മൈലാഞ്ചി

ജാലകം

Friday, 19 March, 2010

അത്രയേ ഉള്ളൂ അഥവാ അത്രക്കുണ്ട്...

നേരത്തേയുണര്‍ന്ന്
അതിലും നേരത്തേയുണര്‍ന്ന പുഴുക്കളെ
കൊത്തിയെടുക്കുന്ന കിളികളെപ്പോലെ
ഞാനും എന്റെ വാക്കുകളെ
നേരത്തേ കൊത്തിയെടുക്കുന്നു
അത്രയേ ഉള്ളൂ...

പൂച്ച തന്റെ വിസര്‍ജ്യം
മണ്ണിട്ടു മൂടും പോലെ
ഞാനെന്റെ നോവുകളെ
വാക്കിന്റെ മണലില്‍
ഒളിപ്പിച്ചു വക്കുന്നു
അത്രയേ ഉള്ളൂ...

കെട്ടിയിടപ്പെട്ട പട്ടി
കുരച്ചുകൊണ്ട് അധികാരം
രേഖപ്പെടുത്തും പോലെ
ഞാനെന്റെ പാഴ്വാക്കുകള്‍
വലിച്ചെറിയുന്നു
അത്രയേ ഉള്ളൂ...

തകര്‍ക്കപ്പെടുമെന്നറിഞ്ഞിട്ടും
വേട്ടാളന്‍
വൈദ്യുതപാതയില്‍
കൂടുകെട്ടും പോലെ
ഞാനെന്റെ വികാരങ്ങള്‍ക്കായി
ഒരു കുഞ്ഞിടം കരുതിവക്കുന്നു
അത്രയേ ഉള്ളൂ
അഥവാ
അത്രയ്ക്കുണ്ട്...

10 comments:

 1. മാതൃഭൂമിയില്‍ വന്ന, സച്ചിദാനന്ദന്റെ കവിത ‘അത്രയേ ഉള്ളൂ’ വായിച്ച് ഇത് വെറും ക്രാഫ്റ്റ് ആണെന്നും ഇതിന്റെ പേര് ‘അത്രയ്ക്കുണ്ട്’ എന്നാവേണ്ടിയിരുന്നു എന്നും പറഞ്ഞ ആദര്‍ശിനോട് കടപ്പാട്..


  അത് ക്രാഫ്റ്റ് ആണെങ്കില്‍ ആ ക്രാഫ്റ്റ് എനിക്ക് വഴങ്ങുമോ എന്നറിയാനുള്ള ചെറിയ ശ്രമം....

  പരാജയപ്പെട്ടാലും വിജയിച്ചാലും ഈ ശ്രമം ആദര്‍ശിന് സമര്‍പ്പിക്കുന്നു....

  ReplyDelete
 2. ക്രാഫ്റ്റൊ,കവിതയൊ... എന്നതിനേക്കളുപരി..ഞാനിതിലെ ചിന്താധാരകള്‍..കാണുന്നു..
  നന്നായിരിയ്ക്കുന്നു.
  ആശംസകള്‍!!

  ReplyDelete
 3. സച്ചിദാനന്ദന്റെ കവിതയെക്കാള്‍ ഭേദം.

  നന്നായി.

  ReplyDelete
 4. njan ente novukale
  vaakinte manalil
  olichu vaikunnu
  eshtayi orupadu....

  ReplyDelete
 5. അത്രയ്ക്കുണ്ട്..nalla kavitha...sachidaanandane vayichilla...nannaayittundu

  ReplyDelete
 6. തകര്‍ക്കപ്പെടുമെന്നറിഞ്ഞിട്ടും
  വേട്ടാളന്‍
  വൈദ്യുതപാതയില്‍
  കൂടുകെട്ടും പോലെ
  ഞാനെന്റെ വികാരങ്ങള്‍ക്കായി
  ഒരു കുഞ്ഞിടം കരുതിവക്കുന്നു
  അത്രയേ ഉള്ളൂ
  അഥവാ
  അത്രയ്ക്കുണ്ട്...  ട്വിസ്റ്റ് നന്നായി.

  ReplyDelete
 7. ഉണ്ണിമോള്‍, ജോയ്, സുപ്രിയ, അനുരാധ,മധു, തകര്‍പ്പന്‍.....

  നന്ദി...

  സുപ്രിയാ...സച്ചിദാനന്ദന്റേതിനേക്കാള്‍ ഭേദം എന്നത് അല്പം കടന്നുപോയില്ലേ? എന്നാലും സന്തോഷം..

  ReplyDelete
 8. അത്രയേ ഉള്ളൂ എന്ന വാക്ക് എളിമയുടേതാണ്. പക്ഷേ ആ എളിമ ആ കവിതയിലില്ല എന്നു മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. പുതുകവികളുടെ ആരോപണങ്ങളോടുള്ള സച്ചിദാനന്ദന്‍റെ മറുപടി എന്ന നിലയിലാണ് ആ കവിതെയ എനിക്കു മനസ്സിലാക്കാന്‍ സാധിച്ചത്. അതില്‍ ഒട്ടും എളിമയില്ല... അത്രേയുള്ളൂ.
  പിന്നെ അത്രേയുള്ളൂ, അത്രയ്ക്കുണ്ട് എന്നിവയ്ക്ക് വലിയ വ്യത്യാസമുണ്ട്. ഒരു കവിതയില്‍ അവ ഒന്നിച്ചു ചേരില്ല.

  ReplyDelete
 9. ആദര്‍ശ്...”അത്രേയുള്ളൂ, അത്രയ്ക്കുണ്ട് എന്നിവയ്ക്ക് വലിയ വ്യത്യാസമുണ്ട്. ഒരു കവിതയില്‍ അവ ഒന്നിച്ചു ചേരില്ല.“ എന്നതിന്..
  ഒന്നിച്ച് ചേരില്ല എന്നത് സമ്മതിക്കാം.. പക്ഷേ എല്ലായ്പ്പോഴും അത്രക്കുണ്ട് എന്നത് അത്രയേ ഉള്ളൂ എന്നതിന്റെ നേര്‍ വിപരീതം ആവണം എന്നില്ല..അതായത്, എളിമയുടെ മറുപുറം അഹങ്കാരം ആയി അത്രക്കുണ്ട് എന്നതിനെ എപ്പോഴും കാണാനാവില്ല.. ഇവിടത്തെ കാര്യം അല്ല പറഞ്ഞത്ട്ടോ..

  അത്രക്കുണ്ട് എന്നത് എനിക്ക് ആത്മവിശ്വാസത്തിന്റെ ശബ്ദമാണ്, പലപ്പോഴും....

  ഇവിടെ ഒരു ക്രാഫ്റ്റ് എന്നതിനപ്പുറം വരികളെ കാണുമ്പോള്‍, അത്രയേഉള്ളു എന്നത് ‘അത്രക്കേഉള്ളൂ എന്നെനിക്കറിയാം‘ എന്നു തന്നെയാണ്, എളിമയല്ല, തിരിച്ചറിവുതന്നെ....
  അത്രക്കുണ്ട് എന്നത്, ഇത്രയെങ്കിലും ഉണ്ട് എന്ന ആശ്വാസം ആണ് എനിക്ക്.. ഒന്നും ചെയ്യാതിരിക്കുന്നില്ല എന്ന-അത്ര നന്നല്ലെങ്കിലും എന്തൊക്കെയോ ചെയ്യുന്നു എന്ന-തോന്നല്‍ തരുന്ന ആത്മവിശ്വാസം...
  അത്രയേഉള്ളൂ.... അഥവാ അത്രക്കുണ്ട്....

  ReplyDelete

കൂട്ടുകാര്‍