മൈലാഞ്ചി

ജാലകം

Friday 28 June, 2013

ഇതുകൊണ്ടാണ് ഞാനിപ്പോഴും മനുഷ്യരില്‍ വിശ്വസിക്കുന്നത്...


ദൈവപരിപാലനഭവനം എന്ന ഒരു സ്ഥാപനമുണ്ട് ഇവിടെ ഇരിങ്ങാലക്കുടയില്‍.. അച്ചന്മാര് നടത്തുന്നതാണ്.. കാറും ബൈക്കും മൊബൈല്‍ഫോണും പരിവാരങ്ങളും ഉള്ള 'പരിശുദ്ധാത്മാക്കളുടെ' അല്ല.. സ്വന്തമായി ഒരു സൈക്കിള്‍ പോലുമില്ലാത്ത പാവം അച്ചന്മാരുടെ .... ഒരിക്കല്‍ അവിടെ പോയിരുന്നു.. സുധീര്‍മാഷുടെയും കഥാകൃത്ത് രേഖയുടെയും കൂടെ... പ്രായമായ കുറേപേരെ കണ്ടു..കണ്ണുകാണാന്‍ വയ്യാത്ത ഒരു അപ്പാപ്പന്‍ ഉണ്ടാക്കിയ രൂപക്കൂട്, വീഡിയോ ടേപ്പുകൊണ്ടുണ്ടാക്കിയത്, കണ്ട് അന്തംവിട്ടത് ഇപ്പഴും ഓര്‍മയുണ്ട്.. പിന്നെയും കണ്ടു കുറെ കലാവിരുതുകള്‍ .. അന്ന് അവിടത്തെ അച്ചന്മാരോട് സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു ആരുടെയെങ്കിലും ഒക്കെ സഹായംകൊണ്ടാണ് കഴിയുന്നത് എന്ന്.. ചിലര്‍ പിറന്നാളിനോ എന്തെങ്കിലും വിശേഷങ്ങള്‍ക്കോ ഒക്കെ ഊണ് കൊടുക്കാറുണ്ടെന്ന്..അതല്ലാതെയുള്ള ചെലവിന് പിരിവെടുക്കലാണ് പതിവെന്നും....
ഹൗസിങ്ബോര്‍ഡില്‍ ഇവരുടെ പിരിവ് വരാറുണ്ടോ എന്നോര്‍മയില്ല.. പകല്‍സമയം വരുന്നുണ്ടായിരുന്നിരിക്കണം.. എന്തായാലും ഇവിടെ താമസമാക്കിയ ശേഷം മാസത്തില്‍ ഒരിക്കല്‍ ഒരു പാവം അച്ചന്‍ വരാറുണ്ട്.. ആദ്യമൊന്നും റെസീറ്റ് ഇല്ലായിരുന്നു..ഇപ്പോ ഉണ്ട്... ഏതെങ്കിലും മാസം നമ്മള്‍ ഇല്ലെങ്കില്‍ കൃത്യമായി ഓര്‍ത്തുവച്ച് അടുത്തമാസം പറയും, കഴിഞ്ഞതവണ നിങ്ങളില്ലായിരുന്നുകേട്ടോ എന്ന്...അതും കൂട്ടി കൊടുത്താല്‍ മിണ്ടാതെ നടന്നുപോകും...ചിലപ്പോഴൊക്കെ കണക്കുതെറ്റാണെന്ന് തോന്നാറുണ്ട്, തലേമാസം കൊടുത്തിരുന്നു എന്നത് ഓര്‍മ വരാറുണ്ട്..ഓര്‍മിപ്പിക്കാറില്ല... പാവം തോന്നും...വലിയ ആദരവും.. മഴയായാലും വെയിലായാലും കിലോമീറ്ററുകളോളം നടന്ന് കിട്ടുന്ന തുക ആരുമല്ലാര്‍ത്തവര്‍ക്ക് ഉണ്ണാനും ഉറങ്ങാനും ജീവിക്കാനും വേണ്ടി ചെലവാക്കുന്നവരോട് തോന്നേണ്ടുന്ന വികാരം വെറും ആദരവുമാത്രമാണോ എന്നറിയില്ല.... അന്ന് ഒരച്ചന്‍ പറഞ്ഞിരുന്നു, ചിലരെ മക്കള്‍ ഇവിടെ ആക്കിക്കഴിഞ്ഞാല്‍ പിന്നെ ഒരന്വേഷണവും ഉണ്ടാവാറില്ലെന്ന്.. മരിച്ചാല്‍പോലും തിരിഞ്ഞുനോക്കാത്ത മക്കളും ഉണ്ടത്രെ... നാട്ടില്‍ത്തന്നെയുള്ള ഒരാളുടെ അപ്പന്‍ മരിച്ചപ്പോള്‍ അയാളെ വിളിച്ചു, അയാള്‍ പറഞ്ഞത്രെ..നിങ്ങള്‍ എന്താന്നുവച്ചാ ചെയ്തോ എനിക്ക് സൗകര്യമില്ല ഇപ്പോ ന്ന്. ...!!!

ഒരു തവണ അച്ചന്‍ വന്നപ്പോള്‍ ഞാന്‍ ബാത്റൂമിലായിരുന്നു.. വന്നു നോക്കിയപ്പോഴേക്കും അച്ചന്‍ പോകാന്‍ ഇറങ്ങിയിരുന്നു..വാതില്‍ തുറന്നിട്ട് അച്ചനെ വിളിച്ചു..പ്രായക്കൂടുതല്‍ കാരണം അച്ചന് ചെവി കേള്‍ക്കല്‍ കുറവായിരുന്നു..കേട്ടില്ല...ഓക്കെ, അടുത്ത തവണ കൊടുത്തക്കാം എന്ന വൃത്തികെട്ട ചിന്ത എങ്ങനെയോ മനസില്‍ വന്നു.. വാതിലടച്ച് അകത്തുകേറി ഇരുന്നിട്ട് പക്ഷേ ഇരുപ്പുറച്ചില്ല... വേണോ വേണ്ടയോ... പിന്നെ ഓടി, പിന്നില്‍നിന്ന് വിളിച്ചത് കേട്ടില്ല.. പാവം അച്ചന്‍ മെയില്‍റോഡിലെത്തിയിരുന്നില്ല...പതുക്കെയേ അച്ചന് നടക്കാനാവുന്നുള്ളൂ... ഓടി... മുന്നിലെത്തി..മാപ്പുപറഞ്ഞു...പതിവിലും അല്പം കൂടുതല്‍ പൈസ കൊടുത്തു.. ഒരു തരം പ്രായ്ശ്ചിത്തം ? തിരിച്ചുനടക്കുമ്പോള്‍ എന്തിനോ കണ്ണുനിറഞ്ഞിരുന്നു....

ഇന്നിത് എഴുതാനുണ്ടായ കാരണം, അല്പം മുമ്പ് അച്ചന്‍ വന്നിരുന്നു, ഗെയ്റ്റ് കടക്കുന്നതുകണ്ടപ്പഴേ പൈസ തപ്പാന്‍ ഓടി..അച്ചന്‍ അതുകണ്ടില്ല, ബെല്ലടിച്ചു.. ഉണ്ടായിരുന്ന ചില്ലറ മുഴുവന്‍ തപ്പിയെടുത്തുവേണ്ടിവന്നു കൊടുക്കാന്‍.. പുറത്തുചെന്നപ്പോള്‍ തിണ്ണയില്‍ ഇരിക്കുന്നുണ്ടായിരുന്നു അച്ചന്‍.. അത് പതിവില്ലാത്തതാണ്, നേരിയ മഴയുണ്ടായിരുന്നു, അതുമാവാം, വയ്യായ്കയാവണം ശരിയായ കാരണം.... എന്തായാലും ക്ഷമാപണത്തോടെ ചില്ലറ കൊടുത്തു..വിറയ്ക്കുന്ന കൈകളോടെ അതുവാങ്ങി പഴ്സിന്റെ സിബ്ബുതുറന്ന് അതിലിട്ടു...നെഞ്ചുവിങ്ങി..ഏതാണ്ട് അഞ്ചുമിനിട്ടെടുത്തു ഇത്രയും ചെയ്യാന്‍.... പിന്നെ വീണ്ടും വിറച്ചുവിറച്ച് റസീറ്റുകീറിത്തന്നു...അടുത്ത അഞ്ചുമിനിറ്റ്.... പിന്നെ മെല്ലെ എണീറ്റു... കുടയില്ലേ എന്നു ചോദിച്ചപ്പോള്‍, ഇവിടെയുണ്ട് എന്ന് താഴേക്ക് ചൂണ്ടി..മഴയായോണ്ടാ പേടി എന്നോ തെന്നും എന്നോ എന്തോ പറഞ്ഞു.. സാവധാനം ഇറങ്ങി കുട നിവര്‍ത്തി മഴയത്തേയ്ക്ക് ഇറങ്ങിനടന്നു....

7 comments:

  1. ഇത്തരം കുറച്ചുമനുഷ്യര്‍ ഇപ്പോഴും ഉള്ളതുകൊണ്ടാണ് നന്മ ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്നത്.. മനുഷ്യത്വം നശിച്ചിട്ടില്ലെന്ന് കരുതുന്നത്...

    ദൈവപരിപാലനഭവനത്തിലെ എല്ലാ അച്ചന്മാര്‍ക്കും മുമ്പില്‍ നമസ്കരിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു...

    നിസ്വാര്‍ത്ഥത എന്നത് എന്താണെന്ന് മനസിലാക്കുന്നതിന് സഹായിച്ചതിന് അവരോടുള്ള നന്ദിയും....

    ReplyDelete
  2. മനസ്സില്‍ നന്‍മ ഉള്ളവര്‍ നമുക്കു ചുറ്റും ധാരാളമായിട്ടുണ്ട്‌. അങ്ങനെയുള്ളവരെ പെട്ടെന്ന്‌ നമുക്കു കാണാനൊ തിരിച്ചറിയാനോ കഴിയാറില്ലെന്നു മാത്രം. ഇവരെ കാണുകയും അറിയുകയും ചെയ്യാന്‍ അവസരമുണ്ടാകുമ്പോള്‍ തീര്‍ച്ചയയും നമ്മിലേക്കും നന്‍മയുടെ ഒരു ഒഴുക്കുണ്ടാകും. ഈ അനുഭവം വിവരിച്ചതിലൂടെ മറ്റു പലരിലേക്കും ആ നന്‍മ പകരാനും മൈലാഞ്ചിക്കു കഴിഞ്ഞു എന്നു പറയട്ടെ.

    എല്ലാവര്‍ക്കും നന്‍മ ആശംസിക്കുന്നു.

    ReplyDelete
  3. നന്മകളെ തിരിച്ചറിയാനും അവര്‍ക്കു വേണ്ടി നമ്മെക്കൊണ്ടാവുന്നത് എന്തെങ്കിലും ചെയ്യാനും കഴിയുന്നതും ഒരു വലിയ കാര്യം തന്നെയാണ് ചേച്ചീ... ആ മനസ്സ് എന്നും കൂടെയുണ്ടാകട്ടെ.


    മുകളിലെ കമന്റില്‍ പറഞ്ഞതു പോലെ ഈ പോസ്റ്റ് വായിയ്ക്കുന്നവര്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തോന്നുന്നുവെങ്കില്‍ നല്ലതു തന്നെ.

    ReplyDelete
  4. Very true, lots of good human beings are there.

    I just dont like it when some one decides to be kind and helpful, because of fear of God!!!

    ReplyDelete
  5. നല്ല മനുഷ്യര്‍ ഇപ്പൊഴും നമുക്ക് ചുറ്റും ഉണ്ട്. രചന നന്നായി.

    ReplyDelete
  6. അതെ... നല്ല മനുഷ്യര്‍ ഉണ്ട്... അല്ലെങ്കില്‍ ഇങ്ങനെയാകുമായിരുന്നില്ല ഈ ലോകം.

    ReplyDelete
  7. നന്മ നിറയട്ടെ ...വിതറട്ടെ

    ReplyDelete

കൂട്ടുകാര്‍