മൈലാഞ്ചി

ജാലകം

Thursday, 15 May, 2014

ചില മനുഷ്യര്‍ മനസില്‍ കയറിപ്പറ്റുന്നത് ഇങ്ങനെ...

ഇന്നലെ വൈകീട്ട് അമ്പലത്തില്‍ പോയി ആദ്യം അനുപമയും സംഘവും അവതരിപ്പിച്ച നൃത്തപരിപാടി കണ്ടു, അതില്‍ ഞങ്ങളുടെ സുഹൃത്ത് അണിമ ഉണ്ട് എന്നത് പ്രധാന ആകര്‍ഷണമായിരുന്നു.. അതിനുശേഷം മട്ടന്നൂര്‍ത്രയത്തിന്റെ ട്രിപ്പിള്‍ തായമ്പക... ആദ്യമായാ കേള്‍ക്കുന്നേ.. അതിഗംഭീര അനുഭവം.... 

അതുകഴിഞ്ഞ് ഇറങ്ങിയപ്പോ പത്തര, പത്തേമുക്കാല് .. ഉച്ചക്ക് തൃശൂര് പോയിരുന്നോണ്ട് ഭക്ഷണം വച്ചിരുന്നില്ല, രാത്രിയിലേക്ക് ചോറില്ല.. വൈകീട്ട് കഴിച്ചതോണ്ട് എനിക്ക് വിശപ്പില്ല.. ഏട്ടനാണെങ്കി രാത്രി ഉണ്ടില്ലെങ്കി ഉറക്കം വരില്ല.. (രാത്രി രണ്ടുമണിക്ക് വിശക്കും എന്നൊരു ന്യായവും പറയും.. അതെനിക്കിതുവരെ മനസിലായിട്ടില്ല...) 
അമ്മയോട് ചോദിച്ചപ്പോ ഏട്ടനുള്ള ഊണുണ്ടാവുംന്ന് പറഞ്ഞു.. ഇനിപ്പോ അവടെ പോവാന്‍ നിക്കണ്ട, പഴം വല്ലതും വാങ്ങാംന്ന് പറഞ്ഞ് ഇറങ്ങി... രാത്രി പതിനൊന്നുമണിയാവാറായി, കടകളൊക്കെ അടച്ചു.. മുന്നോട്ട് പോയപ്പോ ഗ്രാമ്യ തുറന്നിട്ടുണ്ട്.. എന്നാ രണ്ട് ചപ്പാത്തി കഴിക്കാം എന്നായി ഏട്ടന്‍ ... 
ചെന്നു രണ്ട് ചപ്പാത്തി കുറുമ പറഞ്ഞു.. കുറുമ ഇല്ല, എന്ന് ... വെജ് വേറെന്താ ന്ന് ചോദിച്ചപ്പോ ചില്ലിഗോബി മാത്രം.. അത്തരം ഐറ്റംസിനോട് എനിക്ക് താല്പര്യാണെങ്കിലും കഴിക്കാന്‍ പോണ ഏട്ടന് അത്ര പോര.. വേറെ നിവൃത്തിയില്ലാത്തോണ്ട് ഓക്കെ പറഞ്ഞു.. 
ഒരുമിനിറ്റ് കഴിഞ്ഞപ്പോ അദ്ദേഹം തിരിച്ചുവന്നു.. ചില്ലിഗോബി കഴിഞ്ഞു!!!!!
"വേറെന്താ ഉള്ളേ? റൈസ് ഐറ്റംസ് എന്തെങ്കിലും?"
"ബിരിയാണി റൈസ് ഉണ്ട്, സലാഡോ തൈരോ ഉണ്ടാവും, അച്ചാറും തരാം.."
"ഓക്കെ കൊഴപ്പല്യ.. കുറച്ചുമതിട്ടോ.."
സംഭവം വന്നു.. ഏട്ടന്‍ സന്തോഷത്തോടെ വിളമ്പി.. അതാ ചാടുന്നു ഒരു ചിക്കന്‍പീസ്!!!!!
ചങ്ങായിയെ വിളിച്ചു.. "ഇത് ചിക്കന്‍ബിരിയാണി ആണോ? ഞാന്‍ നോണ്‍ കഴിക്കില്ല... "
"അല്ലസര്‍, റൈസ് വെജ് ആണ്"
"ചിക്കന്‍ മിക്സ് അല്ലേ?"
"അല്ല, ദം ബിരിയാണി ആണ് ചിക്കന്‍ അടിയിലേ കാണൂ.. ഇത് ഇളക്കാതെ മുകളില്‍നിന്ന് എടുത്തതാ!!!"
"സോറി, ഞാന്‍ നോണ്‍ തീരെ കഴിക്കില്ല, ഇത് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്..."
അദ്ദേഹം എന്തുപറയണമെന്നറിയാതെ നിന്നു. ഞാന്‍ പറഞ്ഞു, "കഴിക്കണ്ട, മനസമാധാനം ഉണ്ടാവില്ല ഏട്ടന് ഇത് കഴിച്ചാല്‍" ന്ന്.. 

സപ്ലൈയര്‍ പോയി സൂപ്പര്‍വൈസറെ കണ്ടു എന്തോ പറഞ്ഞു.. അല്പനേരം കഴിഞ്ഞ് അവര്‍ അങ്ങോട്ടും ഇങ്ങോട്ടും കുറേ നടന്നിട്ട് നമ്മുടെ അടുത്തേക്ക് വന്നു..
"സര്‍, എന്താ ഇപ്പോ ചെയ്യുക? വേറെ റൈസില്ല.."
"സാരല്യ, നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ ഇത് കാന്‍സല്‍ ചെയ്യാമോ?"
"അത് കൊഴപ്പല്യ. കാന്‍സല്‍ ചെയ്യാം, പക്ഷേ നിങ്ങള്‍ എന്തു കഴിക്കും?"
"അത് നോക്കാം.. എന്തെങ്കിലും പഴം കിട്ടുമോന്ന് നോക്കാം. "
"ഈ നേരത്ത് കടകളൊന്നും ഉണ്ടാവില്ല സര്‍"
"അത് സാരല്യ, എന്തെങ്കിലും ചെയ്യാം.. നിങ്ങള്‍ക്ക് ഇത് വേണ്ടെന്നു വക്കുമ്പോ ബുദ്ധിമുട്ടുണ്ടോ? ഞങ്ങള്‍ കഴിച്ചിട്ടില്ല, വിളമ്പിയതേയുള്ളൂ"
"അത് വിഷയമല്ല സര്‍, നിങ്ങള്‍ക്ക് കഴിക്കാന്‍ എന്തുചെയ്യുമെന്നാ? പൊറോട്ട എടുക്കട്ടേ?"
"പൊറോട്ട കഴിക്കാറില്ല, ചപ്പാത്തിയേ കഴിക്കൂ"
"ചപ്പാത്തിയെടുക്കാം"
"അതാ ഞങ്ങള്‍ ആദ്യം ഓര്‍ഡര്‍ ചെയ്തത്, പക്ഷേ കറി ഇല്ലാത്തോണ്ട് വേണ്ടെന്നു വച്ചതാ"
"അല്ല സര്‍ വെജിറ്റബിള്‍ കറിയുണ്ട് "
"കഴിഞ്ഞെന്നു പറഞ്ഞു"
"അതല്ല സര്‍ മെനുവില്‍ ഇല്ലാത്ത കറിയാണ്, സാറിന് വിരോധമില്ലെങ്കില്‍ എടുക്കാം"
"ഒരു വിരോധ‌വുമില്ല, നിങ്ങള്‍ക്ക് വെറുതെ ബുദ്ധിമുട്ടായി അല്ലേ?"
"അത് സാരല്യ സര്‍, ഈ രാത്രിയില്‍ നിങ്ങള്‍ കഴിക്കാതെ പോയാല്‍ അത് വലിയ വിഷമമാകും.. അതുകൊണ്ടാണ്.."

എന്തായാലും ചപ്പാത്തിയും കറിയും വന്നു.. നല്ല ചപ്പാത്തി.. ഉരുളക്കിഴങ്ങും ചുരയ്ക്കയും ചേര്‍ത്ത അധികം മസാലയിടാത്ത, നല്ല കറി.. അത് അവരുടെ സ്റ്റാഫിനുവേണ്ടി ഉണ്ടാക്കിയതാണ്. 

"സര്‍, കറി നന്നല്ലെന്നറിയാം, പക്ഷേ വേറെ ഇല്ലാത്തതുകൊണ്ടാണ്.."
"ഇല്ല, ഇത്തരം കറിയാണ് എനിക്കിഷ്ടം.നന്നായിട്ടുണ്ട്.."
"സന്തോഷം സര്‍.."

കഴിക്കണ്ട എന്നുകരുതിയ ഞാനും കഴിച്ചു.. വളരെ സന്തോഷത്തോടെ.. 

സപ്ലൈയറും സൂപ്പര്‍വൈസറും വന്ന് പരിചയപ്പെട്ടു.... ബില്ല് വന്നപ്പോ ചപ്പാത്തിയുടെ മാത്രം പൈസ എടുത്തിട്ടുള്ളൂ...!!!

പതിവില്‍ കൂടുതല്‍ ടിപ്പ് കൊടുത്ത് ഇറങ്ങിയപ്പോ വയറുമാത്രമല്ല, മനസും നിറഞ്ഞു...

9 comments:

 1. സത്യം തന്നെ ചേച്ചീ...

  വായിച്ചപ്പോ തന്നെ മനസ്സു നിറഞ്ഞു. ഇങ്ങനുള്ളവരും ഉണ്ട് എന്നറിയുന്നതു തന്നെ സന്തോഷം

  ReplyDelete
  Replies
  1. അതെ ശ്രീ... ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനെ അനുഭവങ്ങള്‍ വരുമ്പോ എന്തൊരു സന്തോഷം..

   Delete
 2. വായിച്ചപ്പോള്‍ എന്റ മനസ്സും നിറഞ്ഞു..

  ReplyDelete
  Replies
  1. ആ നല്ല മനസിനും നന്ദി...

   Delete
 3. നന്മ വറ്റാത്തവരുണ്ട് എന്നറിയുന്നത് തന്നെ സന്തോഷം...

  ReplyDelete
  Replies
  1. അതെ.. അതുകൊണ്ടാണ് എഴുതണമെന്ന് തോന്നിയത്... നന്മ ഇനിയും ബാക്കിയുണ്ട്, നമ്മള്‍ കാണുന്നില്ലെന്നേയുള്ളു

   Delete
 4. ഇങ്ങനെയുള്ള മനുഷ്യരെ കണ്ടുമുട്ടുന്നത് സന്തോഷമാണ്‌... നോൺവെജ് ഇഷ്ടപ്പെടാത്തവരെ കണ്ടുകിട്ടുന്നതും :)

  ReplyDelete

കൂട്ടുകാര്‍