മൈലാഞ്ചി

ജാലകം

Friday 25 November, 2011

വിരിപ്പും പുതപ്പും...


വിരുന്നുകാര്‍ മടങ്ങിപ്പോയ
രാത്രിയിലാണ്
അമ്മയുടെ പുതപ്പും
മകളുടെ വിരിപ്പും
തമ്മില്‍
മാറിപ്പോയത്..

പേരെന്തായാലും
കൈലേസിന്റെ ധര്‍മ്മമാണു
തനിക്കെന്ന്
പുതപ്പ്
മകളോട്
സങ്കടം പറഞ്ഞു..

മലര്‍ന്നു നിവര്‍ന്നു കിടക്കുമ്പോള്‍
കമിഴ്ന്നു വീഴുന്ന പിറുപിറുക്കലും
ഇളംമനസില്‍ ഒതുങ്ങാത്ത
കൊടും സംഘര്‍ഷങ്ങളും
ഇത്തിരി ദേഷ്യവും
ഒത്തിരി സ്നേഹവും
മകള്‍പോലുമറിയാതെ
ഏറ്റുവാങ്ങാമെന്ന്
വിരിപ്പ്
അമ്മയെ പഠിപ്പിച്ചു..

അന്ന് രാത്രി
അമ്മപ്പുതപ്പില്‍
മകള്‍
സ്വപ്നം കാണാതുറങ്ങി..

പിറ്റേന്ന്
കണ്ണെരിയിക്കുന്ന
സോപ്പുപതയെ മറന്ന്
അലക്കുയന്ത്രത്തിനുള്ളില്‍
പുതപ്പും വിരിപ്പും
കെട്ടിപ്പിടിച്ചുനിന്നു..

16 comments:

  1. കുറേ നാള്‍ മുന്‍പ് എഴുതിയതാണ്.. തിരുത്താനോ ശരിയാക്കാനോ ഉള്ള മൂഡുണ്ടായില്ല.. എന്തെങ്കിലും ഒക്കെ പോസ്റ്റീട്ട് കാലം കുറെയായതോണ്ട് ഇങ്ങനെയങ്ങ് പോട്ടെ ന്ന് വച്ചു... ഇത് എന്റെ പാപ്പൂന് വേണ്ടി.....

    ReplyDelete
  2. വളരെ നന്നായവതരിപ്പിച്ചു.
    ആശം സകൾ

    ReplyDelete
  3. ലളിതം, എന്നാല്‍ ആഴമേറിയതും മനോഹരവും

    ReplyDelete
  4. മനോഹരം...
    ആശംസകള്‍..

    ReplyDelete
  5. പറയാതെ വയ്യ,മനോഹരമാണ്.

    ReplyDelete
  6. സ്വന്തം ഓർമ്മകൾ, അനുഭവങ്ങൾ ഒക്കെയാണ് എഴുത്തിനെ ഓജസുള്ളതാക്കുക എന്ന് ഈ വരികൾ തെളിയിക്കുന്നു.

    ReplyDelete
  7. ശരിക്കും ഇഷ്ടായി..

    ReplyDelete
  8. അമ്മയുടെയും മകളുടെയും മനസ്സുകളെ മനോഹരമായി വരച്ചു. നന്ദി, ഈ ലാളിത്യമുള്ള ഭാവനക്ക്.

    ReplyDelete
  9. ആശയത്തിന്‍റെ ആഴമുള്ള കവിതയാണ് വിരിപ്പും പുതപ്പും.നന്നായിട്ടുണ്ട്.

    ReplyDelete
  10. എല്ലാവര്‍ക്കും നന്ദി....

    ReplyDelete
  11. "സോപ്പുപതയെ മറന്ന്
    അലക്കുയന്ത്രത്തിനുള്ളില്‍
    പുതപ്പും വിരിപ്പും
    കെട്ടിപ്പിടിച്ചുനിന്നു.."
    ശ്ശൊ! ഈ പുതപ്പിനും വിരിപ്പിനും ഒക്കെ മനുഷ്യരെ പോലെ നാണാമില്ലാതായോ? അതും സോപ്പിന്‍ പത കാണുമെന്ന വിചാരം പോലും ഇല്ലാതെ..!!
    കൊള്ളാം കേട്ടൊ.. വളരെ ലാളിത്യമുള്ള ഭാഷ..

    ReplyDelete
  12. മനോഹരം ? ? ?


    ഭീകരം !

    ReplyDelete
  13. നന്നായിട്ടുണ്ട്

    ReplyDelete

കൂട്ടുകാര്‍