മൈലാഞ്ചി

ജാലകം

Thursday, 13 June, 2013

നിങ്ങളുടെ ജോലിയും ലൈംഗികാഭിരുചിയും തമ്മില്‍ എന്ത്?


ഇന്നലെ മുംബൈ പോലീസ് കണ്ടു.. ഇഷ്ടപ്പെട്ടില്ല.. 


പ്രിഥ്വിരാജ് അസ്സലായിട്ടുണ്ട്.. റഹ്മാനും അതെ..(ചില നേരങ്ങളില്‍ നോട്ടംകൊണ്ടുപോലും റഹ്മാന്‍ വിനിമയം ചെയ്യുന്നത് കണ്ട് ആദരവ് കൂടി...) ജയസൂര്യ പതിവുപോലെ... സ്ത്രീകഥാപാത്രങ്ങളില്‍ ഒരാള്‍(ഹിമ) ഞങ്ങളുടെ പണ്ടത്തെ അയല്‍വാസി..ആദ്യസിനിമ..(ഹെയര്‍സ്റ്റൈല്‍ എനിക്ക് മനസിലായില്ല, പുതിയ ഫാഷന്‍ ആവണം, പക്ഷേ രാവിലെ എണീറ്റുവരുമ്പോ എന്റെ മുടി ഇതിലും നന്നായി ഇരിക്കും എന്ന് തോന്നിപ്പോയി..അഭിനയം നന്നായെന്നോ മോശമായെന്നോ തോന്നിയില്ല..)

കുഞ്ചന്റെ വൈകാരികസീന്‍ അത്യുഗ്രന്‍ ... എണീറ്റ് സല്യൂട്ട് ചെയ്യാന്‍ തോന്നിപ്പോയി...

മെയ്ക്കപ്പില്‍ ആക്സിഡന്റിനു ശേഷം പ്രിഥ്വിരാജിന്റെ വലത്തേകണ്ണിന്റെ ചുവപ്പ്..തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിന്റെ നേര്‍ത്ത നേര്‍ത്ത വ്യത്യാസങ്ങള്‍ ... ഉഗ്രന്‍....

അഭിനയിച്ചവര്‍ നന്നായി എന്നതുകൊണ്ടോ പ്രതീക്ഷിക്കാത്ത സസ്പെന്‍സ് ഉണ്ടെന്നതുകൊണ്ടോ ഒരു സിനിമയെ ഇഷ്ടപ്പെടാനാവില്ലല്ലോ... ഇതും അത്തരത്തില്‍പെട്ടുപോയി ഞങ്ങള്‍ക്ക്... ഞങ്ങള്‍ എന്നുപറഞ്ഞാല്‍ ഞാനും ഏട്ടനും...

ആദ്യപകുതി വല്ലാതെ ഇഴഞ്ഞതുകൊണ്ടുമാത്രം രണ്ടാംപകുതി അത്ര വലിഞ്ഞില്ലെന്ന് തോന്നി.. പിന്നെ അനാവശ്യമായ (എന്നു തോന്നിയ - ചിലപ്പോ പുതിയ സിനിമാടെക്നിക്കാണങ്കിലോ) ചില മങ്ങിയ കാഴ്ചകള്‍..

അതൊക്കെ പോട്ടെ ന്നു വച്ചാലും ഈ സിനിമയെ ഇഷ്ടപ്പെടാതിരുന്നത് അതിന്റെ ക്ലൈമാക്സ് കൊണ്ടുതന്നെ...

ഇനി പറയുന്നതില്‍ സസ്പെന്‍സ് പൊളിക്കും..അതുകൊണ്ട് ഈ സിനിമ കാണാത്ത, കാണാന്‍ ആഗ്രഹിക്കുന്നവര്‍ വായിക്കരുത്...


 ആന്റണിമോസസ് എന്ന പോലീസ് ഓഫീസര്‍ക്ക് ഓര്‍മ നഷ്ടപ്പെടുന്നതോടെ തന്റെ ലൈംഗികാഭിരുചി സ്വയം തിരിച്ചറിയാനാവാതെ പോകുന്നു എന്ന് കാണിക്കുന്നിടത്ത് തുടങ്ങുന്നു വിയോജിപ്പ്.. താന്‍ ഗേ ആണെന്നത് മറ്റൊരാള്‍ പറഞ്ഞുമാത്രം അറിയുന്നു എന്നു പറയുമ്പോള്‍, അത് സ്വാഭാവികമല്ലെന്ന് പറയാതെ പറയുകയല്ലേ ചെയ്യുന്നത്? അതായത്, ഓര്‍മയില്ലാത്ത ആന്റണിമോസസിന് പഴയ ആന്റണിമോസസിന്റെ കഴിവുകള്‍, തീരുമാനമെടുക്കാനുള്ള പ്രാപ്തി, പഠിച്ച കാര്യങ്ങളുടെ ഓര്‍മ എല്ലാം ഉണ്ടാവും എന്ന് ഉറപ്പിച്ചു പറയുമ്പോള്‍ സ്വാഭാവികമായും തനത് വിചാരവികാരങ്ങളും അതില്‍ ഉള്‍പ്പെടേണ്ടതല്ലേ? അതുണ്ടാവുന്നില്ല, അതുപോട്ടെന്നു വച്ചു.. ഗേ ആണെന്നറിയുമ്പോഴുള്ള നിലവിളിയും,  നമ്മുടെ സമൂഹത്തിന്റെ പൊതുബോധത്തിനകത്താണ് ഓര്‍മ നഷ്ടപ്പെട്ട ആന്റണിമോസസ് എന്ന ന്യായത്തില്‍ കണ്ടില്ലെന്ന് വച്ചു...

അപ്പോ ദേ വരുന്നു ജയസൂര്യ കിടിലന്‍ ‍ഡയലോഗുകളുംകൊണ്ട്... ഇനിയെന്തൊക്കെ മറച്ചുവച്ചിട്ടുണ്ടെന്ന ചോദ്യവും നിന്റെ ജീവിതം നിന്റെ ഇഷ്ടം എന്ന പറച്ചിലും സ്വാഭാവികം.. നീയെനിക്ക് ചെയ്ത സഹായമൊക്കെ ഇത്തരം ഒരു കാര്യത്തിനായിരുന്നോ എന്ന് സംശയമാകുന്നു എന്ന് പറയുമ്പോള്‍ പക്ഷേ കാര്യങ്ങള്‍ മാറുന്നു.. ഒരാള്‍ ഗേ ആണെന്ന് കരുതി എല്ലാ ആണുങ്ങളോടും അയാള്‍ക്ക് ലൈംഗികതാല്പര്യം ഉണ്ടാവുമോ? അങ്ങനെയാണെങ്കില്‍ അതേ ന്യായം വച്ച് സ്ട്രെയ്റ്റ് ആയ ജയസൂര്യക്ക് എല്ലാ പെണ്ണുങ്ങളോടും ഇത് തോന്നണമല്ലോ.. ഒരാള്‍ ഗേ ആണെന്നു കരുതി അയാള്‍ക്ക് ആണ്‍സുഹൃത്തുക്കള്‍ (കൂട്ടുകാര്‍ - ലൈംഗികപങ്കാളിയല്ല) ഉണ്ടാവരുതെന്നുണ്ടോ? ഗേ അല്ലാത്ത പുരുഷന് സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടാവുകയില്ല എന്ന്, ആണിനും പെണ്ണിനും കൂട്ടുകാരായിരിക്കാന്‍ കഴിയില്ല എന്ന് കരുതുന്ന സമൂഹത്തിന് ഇത് ഇങ്ങനെയേ കാണാന്‍ കഴിയുള്ളൂവായിരിക്കും..

അതിലും കടുത്തതായി തോന്നിയത്, പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ ആന്റണി ചെയ്തുകൂട്ടിയ പരാക്രമങ്ങള്‍ പൗരുഷമില്ലായ്മയെ മറച്ചുവക്കലായി കണക്കാക്കുന്നു എന്നയിടത്താണ്. അത് വ്യക്തമായിത്തന്നെ ജയസൂര്യയുടെ കഥാപാത്രം(ആര്യന്‍) പറയുന്നുമുണ്ട്. പൊലീസ് ഓഫീസറായി ആരെയും കൂസാത്തവനായി കേമനായി നിന്നിരുന്ന കഥാപാത്രം ഗേ ആണ് എന്നറിയുന്നതോടെ കഴിവുകെട്ടവനും ആ കഴിവുകേടിനെ മറച്ചുവക്കുന്ന വഞ്ചകനും ആകുന്നു.. !!! ലൈംഗികന്യൂനപക്ഷത്തോട് (വാക്ക് ശരിയാണോ എന്നറിയില്ല...ലെസ്ബിയന്‍-ഗേ തുടങ്ങിയ ഭിന്നാഭിരുചിയുള്ളവരെ കുറിക്കാനാണ് ഇവിടെ പ്രയോഗിച്ചത്) എത്രമാത്രം മനുഷ്യത്വരഹിതമായ കാഴ്ചപ്പാടാണ് നമുക്കുള്ളതെന്ന് തോന്നിപ്പോയി ...

തീര്‍ന്നില്ല..ഇത് റിപ്പോര്‍ട്ട് ചെയ്യേണ്ടത് തന്റെ കടമയാണെന്നും വേണ്ട നടപടി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എടുത്തുകൊള്ളുമെന്നും ഭീഷണി മുഴക്കിയാണ് ആര്യന്‍ പോകുന്നത്. ഇതില്‍ ടെന്‍ഷനടിക്കുന്ന ആന്റണിയും പങ്കാളിയും എങ്ങനെയെങ്കിലും അത് തടയാന്‍ വഴികള്‍ ആലോചിക്കുന്നു.. എല്ലാം തീരും എന്നാണ് പേടി.. അതായത്, തങ്ങളുടെ ലൈംഗികാഭിരുചി തീര്‍ത്തും മറച്ചുവക്കപ്പെടേണ്ടതാണെന്നും അത് പുറംലോകമറിഞ്ഞാല്‍ അതോടെ ജീവിതം തുലഞ്ഞെന്നും കരുതുന്നു.. പൊതുസമൂഹം ഇത് അംഗീകരിച്ചിട്ടില്ല എന്നത് ശരിതന്നെ. പക്ഷേ ആര്യന്റെ ഭീഷണിയില്‍ ആന്റണി ഭയപ്പെടേണ്ടതുണ്ടോ? ഒരു പൊലീസ് ഓഫീസറെ അയാളുടെ ലൈംഗികതാല്പര്യം വച്ചാണോ അളക്കുന്നത്? അതോ അയാളുടെ കഴിവുകള്‍ വച്ചോ? ഏതു മേഖലയെയും എന്തുകൊണ്ടാണ് നമ്മള്‍ ലൈംഗികതകൊണ്ട് അളക്കുന്നത്? ആ അളവുകോല്‍ പിന്‍തുടരുന്നു അല്ലെങ്കില്‍ അംഗീകരിക്കുന്നു എന്നതുകൊണ്ടാണല്ലോ ആന്റണിക്ക് കൂട്ടുകാരനായ ആര്യനെ കൊല്ലേണ്ടിവരുന്നത്..കാരണം ആര്യന്‍ ജീവിച്ചിരുന്നാല്‍ ഇല്ലാതാവുന്നത് ആന്റണിയുടെ അസ്തിത്വമാണ്.!!! ഗേ ആണ് എന്ന ഓര്‍മ പോലും ഇല്ലാതായ - തനി "പുരുഷനായ" ആന്റണിയാണ് വിജയകരമായി കേസ് അവസാനിപ്പിക്കുന്നത് എന്നതുംകൂടി ഓര്‍ക്കേണ്ടതുണ്ട്..

ചുരുക്കിപ്പറഞ്ഞാല്‍ ലൈംഗികന്യൂനപക്ഷത്തിന് സ്വന്തമായ അസ്തിത്വമില്ല - എതിര്‍ക്കപ്പെടേണ്ടവരും വെറുക്കപ്പെടേണ്ടവരും ആണ് അവര്‍, മറച്ചുവക്കപ്പെടേണ്ടതാണ് അവരുടെ താല്പര്യങ്ങള്‍ - എന്ന പൊതുധാരണക്ക് അടിവരയിടുന്നതാണ് ഈ സിനിമയിലെ ക്ലൈമാക്സ്....


അതിനോടുള്ള ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള എന്റെ അവകാശം ഇവിടെ ഇത്തരത്തില്‍ വിനിയോഗിക്കുന്നു..

6 comments:

 1. ഈ വിയോജിപ്പ് രേഖപ്പെടുത്തിയതില്‍ മൈലാഞ്ചിയെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു. എന്തിനാണ് ലൈംഗിക ന്യൂനപക്ഷങ്ങളോട് ഇത്ര അസഹനീയത എന്നറിയില്ല.. സിനിമ കണ്ടിരുന്നു ഞാന്‍.. ഈ പ്രതികരണം എനിക്ക് വളരെ ഇഷ്ടമായി...

  ReplyDelete
 2. Dear Mylanchi, The problem is like Hollywood and Bollywood, Mollywood is searching around and accepting themes from areas which are not clearly known to them.
  I felt, the movie is not original. The heroes character was taken out of Brokeback Mountain, and the rest was a clever mixing with the Bourne series movies. Very intelligent kind of inspiration in fact (Please note, for this director- Udayanaanu Thaaram, Notebook all are quite inspired movies too)

  Now reg the facts with homo sexuality. Homo sexuality is more recognised in Europe. So when you see this theme in European movies - I especially salute French, Spanish, Dannish, Greek ones - they are making movies of something which they know well.
  Unfortunately, America had quite different view of homosexuality till very recently and they started making movies on this theme, because they got inspired by European movies (A lot of hollywood movies - many famous ones too - are inspired by movies from Europe and East Asia, except India may be). And hence this kind of issues with the character.
  Normally gay men have a very kind character. A gay friend of my wife was highly critical of the BrokebackMountain hero character, I dont remember all those things he argued, this occured a few years back.
  What happened to Mumbai Police is this - making movies out of a topic which is not well acquainted to the makers, but which is still made because a story has to be made out - adapted or inspired or whatever - which looks new and original to a different society. A kind of hotchspotch movie making. It is normal, the characters dont appeal and lacks logic.

  But I must also say, it doesnt mean a homo sexual or lesbian should continue with the same taste throughout the life. There could be changes.

  ReplyDelete
 3. http://despoticorg.blogspot.in/2013/06/trivandrum-victim.html

  We have got a story of agony to share. An experience of mental torture, despotism and autocratic behavior. Please help us. This is not a troll post or one which seeks 'hits'. Please dont see this as bogus post. All documents are in SCRIBD. Thank You. Please spread.

  ReplyDelete
 4. സിനിമ കാണാത്തതു കൊണ്ട് സസ്പെന്‍സ് പൊളിയ്ക്കുന്നില്ല. എന്തായാലും എനിയ്ക്കിത് കാണണം. അതിനു ശേഷം രണ്ടാം പകുതി വായിയ്ക്കാം :)

  ReplyDelete
 5. ചിത്രം കഴിഞ്ഞ ദിവസം കണ്ടു, എനിയ്ക്കിഷ്ടപ്പെട്ടു. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സങ്കുചിതമായ സമീപനം കാണിച്ചു എന്ന രീതിയില്‍ തിരക്കഥ രചിച്ചു എന്നതു ശരി തന്നെയാണെങ്കിലും ഈ രീതിയില്‍ ഒരു സിനിമയിലെ (മലയാള സിനിമ) നായകനെ അവതരിപ്പിച്ചു എന്നതും അതു വഴി ചിത്രത്തിന്റെ സസ്പെന്‍സ് അവസാനം വരെ നിലനിര്‍ത്തി എന്നതും ഒരു പുതുമ തന്നെയാണ്.

  പിന്നെ, ജയസൂര്യയുടെ കഥാപാത്രത്തിന്റെ പ്രതികരണം... ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഒരു ദുശ്ശീലം (സാധാരണ ദുശ്ശീലമല്ലല്ലോ) അറിയാനിട വന്ന ആ കഥാപാത്രം അങ്ങനെ റിയാക്ട് ചെയ്തതില്‍ ഞാനൊരു വലിയ തെറ്റ് കാണുന്നില്ല.

  ReplyDelete

കൂട്ടുകാര്‍