മൈലാഞ്ചി

ജാലകം

Wednesday, 10 August 2011

ദു:ഖപൂര്‍ണിമ

സത്യത്തില്‍ ഇതെഴുതേണ്ടത് രണ്ടുമാസം മുമ്പാണ്. അന്നത്തെ ഒരു മാനസികാവസ്ഥയില്‍ എഴുതാനായില്ല. പിന്നീട് എഴുതേണ്ടെന്ന് വച്ചതാണ്, പക്ഷേ, മനസ്സമാധാനം കിട്ടണ്ടേ? അതുകൊണ്ട് എഴുതുന്നു. ഇത്രയും പറഞ്ഞത് ഈ പോസ്റ്റ് എന്റെ ഒരു ആശ്വാസത്തിനുവേണ്ടി മാത്രമുള്ളതാണെന്ന് അറിയിക്കാനാണ്, അതിന്റെ എല്ലാ കുഴപ്പവും ഇതില്‍ കാണും ക്ഷമിക്കുക.

    പറയാനുള്ളത് ഒരു മരണത്തെക്കുറിച്ചാണ്. ‘ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണ’മെന്ന ആപ്തവാക്യത്തില്‍ തൂങ്ങി മറന്നുകളയാന്‍ പറ്റാത്ത ഒരു മരണം - ഒരു ആത്മഹത്യ-

    പത്തൊന്‍പതു വയസ്സ് മരിക്കാനുള്ള പ്രായമൊന്നുമല്ല, ആത്മഹത്യ ചെയ്യാന്‍ തീരെയുമല്ല -എന്നിട്ടും എന്തിനാണ് ഞങ്ങളുടെ പൂര്‍ണിമ , ജീവിതം ഒരു ഷാളിന്‍തുമ്പില്‍ കൊളുത്തിയിട്ടത്?

    എന്തിനാണ് ഒരാള്‍ ആത്മഹത്യ ചെയ്യുന്നത്?

പലപ്പോഴും വായിക്കാറുണ്ട്, കേള്‍ക്കാറുണ്ട് പലതരം കാരണങ്ങളെപ്പറ്റി.. ടിവി കാണാന്‍ സമ്മതിക്കാത്തതിന്, പരീക്ഷയില്‍ തോറ്റതിന്, ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന്, എന്തിന് മുഖക്കുരു മാറാത്തതിനുപോലും..  അപ്പോഴൊക്കെ ക്രൂരമായ ഒരു ചിന്തയാണ് മനസില്‍ ഉയരാറ് - ജീവിതത്തെ ഫെയ്സ് ചെയ്യാന്‍ ത്രാണിയില്ലാത്തവര്‍ മരിക്കുകയാണ് നല്ലത് എന്ന്..

ഞാന്‍ എന്തുമാത്രം തെറ്റാണെന്ന് തന്റെ മരണത്തിലൂടെ പൂര്‍ണിമ കാണിച്ചുതന്നു..

    ഏട്ടന്റെ നേരെ മൂത്ത ചേച്ചിയുടെ മകളായിരുന്നു പൂര്‍ണിമ, ഏട്ടന്റെ ഏറ്റവും പ്രിയപ്പെട്ട അനന്തിരവള്‍, പാപ്പൂന്റെ ഏറ്റവും പ്രിയപ്പെട്ട കസിന്‍ ..ഞങ്ങളുടെ വിവാഹസമയത്ത് അവള്‍ നഴ്സറിപ്രായം.. അവളോടൊപ്പം കഴിവുകളും വളര്‍ന്നു. ഏഴിലോ മറ്റോ പഠിക്കുമ്പോള്‍ രാഷ്ട്രപതിയുടെ കയ്യില്‍നിന്ന് മെഡല്‍ വാങ്ങിയിട്ടുണ്ട്. സ്മാര്‍ട്ട്, ബ്യൂട്ടിഫുള്‍ ആന്റ് ബോള്‍ഡ്. പഠിപ്പിലും പാട്ടിലും ഡാന്‍സിലും ചിത്രംവരയിലും സ്പോര്‍ട്സിലും എല്ലാം മുന്‍പന്തിയില്‍ ..ബൈക്കും ബുള്ളറ്റും ജീപ്പും ഒക്കെ ഓടിക്കാന്‍ ഹൈസ്കൂള്‍ക്ലാസില്‍വച്ചേ പഠിച്ചു.. എന്തിനോടും അടങ്ങാത്ത താല്പര്യം.. എന്തെങ്കിലും വേണമെന്ന് ആഗ്രഹിച്ചാല്‍ നേടിയെടുക്കാനുള്ള കഴിവും വാശിയും...

എല്ലാം ഒരു നിമിഷംകൊണ്ട് തീര്‍ന്നു - പക്ഷേ, എന്തിന്?

കേരളത്തിലായിരുന്നെങ്കില്‍ പേപ്പറില്‍ ഒരു കോളം വാര്‍ത്തയെങ്കിലും ആയേനെ..”നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു” എന്ന്..

അതെ, അവളുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ. കഴിഞ്ഞ ഡിസംബര്‍ 9 നായിരുന്നു ആഘോഷപൂര്‍വം അവളുടെ വിവാഹം ഉണ്ടായത്. കൃത്യം ആറുമാസം കഴിഞ്ഞ് ജൂണ്‍ 11ന് രാവിലെ എല്ലാം അവസാനിക്കുകയും ചെയ്തു.

ആരെയാണ് പഴിക്കേണ്ടത്?

സീരിയല്‍ക്കഥകള്‍ തോല്‍ക്കും വിധം പോരെടുത്തിരുന്ന ആ അമ്മായിയമ്മയെയോ, ഭ്രാന്തമായി സ്നേഹിക്കുകയും അതിലേറെ ഭ്രാന്തമായി വഴക്കിടുകയും ചെയ്യുന്ന ഭര്‍ത്താവിനെയോ, ഇതെല്ലാമറിഞ്ഞിട്ടും ഒക്കെ ശരിയാവുമെന്നു കരുതി ആരോടും പറയാതെ മറച്ചുവച്ച ചേച്ചിയെയോ, പക്വതയില്ലാത്ത പ്രായത്തില്‍ വിവാഹം കഴിച്ചയച്ച് ഭാരം തീര്‍ത്ത വീട്ടുകാരെയോ …. ആരെയാണ് പഴിക്കേണ്ടത്?

പൂര്‍ണിമക്ക് ഫാഷന്‍ ഡിസൈനിംഗ് പഠിക്കണമെന്നുണ്ടായിരുന്നു, ബ്യൂട്ടീഷന്‍ കോഴ്സ് ചെയ്യണമെന്നുണ്ടായിരുന്നു.. ഇവിടെ കേരളത്തില്‍ കൊണ്ടുവരാമെന്ന് ഞങ്ങള്‍ ഏറ്റതുമാണ്, അപ്പോഴാണല്ലോ ഉത്തമജാതകപ്പൊരുത്തവുമായി കല്യാണാലോചന വരുന്നത്. മകള്‍ ഒരു കൂട്ടുകാരന്റെ കൂടെ ഐസ്ക്രീം കഴിക്കാന്‍ പോയെന്നോ ബസ് സ്റ്റോപ്പില്‍ കണ്ടുവെന്നോ ആരോ പറഞ്ഞുകേട്ടയുടന്‍ എല്ലാ പഠിപ്പും മതിയാക്കി വീട്ടുതടങ്കലിലാക്കി അവളുടെ അച്ഛന്‍ .. പഠിക്കണമെന്നുപറഞ്ഞ് അവള്‍ നടത്തിയ സമരങ്ങളെല്ലാം വെറുതെയായി.. അച്ഛന് കൂട്ടായി വീട്ടുകാരും അമ്മാമനും ഒക്കെ വന്നപ്പോള്‍ വിവാഹമെന്ന മാമാങ്കം നടന്നു. തലേ ദിവസത്തെ ചടങ്ങുകളില്‍ അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം എല്ലാവര്‍ക്കും ചിരിക്കുള്ള വകയായി.. പൂജയ്ക്ക് ഇരിക്കുമ്പോള്‍ സ്വയം മൈലാഞ്ചിയിടുന്ന മണവാട്ടിയെ കണ്ടാല്‍ ചിരിവരാതെ എങ്ങനെ? ഒരുപക്ഷേ ആ കുട്ടിത്തമാവാം അവള്‍ക്ക് വിനയായതും...

ആരുടെയും വാക്കുകള്‍ക്ക് ചെവികൊടുക്കാതെ വേണ്ടത്ര സമയമെടുത്ത് സ്വയം മെയ്കപ്പ് ചെയ്താണ് അവള്‍ മണവാട്ടിയായി ഒരുങ്ങി വന്നത്. ആകെ സഹായം വേണ്ടിവന്നത് മുടി കെട്ടാന്‍ മാത്രം.. അത് ചെയ്തുകൊടുക്കാനുള്ള യോഗം എന്തുകൊണ്ടോ എനിക്കായിരുന്നുതാനും.

അന്നത്തെ അവളുടെ എല്ലാ കുട്ടിക്കളിക്കും ഭര്‍ത്താവും അമ്മായമ്മയും കൂട്ടുണ്ടായിരുന്നു.. എല്ലാവരും പറഞ്ഞു, പറ്റിയ ബന്ധമാണ് കിട്ടിയതെന്ന്.. ഇനി മുതല്‍ രാജയോഗമാണ് ജാതകത്തിലെന്നും..... വല്ലാത്തൊരു രാജയോഗം തന്നെ..!

ഒരുപക്ഷേ ആ കുട്ടിക്കളി തന്നെയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായതും.. വഴക്കും വക്കാണവുമെല്ലാം എല്ലാ വീട്ടിലും ഉള്ളതാണെന്നും അതെല്ലാം സഹിക്കുകയും ‘അഡ്ജസ്റ്റ്’ ചെയ്യുകയും വേണമെന്നും അമ്മയടക്കം എല്ലാവരും ഉപദേശിച്ചുകാണണം. അഡ്ജസ്റ്റുമെന്റിന്റെ പരമാവധി അവള്‍ക്കിഷ്ടമില്ലാഞ്ഞിട്ടും ഒരു അബോര്‍ഷനിലേക്കെത്തിയപ്പോഴാവണം അവളുടെ മനസ് ചാഞ്ചാടിത്തുടങ്ങിയത്, ….. അബോര്‍ഷന് കാരണം പറഞ്ഞത് ജൂണില്‍ കോളേജില്‍ പോകുമ്പോള്‍ ഈ ഗര്‍ഭം തടസ്സമാകുമെന്നും.. ഒടുവില്‍ ജൂണ്‍ ആയി. കോളേജില്‍പോക്ക് ചിലവുകൂടുതലാക്കുമെന്നു പറഞ്ഞ് അധ്യാപിക കൂടിയായ  അമ്മായമ്മ പറഞ്ഞു.. അവസാനവാക്ക് അവരുടേതായതിനാല്‍ അവളുടെ ഒരു വാശിയും ഫലം കണ്ടില്ല..

തന്നെ ദ്രോഹിച്ചവരെ ഒരു പാഠം പഠിപ്പിക്കാനാണോ പൂര്‍ണിമ ഈ തീരുമാനം എടുത്തത്? ചിലപ്പോള്‍ ആയിരിക്കാം..

പക്ഷേ, പാഠം പഠിക്കേണ്ടത് ഞാനടക്കമുള്ള ബന്ധുക്കള്‍ ആയിരുന്നു. പാകത വരാത്ത ഇളംമനസിനെ വിവാഹജീവിതത്തിലേക്ക് പിടിച്ചിടുമ്പോള്‍ അവള്‍ അവിടെ ഉണങ്ങുകയാണോ പഴുക്കുകയാണോ ചീയുകയാണോ എന്ന് അന്വേഷിക്കേണ്ടത് ഞങ്ങളുടെ കടമയായിരുന്നില്ലേ?

മകള്‍ അവിടെ കഷ്ടപ്പെടുമ്പോള്‍ , പുറത്തിറങ്ങാനോ ഫോണ്‍ ചെയ്യാനോ അനുവാദമില്ലാതെ ഒറ്റപ്പെട്ടു ശ്വാസംമുട്ടുമ്പോള്‍ അത് അടുത്തുള്ള ബന്ധുക്കളോടു പറഞ്ഞ് അവള്‍ക്ക് ഒരാശ്വാസം കൊടുക്കേണ്ടത് അമ്മയുടെ കടമയായിരുന്നില്ലേ?

എനിക്കിവിടെ നില്‍ക്കാന്‍ വയ്യെന്ന് മകള്‍ വിളിച്ചുപറയുമ്പോള്‍ എങ്ങനെയെങ്കിലും സഹിക്കാന്‍ പറയുന്നതിനുപകരം അവളുടെ പ്രശ്നം അന്വേഷിക്കേണ്ടത് അച്ഛന്റെ കടമയായിരുന്നില്ലേ?

മകന് മാനസികപ്രശ്നമുണ്ടായിട്ടും മറച്ചുവച്ച് വിവാഹം കഴിപ്പിക്കുമ്പോള്‍ വധുവായി വരുന്ന കുട്ടിക്കളിക്കാരിയെ സപ്പോര്‍ട്ട് ചെയ്യേണ്ടത് അമ്മായമ്മയുടെ കടമയായിരുന്നില്ലേ?

അമ്മ മരുമകളെ വരുതിക്കു നിറുത്താന്‍ എല്ലാ അടവും പയറ്റുമ്പോള്‍ , ജീവനുതുല്യം താന്‍ സ്നേഹിക്കുന്നു എന്നു പറയുന്ന ഭാര്യയെ സമാധാനിപ്പിക്കുകയെങ്കിലും ചെയ്യേണ്ടത് ഭര്‍ത്താവിന്റെ കടമയായിരുന്നില്ലേ?

ഞങ്ങളാരും അവരവരുടെ കടമ നിറവേറ്റാതിരുന്നിട്ടും ഈ മരണത്തിന് പൂര്‍ണിമ മാത്രം എങ്ങനെ കുറ്റക്കാരിയാവുന്നു?

മരണത്തിന് ശേഷമെങ്കിലും അവളോട് നീതി പുലര്‍ത്താന്‍ ഞങ്ങള്‍ക്കാവുന്നുണ്ടോ?

ആത്മഹത്യ എന്നു ലേബലിട്ട് മാറ്റിവച്ച്, ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് ഒന്നും സഹിക്കാന്‍ കഴിവില്ലെന്നു പറഞ്ഞ് കൈ കഴുകാന്‍ എന്തവകാശം? ജീവിച്ചിരിക്കുന്നു എന്ന അവകാശമോ?

മകളുടെ മരണശേഷം ജീവിതത്തിലേക്ക് ഇനിയും മടങ്ങിയെത്തിയിട്ടില്ലാത്ത ആ അമ്മ പറയുന്നത് അത് ആത്മഹത്യയേ അല്ലെന്നാണ്. അവര്‍ പറഞ്ഞ കാരണങ്ങള്‍ ഞങ്ങളില്‍ മിക്കവര്‍ക്കും ബോധ്യമായതുമാണ്. പൂര്‍ണിമയെപ്പോലെ ജീവിതത്തെ സ്നേഹിച്ച ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുള്ളപ്പോള്‍ പ്രത്യേകിച്ചും... സംശയം ബാക്കി നില്‍ക്കുന്നു..

പക്ഷേ എന്തുകാര്യം? പലതരം സ്വാര്‍ഥതകള്‍കൊണ്ട് ഒരു അന്വേഷണവും വേണ്ടെന്ന തീരുമാനത്തിലാണ് ചേച്ചിയൊഴികെയുള്ളവര്‍ … മരണത്തില്‍ സംശയമില്ലെന്ന് സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഒപ്പിട്ടുകൊടുക്കുമ്പോള്‍ ചേച്ചിയുടെ കൂടെ ഞാനും ഉണ്ടായിരുന്നു... അപ്പോഴും ഒരു പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് വേണ്ടിവന്നാല്‍ കേസ് കൊടുക്കാനാവുമെന്ന്...
പക്ഷേ, ആരൊക്കെയോ ചേര്‍ന്ന് എല്ലാ പഴുതുകളും അടച്ചുവെന്ന് അറിഞ്ഞപ്പോള്‍ , അത് തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണെന്നുകൂടി അറിയുമ്പോള്‍, നിസ്സഹായത അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന ആ അമ്മക്കുമുമ്പില്‍ കണ്ണീര്‍പ്രണാമം അര്‍പ്പിക്കുക മാത്രമേ എനിക്കാവുന്നുള്ളൂ...


53 comments:

  1. ആരോടെന്നില്ലാതെ ദേഷ്യവും സങ്കടവും ഒക്കെ വരുന്നു...

    ReplyDelete
  2. ഇനിയെങ്കിലും പൂർണിമമാർ അണയാതിരിക്കട്ടെ എന്നാശിക്കുന്നു

    ReplyDelete
  3. വായിച്ചുവരവേ എനിക്കു പറയാന്‍ പലതും ഉണ്ടായിരുന്നു, പക്ഷേ അതെല്ലാം ഹേന തന്നെ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കാതെ കല്യാണം അരുത് എന്ന് നിങ്ങള്‍ക്കെങ്കിലും പറയാമായിരുന്നു. പറഞ്ഞാല്‍ വിലപ്പോവില്ലായിരിക്കും അല്ലേ.ഇപ്പോഴത്തെ കാലത്ത് കൗമാരകൗതുകങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തപ്പെടാം, ജീവിതം വഴി തിരിഞ്ഞു പോകും എന്നെല്ലാം മാതാപിതാക്കള്‍ക്ക് ഭയം തോന്നുന്നത് സ്വാഭാവികം.പക്ഷേ കുട്ടിത്തം മാറാത്ത കുട്ടിയുടെ കല്യാണം അതിനു പ്രതിവിധിയാവില്ലല്ലോ. കേസു കൊടുക്കണം ഹേനാ. അത് എല്ലാവരും പറയുമ്പോലെ ഇനി പൂര്‍ണ്ണിമമാര്‍ ആത്മഹത്യ(?) ചെയ്യാതിരിക്കാനല്ല. ഇനിയും ഇതെല്ലാം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പക്ഷേ ആ കരുന്നിനെ കുരുതി കൊടുത്ത അമ്മാവിയമ്മ, അതിനു കൂട്ടു നിന്ന ഭര്‍ത്താവ്, അമ്മായിയമ്മ പോരെടുക്കുമ്പോള്‍ അവരെ തിരുത്താത്ത അമ്മായിയച്ഛന്‍ -അങ്ങനൊയൊരു കഥാപാത്രം ഉണ്ടോ ഇതില്‍-ഇവരെല്ലാം കുറ്റക്കാരാണ്, അവര്‍ ശിക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ അവന്‍ ഇനിയും കെട്ടും, ഇനിയും ഒരു കുട്ടി കൂടി പീഡിപ്പിക്കപ്പെടും, അത് അനുവദിക്കരുത്. കുട്ടിക്ക് വിഷമമാണെന്നറിഞ്ഞപ്പോള്‍ വീട്ടില്‍ കൂട്ടിക്കൊണ്ടുവരാതിരുന്ന അച്ഛനമ്മമാരും തെറ്റുകാരു തന്നെ. ഇനി ആ വീട്ടുകാര്‍ പൂര്‍ണ്ണിമയെപ്പറ്റി പറഞ്ഞുണ്ടാക്കുന്ന നുണക്കഥകെട്ട് മുള്ളു തൊടാതെ ആ അച്ഛനമ്മമാര്‍ വിഴുങ്ങുന്നതു കൊണ്ട് അവള്‍ക്കു കൂടുതല്‍ ദുഷ്‌പേര് ഉണ്ടാകുകയേ ഉള്ളു. ഇത് ആ അച്ഛനെ പറഞ്ഞു മനസ്സിലാക്കൂ ഹേനാ.

    ReplyDelete
  4. എനിയ്ക്ക് ഒന്നും എഴുതാൻ കഴിയുന്നില്ല.......ഞാൻ പിന്നെ വരാം.

    ReplyDelete
  5. മൈത്രേയിച്ചേച്ചീ.. എല്ലാ വഴിയും അടഞ്ഞു എന്നാണ് മിനിഞ്ഞാന്ന് അറിഞ്ഞത്. പൂര്‍ണിമയുടെ അമ്മ വീട്ടുകാരുടെ വിലക്കു വക വക്കാതെ അനിയത്തിയെയും കൂട്ടി ബാംഗ്ലൂര്‍ക്ക് പോയി..അവിടെയായിരുന്നു പൂര്‍ണിമയുടെ ഭര്‍തൃഗൃഹം.. ഞങ്ങളും എല്ലാ സപ്പോര്‍ട്ടും വാഗ്ദാനം ചെയ്തിരുന്നു. അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത് അന്ന് കേസില്ലെന്ന് ഒപ്പിട്ടുകൊടുത്തത് മജിസ്ട്രേട്ടിന്റെ മുമ്പിലായിരുന്നെന്നും അതിനനുസരിച്ചാണ് പിന്നീട് പോസ്റ്റുമോര്‍ട്ടവും മറ്റു ഇന്‍വെസ്റ്റിഗേഷനും നടന്നതെന്നും അറിഞ്ഞത്. അതുകൊണ്ടുതന്നെ ഒരു തെളിവും ബാക്കിയില്ല.
    മാത്രമല്ല, പൂര്‍ണിമയുടെ അച്ഛനും വീട്ടുകാരും ഒരുതരത്തിലും അടുക്കുന്നുമില്ല. പറയാവുന്നത്ര പറഞ്ഞുനോക്കി, ഇപ്പോഴല്ല, അന്നുതന്നെ കേസുകൊടുക്കണമെന്നു പറഞ്ഞതാണ്. എന്തുകാര്യം?

    ഇപ്പോള്‍ കല്യാണം കഴിപ്പിക്കരുതെന്നും ഞങ്ങള്‍ ഇവിടെ കൊണ്ടുനിര്‍ത്തി പഠിപ്പിച്ചോളാമെന്നും ആവതും പറഞ്ഞുനോക്കിയതാണ് മുമ്പ്..

    അമ്മായച്ഛന്‍ എന്ന കഥാപാത്രം ഉണ്ട്. നിര്‍ഗുണപരബ്രഹ്മം ആണെന്നുതോന്നുന്നു.. പൂര്‍ണിമ തൂങ്ങിനില്‍ക്കുന്നത് ആദ്യം കണ്ടത് ഇദ്ദേഹമാണത്രെ.. വാതില്‍ തള്ളിത്തുറക്കാനോ ചവുട്ടിപ്പൊളിക്കാനോ നില്‍ക്കാതെ ബാക്കിയുള്ളവരെ വിവരം അറിയിക്കാന്‍ തോന്നിയ ആ മനസിനെ എന്തു പറയണം എന്നറിയില്ല.. ഇദ്ദേഹം പുറത്തുപോയി വരാനുള്ള അഞ്ചോ പത്തോ മിനിറ്റിന്റെ ഗ്യാപിലാണ് ഇത് നടന്നതത്രെ..

    ആരോട് ഇനി എന്തു പറയണം എന്നറിയില്ല..

    ReplyDelete
  6. എന്താണ്‌ എഴുതുക എന്നറിയില്ല മൈലാഞ്ചി ... ആ പെണ്‍കുട്ടിയുടെ ചിത്രം മൈലാഞ്ചിയുടെ ബ്ലോഗ്‌ വായിച്ചപ്പോള്‍ വളരെ വ്യക്തമായി മനസ്സില്‍ തെളിഞ്ഞു . സങ്കടം .. അത്രമാത്രം .
    നല്ല ജോലികിട്ടിയിട്ടും വിവാഹ പ്രായം ആയിട്ടും പരിചയത്തിലും ബന്ധത്തിലും ഉള്ള പല പെണ്‍കുട്ടികളും വിവാഹം വേണ്ട എന്ന് വാശി പിടിക്കുന്ന കാര്യങ്ങള്‍ ഓര്മ വരുന്നു . ഒരു ആന്റി പറഞ്ഞതാണ്‌ . മോള്‍ എന്ത് പറഞ്ഞിട്ടും അടുക്കുന്നില്ല . അവള്‍ പറയുന്നത് രീസേന്റ്റ് ആയി കല്യാണം കഴിഞ്ഞ കൂട്ടുകാരുടെ സങ്കടങ്ങള്‍ ആണ് . എന്റെ ജീവിതവും അത് പോലെ ആവില്ലെന്ന് എന്താണ്‌ ഉറപ് . ? ഇപ്പോള്‍ ഉള്ള സമാധാനവും സന്തോഷവും ഫ്രീടവും നഷ്ടപ്പെടുത്താന്‍ മനസ്സില്ലെന്നു പുതിയ കുട്ടികള്‍ പറയുമ്പോള്‍ അഹങ്കാരം എന്ന് നമ്മള് പറയുന്നത് എങ്ങിനെ ?
    പ്രത്യേകിച്ച് ഇത്തരം സംഭവങ്ങള്‍ നമുക്ക് ചുറ്റും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ?

    ReplyDelete
  7. ദൈവമേ.... ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും മെഡല്‍ നേടിയ കുട്ടി....പഠിക്കാനും മറ്റു കാര്യങ്ങള്‍ക്കും കഴിവുണ്ട് എന്നവള്‍ തെളിയിച്ചതല്ലേ..എന്നിട്ടും....ഏതു ലോകത്താണ് നമ്മളൊക്കെ ജീവിക്കുന്നത്!! സങ്കടം സഹിക്കുന്നില്ല എനിക്ക്...

    ReplyDelete
  8. വായിച്ചിട്ട് നെഞ്ച് വേദന എടുക്കുന്നു
    കൊച്ചു കുട്ടി ആയിരുന്നില്ലേ
    ആരും support ചെയ്യുന്നില്ല എന്ന് തോന്നിയിട്ട് തന്നെ ആകും ആ കുട്ടി പോയത് :(

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. നീമ എന്ന വായനക്കാരിക്ക് വേണ്ടി .. ബ്ലോഗര്‍ അല്ലാത്തതതിനാല്‍ കമെന്റ്റ് ചെയ്യാന്‍ പറ്റാത്തത് കൊണ്ട്

    കേസ് കൊടുക്കേണ്ടത് ഭര്‍തൃവീട്ടുകാരുടെ പേരില്‍ മാത്രമല്ല, ആ കുട്ടിയുടെ സ്വന്തം വീട്ടുകാരുടെ പേരില്‍ കൂടിയാണ്!! ഇങ്ങനുള്ള സംഭവങ്ങളില്‍ ജുടീഷിയറി സ്വന്തമായി ഇടപെട്ടു നടപടി കൈക്കൊള്ളണമെന്നാണ് എളിയ അപേക്ഷ.. മരുമക്കളെ ജീവനോടെ ദഹിപ്പിക്കുന്ന അമ്മായിമാര്‍ക്ക്‌ ഏറ്റവും അധികം പ്രേരണയാവുന്നത് സ്വന്തം പെണ്‍മക്കളെക്കാള്‍ മാനത്തിണോ സമൂഹത്തിലെ സ്ഥാനത്തിനോ ഒക്കെ വിലകല്‍പ്പിക്കുന്ന ഇത്തരം അച്ഛന്മാരാന്!! കൊല്ലുന്നതിനേക്കാള്‍ കുറ്റം കൊല്ലാന്‍ പ്രേരിപ്പിക്കുന്നതല്ലേ.. അത്തരത്തില്‍ ആ അച്ഛന്‍+അച്ഛന്‍ വീട്ടുകര്‍ക്കെതിരെയാണ് ആദ്യം നടപടി വരേണ്ടത്!

    ReplyDelete
  11. കൊച്ചിന്റെ അപ്പന്റെ പോലും സപ്പോര്‍ട്ടില്ലാത്തിടത്ത്, വളരെ ബുദ്ധിമുട്ടാവും കാര്യങ്ങള്‍. അതുകൊണ്ടു തന്നെ, തോറ്റുകൊടുക്കരുത് എന്നേ ആ അമ്മയോടു പറയാനുള്ളൂ. സമ്മര്‍ദ്ദം കൊണ്ടാണ് ഒപ്പിട്ടു കൊടുത്തതെന്നും വീണ്ടും അന്വേഷിക്കണമെന്നും പറയാന്‍ പറ്റുമോ?

    ReplyDelete
  12. വായിച്ചു.... ഒന്നും പറയാനില്ല.... ചില കാര്യങ്ങളിൽ നമ്മളൊക്കെ നിസ്സഹായരാണല്ലോ...എങ്കിലും എന്തെങ്കിലും ഒരു വഴി ഉണ്ടെങ്കിൽ ഇതിനു പിന്നിലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുപോകുന്നു. പക്ഷെ നമ്മുടെ നാട്ടിലെ നീതിന്യായവ്യവസ്ഥ അത്രയ്ക്കൊന്നും കുറ്റമറ്റതല്ലല്ലോ... പിന്നെ കേസില്ലെന്ന് എഴുതി ഒപ്പിട്ടുകൊടുത്തപ്പോഴുള്ള മാനസികാവസ്ഥഒക്കെ ചൂണ്ടിക്കാട്ടി ഒന്നുകൂടി ശ്രമിച്ചു നോക്കാമെന്ന് മാത്രം. അതിനൊക്കെയും ആദ്യം വേണ്ടത് വേണ്ടപ്പെട്ടവരുടെ സഹകരണമാണ്.

    ReplyDelete
  13. സ്വന്തം വീടുകാരുടെ സപ്പോര്‍ട്ട് കിട്ടതായപ്പോള്‍ പാവം പാവം :(
    എത്ര മിടുക്കിആയിരുന്നു അവള്‍. സഹിക്കണില്ല :(

    ReplyDelete
  14. എന്നാണു നാം മനുഷ്യരാവുക. ആത്മഹത്യ ചെയ്ത കുട്ടിയെ കുറിച്ചല്ല.
    ഒരു കേസു പോലും ഭാരമെന്നു കരുതുന്ന നിങ്ങളെ കുറിച്ചാണു അപമാനം തോന്നുന്നത്.

    ReplyDelete
  15. Neema Rajan - മാറേണ്ടത് കഴ്ച്ചപ്പാടാണ്.. അവസ്ഥകളോടുള്ള സമീപനമാണ്.. മകള്‍ ഭര്‍തൃഗൃഹത്തിലെ കഷ്ടപ്പാടുകളില്‍ ഒരു താങ്ങ് ചോദിച്ചു വരുമ്പോ "പെണ്ണായാല്‍ അങ്ങ് സഹിച്ചോളണം" എന്ന നിലപാട് മാറ്റണം.. കാര്യങ്ങളുടെ സത്യാവസ്ഥ ബോദ്ധ്യപ്പെടാനും മകളുടെ ഭാഗത്ത്‌ ന്യായം ഉണ്ടെകില്‍ അത് തിരിച്ചറിയാനും വിലവെക്കാനും മാതാപിതാക്കള്‍ മനസ്സ് കാണിക്കണം.. മാത്രവുമല്ല തങ്ങള്‍ക്കു മകള്‍ ഒഴിവാക്കപ്പെടേണ്ട ബാദ്ധ്യത അല്ലെന്നും അവളെ കഷ്ടപ്പെടുത്തുന്ന ഒരുത്തനേം/ഒരുത്തിയേം സ്വൈരമായി ജീവിക്കാന്‍ അങ്ങനെയങ്ങോട്ട് സമ്മതിക്കുകയില്ലെന്നും ഉള്ള ദൃഡ നിശ്ചയവും, ആവശ്യമായി വരുന്ന ഘട്ടത്തില്‍ (വിവാഹ ബന്ധത്തിന്റെ കാലപ്പഴക്കം കണക്കാക്കാതെ) അത് ചെറുക്കന്‍+വീട്ടുകാരെയും മകളെയും തുറന്നറിയിക്കാനുള്ള ധൈര്യവും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുണ്ടാവണം.. അന്നേരത്ത്‌ ആളുകള്‍ എന്ത് പറയുമെന്നോ ഭര്‍ത്താവു ഉപേക്ഷിച്ചാല്‍ മകളെയും കൊണ്ട് ചന്ദ്രനിലോട്ട്‌ താമസം മാറേണ്ടി വരുമെന്നോ വിചാരിക്കരുത്!

    ReplyDelete
  16. I felt really bad and was almost on tears reading you. My sincere condolensces in your loss.

    If you want to blame somebody, if you want, blame the poor girls parents. 19 is not an age to get married.

    I have been ridiculed by many for saying my opinion many times. But I will repeat. It is a grave sin on the part of our society to interfere in the lives of our children - 19 and 20 is still children for me - and decide with whom they should spend their life with. Once the children are 25 or past, let them decide on their life partner.
    And it is a bad idea to send a girl or boy, without any sexual expereinces, into a wedlock.
    I know three divorces, in my near family and friend circle, which happened in 6 months time. The reasons told outside were quite different. But when I spoke to all these 3 girls, I felt like crying. Unfortunately, in our bloody hypocritic society, SEX IS NOT IMPORTANT ANd IT IS STILL SOMETHING ONLY TO MAKE CHILDREN. I have since been really studying our society on my own. I repeat, it is a grave sin to send anybody without sexual experience to marriage.

    Once again sorry for your loss.
    If you can make somebody talk with that bloody guy and find out how their sexual life was.

    ReplyDelete
  17. I posted a comment twice similar to what CP posted above. Unfortunately both are deleted the next moment :(

    ReplyDelete
  18. ആ പെങ്കൊച്ചിനെ കൊലയ്ക്ക് കൊടുത്തത് സ്വന്തം മാതാപിതാക്കള്‍ തന്നെയാണ്...ഇവരൊക്കെ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്...കൊച്ച് വഴി തെറ്റി പോയി കുടുംബത്തിന്റെ മാനം കെടുത്താതെ ഇരിക്കാനായിരിക്കുമല്ലോ "കെട്ടിച്ചു" വിട്ടത്?? ഇപ്പോള്‍ എന്ത് മാനം???
    കഷ്ടം ...

    ReplyDelete
  19. പ്രിയ മൈലാഞ്ചീ,

    ഇന്നലെ ഇത് വായിച്ചെങ്കിലും കമന്റ് ചെയ്യാനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല.ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സമാനമായ ഒരു ആത്മഹത്യയിലൂടെ (അതോ കൊലപാതകമോ, നാമെല്ലാം ചേര്‍ന്ന് കെട്ടിച്ചയക്കുമ്പോള്‍ അങ്ങിനെയും പറയാം ല്ലേ...?) പ്രിയ കൂട്ടുകാരിയെ നഷ്ടപ്പെട്ട വേദന ഇന്നും ഹൃദയത്തെ നോവിച്ചുകൊണ്ടിരിക്കുന്നു. അതിനെക്കാളേറെ വേദനിപ്പിച്ചത്, പോകാനുള്ളത് പോയി, ഇനിയും കേസിന് കാശു കളയേണ്ട കാര്യമുണ്ടോ എന്ന അവളുടെ മാതാപിതാക്കളുടെ നിലപാട് ആയിരുന്നു.

    ഇവിടെ ഭര്‍തൃവീട്ടുകാര്‍ മാത്രമല്ല സ്വന്തം വീട്ടുകാരും കുറ്റക്കാര്‍ തന്നെയല്ലേ....? നമ്മുടെ രോഷം വാക്കുകളില്‍ തീര്‍ക്കാതെ, ഇനിയും പൂര്‍ണിമമാര്‍ ഉണ്ടാവാതിരിക്കാന്‍ നിയമജ്ഞരുടെ സഹായം തേടൂ, കേസുമായി മുന്നോട്ടു പോകണം.ഇല്ലെങ്കില്‍ മാധ്യമശ്രദ്ധയില്‍ കൊണ്ട് വരണം. ജനപിന്തുണ നേടണം.എല്ലാത്തിനും സമയവും മനസ്സും വേണം.പൂര്‍ണിമമാര്‍ നമ്മുടെ നാട്ടില്‍ തുടര്‍ക്കഥയാവതിരിക്കട്ടെ. എല്ലാ പിന്തുണയും ഉണ്ടാവും. ഈ ബൂലോഗത്തിലെ സമാനമനസ്കരും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  20. കേസുകൊടുക്കാന്‍ ഞാനോ ഏട്ടനോ വിചാരിച്ചിട്ട് കാര്യമുണ്ടോ? സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഒപ്പിട്ടതെന്ന് കോടതിയില്‍ വാദിക്കാനാവില്ലേ എന്ന് ഞാന്‍ ചോദിച്ചതാണ്. കാര്യമില്ലെന്നാണ് പറഞ്ഞത്.. മാധ്യമശ്രദ്ധയില്‍ എങ്ങനെ കൊണ്ടുവരും എന്നറിയില്ല. കേരളമല്ലല്ലോ അത്..
    പലതരം സ്വാര്‍ഥതകളാണ് ഈ ഒരൊറ്റ ദുരന്തത്തിലൂടെ പുറത്തുവന്നത്.. വീടിനു നാണക്കേടുണ്ടാക്കി ചത്തുതുലഞ്ഞ മകള്‍ക്കു വേണ്ടി കേസും കൂട്ടവുമായി അലയാനാവില്ലെന്ന് ഒരാള്‍....തന്റെ വീട്ടില്‍ മക്കള്‍ കാരണം മനസമാധാനം നഷ്ടപ്പെട്ടതുകൊണ്ട് ഈ മരണംമൂലം മറ്റുള്ളവരും ദുഖിച്ചോളുമല്ലോ എന്ന് സമാധാനിക്കുന്ന മറ്റൊരാള്‍ .. കേസുകൊടുത്ത് അത് ആണ്‍വീട്ടുകാര്‍ക്ക് എതിരായി വന്നാല്‍ , താന്‍ അന്വേഷിച്ചുകൊണ്ടുവന്ന ആലോചന മോശമാണെന്നു വരുമല്ലോ എന്നു പേടിച്ച് കേസുകൊടുപ്പിക്കാതിരിക്കാന്‍ മാക്സിമം ശ്രമിക്കുന്ന ഇനിയൊരാള്‍ ..
    എന്തു ചെയ്യണമെന്ന് അറിയില്ല..

    rajesh..i've heard that he was very violent during sex.. poornima used the word 'hucch preethi' (mad love) for that.. her mother told

    ReplyDelete
  21. എന്തു പറയാന്‍. ഇതു പോലെ എത്ര പെണ്‍‌കുട്ടികള്‍ നമ്മുടെ അയല്‍‌വീടുകളില്‍ ഉണ്ടാകും. ഒന്നുകില്‍ നമ്മള്‍ കാണുന്നില്ല, ഇല്ലെങ്കില്‍ സൌകര്യപൂര്‍വം കണ്ണടയ്ക്കുന്നു. കുറ്റം നമ്മുടേത് തന്നെയാണ്

    ReplyDelete
  22. വയ്യ. ജീവിതം രംഗബോധമില്ലാത്ത കോമാളി.

    ReplyDelete
  23. എല്ലാരും കൂടി ആപാവത്തിനെ കൊന്നു അല്ലേ..........

    ReplyDelete
  24. ഉണ്ടായ സംഭവം വളരെ ദുഃഖകരം തന്നെ.

    പക്ഷെ ഇവിടെ കണ്ട ചില അഭിപ്രായങ്ങളെക്കാള്‍ കൂടുതല്‍ നാം ചിന്തിക്കേണ്ടത്‌ നാം കുട്ടികളെ വളര്‍ത്തുന്ന രീതിയെ കുറിച്ചല്ലെ എന്ന് എനിക്കു തോന്നുന്നു.

    നാം നമ്മുടെ കുട്ടികളെ മല്‍സരിക്കാനും ജയിക്കാനുമെ പഠിപ്പിക്കുന്നുള്ളു ജീവിക്കാന്‍ പഠിപ്പിക്കുന്നില്ല.

    ഇനി നമ്മുടെ ശ്രദ്ധ അതിലായിരിക്കട്ടെ

    ReplyDelete
  25. വായിച്ചിട്ട് സങ്കടം വരുന്നു.... വിവാഹമാണോ ജീവിതത്തിലെ ലക്‌ഷ്യം !! അല്ലെന്നു നാം എന്നാണു മനസിലാക്കുക ! 25 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത പെണ്‍കുട്ടികളെ കാണുമ്പോള്‍ മാതാപിതാക്കളേക്കാള്‍ ആവലാധി ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമാണ്‌ ! എല്ലാവരുടെയും ചോദ്യം സഹിക്കാതാവുമ്പോള്‍ വീട്ടുകാരും എങ്ങനെയെങ്കിലും വിവാഹം കഴിപ്പിച്ചയച്ചു ഭാരം ഒഴിവാക്കും. ഇവിടെ ആ കുട്ടിക്ക് വിവാഹ പ്രായം പോലും ആയില്ലെന്ന് മനസിലാവുന്നു... എന്നിട്ടും !! ഓ... ആരെയോ സ്നേഹിക്കുന്നോ എന്ന് സംശയം തോന്നിയല്ലോ.... കഷ്ടം തന്നെ ! പരസ്പരം സ്നേഹിക്കുന്നവരെ ഒന്നിപ്പിക്കാതെ, കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ , കുടുംബ മഹിമയും സമ്പത്തും ജാതക പൊരുത്തവും ഒക്കെ നോക്കി ഏതോ ഒരുത്തന്റെ കൂടെ ഇറക്കി വിട്ടു ആ പാവത്തിനെ കൊന്നു! കേസിനു പോവാത്തതിനു ആ അമ്മയെയും അച്ഛനെയും കുറ്റം പറയാനാവില്ല... അവരുടെ മനസ്സില്‍ കുറ്റക്കാര്‍ അവര്‍ തന്നെയാവും... കുറ്റബോധം കൊണ്ട് സ്വയം ശപിക്കുന്നുണ്ടാവും...
    ഈ പോസ്റ്റ്‌ ഒരുപാട് മാതാപിതാക്കള്‍ക്കുള്ള ഒരു പാഠമാണ്.... നന്ദി മൈലാഞ്ചി.

    ReplyDelete
  26. മാനസികപ്രശ്നമുള്ള മകൻ എന്നുപറയുമ്പോ ഈ അവസ്ഥയിൽ അയാൾക്കും അമ്മയ്ക്കും കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ അവർക്കു കിട്ടിക്കഴിഞ്ഞിട്ടുണ്ടാവും.

    ReplyDelete
  27. നിയമപഴുതുകളെപറ്റി വലിയ കമന്റ് പോസ്റ്റ് ചെയ്തപ്പോൾ എറർ വന്നു. :(

    ചുരുക്കം ഇതാണ്.

    മാനസികപ്രശ്നമുള്ള ആളെക്കൊണ്ട് അതു മറച്ച് വച്ച് കല്യാണം കഴിപ്പിക്കുന്നത് വഞ്ചനാക്കുറ്റമാണ്./പോസ്റ്റ്മോർട്ടത്തിൽ എന്തെങ്കിലും സൂചനകൾ ഇല്ലാ എങ്കിൽ കൂടി പയ്യന്റെ മാനസികപ്രശ്നം ചൂണ്ടിക്കാട്ടിയാൽ ഒപ്പിട്ടുകൊടുത്തത് അസാധുവാകും/ വക്കീലിനെ കണ്ടാൽ ഇതിനു പരിഹാരമില്ലാതിരിക്കില്ല.

    ReplyDelete
  28. സാല്‍ജോ.... ചേച്ചി ഒരു വക്കീലിനേം കൂട്ടിയാണ് രണ്ടുദിവസം മുമ്പേ പോയത്. അദ്ദേഹം ഇത്തരം ഒരു ഓപ്ഷന്‍ പറഞ്ഞില്ലെന്നു തോന്നുന്നു. എന്തായാലും ഞാന്‍ ഇക്കാര്യം അവരോടു പറയാം. നന്ദി

    സമാനമനസ്കര്‍ക്കെല്ലാം നന്ദി... ഞങ്ങള്‍ നാളെ ബാംഗ്ലൂര് പോകുന്നു.. തിരിച്ചുവന്നിട്ട് കാണാം...

    നിയമപരമായി ഇനിയെന്തെങ്കിലും ചെയ്യാനാവുമെന്ന സൂചന കിട്ടിയാല്‍ തീര്‍ച്ചയായും അറിയിക്കണേ...

    ReplyDelete
  29. ഇതിലിപ്പോൾ ആരെ കുറ്റം പറയും?
    പറഞ്ഞിട്ടെന്ത് പ്രയോജനം?

    കല്യാണം കഴിഞ്ഞ് ആറുമാസം മാത്രമായ ഒരു പെൺകുട്ടി മരിച്ചാൽ അതിൽ നിയമത്തിന് ഇടപെ‌ടാൻ ഒരുപാട് പഴുത് ആവശ്യമാണോ? അറിയില്ല, എന്നാലും പരാതിയില്ലെന്ന് ചേച്ചി എഴുതിക്കൊടുത്ത ഒരു കടലാസിന്റെ മേലെ എല്ലാം ഒതുങ്ങിയെന്നോ ?

    ReplyDelete
  30. ലിപി രഞ്ജു നിയമവശം ചിന്തിക്കും എന്നു കാത്തിരിക്കയായിരുന്നു ഞാന്‍. മജിസ്‌ട്രേട്ടിന്റെ മുമ്പില്‍ എഴുതിക്കൊടുത്തു എന്നതായിരിക്കില്ല യഥാര്‍ത്ഥപ്രശ്‌നം. തന്റെ മകളുടെ കൊലപാതകിയെ കണ്ടുപിടിക്കണമെന്ന്- മാനസികമായി തളര്‍ത്തി ആത്മഹത്യയില്‍ കൊണ്ടെത്തിച്ചതാണെങ്കില്‍ കൂടി അതിനേയും കൊലപാതകം എന്നു പറയാമല്ലോ- താത്പര്യമില്ലാത്ത കുട്ടിയുടെ അച്ഛനാണ്, അദ്ദേഹത്തെ വഴി തെറ്റിക്കുന്ന ബന്ധു ഉപദേശകരൊണ് വാസ്തവത്തില്‍ ഇവിടുത്തെ കീറാമുട്ടി. അങ്ങനെയൊരു സാഹചര്യത്തില്‍ അമ്മ മുന്നോട്ടു നീങ്ങിയാല്‍ അത് അവരുടെ വിവാഹമോചനത്തിലാവും കലാശിക്കുക .പൂര്‍ണ്ണിമയ്ക്ക് സഹോദരങ്ങള്‍ ഉണ്ടോ മൈലാഞ്ചീ. എന്തു തന്നെ സംഭവിച്ചാലും മുന്നോട്ടു നീങ്ങാനുള്ള കരുത്ത് ആ അമ്മയ്ക്ക് ഉണ്ടാകട്ടെ.

    ReplyDelete
  31. I really feel sorry for that girl. Inspite of informing her mother about this violence,during sex, they didnt want to save her girl, is really tragic. Somebody who is violent even during supposed to be love making, can never be a good partner. poor girl must have felt like a helpless chicken in front of a jackal.
    And even thinking about her mother, i feel sorry for her. she must have thought, if my daughter comes back from her in law's house, it will be bad for the family and bla bla. Even her husband must have told her, it will be ok soon.

    That bastard has to be punished. But still, that wont give back what you lost.

    ReplyDelete
  32. @ maithreyi-
    ഈ പോസ്റ്റ്‌ വായിച്ചതില്‍ നിന്നും ഞാന്‍ മനസിലാക്കിയത് മൈലാഞ്ചി ആ ദു:ഖം വായനക്കാരുമായി ഷെയര്‍ ചെയ്യുന്നു എന്നാണു. അല്ലാതെ നിയമ വശങ്ങള്‍ തേടുന്നതായി തോന്നിയില്ല. അതുകൊണ്ടാണ് ഒന്നും എഴുതാതിരുന്നത് . (എല്ലാ കമന്റ്സും ഞാന്‍ വായിച്ചില്ലായിരുന്നു)

    കേസ് കൊടുക്കണം എന്നുണ്ടെങ്കില്‍ അതിനിയും ആവാം. കാരണം മകള്‍ആത്മഹത്യ ചെയ്തു എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടായ ആദ്യത്തെ ടെന്‍ഷനില്‍ കേസിനു പോവാനുള്ള മാനസികാവസ്ഥ ഉണ്ടായില്ലെങ്കില്‍ പോലും പിന്നീടു എന്തെങ്കിലും കാരണത്താല്‍ ആ മരണത്തില്‍ സംശയം തോന്നുന്നു എങ്കില്‍ കേസ് കൊടുക്കാവുന്നത്തെ ഉള്ളൂ. സംശയിക്കത്തക്ക കാരണം കാണിക്കണം എന്നുമാത്രം. ഇതൊക്കെ പറഞ്ഞു കൊടുക്കാന്‍ അവര്‍ക്ക് അവിടെ അഭിഭാഷകര്‍ കാണുമല്ലോ !

    എനിക്ക് തോന്നുന്നത് ആത്മഹത്യയുടെ കാരണങ്ങള്‍ ആ മാതാപിതാക്കള്‍ക്ക് അറിയുന്നുണ്ടാവും എന്നാണു , ആ കുട്ടിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്നറിയിച്ചിട്ടും, അവളെ വീട്ടിലേക്കു കൊണ്ടുപോരാന്‍ തയ്യാറാവാത്തതു അവരുടെ തെറ്റല്ലേ? സ്വന്തം മാതാപിതാക്കള്‍ പോലും സഹായിക്കാനില്ല എന്ന ചിന്ത ആ കുട്ടിയെ മാനസികമായി തളര്‍ത്തിയിരിക്കില്ലേ ! ഒരുപക്ഷെ തങ്ങള്‍ തന്നെയാണ് ആ മരണത്തിനു ഉത്തരവാദികള്‍ എന്ന കുറ്റബോധം കൊണ്ടാവും അവര്‍ കേസിനു പോവാത്തത്‌ ! കുടുംബത്തിന്റെ അഭിമാനം ആണ് അവര്‍ക്ക് വലുതെന്നു തോന്നുന്നു. (അതുകൊണ്ടാണല്ലോ ഇങ്ങനെ ഒരു വിവാഹം നടത്തിയതും) കേസ് കൊടുത്താല്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ രക്ഷപ്പെടാന്‍ എടുക്കുന്ന അടവുകളില്‍ ആദ്യത്തേത് പൂര്‍ണിമയില്‍ സ്വഭാവ ദൂഷ്യം ആരോപിക്കുന്നതായിരിക്കുമെന്ന് അവര്‍ക്കും അറിയാം, കേസിനു പോവണ്ടാ എന്ന് തീരുമാനിക്കാനുള്ള മറ്റൊരു കാരണം അതാവാം! "പോയവരോ പോയി ഇനി ചീത്തപ്പെരുകൂടി ഉണ്ടാക്കണ്ടാ" എന്നാവും ചിന്തിക്കുന്നത് . അങ്ങനെ ഉള്ളവരെ കേസിനു പോവാന്‍ നമ്മള്‍ നിര്‍ബന്ധിച്ചിട്ടെന്തു ഫലം !!!

    ReplyDelete
  33. എന്തു പറയണമെന്നറിയില്ല. ഒന്നു മാത്രം. മാതാപിതാക്കൾ, കുരുന്നു പ്രായത്തിൽ വിവാഹത്തിന് എറിഞ്ഞു കൊടുക്കരുത്, കൊലയ്ക്ക് കൊടുക്കരുത് കുട്ടികളെ.

    ReplyDelete
  34. Poornima!!!! I met her only once. On henoppol's marriage occasion.She was a kid that time.She was so interesting personality that time. When I heard about her marriage, I was really surprised because I could remember her cute face that time

    What should I say more!!!! May god give you strength to survive !!!! Amma!!!!!

    If the fiction says correct!!!!! Poornima We will always remember and see you as a SHINING STAR in the SKY


    !!!!! Vivek

    ReplyDelete
  35. അതിയായ വിഷമവും ദേഷ്യവും വരുന്നു . ഇത് പോലെ എത്രയെത്ര ജീവിതങ്ങള്‍ പൊലിഞ്ഞുപോകുന്നു ...നിസ്സഹായതയോടെ ..

    ReplyDelete
  36. പൂര്‍ണ്ണിമയുടെ അനുഭവം ഇനിയും ആര്‍ക്കും വരാതിരിക്കാന്‍, ഇനിയെങ്കിലും നമ്മളില്‍ ആര്‍ക്കും ഇത്തരം പോസ്റ്റുകള്‍ എഴുതേണ്ടി വരാതിരിക്കാന്‍ , നമ്മുടെ നാട്ടില്‍ നിലവിലുള്ള ഗാര്‍ഹിക പീഡന നിരോധന നിയമം പോലുള്ള നിയമങ്ങള്‍ ഉപയോഗപ്പെടുത്തൂ... ആ നിയമത്തെ കുറിച്ച് വിശദമായി അറിയാത്തവര്‍ ഇതൊന്നു. വായിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.

    ReplyDelete
  37. Maranam vilakoduthu vangunathinte karanam koodi arinjal.., aa maranam kooduthal vilapettathayekam

    ReplyDelete
  38. ഹേന, ഇവിടെ ഞാനൊരു കമന്റിട്ടിരുന്നു. അതിപ്പോള്‍ കാണുന്നില്ല. സ്പാമില്‍ പോയതാണൊ? ഏതായാലും ഈമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്ത് എന്റെ മെയില്‍ ബോക്സില്‍ കിടക്കുന്ന അതേ കമന്റ് ഒരിക്കല്‍ കൂടെ ഇവിടെ പേസ്റ്റ് ചെയ്യുന്നു. അതിലെ ചില കാര്യങ്ങള്‍ക്ക് ഇവിടെ മറുപടി ലഭിച്ചു എന്നറിയാം. എങ്കിലും കമന്റ് അതുപോലെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുന്നു.
    ----------------------------------------------
    കഷ്ടമെന്നല്ലാതെ എന്തുപറയാന്‍. ഇവിടെ ഏറ്റവും ആദ്യത്തെ കുറ്റക്കാര്‍ പൂര്‍ണ്ണിമയുടെ അമ്മയും അച്ഛനും തന്നെയാണ്. കാരണം ആരെയോ പ്രേമിച്ചെന്നോ നോക്കിയെന്നോ പറഞ്ഞ് പെട്ടന്ന് എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ (പ്രായപൂര്‍ത്തിയായെങ്കില്‍ പോലും) ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചയപ്പിക്കുക. അതിനുശേഷം അവളുടെ ജീവിതത്തിന്റെ ഓരോ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ അറിഞ്ഞിട്ടും എന്തൊക്കെ സാഹചര്യത്തിന്റെ പേരിലാണെങ്കിലും മിണ്ടാതിരിക്കുക. ശേഷം എല്ലാം ചാരമായി കഴിഞ്ഞ ശേഷം ആരെതിര്‍ത്താലും കേസുമായി മുന്നോട്ട് പോകും എന്ന് പറയുമ്പോള്‍ എന്തുകൊണ്ട് ഇതുപോലെയൊരു മാ‍നസീകാവസ്ഥ പൂര്‍ണ്ണിമയുടെ അമ്മ മുന്‍പേ പ്രകടിപ്പിച്ചില്ല. ഇപ്പോള്‍ മകള്‍ ഫോണില്‍ പറഞ്ഞപ്പോള്‍ മറ്റുള്ളവരെ അറിയിക്കാതെ സൂക്ഷിച്ച, അവളെ ഭര്‍ത്തുവീട്ടില്‍ പീഢിപ്പിച്ചപ്പോള്‍ പോലും നിസ്സഹായതയുടെ തോലെടുത്ത് ധരിച്ച, അവള്‍ മരിച്ചുകഴിഞ്ഞപ്പോഴും ആ ഒരു പ്രത്യേക ചുറ്റുപാടിന്റെ സമ്മര്‍ദ്ദത്താലാവാം മറ്റുള്ളവരുടേ പ്രേരണക്ക് വഴങ്ങി കേസും കൂട്ടവും ഒന്നും വേണ്ടെന്ന് വെച്ച പൂര്‍ണ്ണിമയുടേ അമ്മ.. എന്നും പെണ്മക്കള്‍ പ്രശ്നങ്ങള്‍ ഏറെ പറയുക അമ്മയോടാവും എന്നത് കൊണ്ട് തന്നെ എന്തൊക്കെയോ അറിഞ്ഞിട്ടും അത് അടുത്ത ബന്ധുക്കളായ ഹേനയെയും ഹസിനെയും പോലുമറിയിക്കാതെ മനസ്സില്‍ ഇട്ടു നീറ്റിയിട്ട് ഇപ്പോള്‍ എല്ലാം കഴിഞ്ഞ് കേസിന് പോയിട്ട് എന്ത് കാര്യം? എന്തുകൊണ്ടാണ് പൂര്‍ണ്ണീമയുടേ അച്ഛന്‍ ഇവിടെ വീണ്ടും വീണ്ടും കേസു വേണ്ട എന്ന് പറയുന്നത് എന്നത് ചിന്തനീയമാണ്. അതിനു പിന്നില്‍ ഹേനയും ഹസുമുള്‍പ്പെടെ ആരുമറിയാത്ത എന്തെങ്കിലും രഹസ്യം ഉണ്ടായിക്കൂടെ.. വെറുതെ ചിന്തിക്കുമ്പോള്‍ തോന്നുന്നത് മാത്രം. ഏതായാലും എല്ലാം നേരായി നടക്കട്ടെ എന്നും ആ കുട്ടിയോട് തെറ്റു ചെയ്തവര്‍ ആരായാലും അവരെല്ലാം നിയമത്തിനു മുന്നില്‍ എത്തപ്പെടട്ടെ എന്നും പ്രാര്‍ത്ഥിക്കാം. ആദ്യമാദ്യം വളരെ സ്നേഹത്തോടെ പെരുമാറിയ അമ്മായിയമ്മ പിന്നീടെന്തുകൊണ്ട് ഇടംതിരിഞ്ഞു എന്നതൊക്കെ ചോദ്യങ്ങളാണ്. ഒരു പക്ഷെ, ഹേനക്ക് അറിയാവുന്ന കാര്യങ്ങളാവും. പബ്ലിക്കായി ഷെയര്‍ ചെയ്യാന്‍ പറ്റാത്തതുമാവും. അതൊന്നും കുഴപ്പമില്ല. പക്ഷെ എല്ലാ രീതിയിലും ചിന്തിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുക. ഇവിടെ സഹായിക്കാന്‍ കഴിയുന്നവര്‍ ഒട്ടേറെ കാണും. ഇത്തരം വിഷയങ്ങളില്‍ സഹായിക്കാന്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ അവരോട് കൂടുതല്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്താല്‍ ഒരു പക്ഷെ എന്തെങ്കിലും ഒക്കെ സൊലൂഷന്‍ കിട്ടിയേക്കാം. മൈത്രേയി ചേച്ചിയെ പോലെ കോണ്ടാക്റ്റുകള്‍ ഉള്ളവര്‍ക്കും ലിപി രഞ്ചുവിനെ പോലുള്ള അഡ്വക്കേറ്റുകള്‍ക്കും എല്ലാം ഇത്തരം വിഷയങ്ങളില്‍ ഒരു പക്ഷെ ഹേനയെ സഹായിക്കുവാന്‍ കഴിയുമെന്ന് തന്നെ കരുതട്ടെ.

    ReplyDelete
  39. @ മനോരാജ്- "ആദ്യമാദ്യം വളരെ സ്‌നേഹത്തോടെ പെരുമാറിയ അമ്മായിയമ്മ പിന്നീടെന്തുകൊണ്ട് ഇടംതിരിഞ്ഞു " അത് ഊഹിക്കാവുന്നതല്ലേ മനു. അവരുടെ മകനെപ്പറ്റി പല കാര്യങ്ങളും മറച്ചു വച്ചതല്ലേ, അതു കൊണ്ട്. പാലം കടക്കുവോളം....അവര്‍ നല്ല ഒന്നാന്തരം manipulator ആയിരുന്നിരിക്കണം. അങ്ങനെയുള്ള പല അതിബു ദ്ധിമതികളേയും ഞാന്‍ കണ്ടിട്ടുണ്ട്, മറ്റുള്ളവര്‍ക്കു ബുദ്ധിയില്ല എന്നാണ് ഇക്കൂട്ടര്‍ കരുതുക.

    "മൈത്രേയി ചേച്ചിയെ പോലെ കോണ്ടാക്റ്റുകള്‍ ഉള്ളവര്‍ക്കും " ഇത് സംഭവം കര്‍ണാടകയിലല്ലേ, അവിടെ influence ഉള്ളവര്‍ വേണ്ടേ? കര്‍ണ്ണാടക ബന്ധമുള്ള ആഷ്‌ലിക്കു സഹായിക്കാന്‍ പറ്റുമോ ആവോ.

    ReplyDelete
  40. @maithreyi : ചേച്ചി, ഒരു പരിധി വരെ ചേച്ചി പറഞ്ഞത് ശരിതന്നെ.

    പിന്നെ കോണ്ടാക്റ്റ്സ് , കര്‍ണ്ണാടകയില്‍ കോണ്ടാക്റ്റ്സുള്ളവര്‍ക്ക് കൂടുതല്‍ ചെയ്യാന്‍ കഴിയും എന്നത് ശരിതന്നെ. പക്ഷെ മനുഷ്യാവകാശകമ്മീഷന്‍, വനിതാസെല്‍ തുടങ്ങി ഇവിടെയുള്ളവ വഴി നിയമോപദേശം തേടാന്‍ കഴിയുമോ എന്നതാണ് ഉദ്ദേശിച്ചത്. ആവശ്യമെങ്കില്‍ എന്ന് കൂടെ പറയട്ടെ.

    ReplyDelete
  41. നിങ്ങളൊക്കെ തന്നെ ഉത്തരവാദികള്‍
    കേസ് നടത്തി അത് ഒരാളുടെ തലയില്‍‌വച്ചൊഴിയാം, സമാധാനിക്കാം. ഹ്മം...

    ReplyDelete
  42. ഛെ..! വായിച്ചിട്ട് എനിക്കെന്നോട് തന്നെ എന്തൊക്കെയോ തോന്നുന്നു..! ഒന്നും പറയാനാവുന്നില്ല..

    ഉത്തമജാതകപ്പൊരുത്തം... മണ്ണാങ്കട്ട.. :-(

    ReplyDelete
  43. ഞങ്ങള്‍ ഒരു വട്ടം ബാംഗ്ലൂര്‍ പോയി വന്നു.. മറ്റൊരാവശ്യത്തിനായിരുന്നു, എന്നാലും ഇക്കാര്യവും മനസില്‍ ഉണ്ടായിരുന്നു...

    പോസ്റ്റ് ഇട്ടപ്പോള്‍ മനസില്‍ കിടന്നു വിങ്ങിയ ചിലത് പങ്കുവക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം.. കൂട്ടത്തില്‍ ഒരു പ്രതീക്ഷയും.. എന്തെങ്കിലും വഴിതെളിഞ്ഞാലോന്ന്..

    പക്ഷേ, ഇപ്പോള്‍ അറിഞ്ഞ വാര്‍ത്തകള്‍ ഏറെ നിരാശാജനകം.. ചേച്ചി നാട്ടില്‍നിന്നുപോന്നിട്ട് കുറച്ചായി, അനിയത്തിയുടെ വീട്ടില്‍ ഉണ്ട്, അവിടെനിന്നാണ് വക്കീലിനെ കാണലും ഒക്കെ ഉണ്ടായത്..
    അതോടെ പക്ഷേ, അവര്‍ വീട്ടുകാരുമായി പിണങ്ങിപ്പോന്നതാണെന്ന പ്രചാരം നാട്ടില്‍ ഉണ്ടായത്രെ.. ഏട്ടന്റെ ചേട്ടന്‍മാര്‍ വിളിച്ചുപറഞ്ഞതാണ്.. കൂട്ടത്തില്‍ ചേച്ചിയോട് മടങ്ങിപ്പോകാന്‍ ഞങ്ങള്‍ പറയണമെന്ന ആവശ്യവും.. ഞങ്ങളാണല്ലോ സപ്പോര്‍ട്ട്.. അവരുടെ കുടുംബംകലക്കിയെന്ന പേരുമാത്രമാവും ബാക്കി എന്നു കരുതിയോ, ഇനി എന്തുചെയ്തിട്ടും കാര്യമില്ലെന്ന് വിചാരിച്ചോ എന്തോ ഏട്ടനും പിന്നാക്കം വലിയുന്നു..

    ഇനി എല്ലാം പതിവുപോലെ പോകും.. മെല്ലെ മെല്ലെ ചേച്ചിയും പഴയ ജീവിതത്തിലേക്കു വരും.. നഷ്ടം പൂര്‍ണിമക്കു മാത്രം.. മരണത്തില്‍പ്പോലും നീതി കിട്ടാതെ...........

    ReplyDelete
  44. Sorry to read this Hena. Sounds typical of a Keralan nair family, where what is spoken by the invisible 4 persons - naalu per - is important than anything, even more than finding justice for a 19 year old.
    I really think her father should go to jail. I should be saying parents, but women dont have any voice in our society.
    I hope you would never forget this.
    Please do not bring up your own girl as a typical Indian girl. Let her face the world, let her earn the courage and boldness to face anything that may come across her in her future. Please, never tell her - you are just a girl and you must be quite and such traditional bla bla.

    I feel, I should not have read your post. Whenever I think about this, I feel really horrible.

    ReplyDelete
  45. maranam jeevithathil orikkal varum eannal ettaram maranam theerthum dhukkakaram

    ReplyDelete
  46. പത്തൊമ്പത് വയസുള്ള ഒരു കൊച്ചിനെ ജാതകപ്പൊരുത്തത്തിന്റെ പേരില്‍ ഏതോ ഒരുത്തന്റെ കൂടെ അവളുടെ പഠിക്കാനും മറ്റുമുള്ള താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കെട്ടിച്ചു വിട്ട് അതിന്റെ പണി തീര്‍ത്തപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായി എന്നു കരുതുന്നു.

    ഒരു പെണ്ണിന്റെ ജീവിതലക്ഷ്യം എന്നെങ്കിലും ഒരുത്തന്റെ ഭാര്യയാവുക എന്നതില്‍ക്കവിഞ്ഞ് ഒരു കരിയറുണ്ടാകുക, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാകുക എന്നൊക്കെയാകാത്തിടത്തോളം എത്രയെത്ര പൂര്‍ണിമമാര്‍ സൃഷ്ടിക്കപ്പെട്ട് കൊണ്ടിരിക്കും.

    ReplyDelete
  47. nice work!
    welcome to my blog
    nilaambari.blogspot.com
    if u like it join and support me

    ReplyDelete
  48. ഇപ്പോഴാണ് വായിച്ചത്.വായിക്കാന്‍ കഴിഞ്ഞത്.വൈകിയതില്‍ ക്ഷമിക്കുക.
    സംഭവിച്ചുപോയ കാര്യത്തെപ്പറ്റി ഇനി പറയേണ്ട കാര്യമില്ലെന്ന് തോന്നുന്നു.വാദിച്ചുജയിക്കാനാവാത്ത വഴികളിലാണ് കാര്യങ്ങളുടെ കിടപ്പ്.നോക്കിക്കോളൂ..ഒരു വിധി വരും.നിങ്ങളുടെയെല്ലാം മരണത്തിനുമുന്നേ..കാരണം സത്യം എന്നും ജയിക്കും.അതിന് ആരും കേസുനടത്തേണ്ട കാര്യമില്ല.

    ReplyDelete
  49. onnum parayunnilla.. vaiki vaayikkaan. vallatha sammardham thonnunnu manassil.. enthu jeevithamaanu nammudethu!

    ReplyDelete
  50. കുറ്റക്കാര്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ബന്ധുക്കളും തന്നെ. ഇത്രയും പ്രതിഭയുള്ള ഒരു കുട്ടിയെ വിവാഹജീവിതത്തിലേക്ക് എറിഞ്ഞു കൊടുത്തതിന് അവള്‍ വിധിച്ച ശിക്ഷ. അവള്‍ക്കു ചെയ്യാനാവുന്ന പരമാവധി ശിക്ഷ തന്നെ അവള്‍ വിധിച്ചു.

    ReplyDelete
  51. ശരിയുടെയും തെറ്റിന്റെയും വിചാരണക്കിടയില്‍ പിടഞ്ഞില്ലാതായത് ഒരു ജീവനാണ്...കരുത്തേകി കൂടെ കൂട്ടാന്‍ വീട്ടുകാര്‍ ഉണ്ടായിരുനെന്കില്‍ അവള്‍ ഈ വഴി സ്വീകരിക്കുമായിരുനില്ല....ഇനിയും ആര്‍ക്കുമിതു സംഭവിക്കാതിരിക്കട്ടെ....

    ReplyDelete
  52. ഞാന്‍ എന്താ പറയ്വാ ..പലര്‍ക്കും ഒരു ധാരണയുണ്ട് ജാതകം മാത്രമാണ് ജീവിതമെന്ന് . പൊരുത്തം നോക്കി പറഞ്ഞ കണിയാനും ഈ കല്യാണം നടത്തിക്കൊടുത്ത വീട്ടുകാരും ആദ്യം അറിയേണ്ട ഒരു കാര്യം ആ കുട്ടിയുടെ മനസ്സായിരുന്നു..എന്‍റെ അനുഭവം കൂടി ഞാന്‍ ഇവിടെ പങ്കു വക്കുന്നില്ല. അതും കൂടി പറഞ്ഞാല്‍ ഒരു പക്ഷെ..

    ReplyDelete

കൂട്ടുകാര്‍