മൈലാഞ്ചി

ജാലകം

Friday, 7 February, 2014

അച്ഛനമ്മമാരെ നോക്കണോ?

         കഴിഞ്ഞ ദിവസം കൂട്ടുകാരോടൊത്ത് പലതും പറഞ്ഞിരിക്കുന്നതിനിടയിലാണ് കുട്ടികളെക്കുറിച്ച് ചര്‍ച്ച വന്നത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഓരോ ആണ്‍കുട്ടിയേ ഉള്ളൂ. സ്വാഭാവികമായും ഇനി ഒരു പെണ്‍കുട്ടി വേണമെന്ന മോഹത്തെക്കുറിച്ചായി സംസാരം. അപ്പോള്‍ കേട്ട അഭിപ്രായം, പെണ്‍കുട്ടി വേണം, കാരണം ഇന്നത്തെ കാലത്ത് ആണ്‍കുട്ടികള്‍ അച്ഛനമ്മമാരെ നോക്കില്ല, വയസ്സുകാലത്ത് പെണ്‍കുട്ടികളേ കാണൂ എന്ന്..
കെട്ടിച്ചുവിടുന്നോണ്ട് പെണ്‍കുട്ടി ഉണ്ടായിട്ടും കാര്യമില്ല എന്ന സ്ഥിരം പല്ലവിയില്‍നിന്ന് മാറിക്കേട്ടപ്പോ ചെറിയ സന്തോഷം തോന്നി. ഇതേ അഭിപ്രായം വര്‍ഷങ്ങള്‍ക്കു മുന്‍പ് കേട്ടത് ഏട്ടന്റെ സഹപ്രവര്‍ത്തകനില്‍നിന്നാണ്. ആണ്‍കുട്ടികള്‍ മാത്രമുള്ള ‌അവര്‍ക്ക് പെണ്‍കുട്ടി വേണമെന്ന് വലിയ മോഹമായിരുന്നു, കാരണവും നേരത്തേ പറഞ്ഞതുതന്നെയായിരുന്നു. അന്നു പക്ഷേ അവരുടെ സ്ഥിരം ചില മുന്‍വിധികളില്‍ ഒന്നായി മാത്രമാണ് കണ്ടത്.
           അതേ അഭിപ്രായം ഇപ്പോള്‍ കേട്ടപ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന് സംശയമായി. പിന്നെ പറഞ്ഞു, ആണായാലും പെണ്ണായാലും നമ്മളെ നോക്കും, അത് നമ്മള്‍ അവരോട് പെരുമാറുന്നപോലെ ഇരിക്കും എന്ന്. അതല്ല, നമ്മള്‍ എത്ര നന്നായി കുട്ടികളെ വളര്‍ത്തിയാലും ഇന്നത്തെ കാലത്ത് യാതൊരു കാര്യവുമില്ല, ഒക്കെ വിധിപോലെ വരും, അവര് നോക്കിയാല്‍ നോക്കി എന്നേയുള്ളൂ എന്നാണ് മറുപടി വന്നത്. യോജിക്കാനായില്ല, ഞാന്‍ പറഞ്ഞു, അച്ചൂം പാപ്പൂം വയസുകാലത്തും എന്റെ കൂടെയുണ്ടാവും എന്ന് ഉറപ്പുണ്ടെന്ന്. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന തമാശയില്‍ ആ വിശ്വാസത്തെ നിസ്സാരമാക്കിയപ്പോള്‍ ഉറപ്പിച്ചുതന്നെ പറഞ്ഞു, അവരെന്നെ വേണ്ടെന്നു വച്ചാല്‍ അതിന്റെ ഉത്തരവാദിത്തം എനിക്കുതന്നെയാണ് എന്ന്. എന്റെ വളര്‍ത്തലില്‍ എന്തോ കുറവുണ്ടായിട്ടുണ്ട്, ഞാന്‍ പകര്‍ന്നുകൊടുത്ത സംസ്കാരത്തില്‍ എന്തോ പിശകു പറ്റിയിട്ടുണ്ട് എന്ന്..

ആ സംസാരം അവിടെ തീര്‍ന്നു. പക്ഷേ, അതുണ്ടാക്കിയ അസ്വസ്ഥത മാറുന്നില്ല..

സത്യത്തില്‍ ആ വാക്കുതന്നെ - അച്ഛനമ്മമാരെ നോക്കുക – എന്നതുതന്നെ ശരിയാണോ?

       അച്ഛന്റെ അമ്മ ഇപ്പോഴും ആരോഗ്യത്തോടെ ഉണ്ട്, തൊണ്ണൂറു വയസ്സായി, പഴയപോലെ പണികളെടുക്കാന്‍ വയ്യെന്നേയുള്ളൂ, അവനവന്റെ കാര്യം സ്വയം ചെയ്തോളും. അമ്മമ്മ ഇപ്പോള്‍ അച്ഛന്റെയും അമ്മയുടെയും കൂടെയുണ്ട്. ഇപ്പോള്‍ എന്നു പറയാന്‍ കാരണം, സ്ഥിരമായി അമ്മമ്മയെ "നോക്കുന്നത്” അച്ഛനും അമ്മയും ആണ് എന്നു പറയാന്‍ പറ്റാത്തതുകൊണ്ടാണ്. മക്കളുടെ അടുത്ത് മാറിമാറി നില്‍ക്കുകയാണ് അമ്മമ്മ ചെയ്യുന്നത്. കുറച്ചുനാള്‍ മുമ്പുവരെ അമ്മമ്മതന്നെയായിരുന്നു തീരുമാനിച്ചിരുന്നത് ആരുടെ അടുത്തേക്ക് പോകണം എന്ന്. കുറേ നാള്‍ ഒരാളുടെ അടുത്ത് നിന്നുകഴിയുമ്പോള്‍ ഒരു ദിവസം കാണാം ബാഗൊതുക്കുന്നത്, എന്നിട്ടുപറയും ഞാന്‍ അനിയന്റെ അടുത്ത് പോ‌വുന്നു, കാരണങ്ങള്‍ ആരും ചോദിക്കാറില്ല, അതിന്റെ ആവശ്യം തോന്നിയിട്ടുമില്ല.. അല്ലെങ്കിലും സ്വന്തം മക്കളുടെ അടുത്ത് മാറിമാറി നില്‍ക്കുമ്പോള്‍ ആരെയാണ് ബോധിപ്പിക്കേണ്ടത്?
      ഇപ്പോള്‍ അല്പം വയ്യാത്തതുകൊണ്ട് യാത്രകള്‍ കുറവാണ്. അമ്മയുടെ അടുത്താണെങ്കില്‍ (അച്ഛന്റെ അടുത്ത്, വെല്യച്ഛന്റെ അടുത്ത് എന്നൊന്നും വായില്‍ വരാറില്ല .. എന്താണാവോ...) അമ്മയ്ക്ക് എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ ചെറിയമ്മയുടെയോ വെല്യമ്മയുടെയോ അടുത്തേക്ക് കൊണ്ടാക്കും.. അപ്പോഴും പറയാറില്ലാത്ത വാക്കാണ്, "അമ്മയെ നോക്കുന്നത് ഞങ്ങളാണ്" എന്നത്.. അമ്മ ഇപ്പോള്‍ അനിയന്റടുത്താണ്..അമ്മ ഞങ്ങടെ അടുത്തുണ്ട് എന്നൊക്കെയല്ലാതെ "നോക്കുക” എന്ന് പറയാറേയില്ല.. അതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടേയില്ലായിരുന്നു . ഇപ്പോള്‍ പക്ഷേ ഇത്തരം ചര്‍ച്ചയുടെ ഭാഗമായപ്പോള്‍ ചിന്തിക്കേണ്ടിവരുന്നു...

      പക്ഷേ മനസിലാവുന്നേയില്ല.. എങ്ങനെയാണ് അച്ഛനമ്മമാര്‍ നോക്കേണ്ട വസ്തുവാകുന്നത്? കുട്ടികളെ വളര്‍ത്തുന്നത് അവര്‍ ഭാവിയില്‍ നമ്മളെ നോക്കുമോ ഇല്ലയോ എന്നതനുസരിച്ചാണെങ്കില്‍ അത് നമ്മുടെ പെരുമാറ്റത്തിലും കാണില്ലേ? ലാഭത്തിനുവേണ്ടി ചെയ്യുന്ന ബിസിനസ്സാണോ ജീവിതം? ലാഭം കിട്ടാതെ വരുമ്പോള്‍ ന‍ഷ്ടമാണെന്നു പറഞ്ഞ് ഉപേക്ഷിക്കാനാവുമോ? ആവും എന്നതാണല്ലോ വൃദ്ധസദനങ്ങള്‍ തെളിയിക്കുന്നത്.. അച്ഛനമ്മമാരെക്കൊണ്ട് ഇനി ഉപകാരമില്ലാത്തതുകൊണ്ട് നോക്കാന്‍ വയ്യ...!!!

എന്താണാവോ അച്ഛനമ്മമാരെക്കൊണ്ടുള്ള ഉപകാരം? കുട്ടികളെക്കൊണ്ടോ? ബന്ധുക്കള്‍? സുഹൃത്തുക്കള്‍?????

മനസിലാവുന്നില്ല....


      ഒന്നുമാത്രം അറിയാം. എന്റെ കുടുംബം എനിക്കു പകര്‍ന്നുതന്ന സംസ്കാരം - അച്ഛനമ്മമാരെ നോക്കേണ്ട കാര്യമില്ല എന്നത് - ഞാന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.. അതുതന്നെ എന്റെ മക്കള്‍ക്കും പകര്‍ന്നുകൊടുക്കാന്‍ കഴിയും.. അതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല.. അച്ഛനും അമ്മയും അവരുടെ സഹോദരങ്ങളും ജീവിച്ചപോലെ ജീവിക്കുക.. അവരെ കണ്ട് ഞങ്ങള്‍ പഠിച്ചപോലെ ഞങ്ങളുടെ മക്കളും പഠിച്ചോളും.. അത് പഠിച്ചില്ലെങ്കില്‍, ഞാന്‍ / ഞങ്ങള്‍ ജീവിച്ച രീതിയേ ശരിയല്ല എന്നു മാത്രമാണ് അര്‍ത്ഥം... 

12 comments:

 1. എന്നെ ഞാനാക്കിയ വീട്ടുകാര്‍ക്ക്..(അച്ഛനമ്മമാര്‍ മാത്രമല്ല, അവരുടെ സഹോദരങ്ങളും..)..

  എഴുതേണ്ടത് ഇങ്ങനെയൊന്നുമായിരുന്നില്ല എന്ന് തോന്നുന്നു.. വേണ്ടവിധം എഴുതാനായില്ല എന്നറിയാം.. എന്നാലും മനസില്‍ വന്നത് കുറിക്കാതെ വയ്യ...  ReplyDelete
 2. Yet another cultural myth of ours, alle?

  I am taking care of my parents and I will until their last. Actually, my parents were worried at one point - when we were teenagers - if we would take care of them at all. But you cant blame them for that, because of their generation.

  But it is kind of greedy and selfish to hope and to wish for that the children would take care of us at our old age. It would be enough to hope for that they just keep in touch.

  For every animal, including man, it is natural that the children move away from the parents when they turn adults. I saw 90years plus couples living comfortably, in my wife's place.

  Try to watch the French movie - Amour, if you can please. Nothing to do with taking care of parents, but just wish your ageing wont be like that.

  ReplyDelete
  Replies
  1. മക്കള്‍ നോക്കുമോ എന്ന് ആശങ്കപ്പെടേണ്ട ആവശ്യമില്ല എന്നുതന്നെയാണ് എന്റെയും അഭിപ്രായം.. അങ്ങനെ ആശങ്കപ്പെടുന്നവര്‍ സ്വന്തം അച്ഛനമ്മമാരെ ഭാരമായി കണക്കാക്കുന്നവരായിരിക്കണം എന്നും തോന്നുന്നു...മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാറായാല്‍ അതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും അല്ലേ വേണ്ടത്???

   പിന്നെ, പഴയ തലമുറ മാത്രമല്ല മക്കള്‍ നോക്കുമോ എന്ന് നേവലാതിപ്പെടുന്നത്... ഞാന്‍ ആദ്യം പറഞ്ഞ കൂട്ടുകാര്‍ എന്നേക്കാള്‍ ചെറുപ്പമാണ്.. അവരുടെ മക്കള്‍ യൂകെജിയിലും ഒന്നാം ക്ലാസിലും ഒക്കെയാണ് പഠിക്കുന്നത്...!!!!

   Amour സബ് ടൈറ്റിലോടുകൂടി നെറ്റില്‍ കിട്ടുമെങ്കില്‍ ലിങ്ക് തരൂ...

   Delete
  2. It is a torrent, of course. I am not sure, if its the same one I have, though . Watch on tv, if you can.

   http://extratorrent.cc/torrent/3276945/Amour+%5B2012%5D+BRRip+XviD%5BFrench%5D-ETRG.html#description

   http://subscene.com/subtitles/amour/english/810573 for the subtitle.

   Hope you will enjoy crying..

   Delete
  3. also maam, this is a special movie - the intensity of the feelings it evoke in you is different when you watch it alone and together with your love.

   Delete
 3. മൈലാഞ്ചീ.. ഈ കുറിപ്പ് വളരെ നന്നായി.. പ്രത്യേകിച്ച് അവസാന പാരഗ്രാഫ്.. സന്തോഷം..

  ReplyDelete
  Replies
  1. ഇഷ്ടപ്പെട്ടതില്‍ സന്തോഷം എച്ച്മൂ... (എച്ച്മൂന്റെ ചില എഴുത്തിന്റെ അടുത്തെത്തില്ല എന്നറിയാം ട്ടോ.. അണ്ണാറക്കണ്ണിയും തന്നാലായത്..!!!)

   Delete
 4. ഓരോരുത്തര്‍ക്കും അവരവരുടെ വിധിപോലെ.....!!

  (ഈ ലേഖനം മുമ്പ് ഫേസ് ബുക്കിലോ മറ്റോ പോസ്റ്റ് ചെയ്തിരുന്നുവോ?)

  ReplyDelete
  Replies
  1. ഇവിടെ പോസ്ററ് ചെയ്തതിന്റെ ലിങ്ക് ഫെയ്സ്ബുക്കില്‍ ഇട്ടിരുന്നു..

   Delete
 5. മനസ്സില്‍ തൊട്ട ഒരു പോസ്റ്റ്, ചേച്ചീ.

  "അച്ഛനെ/അമ്മയെ നോക്കുന്നത് ഞങ്ങളാണ്" എന്നതിനു പകരം അച്ഛന്‍/അമ്മ ഇന്നയാളുടെ കൂടെയാണ്" എന്ന് പറയുന്നതിന്റെ അര്‍ത്ഥ വ്യത്യാസം എത്ര വലുതാണ് അല്ലേ...

  ReplyDelete
  Replies
  1. തീര്‍ച്ചയായും ശ്രീ.. പിന്നെ എല്ലാവരും ഒരുപോലെയല്ല എന്നത് ആശ്വാസകരം... ആശങ്കകള്‍ പങ്കുവച്ച പലരും സ്വന്തം അച്ഛനമ്മമാരെ ഒട്ടും ഭാരമായി കാണാത്തവരുമാണ്, അവര്‍ക്കും പക്ഷേ സ്വന്തം വൃദ്ധാവസ്ഥയില്‍ മക്കള്‍ കൂടെയുണ്ടാവുമെന്ന് ഉറപ്പില്ല, തമാശ എന്താണെന്നു വച്ചാല്‍ ഒന്നാംക്ലാസില്‍ പഠിക്കുന്ന മക്കളെക്കുറിച്ചൊക്കെയാ വേവലാതി!!!!

   Delete

കൂട്ടുകാര്‍