിക്കൂറുകളില്‍
ദശാവതാരമത്രയും
ജീവിച്ചു തീര്‍ക്കാം
ഒരു നിമിഷമെങ്കിലും
ഞാനായി പിറക്കാന്‍...

Sunday 28 March, 2010

വിപ്ലവകാലമായിരുന്നു..

വിപ്ലവകാലമായിരുന്നു..
ഓര്‍മകള്‍ക്കു പോലും
ചുവപ്പു നിറം കലര്‍ന്നിരുന്നു.

‘നാളെ’യെക്കുറിച്ചുള്ള
പ്രതീക്ഷകളായിരുന്നു
നയിച്ചിരുന്നത്..

(ഇന്ന് വിതക്കുന്നത്
ഇന്നു തന്നെ കൊയ്യാനായെങ്കില്‍
എന്ന സ്വപ്നവും
വെറുതെ കണ്ടിരുന്നു)

നമ്മള്‍ കൊയ്യുന്ന വയല്‍
നമ്മുടേതാവില്ലെന്ന്
ചിലപ്പോഴെങ്കിലും
തിരിച്ചറിഞ്ഞിരുന്നു..

(എങ്കിലും
പ്രതീക്ഷകള്‍
നഷ്ടമാകാതെ
കാത്തുസൂക്ഷിച്ചിരുന്നു)

വിപ്ലവകാലമായിരുന്നു..
പ്രണയം അസാധ്യമെന്ന്
പറഞ്ഞു പഠിപ്പിച്ചിരുന്നു.

പക്ഷേ,
മറ്റുള്ളവര്‍ പഠിപ്പിക്കുന്നതിന്റെ
അപ്പുറത്താണല്ലൊ
(നമ്മുടെ)ജീവിതം..

Saturday 27 March, 2010

ഇടക്കു മാത്രം റേയ്ഞ്ചില്‍ വരുന്ന ജീവിതങ്ങള്‍.....

പരിധിക്കു പുറത്താണ്
പലപ്പോഴും ജീവിതം.
പരിധി നിശ്ചയിക്കുന്നത്
ഞാനല്ലാതാവുമ്പോള്‍
പ്രത്യേകിച്ചും...

ഒരു ടവറിന്റെ പരിധിയില്‍ നിന്നും
മറ്റൊരു ടവറിന്റേതിലേക്ക്..
അതിനിടയില്‍ എപ്പൊഴോ
വീണുകിട്ടുന്ന
റെയ്ഞ്ചില്ലാമൂലകള്‍..

ഈ റെയ്ഞ്ചില്ലാമൂലകളുടെ
ഓരം ചേര്‍ന്ന്
ഒരു യാത്ര പോകണം...

Monday 22 March, 2010

സെല്‍ഫ്ഗോള്‍

മുറിവുകളുടെ കയ്പുണ്ടായിരുന്നു മനസില്‍...

വിഷാദഛായ പകര്‍ന്ന നോട്ടം ബാക്കിവച്ച്
കടന്നുപോകണമെന്ന മോഹം
നഷ്ടമായതിന്‍റെ
നിരാശ....

എനിക്ക് വേണ്ടി കഴുവേറാന്‍
ആരുമില്ലാത്തതിന്റെ വേദന..

രക്തസാക്ഷിയാവാന്‍ തുനിഞ്ഞിറങ്ങിയിട്ടും
ആരും തിരിഞ്ഞുനോക്കുന്നില്ല..

ശാപങ്ങളേറ്റുവാങ്ങാന്‍
ഈ ജന്മം ഇനിയും ബാക്കി..

Friday 19 March, 2010

അത്രയേ ഉള്ളൂ അഥവാ അത്രക്കുണ്ട്...

നേരത്തേയുണര്‍ന്ന്
അതിലും നേരത്തേയുണര്‍ന്ന പുഴുക്കളെ
കൊത്തിയെടുക്കുന്ന കിളികളെപ്പോലെ
ഞാനും എന്റെ വാക്കുകളെ
നേരത്തേ കൊത്തിയെടുക്കുന്നു
അത്രയേ ഉള്ളൂ...

പൂച്ച തന്റെ വിസര്‍ജ്യം
മണ്ണിട്ടു മൂടും പോലെ
ഞാനെന്റെ നോവുകളെ
വാക്കിന്റെ മണലില്‍
ഒളിപ്പിച്ചു വക്കുന്നു
അത്രയേ ഉള്ളൂ...

കെട്ടിയിടപ്പെട്ട പട്ടി
കുരച്ചുകൊണ്ട് അധികാരം
രേഖപ്പെടുത്തും പോലെ
ഞാനെന്റെ പാഴ്വാക്കുകള്‍
വലിച്ചെറിയുന്നു
അത്രയേ ഉള്ളൂ...

തകര്‍ക്കപ്പെടുമെന്നറിഞ്ഞിട്ടും
വേട്ടാളന്‍
വൈദ്യുതപാതയില്‍
കൂടുകെട്ടും പോലെ
ഞാനെന്റെ വികാരങ്ങള്‍ക്കായി
ഒരു കുഞ്ഞിടം കരുതിവക്കുന്നു
അത്രയേ ഉള്ളൂ
അഥവാ
അത്രയ്ക്കുണ്ട്...

Monday 15 March, 2010

ഒരു നിമിഷമേയുള്ളൂ

ഒരു നിമിഷമേയുള്ളൂ
ഒരൊറ്റ നിമിഷം..

ആ ഒരു നിമിഷമാണ്
ഇന്നലെ വണ്ടി തെറ്റിച്ചത്..
ഉപ്പേരി കരിയിച്ചത്..
മഷിക്കുപ്പി തട്ടിയിട്ടത്..
കാല്‍തെറ്റി വീഴിച്ചത്..
കുഞ്ഞിക്കാലടികളില്‍
വെള്ളപുതപ്പിച്ചത്..
മോഹങ്ങളില്‍
അഗ്നിഗോളം പെയ്യിച്ചത്...

എന്തിനീ നിമിഷം..?

എങ്കിലും
ഈ ഒരൊറ്റ നിമിഷം തന്നെയല്ലേ
കാലമേറെ കഴിഞ്ഞുള്ള
കണ്ടുമുട്ടലില്‍
ഏറ്റവും മനോഹരമായ വേള സമ്മാനിച്ചത്...
ഒരു നിമിഷം കഴിഞ്ഞു സംഭവിക്കുമായിരുന്ന
അപകടത്തില്‍നിന്നും രക്ഷിച്ചത്..
കണ്ണീര്‍ പൊഴിക്കുന്ന
കുഞ്ഞിന്റെ ചുണ്ടില്‍
പുഞ്ചിരി വിരിയിച്ചത്..
കൂടെയുള്ളവരുടെ കണ്ണുവെട്ടിച്ച്
മുത്തമിട്ടോടിയത്...

ഈ നിമിഷം
ഇല്ലാതെ എങ്ങനെ..?

Wednesday 10 March, 2010

എന്നിലെ എന്നില്‍ നീ ...

നിന്റെ ചുണ്ടുകളിലൂടെ
ഞാന്‍ തേടുന്നത്
നിന്നെ തന്നെ പ്രിയേ
എന്നവന്‍....

നിന്നിലൂടെ ഞാന്‍ തേടുന്നത്
എന്നെത്തന്നെ എന്ന്‍
ഞാന്‍...

Monday 1 March, 2010

വഴിയോരത്തെ വെയില്‍ ...

വഴിയോരത്തെ വെയില്‍ മാത്രം..
വാകമരച്ചോടും
നീര്‍മാതളവും
ഒന്നും ഇല്ലായിരുന്നു...

- പ്രണയവും
ഇല്ലായിരുന്നല്ലോ-

പക്ഷേ,
ഉള്ളതെന്തെന്ന്
തിരിച്ചറിഞ്ഞില്ല ...

ഇതല്ല പറയേണ്ടിയിരുന്നത്
ഇതല്ല പറയാന്‍ വന്നത്
എന്ന്
വാക്കിനടിയില്‍ എന്തോ
ഒളിച്ചുകളിച്ചു ...


നിന്റെ ബസ് വന്നു...
പോകാതെ വയ്യ-
നിനക്കും
എനിക്കും-

ഒരു മാത്ര നിന്റെ കണ്ണില്‍ വിരിഞ്ഞ
ആ ഭാവം മാത്രം മതി
നൂറു വിരഹങ്ങളുടെ ദാഹമകറ്റാന്‍ ...


എന്നിട്ടും.........

മൌനം..

വാക്കുകള്‍
അപ്രസക്തമാകുന്നിടത്ത്
പ്രകൃതിയുടെ ദാനമാണ്
ചുംബനമെന്ന് കവി...

ചുംബനം
പ്രസക്തമല്ലാത്തിടത്ത്
വാക്കുകള്‍
അപ്രസക്തമാകുമ്പോള്‍
ദാനമായി നല്കാന്‍
പ്രകൃതിയില്‍ എന്തുണ്ട്?


കൂട്ടുകാരാ...
ചിലപ്പോഴെങ്കിലും
നമ്മള്‍
മൌനത്തിന്റെ സംഗീതം
കേള്‍ക്കുന്നത്
ഇങ്ങനെയല്ലേ...........

കൂട്ടുകാര്‍