“ഡാ, ഗെറ്റുഗതറിന് മുന്‍പ് എനിക്ക് നിന്നെയൊന്ന് കാണണം, ഒറ്റക്ക്.. എന്നാ വേണ്ടേ? “
വിനോദ് അങ്ങനെ പറയണമെങ്കില്‍ എന്തോ കാര്യമായി പറയാനുണ്ടാവണം. കോളേജില്‍ പഠിച്ച കൂട്ടുകാരില്‍ ആകെ കോണ്‍ടാക്റ്റ് ഉള്ളത് ഇവനുമായിട്ടാണ്. എല്ലാവരുടെയും വിശേഷങ്ങള്‍ അറിയാറുള്ളതും വിനോദിന്റെ വിളികളില്‍നിന്നാണ്. അറിയാനേറെ ആഗ്രഹിക്കുന്ന ഒരാളുടെ വിശേഷങ്ങളടക്കം..
എന്തായാലും പോകണം. സിന്ധുവിന് സംശയമാണ്, വെള്ളമടിക്കാനാണോ പോണതെന്ന്. കുറ്റം പറയാന്‍ പറ്റില്യ, ഈയിടെയായി ഇത്തിരി കൂടുതല്‍ തന്നെയാണ്.
എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് വിനോദിനെ വിളിച്ച് കാണേണ്ട സ്ഥലം ചോദിച്ചപ്പോ കോളേജിന്റെ മുമ്പില്‍ എന്നാ പറഞ്ഞത്. അതെന്തിനാണെന്ന് മനസിലായില്ല. ഒത്തുചേരലിന്റെ വല്ലതും ചെയ്യാന്‍ കാണുമായിരിക്കും എന്നു കരുതി. അവനടക്കം മൂന്നാലുപേര്‍ മാസങ്ങളോളം കഷ്ടപ്പെട്ടിട്ടാ എല്ലാരേം കിട്ടിയതെന്ന് കേട്ടു. കേരളത്തിലല്ലെങ്കിലും ഇന്ത്യയിലെങ്കിലും ആണല്ലോ അവന്‍ .. അതിന്റെ ഗുണം. പ്രവാസികള്‍ക്ക് ഇതു വല്ലതും വിധിച്ചിട്ടുണ്ടോ? മനസുനിറയെ സ്നേഹിക്കുന്നവരെ ഒന്നു കാണാന്‍പോലും ആവില്ല പലപ്പോഴും.. ഓരോരോ തിരക്കുകള്‍ . നാളെയാവട്ടെ എന്നു കരുതുമ്പോള്‍ നാളെ എന്നത് എത്ര വര്‍ഷങ്ങള്‍ക്കപ്പുറമാണെന്നത് മാത്രം അറിയുന്നില്ല.
കോളേജിന്റെ മുമ്പിലെത്തിയപ്പോള്‍ അവനെത്തിയിട്ടില്ല. വിളിച്ചപ്പോള്‍ വരാന്‍ വൈകും, വേണമെങ്കില്‍ ഒന്ന് പഴയ ക്ലാസ് റൂമിന്റെ അവിടെ പോയി വന്നോ, ഓര്‍മകള്‍ കുറെയുള്ളതല്ലേ എന്ന് മറുപടി. അല്പം ദേഷ്യം വന്നു. വൈകുമെങ്കില്‍ ആദ്യമേ പറയാമായിരുന്നില്ലേ… എന്തായാലും അവന്‍ പറഞ്ഞത് ശരിയാണ്, എത്രയോ ഓര്‍മകളുള്ള ഇടമാണ്…
ക്ലാസ്റൂം തുറന്നിട്ടില്ല.. അല്ലെങ്കിലും ഓര്‍മകളില്‍ ഒരിക്കലും ക്ലാസ്റൂം വരാറില്ലല്ലോ.. ക്ലാസിലേക്കുള്ള കോണിപ്പടികളും അപ്പുറത്തെ വരാന്തയും ഒക്കെയല്ലേ ഉള്ളൂ..
വിനോദ് വരും വരെ ഇവിടെ ഇരിക്കാം.. ഈ പടികളില്‍വച്ചാണ് അവള്‍ ആദ്യമായി ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞത്, അല്ല, കൈവെള്ളയില്‍ എഴുതിയത്.. പറയാന്‍ മടിയുണ്ടായിരുന്നു, പറയാതെതന്നെ അറിയാമായിരുന്നു, എങ്കിലും തുറന്നുപറയുന്നതുകൊണ്ട് രണ്ടാള്‍ക്കും വിഷമമേ ഉണ്ടാകൂ എന്ന തിരിച്ചറിവുകൊണ്ട് മിണ്ടാതിരുന്നു.. ക്ലാസ് കഴിഞ്ഞ സമയത്ത് ഒന്നുകാണാന്‍വേണ്ടി മാത്രം കോളേജിലേക്ക് വന്നുതുടങ്ങിയപ്പോഴാണ് നഷ്ടമാവാന്‍ പോകുന്നതിന്റെ ആഴം മനസിലായത്.. ഒന്നും മിണ്ടാതെ എത്രയോ നേരം ഈ കോണിപ്പടിയില്‍ ഇരുന്നു… അത്തരം ഒരു ദിവസമാണ് അവളുടെ കല്യാണക്കാര്യം പറഞ്ഞ് കളിയാക്കിയത്, കൂട്ടുകാരെയൊക്കെ പിന്നെ നീ മറക്കും എന്നു പറഞ്ഞപ്പോള്‍ അവളുടെ കണ്ണുനിറഞ്ഞു.. പിന്നെ കയ്യില്‍ വിരല്‍ത്തുമ്പുകൊണ്ടെഴുതി “you dont know how much i love you”.. ഒന്ന് കെട്ടിപ്പിടിക്കണമെന്നുണ്ടായിരുന്നു, പക്ഷേ അന്നുമിന്നും പ്രാക്റ്റിക്കലായതുകൊണ്ട് വെറുതെ കൈകോര്‍ത്തിരുന്നു.. നിറഞ്ഞ കണ്ണുകളെ തടയാതെ… അന്ന് ബസ് കയറുമ്പോള്‍ അവള്‍ നോക്കിയ നോട്ടം ഇന്നും കൊളുത്തി വലിക്കുന്നു… പറയാമായിരുന്നു, എനിക്കും ഇഷ്ടമാണെന്ന്.. നീയെത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയാമെന്നും…
ഒന്നുമുണ്ടായില്ല, പരീക്ഷ കഴിഞ്ഞു, റിസല്‍ട്ടറിഞ്ഞു, ഒരുവട്ടംകൂടി പിന്നെയും കണ്ടു. എന്റെ കൂടെ വിനോദുണ്ടായിരുന്നു, അവളുടെ കൂടെ ഗായത്രിയും.. നാലുപേരുംകൂടി ഒരുമിച്ച് അവസാനമായി കണ്ടത് അന്നായിരുന്നു.. പ്രത്യേകിച്ചൊന്നും സംഭവിക്കാത്തപോലെ കല്യാണവിശേഷങ്ങള്‍ പറഞ്ഞ് ചിരിച്ചു അവള്‍.. ഗായത്രിയുടെ കളിയാക്കലില്‍ നാണിച്ചു.. മനസില്‍ എന്തോ നീറി… ജീവിതം ഇങ്ങനെയൊക്കെയാണ് എന്നുംപറഞ്ഞ് സമാധാനിക്കാന്‍ ശ്രമിച്ചു..
പിന്നെ എപ്പോഴൊക്കെയോ ഓര്‍ത്തു.. ഓര്‍ക്കാതിരിക്കാന്‍ ആയില്ല എന്നുവേണം പറയാന്‍ .. സിന്ധുവും കുട്ടികളും ജീവിതത്തിലേക്ക് വന്നിട്ടും ഓര്‍മകളില്‍ ഇന്നും പഴയ ക്ലാസ് മുറി നിറഞ്ഞു ഇടക്കിടെ… അവള്‍ ഓര്‍ക്കുന്നുണ്ടാകുമോ എന്ന് വെറുതെ ചിന്തിച്ചു.. ഉണ്ടാവില്ല.. പ്രാരാബ്ധങ്ങള്‍ക്കിടെ എവിടെ നേരം..ഇടയ്ക്ക് ഫെയ്സ്ബുക്കില്‍ ഒന്ന് പരതി നോക്കി.. അതേ പേരില്‍ പഴയ ഫോട്ടോ ഇട്ട് അവളുണ്ട്.. പഴയ മന്ദബുദ്ധിത്തരത്തിന് മാറ്റമില്ലാത്തതിനാല്‍ ഐഡി പബ്ലിക് ആക്കി ഇട്ടിരിക്കുന്നു.. പോത്ത് എന്ന് വിളിക്കാറുള്ളത് വെറുതെയല്ല.. എന്തായാലും നന്നായി എന്നും തോന്നി, അല്ലെങ്കില്‍ എങ്ങനെ അവളുടെ വിശേഷങ്ങള്‍ അറിയും...
“നീയെവിടെയുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു” ..വിനോദിന്റെ ശബ്ദം.. ചിരിച്ചു.. കെട്ടിപ്പിടിച്ചു.. ഓര്‍മകളുടെ ഭാരംനിറഞ്ഞ കെട്ടിപ്പിടിത്തം…
“പോകാം?”
“എങ്ങോട്ട്?”
“നിന്നെക്കൊണ്ടു ചെല്ലാമെന്ന് ഒരാള്‍ക്ക് ഞാന്‍ വാക്കുകൊടുത്തിട്ടുണ്ട് “..
പെട്ടെന്ന് അവളുടെ മുഖം മനസില്‍ .. പ്രതീക്ഷയോ പരിഭ്രമമോ..എന്തൊക്കെയോ..അതറിഞ്ഞിട്ടെന്നപോലെ അവന്‍ പറഞ്ഞു… “ഗായത്രി വരും.. ബസ് സ്റ്റാന്‍ഡില്‍” ..
എന്തോ തകര്‍ന്നുവീണു.
ഗായത്രിക്ക് വലിയ മാറ്റമില്ല.. അല്പംകൂടി സുന്ദരിയായിട്ടുണ്ടോ എന്നൊരു സംശയം.. ചോദിക്കണോ കൂട്ടുകാരിയുടെ വിശേഷം..വേണ്ട.. ഇവര്‍ക്കൊന്നും അറിയില്ല, എന്തിനു വെറുതെ ഇത്രകാലം കഴിഞ്ഞ് … വേണ്ട…
“നിനക്ക് തരാന്‍ എന്നെ ഏല്പിച്ചതാണ് “… ഒരു കവര്‍ നീട്ടി ഗായത്രി പറഞ്ഞു..
എന്തിനെന്നറിയാതെ വിറയ്ക്കുന്ന കൈകളോടെ കവര്‍ വാങ്ങി… ആരും പറയണ്ട എനിക്കറിയാം ഇതവളുടേതാണ്..
ചെറിയ ഒരു കത്ത്.. പണ്ടു വിളിച്ചിരുന്ന അതേ സംബോധനയില്‍ തുടങ്ങി അവളെ വിളിച്ചിരുന്ന ചെല്ലപ്പേരില്‍ അവസാനിക്കുന്നു…
“പറയാനുള്ളതെല്ലാം കുറിച്ചിട്ടിരുന്നു സമയം കിട്ടിയപ്പോള്‍ .. അത് അയച്ചുതന്ന് സമാധാനം കെടുത്തണ്ട എന്ന് കരുതി.. ഒരു ചെറിയ പെട്ടിയുണ്ട് ഗായത്രിയുടെ വീട്ടില്‍ ഏല്പിച്ചിട്ടുണ്ട്, അതിലുണ്ട് എല്ലാം… നമ്പര്‍ലോക്ക് ആണ് .. മൂന്നക്കം.. ഏതാണ് നമ്പറെന്ന് പറയേണ്ടതില്ലല്ലോ”…
“എന്താണിതിന്റെ അര്‍ത്ഥം?”
“പറയാം “ ഗായത്രി നെടുവീര്‍പ്പിട്ടു.. “എന്താണവള്‍ എഴുതിയതെന്ന് ആദ്യം പറ.”.
“നിന്റടുത്തൊരു പെട്ടിയുണ്ടെന്ന് മാത്രം..അതെനിക്ക് വേണം”
“അത് ഞാനൂഹിച്ചു.. അതുകൊണ്ട് എടുത്തോണ്ട് വന്നിട്ടുണ്ട്.. നമ്പര്‍ലോക്കാ.. കത്തിലുണ്ടോ ഏതാ നമ്പറെന്ന്…?”
“ഇല്ല, പക്ഷേ എനിക്കറിയാം”..
ഗായത്രിയും വിനോദും അത്ഭുതം കലര്‍ന്ന സന്തോഷത്തോടെ, അല്പം വിഷമത്തോടെയും നോക്കി നിന്നു..
പെട്ടി തുറന്നു.. നാലഞ്ചു ഡയറികള്‍ …. എല്ലാ ദിവസത്തെയും ഇല്ല.. സമയം കിട്ടുമ്പോള്‍ തിയതി വച്ച് എഴുതിയിരിക്കുന്നു… എല്ലാം എനിക്കുള്ള കത്തുകളുടെ രൂപത്തില്‍ …. വായിക്കാന്‍ തുടങ്ങിയപ്പോഴേ കണ്ണുനിറഞ്ഞു, നെഞ്ചുപിടഞ്ഞു.. വയ്യ..
ഒരു ചെറിയ കുറിപ്പു് പെട്ടിയുടെ മുകളില്‍ .. “ഡയറി പിന്നെ വായിക്കാം….ഇതിനുശേഷമുള്ളത് ഇമെയിലില്‍...ഡ്രാഫ്റ്റിലുണ്ട്.. പതിയെ വായിച്ചാല്‍ മതി ….. മെയില്‍ ഐഡി ഗായത്രിയോട് ചോദിക്കൂ.. പാസ് വേഡ് നിന്റെ ഞാന്‍ തന്നെ…(പിന്നെ, ഫെയ്സ്ബുക്കില്‍ എന്റെ വിശേഷങ്ങള്‍ കാണാറുണ്ടല്ലോ അല്ലേ??)”...
തലയില്‍ കൈവച്ച് അല്പനേരം ഇരുന്നു.പിന്നെ പെട്ടിയടച്ചു എണീറ്റു.. വായിക്കല്‍ പിന്നെയാവാം.. നെറ്റ് കഫേ കാണണം..
മെയില്‍ തുറന്നു.. ഡ്രാഫ്റ്റകളില്‍ ഡയറിയുടെ തുടര്‍ച്ചകള്‍ … അവളുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും പങ്കുവച്ചിരിക്കുന്നു.. ഞാനടുത്തുള്ളപോലെ…. എന്നോട് ആ കോണിപ്പടികളില്‍ വച്ച് സംസാരിച്ചിരുന്നതുപോലെ.. അതേ ആര്‍ദ്രതയില്‍ തീവ്രതയില്‍ … ഇത്രകൊല്ലം ...എന്നിട്ടും …
വിനോദ് വന്ന് കെട്ടിപ്പിടിച്ചപ്പോഴാണ് കരയുകയാണെന്ന് മനസിലായത്… ഗായത്രിയും കരയുന്നുണ്ടായിരുന്നു….
പെട്ടെന്നാണ് ഇടിവെട്ടിയപോലെ ഒരു സംശയം മനസിലേക്കെത്തിയത്… എന്തിന് ഇപ്പോള്‍ ഇതൊക്കെ എനിക്ക്? …… നെഞ്ചില്‍ ചുട്ടുപഴുത്ത പാറക്കല്ല് വന്നുവീണു… എന്തിന്? എന്തുപറ്റി ഇപ്പോള്‍?
ഗായത്രി ചുമലില്‍ കൈവച്ചു…
“നിനക്കവളെ കാണണോ? ആസ്പത്രിയിലാണ്, നമ്മുടെ ഗെറ്റ് റ്റുഗദറിന്റെ തലേന്ന് ഓപ്പറേഷനാണ്… അവളാണ് എല്ലാവരുടെയും അഡ്രസ് കോളേജില്‍നിന്ന് സംഘടിപ്പിച്ച് വീടുകളിലേക്ക് കത്തുകളയച്ച് , പുതിയ അഡ്രസും ഫോണ്‍നമ്പരും ഒക്കെ സംഘടിപ്പിച്ചത്.. അസുഖമാണെന്നറിഞ്ഞ അന്നു മുതല്‍ വിശ്രമമില്ലായിരുന്നു അവള്‍ക്ക് .. നിന്നെ എല്ലാവരുമായും കോണ്‍ടാക്റ്റ് ചെയ്യിക്കണമെന്നത് അവളുടെ ആഗ്രഹമായിരുന്നു.. അവള്‍ക്കും വരാനാവുമെന്ന് കരുതിയതാ.. പക്ഷേ… ഇതിപ്പോ പെട്ടെന്നാ കൂടിയേ.. ഓപ്പറേഷന്‍ വിജയിക്കാന്‍ ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സേ പറയുന്നുള്ളൂ.. അതാ ഇതൊക്കെ നിന്നെ ഏല്പിക്കാന്‍ പറഞ്ഞത്.. കഴിയാറാവുമ്പഴാ പായസത്തിന് സ്വാദ് കൂടുക എന്നൊരു തമാശയും പറഞ്ഞു ജീവിതത്തെപ്പറ്റി.”.
“ഒരു കാര്യം സമ്മതിക്കണം കേട്ടോടാ.. അവളിപ്പോഴും പണ്ടത്തെപ്പോലെത്തന്നെ ചിരിക്കും.. എന്തസുഖം വന്നാലും ഞാന്‍ ഞാന്‍തന്നെയല്ലേ എന്നാ ചോദ്യം “…
ഫോണടിച്ചു.. സിന്ധുവാണ്.. എന്താ വൈകുന്നതെന്ന്… എന്തുപറയണം...ഒരു ഫ്രന്റിനെ കണ്ടിട്ട് വരാമെന്നു പറഞ്ഞാല്‍, രണ്ടുമൂന്നു ദിവസം കഴിഞ്ഞ് എല്ലാരേം കാണണതല്ലേ എന്ന് ചോദിക്കും.. പോരാത്തേന് മോന് നല്ല സുഖവുമില്ലായിരുന്നു വരുമ്പോ … ഇപ്പോ വരാം എന്നും പറഞ്ഞ് സമാധാനിപ്പിച്ചു..
“അപ്പോ നീ പോണില്യേ ആസ്പത്രീലക്ക്?”
“ഇന്നില്ല.. ഇപ്പോ തിരിച്ചു പോയേ പറ്റൂ..”
“എങ്കില്‍ ഞങ്ങള്‍ മറ്റന്നാള്‍ പോകുന്നുണ്ട്, അപ്പോ പോകാം….ഓപ്പറേഷനു ശേഷം എന്താന്നറിയില്ല്ലല്ലോ.. അതോണ്ട് ..”
ഞെട്ടി… ഇല്ല.. “അങ്ങനെ ഒന്നും പറയണ്ട.. ഒന്നും ഉണ്ടാവില്യ..”
“പക്ഷേ..എന്തെങ്കിലും സംഭവിച്ചാല്‍ …?”
“ഇല്ല..ഒന്നൂല്യ.. നിങ്ങള്‍ പോയിട്ട് അവളോട് പറയണം, ഓപ്പറേഷന്‍ കഴിഞ്ഞ് വരുമ്പോ ഞാനവിടെ ഉണ്ടാവുമെന്ന്…എനിക്കൊരു കാര്യം പറയാനുണ്ടെന്ന്... അതുമാത്രം മതി.. എനിക്കു പറയാനുള്ളത് കേള്‍ക്കാന്‍ അവള്‍ക്ക് തിരിച്ചുവരാതിരിക്കാനാവില്ല.. ഉറപ്പ്.”
യാത്ര പറഞ്ഞു മടങ്ങവേ ബുക്സ്റ്റാളില്‍ കേറി, ബഷീറിന്റെ സമ്പൂര്‍ണകൃതികള്‍ വാങ്ങി..ബഷീറിന്റെ ആരാധികയ്ക്ക് … സാറാമ്മയാവാന്‍ കൊതിച്ചവള്‍ക്ക് , ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ കൊടുക്കാന്‍ …
പ്രണയം എന്നും പൈങ്കിളിയാണെന്ന ഡയലോഗ് സോള്‍ട്ട് ആന്റ് പെപ്പറില്‍ പറഞ്ഞോണ്ട് എന്നെപ്പോലുള്ള ചിലരൊക്കെ രക്ഷപ്പെട്ടു...
ReplyDeleteകഥ വായിച്ചു.
ReplyDeleteആശംസകള്‍
നന്ദി, സന്തോഷവും.
Deleteഉള്ളിലൊരു വിങ്ങലോടെയാണ് വായന തീർന്നത്.... പ്രണയത്തെ പുറത്തു നിന്നും നോക്കിക്കാണുന്നവർക്ക് പൈങ്കിളിയാവാം , എന്നാൽ പ്രണയികൾക്ക് അത് ജീവിതമാണ്....
ReplyDeleteDITTO... :)
Deleteശരിയാണ്. ഓർമകൾ പ്രണയത്തിന്റേതാകുമ്പോൾ അൻശ്വരമായി നിലനിൽക്കും...
കുഞ്ഞൂസേ... അത് പ്രണയിച്ചോര്‍ക്കല്ലേ മനസിലാവൂ ല്ലേ.. സന്തോഷം ട്ടോ വായിച്ചേന്..
Deleteകൊച്ചനിയന്‍ .... അത് സത്യം... ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ....
മനസ്സിലുള്ളത് പറയാനും കേൾക്കാനും ഒരു സമയം ഉണ്ട്, വൈകിയുള്ള ഇത്തരം തുറന്നു പറച്ചിലുകൾ എല്ലാവർക്കും ദുഖം മാത്രമേ ഉണ്ടാക്കൂ :( കഥ ഇഷ്ടപ്പെട്ടു.
ReplyDeleteവൈകിയാണെങ്കിലും പറഞ്ഞൂലോ എന്നും കരുതിക്കൂടേ?
Deleteകഥ ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം
കഥ ഇഷ്ടപ്പെട്ടു, ഭാവുകങ്ങൾ..
ReplyDeleteനന്ദി സന്തോഷം
Deleteചെറിയ ഒരു കത്ത്.. പണ്ടു വിളിച്ചിരുന്ന അതേ സംബോധനയില്‍ തുടങ്ങി അവളെ വിളിച്ചിരുന്ന ചെല്ലപ്പേരില്‍ അവസാനിക്കുന്നു…' ഇതെനിക്ക് ഇഷ്ടായി..മനസ്സില്‍ ഓര്‍മകള്‍ നിറഞ്ഞു..അപ്പൊ എഴുതിയത് എന്നിലേക്കെത്തി എന്ന് വേണം കരുതാന്‍..
ReplyDeleteപശ്ചാത്തലഭംഗി ഒട്ടുമില്ലാത്തത് പോലെ തോന്നി..പ്രകൃതിയെ കൂടി ലിങ്ക് ചെയ്യിക്കുക.. മനോഹാരിത കൂടും..ഭാവുകങ്ങള്‍.
വിമര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.. ഒന്നും അങ്ങനെ ശ്രദ്ധിച്ചല്ല എഴുതുന്നത്, മനസില്‍ തോന്നുന്നത് അതേപടി അങ്ങ് എഴുതുക എന്നതാണ് രീതി.. അതിന്റെ കുഴപ്പമാവും.. ശ്രദ്ധിക്കാന്‍ ശ്രമിക്കാംട്ടോ.. (ഇത് ആഷിക് ആണോ?)
Deleteനല്ലൊരു കഥ, ടച്ചിങ്ങ്...
ReplyDeleteസജി സുരേന്ദ്രന്റെ ഒരു പഴയ കഥ ഓര്‍മ്മിപ്പിച്ചു...
സന്തോഷം..
Deleteആ കഥ ഏതാ? ഞാനും ഒന്ന് വായിക്കട്ടെ
കുറേ വര്‍ഷം മുമ്പ് വായിച്ചതാണ് ചേച്ചീ. പേര് പെട്ടെന്ന് ഓര്‍മ്മ വന്നില്ല. ഒന്ന് തപ്പി നോക്കട്ടെ
Deleteഡിസംബര്‍ മിസ്റ്റ് എന്ന ഷോര്‍ട്ട് ഫിലിം ആണോ? അത് എന്റെ ഒരു സുഹൃത്ത് പറഞ്ഞു. കണ്ടിരുന്നു.. ഞാന്‍ തന്നെ സംശയിച്ചു ഞാന്‍ കോപ്പിയടിച്ചതാണോ ന്ന്.... :)
Deleteകഥ ഇഷ്ടപ്പെട്ടു..
ReplyDeleteആശംസകള്‍...
നന്ദി..സന്തോഷം
Deleteനന്നായി...
ReplyDeleteമധൂ..... :)
Deleteഹൃദ്യമായ കഥ. ആശംസകൾ...
ReplyDeleteനന്ദി സന്തോഷവും
Delete