മൈലാഞ്ചി

ജാലകം

Saturday 19 June, 2010

പാപ്പൂ...... ഐ ലവ് യൂ.....

പതിനാലു വര്‍ഷം മുന്‍പ്, ഇരുപതാം വയസില്‍, വിവാഹിതയാകുമ്പോള്‍- ഈ മുപ്പത്തിനാലാം വയസില്‍ പോലും ഇല്ലാത്ത- പക്വത എന്ന സംഭവം ഞാന്‍ കേട്ടിട്ടും കൂടി ഇല്ലായിരുന്നു.. അതിന്റെ ഏനക്കേട് മുഴുവന്‍ ഞങ്ങളുടെ ദാമ്പത്യജീവിതത്തില്‍ (ഹൊ ! ഈ വാക്കൊക്കെ ആരാ കണ്ടുപിടിച്ചേ ആവോ..വെരി അണ്‍ റൊമാന്റിക് വാക്ക്..) ആദ്യകാലത്ത് കണ്ടിരുന്നു... ഒരു പക്കാ ‘ശ്രീമതി’യെ ആഗ്രഹിച്ച ഏട്ടനും സിനിമയിലേക്കാള്‍ റൊമാന്റിക്കായ അടിപൊളി കൂട്ടിനെ ആഗ്രഹിച്ച ഞാനും ഒരുപോലെ കണ്‍ഫ്യൂസ്ഡ്...സ്നേഹം എന്നത് ഉല്പ്രേരകമായി വര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ രണ്ടുമാസംകൊണ്ടേ അടിച്ചുപിരിയേണ്ടിവന്നേക്കാവുന്ന അത്ര പൊരുത്തം..

ഉത്തരവാദിത്തം കേട്ടെഴുത്തില്‍ പോലും തെറ്റാതെ എഴുതാനാവാത്ത എന്നെ നേരെയാക്കാന്‍ പറ്റിയ വഴി എത്രയും പെട്ടെന്ന് അമ്മയാവുക എന്നതാണെന്ന് ഞാന്‍ തന്നെയങ്ങു തീരുമാനിച്ചു.. രണ്ടുകൊല്ലമെങ്കിലും കഴിയാതെ വീര്‍ത്ത വയറുമായി നടക്കാന്‍ വയ്യെന്ന് പറഞ്ഞിരുന്ന ഞാന്‍തന്നെ വാക്കുമാറ്റിയപ്പോള്‍ ഏട്ടന്‍ ഒന്ന് സംശയിച്ചുകാണും... എന്നാലും സംശയിച്ചുനിന്നാല്‍ ഞാന്‍ പിന്നേം വാക്കുമാറ്റിയാലോ എന്നുപേടിച്ച് വേഗം സമ്മതിച്ചു... അങ്ങനെ പുരാണങ്ങളില്‍ പറയും പോലെ (ഏട്ടന്റെ സമാധാനത്തിന്) നാളും മുഹൂര്‍ത്തവും നോക്കി കാര്യം സെറ്റപ്പാക്കി...

ഒരു കാര്യം ചെയ്താല്‍ അതിന്റെ റിസല്‍ട്ടറിയണേല്‍ പിന്നേം ഒരു മാസം കഴിയണം എന്നത് ആരാണാവോ നിശ്ചയിച്ചേ? വല്ല യൂണിവേഴ്സിറ്റി പരീക്ഷയോ മറ്റോ ആണെങ്കില്‍ റിസല്‍റ്റ് വന്നില്ലെങ്കിലും കൊഴപ്പല്ല്യാര്‍ന്നു...ഇതിപ്പോ അങ്ങനെയല്ലല്ലൊ...
എന്തായാലും അടുത്ത മാസം ഡോക്റ്റര്‍ പറഞ്ഞു ഞങ്ങള്‍ രണ്ടാള്‍ടേം സിസ്റ്റത്തിന് തകരാറൊന്നുമില്ലാത്തതുകൊണ്ട് പ്രൊഡക്ഷന്‍ ഓക്കെ ആയിട്ടുണ്ട്, ഇനി ഒരു ഒമ്പതു മാസം കൂടി കഴിഞ്ഞാല്‍ ലോഞ്ച് ചെയ്യാം എന്ന്...
അങ്ങനെ സന്തോഷത്തോടെ പുതു വരവും കാത്ത് ഇരിപ്പ്, നില്‍പ്പ്, കാലിന്മേല്‍ തപസ്സ്.... ഒറ്റ സങ്കടം മാത്രം .. സിനിമയിലെ പെണ്ണുങ്ങള്‍ക്ക് കാണുന്ന ഛര്‍ദ്ദി, തലകറക്കം, മസാലദോശ ഓര്‍ പച്ചമാങ്ങ (മിനിമം പുളി എങ്കിലും) എന്നിവയോട് ആര്‍ത്തി എന്നിങ്ങനെ യൂണിവേഴ്സല്‍ ആയ  ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല..! രാജകീയമായി ഒന്ന് റെസ്റ്റെടുക്കാമെന്ന് വച്ചാല്‍ നടുവേദന പോയിട്ട് തലവേദന പോലും ഇല്ല ..!
അപ്പൊത്തന്നെ ഞാന്‍ ഉറപ്പിച്ചു, ഈ വരുന്നത് ഒരു ആറ്റംബോംബാണ് ന്ന്...
എന്നാലും ആറ്റംബോംബ് ഒരു മാസം മുന്‍പേ ചാടിയിറങ്ങുമെന്ന് ഞങ്ങളാരും കരുതിയില്ല.. അതും ചിക്കന്‍പോക്സ് പിടിച്ച് ഞാന്‍ അവശയായ ഗ്യാപ് നോക്കി.......
മാത്രമോ.. ‘ഇതാ ഞാന്‍ വരുന്നു‘ എന്ന് പറഞ്ഞ് അല്പം ബ്ലീഡിങിനെ പൈലറ്റായി വിട്ട് ഒരിത്തിരി വേദനേം കൂടെ വിട്ട് ചങ്ങാതി വയറിനകത്ത് സുഖനിദ്ര ..!
മൂന്ന് ദിവസം കാത്തിട്ടും ഇദ്ദേഹം വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കാത്തതിനാല്‍ വേദനയെങ്കിലും വരട്ടെ എന്നും പറഞ്ഞ് ഉഷഡോക്റ്റര്‍ ഇഞ്ചക്ഷന്‍ തന്നു...  ( ചിക്കന്‍പോക്സ് പിടിച്ച ഞാന്‍ ലേബര്‍ റൂമില്‍ ഉള്ളതിനാല്‍ മൂന്ന് ദിവസവും സിസ്റ്റേഴ്സിന്റെ റൂമിലായിരുന്നു മറ്റു പ്രസവങ്ങള്‍.. )
ഇഞ്ചക്ഷന്റെ പവറും ഡോക്റ്ററുടെ സപ്പോര്‍ട്ടും ഒക്കെക്കൊണ്ട് വലിയ താമസമില്ലാതെ എനിക്ക് അമ്മറോളിലേക്ക് പ്രൊമോഷന്‍ കിട്ടി...
“പെങ്കുട്ട്യോള്‍ടെ കളി” എന്ന ആരവത്തോടെ ഡോക്റ്റര്‍ കുഞ്ഞിനെ സിസ്റ്റര്‍ക്ക് കൈമാറി... (ആ ആശുപത്രിയില്‍ ആയിടെ ജനിച്ചതെല്ലാം പെണ്‍ കുട്ടികള്‍ ആയിരുന്നത്രെ..ഇതും സീസണല്‍ ഫ്രൂട്ട് ആണോ?)

കുളിപ്പിച്ച് പൊതിഞ്ഞുകെട്ടിയ കുഞ്ഞിനെ സിസ്റ്റര്‍ കാണിച്ചു തന്നു.. ജനിച്ചു വീണ കുഞ്ഞിനും സൌന്ദര്യം കാണുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല..! (ബന്ധുക്കളും ഇതു തന്നെ പറഞ്ഞൂട്ടോ)

മുന്‍കൂട്ടി തീരുമാനിച്ചിരുന്ന പോലെ ആതിര എന്ന് പേരിടാം എന്ന് തീരുമാനിച്ചു... എന്തു വിളിക്കും? ആതിരേ.. എന്ന് വിളിക്കാന്‍ ഒരു സുഖോല്യ..... അമ്മു.. ഓള്‍റെഡി രണ്ടാളുണ്ട്.... പല പേരും സജസ്റ്റ് ചെയ്തു.. ഒടുക്കം ഏട്ടന്റെ കന്നട രക്ഷയായി........... ‘പാപ്പു’.. .......വാവ എന്നതിന്റെ കന്നട..

അങ്ങനെ ആതിരപട്ടേല്‍ എന്ന പാപ്പു എല്ലാരുടേം ഓമനയായി വളര്‍ന്നു...

അല്പം ട്രാജഡി പറ്റിയത് എനിക്കാ...  ഈ ഉത്തരവാദിത്തവും പക്വതയും ഒന്നും കുട്ടീടെ കൂടെ കിട്ടുന്ന ഫ്രീ ആക്സസറീസൊന്നുമല്ലല്ലൊ.. .അതെനിക്ക് വന്നില്ല....!!

അതു വരാത്തേന്റെ കുഴപ്പം മുഴോനും അനുഭവിച്ചത് പാപ്പുവാണ്... എന്നെത്തന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ എനിക്കു പറ്റുന്നില്ല, എന്നിട്ടാ വാശീടെ ഹോള്‍സെയില്‍ ഡീലേഴ്സായ ബനദകൊപ്പയില്‍ നിന്നും പൈതൃകമായി ജംബോപാക്ക് വാശി കൊണ്ടുവന്നിട്ടുള്ള പാപ്പൂനെ..?

 മൂന്നാ‍ലുകൊല്ലം കഴിയേണ്ടി വന്നു അല്പമെങ്കിലും ‘അമ്മത്തം’ വരാന്‍... വാശി എന്നാല്‍ വാശി മാത്രമല്ലെന്നും അത് മറ്റു പല കാര്യങ്ങളേയും ആശ്രയിച്ചിരിക്കുമെന്നും സ്നേഹത്തിന്റെ തുറന്ന പ്രകടനത്തിലൂടെ പല വാശികളേയും മറികടക്കാമെന്നും അറിയാന്‍ ഏറെ വൈകി... വായനയിലൂടെയും മറ്റുള്ളവരുമായുള്ള സംസാരങ്ങളില്‍ നിന്നും ഞാന്‍ മാറേണ്ടത് എങ്ങനെയെന്ന് മെല്ലെ മെല്ലെ അറിഞ്ഞുതുടങ്ങി...

കഴിഞ്ഞ വര്‍ഷം ‘’താരെ സമീന്‍ പര്‍’‘ കണ്ടപ്പോഴാണ് ഞാന്‍ ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിഞ്ഞത്... (‘’ എവരി ചൈല്‍ഡ് ഈസ് സ്പെഷ്യല്‍’‘ എന്നോ മറ്റോ ആണ് അതിന്റെ തലവാചകം)... ഇത്രയും സ്പെഷ്യല്‍ ആയ ഒരു കുട്ടിയെ എനിക്ക് കിട്ടിയിട്ടും ഞാന്‍ വേണ്ടവിധം ശ്രദ്ധിച്ചില്ലല്ലോ എന്ന്..

താരെ സമീന്‍ പര്‍ ലെ ‘’മേരി മാ..’‘ എന്ന പാട്ടു കേട്ടപ്പോ- പ്രത്യേകിച്ചും ‘ജബ് ഭി കഭി പാപ്പാ മുജെ...’‘ എന്ന വരികള്‍ കേട്ടപ്പോ-  ആ നിമിഷം പാപ്പു അടുത്തുണ്ടായിരുന്നെങ്കില്‍ ...........കാലുപിടിച്ചു മാപ്പു പറഞ്ഞേനേ.............അപ്പ അടിക്കുമ്പോള്‍ അമ്മ വന്ന് തടയുമെന്നും ആശ്വസിപ്പിക്കുമെന്നും കരുതുന്ന പാപ്പുവിനെ നോക്കി എത്ര തവണ ഞാന്‍ ‘അവിടെ കിടന്ന് അടി കൊള്ള്.. ആവശ്യമില്ലാതെ വാശി പിടിച്ചിട്ടല്ലേ’ എന്ന് മനസില്‍ കരുതിയിരിക്കുന്നു....

അടി ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഏട്ടനോട് വഴക്കിട്ട് ഇനി അവളെ തല്ലരുതെന്ന് പറഞ്ഞ്, പിന്നീടുള്ള ഓരോ വാശിക്കും ഏട്ടന്റെ വഴക്ക് വാങ്ങിവച്ചിട്ടുണ്ടെങ്കിലും.. അതിനു മുന്‍പ് അവള്‍ കൊണ്ട തല്ലിനൊന്നും അത് പരിഹാരമാവുന്നില്ലല്ലോ...

ഐ ആം സോറി പാപ്പു .......


മാതൃത്വം എന്നത് മഹത്താ‍യ അനുഭവമാണെന്നും മറ്റൊന്നും അതിനു പകരം വക്കാനാവില്ലെന്നും പലരും പല തരത്തില്‍ എഴുതീട്ടുണ്ട്, പറഞ്ഞിട്ടുണ്ട്....എനിക്കു തോന്നുന്നത് ഏതു ബന്ധവും അതിന്റെ വാല്യൂ  അറിയുമ്പോഴാണ് മഹത്തരമാകുന്നത് എന്നാണ്... അങ്ങനെ നോക്കിയാല്‍ അമ്മ എന്ന പദത്തിന്റെ അര്‍ഥം ഇന്നെനിക്ക് ശരിക്കും അറിയാം.. പക്ഷേ, അത് വേണ്ട വിധം പ്രകടിപ്പിക്കാന്‍ ആവുന്നുണ്ടോ? അറിയില്ല...


ആദ്യത്തെ കുട്ടി പെണ്ണാവണമെന്നത് എന്റെ ആഗ്രഹമായിരുന്നു...ഞങ്ങള്‍ ഒരുമിച്ചു വളരും... വലുതാകുമ്പോള്‍ ഞാനും അവളും നല്ല ഫ്രന്‍ഡ്സായിരിക്കും.. കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടും.. രഹസ്യങ്ങള്‍ കൈമാറും.. ജനറേഷന്‍ ഗ്യാപ്പിന്റെ പേടിയില്ലാതെ കമ്മ്യൂണിക്കേറ്റ് ചെയ്യും...


ഇന്നിപ്പോ ഞാനും അവളും ഒരേ കമ്മല്‍ ഇടുന്നു... ഒരേ ചെരുപ്പിടുന്നു... അത്യാവശ്യം കാര്യങ്ങള്‍ ഒക്കെ പങ്കുവക്കുന്നു... പരസ്പരം താങ്ങാവുന്നു......


എന്നാലും അവള്‍ക്ക് നഷ്ടമായ ആദ്യ കുറച്ചുവര്‍ഷങ്ങള്‍ എങ്ങനെ തിരിച്ചുകൊടുക്കും?


എന്തൊക്കെ കുറവുകളുള്ള അമ്മയാണ് ഞാനെന്നാലും പാപ്പൂ, നീയെന്റെ ജീവനാണ്...


നീ ആദ്യമായി ചിരിച്ചതെന്നാണെന്ന് എനിക്കോര്‍മയില്ല... പക്ഷേ, നിന്നെ എന്നും ചിരിച്ചു കാണാന്‍ എന്തു ചെയ്യാനും അമ്മ തയ്യാറാണ്..
നീ അമ്മേ എന്ന് വിളിച്ചു തുടങ്ങിയതെന്നാണെന്ന് ഓര്‍മയില്ല... എന്റെ അവസാനശ്വാസത്തിലും അതേ സ്നേഹത്തോടെയുള്ള വിളി കേള്‍ക്കണം...

ഡാന്‍സ് പഠിച്ചു തുടങ്ങിയ അന്ന് രാത്രി ഉറക്കത്തില്‍ കൈ മുദ്ര കാട്ടി ‘പതാക, ത്രിപതാക..’പറഞ്ഞത് ഓര്‍മയുണ്ട്...
ആദ്യമായി നീ സ്റ്റേജില്‍ കേറിയത് ഓര്‍മയുണ്ട്..
ഡാന്‍സറാവണമെന്ന ആഗ്രഹം നിന്നില്‍ വളരുന്നത് അറിയുന്നുണ്ട്...

പഠിക്കാനുള്ള നിന്റെ ബുദ്ധിമുട്ട് അറിയുന്നുണ്ട്...
എഴുതുന്നത് തെറ്റുമെന്ന കോമ്പ്ലെക്സ്കൊണ്ട് എഴുതാന്‍ മടിക്കുന്നത് അറിയുന്നുണ്ട്..

അച്ചു പഠിപ്പില്‍ മുന്നേറുമ്പോള്‍ നിന്റെ മനസു വിങ്ങുന്നത് അറിയുന്നുണ്ട്...
അവനെ കൂടുതല്‍ ഞങ്ങള്‍ സ്നേഹിക്കുമോ എന്ന പേടി അറിയുന്നുണ്ട്...


നിനക്കില്ലാത്ത കഴിവുകള്‍ മറ്റുള്ളവരില്‍ കാണുമ്പോള്‍ ഹൃദയം ചെറുതായി പിടക്കുന്നത് അറിയുന്നുണ്ട്..

ശരിയാണ്..നിനക്കും കുറവുകളുണ്ട്..

പക്ഷേ, നീ നീയല്ലേ പാപ്പൂ...
നീയാവാന്‍ നിനക്കല്ലേ കഴിയൂ...

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്...
സ്നേഹം നിറഞ്ഞ ഹൃദയം...
എന്തു പണിയും ചെയ്യാനുള്ള ഉത്സാഹം..

ഇങ്ങനെ മറ്റു പലരിലും ഇല്ലാത്ത എത്രയോ ഗുണങ്ങള്‍ ഉണ്ട് നിന്നില്‍...

നീയാ‍യിരിക്കുക, എന്നും....
നിന്നെയാണെനിക്കിഷ്ടം..


പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍... 

പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍... 
പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍... 
പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍... 
പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍...    

68 comments:

  1. എന്റെ പാപ്പു വലുതായിത്തുടങ്ങിയത് ഞാനറിഞ്ഞു...

    കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ഡാന്‍സ് പുതിയ ഐറ്റം പഠിച്ച് യൂത്ത്ഫെസ്റ്റ്വലിനു റെഡിയായി നില്‍ക്കുമ്പോഴാണ് ഏട്ടന് ചെവി ഓപ്പറേഷന്‍ വേണം എന്നായത്. അതിനു വേണ്ട പൈസേടെ കാര്യം ഞങ്ങള്‍ സംസാരിക്കുന്നതു കേട്ട് എന്റെ അടുത്തു വന്ന് സ്വകാര്യമായി ‘എന്നാ ഇക്കൊല്ലം ഞാന്‍ കളിക്കുന്നില്ല, അതിന്റെ ചെലവിനു വച്ച പൈസ ഓപ്പറേഷന് എടുത്തോളൂ’ എന്ന് പറഞ്ഞപ്പോ....

    ReplyDelete
  2. പാപ്പുവിനോടുള്ള നിറഞ്ഞ സ്നേഹം
    ഹൃദയസ്പർശിയായി എഴുതി.
    പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍...!

    ReplyDelete
  3. ശരിക്കും ടച്ചിങ്ങ്.പാപ്പൂനു ഒരായിരം പിറന്നാളാശംസകള്‍..
    പാപ്പുവിനെ ഇത്രേം മനസ്സിലാക്കുന്ന ഇത്രേം നല്ലൊരമ്മയെയും,അമ്മയ്ക്കു ഇത്രേം നല്ലൊരു പാപ്പുവിനെയും വേറെവിടുന്നാണു കിട്ടുക.:)

    ReplyDelete
  4. പെങ്കുട്ട്യോള്‍ടെ കളി” എന്ന ആരവത്തോടെ ഡോക്റ്റര്‍ കുഞ്ഞിനെ സിസ്റ്റര്‍ക്ക് കൈമാറി... (ആ ആശുപത്രിയില്‍ ആയിടെ ജനിച്ചതെല്ലാം പെണ്‍ കുട്ടികള്‍ ആയിരുന്നത്രെ..ഇതും സീസണല്‍ ഫ്രൂട്ട് ആണോ?)


    innanivide .. njanum edadesham ithupoloru amma thanne ..
    (pande ivide varendiyirunnu ....
    ineem varum ...

    ReplyDelete
  5. ഈ അമ്മയേം മോളെയും ഒരുപാടിഷ്ടമായി..
    പാപ്പുവിനു പിറന്നാളാശംസകള് !!!

    ReplyDelete
  6. Many Many Happy Returns of the Day Paappuuuuu

    ReplyDelete
  7. വായിക്കാന്‍ നല്ല രസം
    നന്നയി തന്നെ പറഞ്ഞിരിക്കുന്നു
    എഴുത്തിന്റെ ശൈലി വല്യ ഇഷ്ട്ടായി

    പാപ്പുവിന് ജീവിതത്തില്‍ ഒത്തിരി സന്തോഷം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു പാപ്പുവിന്റെ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും
    (പാപ്പുവിന്‍ പിറന്നാള്‍ ആശംസകല്‍ ഒരായിരം കണ്ടു പോസ്റ്റിന് താഴെ, മറഞ്ഞിരിക്കുന്ന മറ്റ് നാലായിരവും ഞാന്‍ കണ്ട് പിടിചൂട്ടോ)

    ReplyDelete
  8. What the daughter does, the mother did......

    kudos

    ReplyDelete
  9. വായിച്ചിട്ട് ശരിക്കും കരച്ചില്‍ വന്നു.

    ഈ അമ്മയുടെ മനസ്സ് മനസ്സിലാക്കാന്‍ കഴിയുന്നതുകൊണ്ടാവണം പാപ്പുവിനോടും അമ്മയോടും വല്ലാത്ത ഇഷ്ടവും സ്നേഹവും. പിന്നെയെന്തെല്ലാമോ..

    മനസ്സില്‍ തട്ടി.
    മറ്റൊന്നും പറയാനില്ല. പാപ്പുവിന് വീണ്ടും വീണ്ടും പിറന്നാളാശംസകള്‍. ഈ അമ്മയോടൊപ്പം ഇനിയും ഒത്തിരിയൊത്തിരി പിറന്നാളുകള്‍ ആഘോഷിക്കാനിടവരട്ടെ.

    ഇനിയും വരും ഇവിടെ.
    നന്ദി.

    ReplyDelete
  10. എന്റെയും മനസ്സില്‍ തട്ടി...
    നന്നായി എഴുതിയിട്ടുണ്ട്'
    പാപ്പൂനു ഒരായിരം പിറന്നാളാശംസകള്‍..

    ReplyDelete
  11. പാപ്പുവിനു ഇനിയെന്ത് വേണം..തന്നെ നന്നായി മനസ്സിലാക്കുന്ന ഇത് പോലൊരു അമ്മയെ സ്വന്തമായിക്കിട്ടിയില്ലേ..,സുക്രതം..
    പിറന്നാളാശംസകൾ നേരുന്നു..
    അമ്മേടെ എഴുത്തിന്റെ അവതരണ ശൈലി പുതുമയുള്ളതാട്ടോ..ഹ്രദയത്തിൽ നിന്നുതിരുന്ന സ്നേഹത്തിൽ കുതിർന്ന ഭാഷ അതിനു മാറ്റ് കൂട്ടുന്നു.. അഭിനന്ദനങ്ങൾ

    ReplyDelete
  12. എന്താ എഴുതുക???
    എനിക്കറിയില്ല...

    ReplyDelete
  13. അതേ കണ്‍ഫ്യൂഷന്‍...

    എന്താ എഴുതേണ്ടത്.....
    നന്നായി എന്നുമാത്രം മനസ്സുനിറഞ്ഞുപറയാം.

    ലേറ്റായെങ്കിലും പാപ്പുവിന് പിറന്നാളാശംസകള്‍. (ലേറ്റാവാതെ ഒരുപിറന്നാളാശംസ പാപ്പുവിന് മെയില്‍ ചെയ്തിട്ടുണ്ട്)

    ReplyDelete
  14. എനിക്കിഷ്ടപ്പെട്ടു.
    പാപ്പൂനെക്കുറിച്ചുള്ള എഴുത്ത് ‘തുംബ ചന്നാഗിദെ!’
    അവൾക്ക് ‘ശുഭാശംസഗളു!’

    ReplyDelete
  15. വരികളില്‍ ഉടനീളം സ്നേഹിച്ച് മതിവരാത്ത മനസ്സിന്റെ വിങ്ങല്‍

    ReplyDelete
  16. അമ്മ മനസ്സ് തുറന്നു കാട്ടുന്ന, സ്നേഹം നിറഞ്ഞ ഒരു പോസ്റ്റ്, ചേച്ചീ...

    പാപ്പുവിന് പിറന്നാളാശംസകള്‍!

    ReplyDelete
  17. ഹായ് പാപ്പു,ചെന്നാഗിരിലി!!!!

    ReplyDelete
  18. നന്നയി തന്നെ പറഞ്ഞിരിക്കുന്നു....

    ReplyDelete
  19. ഞാന്‍ പാപ്പു. എനിക്ക് പിറന്നാളാശംസനേര്‍ന്നേല്ലാവര്‍ക്കും നന്ദി.
    അമ്മേ.........അമ്മക്ക് ഞാന്‍ മറുപടി എഴുതുന്നില്ല.
    മറുപടി എഴുതിയാല്‍ ഞാന്‍ കരയും.അതാ.

    ReplyDelete
  20. എത്ര രസമായി ആത്മാർഥമായി എഴുതിയിരിക്കുന്നു. മകനു പതിനെട്ടു വയസ്സായായിട്ടും ആ പ്രതിഭാസത്തിനു മുമ്പിൽ പകച്ചു നില്ക്കുന്ന എനിക്ക് മൈലാഞ്ചിയുടെ അനുഭവം നന്നേ ബോധിച്ചു. ദാമ്പത്യത്തേയും കൃത്യമായി മൈലാഞ്ചി വരച്ചിട്ടിരിക്കുന്നു. ഇനിയും കാണാം.

    ReplyDelete
  21. ആത്മാര്‍ത്ഥമായ എഴുത്ത്.
    ഈ അമ്മയും മോളും കണ്ണുനിറയിച്ചു.

    ReplyDelete
  22. ജീവിതത്തിന്റെ നേര്‍ചിത്രം ഭംഗിയായി വരച്ചിട്ടിരിക്കുന്നു.സ്നേഹവും ലാളനയും ചിന്തകളും സ്വപ്നങ്ങളും എല്ലാമെല്ലാം . എഴുത്തില്‍ ഭാവിയുണ്ട്. അത്രയും ലളിതം ഗാംഭീര്യം .
    മോള്‍ക്ക് ഹ്ര്'ദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.

    ReplyDelete
  23. ക്ഷമിക്കണം. ഇവിടെത്താന്‍ വൈകി അല്ലെ. സദ്യയും കഴിഞ്ഞു പാചകക്കാരന്‍ പാത്രങ്ങളും കൊണ്ട് മടങ്ങി പോവുംബോഴാണല്ലോ ഈശ്വരാ എന്റെ വരവ്.
    സാരമില്ല ഇത്തിരി വെള്ളമെങ്കിലും കുടിക്കാന്‍ കിട്ടുമല്ലോ അല്ലേ.
    വായിച്ചു. വെള്ളം മാത്രമല്ല, നല്ല ഒന്നാന്തരം സദ്യ തന്നെ ഉണ്ടായിരുന്നല്ലോ ഇവിടെ.
    മനസ്സില്‍ തട്ടി. ഇത്രയും നല്ല ഒരു സമര്‍പ്പണം, അതും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചതിന് പ്രത്യേക അഭിനന്ദനങ്ങള്‍.
    പാപ്പു മോള്‍ക്ക്‌ ഒത്തിരിയൊത്തിരി പിറന്നാള്‍ ആശംസകള്‍.
    മോളെ ഇനി മറ്റെന്തു വേണം? ഇത്ര സ്നേഹിക്കുന്ന, മനസിലാക്കുന്ന, കൂടെ നില്‍ക്കുന്ന ഒരമ്മയില്ലേ.
    എന്നും സ്തുതിക്കുക ഇങ്ങിനെ ഒരമ്മയെ തന്ന ദൈവത്തെ.
    തുടക്കത്തിലേ വരികള്‍, നന്നായി. ശൈലി ആണ് കൂടുതല്‍ ഇഷ്ട്ടപെട്ടത്‌. കൂടെ മേമ്പോടിക്ക് നര്‍മം കൂടെ ആയപ്പോള്‍ പിന്നെ പറയുകേം വേണ്ട.
    (പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു ലിങ്ക് അയച്ചാല്‍ ഉപകാരമാവുമായിരുന്നു, അറിഞ്ഞില്ല ഇപ്പോഴാ കണ്ടത്)

    ReplyDelete
  24. "പാപ്പുവിന്റെ അമ്മ"

    "അമ്മ എന്ന പദത്തിന്റെ അര്‍ഥം ഇന്നെനിക്ക് ശരിക്കും അറിയാം.. പക്ഷേ, അത് വേണ്ട വിധം പ്രകടിപ്പിക്കാന്‍ ആവുന്നുണ്ടോ? അറിയില്ല..."

    ആകുന്നുണ്ട്. വാക്കുകളില്‍ മകളോടുള്ള സ്നേഹം വഴിഞ്ഞൊഴുകുന്നു.
    മൈലാഞ്ചി നല്ലൊരു അമ്മയാണ്‌. സ്നേഹസമ്പന്നയായൊരു അമ്മ. ഈ അമ്മയ്ക്കും മകള്‍ക്കും എല്ലാ നന്മകളും നേരുന്നു. പാപ്പുവിന്‌ എന്റെ പിറന്നാളാശംസകള്‍.

    എന്റെ ബ്ലോഗില്‍ വന്നതില്‍ ഒരുപാട് നന്ദി. ഒപ്പം സന്തോഷവും.

    ReplyDelete
  25. എനിക്ക് ഒന്നും മിണ്ടാൻ വയ്യ.

    പാപ്പുവിനും അമ്മയ്ക്കും നല്ലതു മാത്രം വരട്ടെ.

    പോസ്റ്റിടുമ്പോൾ ഒരു മെയിൽ അയയ്ക്കാമോ?

    ReplyDelete
  26. പാപ്പൂ & പാപ്പൂന്‍റെ അമ്മേ...

    ഞാനും മൈലാഞ്ചിയുടെ പോലത്തെ തന്നെ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്...
    പക്ഷെ ഒരു വിത്യാസം മാത്രം....
    ഞാന്‍ ആഗ്രഹിക്കാതെ...പ്രതീക്ഷിക്കാതെ കടന്നു വന്ന വിരുന്നുകാരന്‍ ആയിരുന്നു അവന്‍!!
    ഇത് എന്‍റെ ഹൃദയത്തിലേക്ക് നേരെ പതിച്ച ഒരു post....
    അഭിനന്ദനങ്ങള്‍!!

    ReplyDelete
  27. നന്നായിരിക്കുന്നു. നല്ല ശൈലി.
    ഭാവുകങ്ങള്‍!

    ReplyDelete
  28. എന്റെ പാപ്പൂന് ആശംസകള്‍ നല്‍കിയ എല്ലാര്‍ക്കും ആദ്യം തന്നെ ഒത്തിരി ഒത്തിരി നന്ദി അറിയിക്കട്ടെ..

    അലി.. നന്ദി..നിറഞ്ഞ സ്നേഹം വേണ്ടുംവിധം പ്രകടിപ്പിക്കാന്‍ ആവുന്നില്ലെന്ന സംശയം ഇനിയും ബാക്കി..

    മൈത്രേയി..ഹൃദയത്തില്‍ തൊട്ടെഴുതിയത് അവിടെയും തൊട്ടു എന്നറിയുന്നതില്‍ സന്തോഷം...നന്ദി..

    റെയര്‍ റോസ്... എന്നും ഇങ്ങനെ ആവണേ എന്ന ആഗ്രഹം മാത്രം ബാക്കി...നന്ദി..

    ചേച്ചിപ്പെണ്ണ്... എന്നേക്കാള്‍ നല്ല അമ്മയാവട്ടെ എന്നാശംസിക്കുന്നു.. ഇനീം വരണം.. കാണാം.. നന്ദി..

    ഇന്ദുലേഖ... ഇഷ്ടമായെന്നതില്‍ സന്തോഷം ,..നന്ദി

    നിലീനം... താങ്ക്യു വെരി മച്ച്

    കൂതറഹാഷിം.... വളരെ നന്ദി.. പിന്നെ ആ നാലായിരം ആരെങ്കിലും കണ്ടുപിടിക്കണേ എന്ന് ആഗ്രഹിച്ചിരുന്നു... പാപ്പു ചോദിച്ചു അതെന്താ അങ്ങനെ പറഞ്ഞേ ന്ന്.. ഞാന്‍ കാണിച്ചുകൊടുത്തു.. കൂട്ടത്തില്‍ പറഞ്ഞു, അയ്യായിരം ഉള്ളിലുണ്ടെങ്കിലും ആയിരമേ പുറത്തുകാണിക്കാനാവുന്നുള്ളൂ, ആശംസയായാലും സ്നേഹമായാലും എന്ന്....

    നജീബ്.. താങ്ക്സ് എ ലോട്ട്

    സുപ്രിയാ.. മനസുനിറഞ്ഞ സന്തോഷം.. സുപ്രിയക്കെന്നെ മനസിലാവുമെന്ന് മറ്റുള്ള പോസ്റ്റുകളിലെ കമന്റ് വഴി എനിക്ക് തോന്നിയിട്ടുണ്ട്... നന്ദി..ഒരുപാട്.. പിന്നെ പുതിയ പോസ്റ്റെവിടെ? ഞാന്‍ ഒരു കമന്റ് ഭീഷണി ഇട്ടിരുന്നു .. കണ്ടില്ലേ?

    നിരാശാകാമുകാ..വളരെ നന്ദി..

    കമ്പര്‍.. വളരെ സന്തോഷം.. ഞാനിങ്ങനെ പറയുന്ന പോലെ എഴുതുന്നു എന്ന് മാത്രം.. വേറെ എങ്ങനെ എഴുതണം എന്നറിയാത്തോണ്ട്...

    ആത്മാ.. ഞാനും എന്താ ഇപ്പൊ പറയുക?

    തകര്‍പ്പന്‍.. മെയിലിന് അവള്‍ മറുപടി അയച്ചിരുന്നു അല്ലെ?

    ജയന്‍... തുമ്പാ താങ്ക്സ്...

    പാലക്കുഴി.. നന്ദി.. സ്നേഹിച്ച് മതിവരുന്നില്ല.. മതിവരാതിരിക്കട്ടെ..

    ശ്രീ.. ഓര്‍മകളെ മനസില്‍ തട്ടും വിധം ആവിഷ്കരിക്കാനുള്ള ശ്രീയുടെ കഴിവിനു മുന്നില്‍ ഞാന്‍ ഒന്നുമല്ല.. വളരെ സന്തോഷം...

    പുവര്‍ മി.. തുമ്പാ താങ്ക്സ്

    ജിഷാദ്.. താങ്ക്സ്

    പാപ്പൂസേ.. ഉമ്മ ഉമ്മ ഉം.....മ്മ

    ശ്രീനാഥന്‍.. വളരെ നന്ദി.. മകനെ സുഹൃത്തായി കാണാന്‍ എളുപ്പമല്ലെന്നാണോ പറയുന്നേ.. പാപ്പു വലുതാവുമ്പോള്‍ ഞങ്ങള്‍ എങ്ങനെ ആവുമോ എന്തോ?

    സുമിത.. നന്ദി..

    അബ്ദുള്‍ഖാദര്‍.. എഴുത്തുശൈലി ഇഷ്ടമായെനറിഞ്ഞതില്‍ വളരെ സന്തോഷം... നന്ദി

    ഉമേഷ്..നന്ദി

    സുല്‍ഫി.. ഒരുപാടൊരുപാട് നന്ദി... പോസ്റ്റ് ഇടുമ്പോള്‍ അറിയിക്കാം ട്ടോ...

    വായാടീ.. നന്ദി..വളരെ വളരെ നന്ദി..അമ്മ എന്ന നിലക്ക് ഞാന്‍ അത്ര മോശമല്ലെന്ന് നിങ്ങളുടെ ഒക്കെ കമന്റുകള്‍ എന്നോട് പറയുന്നു.. അതെനിക്ക് നല്‍കുന്ന കോണ്‍ഫിഡന്‍സ് ചെറുതല്ല.. നന്ദി..

    ദീപു.. നന്ദി

    എച്ച്മുക്കുട്ടി... സന്തോഷം.. പോസ്റ്റിടുമ്പോള്‍ അറിയിക്കാംട്ടോ...

    പദസ്വനം... വിളിക്കാതെ വന്ന വിരുന്നുകാരനാണെങ്കിലും ഇപ്പോള്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍പ്പുണ്ടാവുമെന്ന് വിശ്വസിക്കുന്നു... നന്ദി..

    തറവാടീ.. താങ്ക്സ്....

    ഇസ്മായില്‍.. നന്ദി...

    എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സന്തോഷവും നന്ദിയും..

    ReplyDelete
  29. പാപ്പുവിനു ആശസകൾ..പാപ്പുവിന്റെ ഓണേൾസിനും ആശംസകൾ :)

    ReplyDelete
  30. നന്നായിരിക്കുന്നൂ.... എന്റെ ഭാര്യയേയും ഇതൊന്നു വായച്ചു കേൾപ്പിക്കണം..

    ReplyDelete
  31. ബഷീര്‍... നന്ദിയുണ്ട് ട്ടോ..

    വേണുഗോപാല്‍.. ഭാര്യ എന്തു പറഞ്ഞു എന്നു കൂടി അറിയിക്കണേ... നന്ദി

    ReplyDelete
  32. മൈലാഞ്ച്യേച്ച്യേ,

    പാപ്പൂസിനു ബിലേറ്റഡ് ഹാപ്പി ബർത്ഡേ.. വിങ്ങലുകളെല്ലാം തേച്ചു മായ്ചു കളയുന്ന മറുപടി മകളു തന്നല്ലോ!!

    അടിയൊക്കെ നല്ലതാണെന്ന് അനുഭവം.. പണ്ട് കുറേ കിട്ടീട്ടുണ്ട് അച്ഛന്റെ കയ്യീനും,ചേട്ടന്റെ കയ്യീന്നും (കയ്യിലിരിപ്പ് കൊണ്ടാ!!).. അതിനെകുറിച്ഛനിന്നു സങ്കടം പറയാറുണ്ട്.. എന്നാൽ അവയൊക്കെ സ്നേഹത്തിന്റെ തലോടലുകൾ ആയിട്ടേ ഇന്ന് ഓർക്കാൻ കഴിയുന്നുള്ളൂ.. സത്യം പറഞ്ഞാൽ റിയലി മിസ്സിങ്ങ് ദോസ് അടീസ്.. പാപ്പുവും അതുൾക്കൊണ്ട് കാണും..

    അമ്മയ്ക്കും മകൾക്കും നല്ലത് വരട്ടെ..


    സുചാന്ദ്

    ReplyDelete
  33. സുചാന്ദ്.. വളരെ നന്ദി..

    അതെ പാപ്പൂന്റെ മറുപടി എന്റെ എല്ലാ വിങ്ങലുകളെയും മാറ്റിയിരിക്കുന്നു....

    അടി നല്ലതാണെന്ന് ഞാന്‍ കരുതുന്നില്ല... അപൂര്‍വത്തില്‍ അപൂര്‍വമായ സിറ്റുവേഷനില്‍ മാത്രം അത് നല്ലതായേക്കാം എന്ന് മാത്രം...
    താങ്കളുടെ കയ്യിലിരിപ്പുകൊണ്ട് വാങ്ങിവച്ച അടികള്‍ ഇന്ന് നൊസ്റ്റാള്‍ജിക് ആയി തോന്നുന്നുണ്ടാവാം.. അതിന്ന്‍ തലോടലായി തോന്നുന്നതിന്റെ ഒരു കാരണം പ്രായത്തിന്റെ പക്വത, മറ്റൊന്ന് താങ്കള്‍ തന്നെ പറഞ്ഞ പോലെ അച്ഛന്‍ അതോര്‍ത്ത് വിഷമിക്കുന്നു എന്നത്....
    എനിക്കെന്തായാലും അടിയോട് യോജിപ്പില്ല... തിരുത്താന്‍ വേറെ മാര്‍ഗം അറിയാത്തപ്പോ അടി നല്ലതാണെന്ന് പറയാം...

    അമ്മക്കും മകള്‍ക്കും തന്ന ആശംസകള്‍ക്ക് ഒരിക്കല്‍കൂടി നന്ദി..

    ReplyDelete
  34. കുറെ വൈകി. എന്നാലും ഇരിക്കട്ടെ പാപ്പുനു ഒരു ഹാപ്പി ബര്‍ത്ത് ഡേ.
    മൈലാഞ്ചി വളരെ ലക്കിയാണ്. എന്റമ്മ എന്നെ പ്രസവിച്ചത് ഇരുപതാം വയസ്സില്‍ ആണ്. ഹൈസ്കൂളില്‍ പടിക്കുംബോഴൊക്കെ എനിക്ക് പുച്ഛമായിരുന്നു,ഇത്ര ചെറുപ്പത്തിലെ പ്രസവിക്കുന്ന പെണ്ണുങ്ങളോട് .. അമ്മ 35 വയസ്സുള്ള ഒരു ചെരുപ്പക്കാരിയനെന്നു അന്ന് ഞാനൊരിക്കലും വിചാരിച്ചില്ല. അതു കൊണ്ടായിരിക്കും അമ്മക്ക് ഞങ്ങളുടെ കൂടെ കളിക്കാനും,യാത്ര പോകാനും, സിനിമ കാണാന്‍ പോകാനുമൊക്കെ പറ്റിയിരുന്നത്.എനിക്കിതൊക്കെ പറ്റുമോ ആവോ. :) ഇപ്പൊ ഞാന്‍ എല്ലാം മനസിലാക്കുന്നു. എന്റെ അമ്മയെപ്പോലെ മൈലാഞ്ചിയും വളരെ ഭാഗ്യവതി ആണ് ..

    ReplyDelete
  35. അമ്മ.എത്ര നല്ല പേര്. മകള്‍ എന്നപോലെതന്നെ.വലിയ സാമ്യങ്ങളില്ലെങ്കിലും ''ജയശ്രീ മിശ്രയുടെ ജന്മാന്തരവാഗ്ദാനങ്ങള്‍ ''ഓര്മ വന്നു..അമ്മയ്ക്കും മകള്‍ക്കും ആശംസകള്‍...

    ReplyDelete
  36. ആ ശൈലിയും ഈ അമ്മയെയും ഇഷ്ടമായി .
    സത്യസന്തമായ വാക്കുകള്‍ പോസ്റ്റിന്റെ മാറ്റ് കൂട്ടുന്നു
    എന്തായാലും പാപ്പു ഭാഗ്യവാതിയണ് .

    ഈ സന്തുഷ്ട കുടുമ്പത്തിന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു .

    ReplyDelete
  37. ഹേമാംബികാ.. എന്റെ അമ്മയും ഞാനും തമ്മില്‍ ഇത്ര പോലും പ്രായവ്യത്യാസമില്ല. അമ്മയുടെ പതിനേഴാം വയസ്സിലാണ് ഞാന്‍ ഉണ്ടാവുന്നത്.. കാലത്തിന്റെ വ്യത്യാസമാവാം ഞാനും പാപ്പൂം തമ്മിലുള്ള ബന്ധം പോലെ അല്ല അമ്മയും ഞാനുമായി... ഹേമാംബിക പറഞ്ഞപോലെ അമ്മക്ക് 35വയസ്സൊക്കെ ഉണ്ടായിരുന്നപ്പോ ആ വയസ്സ് വയസ്സത്തികള്‍ക്കുള്ളതാണെന്ന് ഞാന്‍ കരുതിയിരുന്നു.. ഇന്നിപ്പൊ 35ന്റെ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോ എനിക്കറിയാം ജീവിതം തുടങ്ങുന്നതേയുള്ളൂ എന്ന്... ഓര്‍ക്കുമ്പോ അല്പം കുറ്റബോധം അമ്മയെക്കുറിച്ചും.. കുറെക്കൂടി ഫ്രന്‍ഡ്ലി ആയ യൌവനം അമ്മക്ക് നല്‍കാമായിരുന്നു...

    ഞാന്‍ ഭാഗ്യവതി തന്നെ ഹേമാ...

    വളരെ നന്ദി

    വസന്തലതികാ... നന്ദി.. ജയശ്രീമിശ്രയെ വായിച്ചിട്ടില്ല.. അന്വേഷിക്കാം..
    ആശംസകള്‍ക്ക് നന്ദി

    ദീപുപ്രദീപ്..ഇഷ്ടമായതില്‍ സന്തോഷം... സത്യസന്ധമായിത്തന്നെ എഴുതിയതാണ്.. അല്പം പേടി ഉണ്ടായിരുന്നു തുറന്നെഴുതാന്‍... എന്റെ ഒരു ചേച്ചി വായിച്ചിട്ട് ചോദിക്കുകയും ചെയ്തു ഇത്രക്കും തുറവി വേണ്ടിയിരുന്നോ എന്ന്... തുറന്നു പറയാന്‍ കഴിയുക എന്നത് വലിയ ഗുണവും ആശ്വാസവും ആണെന്ന് ഞാന്‍ മറുപടി പറഞ്ഞു....പ്രത്യേകിച്ചും ഇതെന്റെ പാപ്പൂന് വേണ്ടിയുള്ള പോസ്റ്റാകുമ്പോള്‍... അവള്‍ക്ക് മനസിലാകുക എന്നതാണല്ലോ മുഖ്യം.. ഏറ്റുപറച്ചിലുകള്‍ പരസ്യമായിട്ടാകുമ്പോള്‍ പവര്‍ കൂടുന്നു എന്ന് അവളുടെ പിന്നീടുള്ള റിയാക്ഷന്‍ തെളിയിച്ചു..
    നന്ദി

    ReplyDelete
  38. എത്തിപ്പെടാന്‍ വൈകി. കൊതിപ്പിക്കും ഭാഷ.. ആശംസകള്‍ പാപ്പൂനും അമ്മയ്ക്കും..

    ReplyDelete
  39. ആദ്യമേ ഒരു അഭിനന്ദനം എന്തിനാണെന്നല്ലേ; ഒഴുക്കോടെ വായിക്കുവാനുതകുന്ന രീതിയിൽ രസായിട്ട് എഴുതിയതിനു..

    പിന്നെ; എന്റെ ഭാര്യയുടെ സ്വഭാവം അതേ പോലെ വരച്ചിട്ടിരിക്കുന്നു..
    പക്ഷേ ഒരു വ്യത്യാസമുണ്ട്..
    അമ്മയായതിൽ പിന്നെ കുറഞ്ഞത് കുഞ്ഞിന്റെ കാര്യത്തിലെങ്കിലും ഇത്തിരി ഉത്തരവാദിത്വമുണ്ട് അവൾക്ക്..!!
    പിന്നെ..
    പാപ്പൂ..
    മോളെ എനിക്കു വല്യ ഇഷ്ടായീട്ടൊ..
    മിടുക്കിക്കുട്ടി..

    ReplyDelete
  40. വൈകിയെങ്കിലും വന്നതില്‍ സന്തോഷം അഷ്റഫ്... ഭാഷ ഇഷ്ടമായതില്‍ ഏറെ സന്തോഷം

    ReplyDelete
  41. Ippozhaa ithu kaanunnathu. valare nalla ezhuthu. bloginte lokathu valippu thamaashakal maathramalla inginyulla kathakalum undaavum ennu vichaarichilla. valare nanaayittundu.

    ReplyDelete
  42. dear rajesh.. better late than never.... thanks a lot for the compliments..

    ReplyDelete
  43. പാപ്പുവിനു , വളരെ വൈകിയാണെങ്കിലും ഒരു പിറന്നാള്‍ ആശംസ എന്റെ വകയും .വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു .എന്താണ് എഴുതേണ്ടത് എന്നറിയില്ല. അത്രയ്ക്ക് നന്നായി എഴുതിയിരിക്കുന്നു. വായാടി പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ.അമ്മയ്ക്കും മകള്‍ക്കും ഒരിക്കല്‍ കൂടി ആശംസകള്‍. ബ്ലോഗില്‍ വന്നതിനും കമന്റിയതിനും നന്ദി.

    ReplyDelete
  44. ..
    better late than never..<<< രജനീകാന്ത് ആരായിട്ട് വരും????ഹിഹിഹി!
    ശരിയാ, ബദനകൊപ്പയില്‍ കാപ്പിയും പലഹാരവും തട്ടാനേ വന്നിട്ടുണ്ടായിരുന്നുള്ളു, better late than never.. ഒരു സൃഷ്ടിയും അതിലെ കമന്റും വഴി ഇവിടെ എത്തിച്ചയാള്‍ക്ക് നന്ദി :)
    ..
    ഞാനിവിടെ എന്തൊക്കെയോ എഴുതിക്കൂട്ടി,
    എനിക്ക് തന്നെ മനസ്സിലായില്ല എന്താണെഴുതിയെതെന്ന്.
    ക്ഷമിക്കുക,

    ഈ രചനയ്ക്ക് കമന്റാന്‍ തന്നെ നോ അര്‍ഹതാസ് :) എന്ന് പിന്നീട് മനസ്സിലായി.

    “ഹൃദയം നിറഞ്ഞു” എന്ന് മാത്രം പറയട്ടെ..!
    ആശംസകളോടെ..
    ..

    ReplyDelete
  45. ഞാന്‍ വൈകി പോയി എന്ന് തോനുന്നു...എനാലും അടുത്ത വര്‍ഷത്തെ പിറന്നാള്ളിന്നു പാപ്പൂന് ഒരായിരം മുകൂര്‍ പിറന്നാളാശംസകള്‍...

    ReplyDelete
  46. ആദ്യായിട്ടാ ഇവിടെ..

    പുതിയ പോസ്റ്റിൽ തുടങ്ങി ഓരോന്നോരോന്നായി വായിച്ച് വരികയായിരൂന്നു.. ഇവിടെയെത്തി കുറെ നേരായി ഇതും തുറന്ന് ഇരിക്കുന്നു

    ജെനെറേഷൻ ഗാപ്പ് ഇല്ലാത്ത അമ്മയും മകളും.. എന്റെയും ഒരു വലിയ മോഹമാ.. ഇനി നടക്കില്ലെന്ന് ഉറപ്പുള്ളതും എന്റെ അമ്മയ്ക്ക് എനിക്ക് തരാനാവാതെ പോയതും

    അമ്മ അമ്പതിലെത്താറായപ്പോൾ ഉണ്ടായ സന്തതിയാ ഞാൻ.. അപ്പോൾ ഊഹിക്കാലോ ഗാപ്പ്... അടിയുടെ പൊടിപൂരം ആയിരുന്നു..

    ReplyDelete
  47. പാപ്പുവീന് വൈകിയ പിറന്നാളാശസകള്‍.

    ആരെയാണെങ്കിലും വിഷമിപ്പിച്ചു എന്നുള്ള തോന്നാല്‍ ഉണ്ടായാല്‍ ഒന്നു മാത്രമേ ചെയ്യാനുള്ളൂം, ക്ഷമിക്കണം എന്നു പറയുക. ഐ ആം സോരി ആ വാക്ക് മാന്‍സില്‍ തട്ടി പറഞ്ഞാല്‍ അതിനു ഭയങ്കര ശക്തിയാണ്.

    എനിക്കും മക്കളെ വിഷമിപ്പിച്ചു എന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍ മാപ്പപേക്ഷിക്കും, അവരും അതു തന്നെ ചെയ്യും.

    ഓള്‍ ത് ബെസ്റ്റ്

    ReplyDelete
  48. ഹരീഷിന് ഒരു സോറി.. ഞാൻ കമന്റിട്ടോണ്ടിരുന്നപ്പോഴാണൊ താങ്കളൂടെ കമന്റ് വന്നേ ആവോ ? ഞാൻ കണ്ടില്ലാർന്നു, എന്താ‍യാലും താങ്കളുടെ ഭാര്യ ഒരു കാര്യത്തിലെങ്കിലും ഉത്തരവാദിത്തം കാണിക്കുന്നുണ്ടല്ലോ.. ഞാനെന്നാ നേരെ ആവുക ആവോ?
    നല്ല വാക്കുകൾക്ക് നന്ദി..

    അസീസ്.. വൈകിയെന്നത് ഒരു പോരായ്മയല്ല.. വന്നല്ലോ അതുമതി.. നന്ദി..


    രവീ.. താങ്കൾ പറഞ്ഞ ഒരു വരി (ഈ രചനയ്ക്ക് കമന്റാന്‍ തന്നെ നോ അര്‍ഹതാസ്) എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്.. നന്ദി..ഏതു വഴിയാ ഇങ്ങോട്ടെത്തിയതെന്ന് ഇനീം പറഞ്ഞില്ല...

    മൈ ഡ്രീംസ്.. മുൻ‌കൂറായി നന്ദി...

    ഇട്ടിമാളൂ.. ജനറേഷൻ ഗ്യാപ് ഇല്ലാത്ത അമ്മേം മോളും ഇനി നടക്കാത്ത സ്വപ്നം ആവുന്നതെന്തിനാ? ഇട്ടിമാളൂന്റെ ചാൻസ് കഴിഞ്ഞിട്ടില്ലല്ലോ? അതോ മറ്റു പ്രശ്നങ്ങൾ എന്തെങ്കിലും? സോറി റ്റു ബി പേഴ്സണൽ...
    പിന്നെ, വയസ്സുവ്യത്യാസം അല്ല കാര്യം എന്ന് തോന്നുന്നു, കാരണം ഞാനും എന്റെ അമ്മയും തമ്മിൽ വെറും 17 വർഷം ഗ്യാപേ ഉള്ളൂ.. എന്നാലും ഞങ്ങൾ തമ്മിൽ ഗ്യാപില്ലെന്ന് പറയാനാവില്ല..ഐ മീൻ ജനറേഷൻ ഗ്യാപ്. കാര്യം ഞങ്ങൾ എന്തും പറയും എങ്കിലും രണ്ടു തലമുറയാണെന്നത് ഇടക്കിടെ മനസിലാവും... കാഴ്ചപ്പാടുകൾ, അഭിപ്രായങ്ങൾ, അവ പ്രകടിപ്പിക്കുന്ന രീതി.. ഇങ്ങനെ പലതും...
    എന്തായാലും വന്നതിനും കമന്റിയതിനും നന്ദി സന്തോഷം...

    ‌കേരളം.. സോറി പറയുമ്പോൾ ആരും ചെറുതാവുന്നില്ലെന്നതാണ് ഞാനെന്റെ മക്കളെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പാഠം.. താങ്ക്സ് എ ലോട്ട്...


    പിന്നെ ഒരു വിശേഷം... ആദ്യമായി എന്റെ ഒരു പോസ്റ്റിന് 50 കമന്റ് തികഞ്ഞു... ഇത് ഞാനിന്നാഘോഷിക്കും...

    ഇതിലേ വന്നവർക്കെല്ലാം നന്ദി..

    ReplyDelete
  49. belated birthday wishes to Pappu :)

    ഒരു ബസ് പോസ്റ്റ് വഴിയാണിവിടെയെത്തിയത്...
    ഒത്തിരിയിഷ്ടമായി പോസ്റ്റ്.

    ReplyDelete
  50. എന്റീശ്വരാ.. ഞാനിതെങ്ങനെ മിസ്സ്‌ ചെയ്തു?...... :(

    ReplyDelete
  51. നന്നായിരിക്കുന്നു...

    ഒരല്പം ദേശ്യപെടുന്നതിലോ (വല്ലപ്പോഴും അടിക്കുന്നതിലോ) പ്രശ്നം ഇല്ല എന്നാണു എന്‍റെ പക്ഷം... സന്തോഷവും സെന്ഹത്തിനും ഒപ്പം അങ്ങനെ ഉള്ള വികാരങ്ങളും accept ചെയ്യാന്‍ കുട്ടികളെ തയ്യാറാക്കും. (purely my openion based on my childhood days :) )

    ReplyDelete
  52. ശിവകുമാർ.. താങ്ക്സ് ഫോർ ദ വിഷ്.. കൊച്ചുത്രേസ്യക്ക് നന്ദി പറയാം ല്ലെ നിങ്ങളെ ഇങ്ങോട്ടെത്തിച്ചതിൽ?

    അനിയൻ‌കുട്ടീ.. ഒരു ചെറിയ പോസ്റ്റല്ലെ മിസ്സ് ചെയ്തുള്ളൂ.. സാരല്യ.... ജീവിതം മിസ്സാവാതിരിക്കട്ടെ..

    ക്രേസി മൈൻഡ്... ദേഷ്യപ്പെടേണ്ടി വന്നേക്കും.. എന്നാലും അത് നമ്മുടെ ദേഷ്യം തീർക്കാനാവരുത്.. തല്ല്..... എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്...

    ReplyDelete
  53. മനസ്സിനെ പിടിച്ചുലയ്ക്കുന്ന രചന. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു നേര്‍ത്ത വിങ്ങല്‍.മനോഹരമായ ഒരു ബ്ലോഗ്‌ .ഇനിയും ഒരുപാടു എഴുതാന്‍ കഴിയട്ടെ

    ReplyDelete
  54. ബൂലോകത്ത് പുതുമുഖമായത് കൊണ്ടു ഈ മൈലാഞ്ചിയെയും കാണാന്‍ വൈകി.ദയവായി ക്ഷമിക്കുക.
    വായനക്കാരനെ പിടിച്ചിരുത്തുന്ന ഒഴുക്കുള്ള രചനാശൈലിയും പാപ്പുവിനോടുള്ള സ്നേഹവും വളരെ ഹൃദ്യം! കൂട്ടുകാരിയായ ഒരമ്മയും കൂട്ടുകാരിയായ ഒരു മകളും എനിക്കുണ്ട്....
    പാപ്പുവിനു വൈകിയാണെങ്കിലും പിറന്നാള്‍ ആശംസകള്‍ നേരുന്നു. അടുത്ത പിറന്നാള്‍ കൂടാന്‍ ഞാനും ഇവിടെ!

    ReplyDelete
  55. സങ്കടമായി മൈലാഞ്ചി.. എഴുത്തു വല്ലാതെ ഹൃദയത്തിൽ തൊടുകമാത്രമല്ല എന്റെ ഉള്ളിലെ ചില സങ്കടങ്ങളെ എനിക്കു നേരെ പിടിച്ചു നിർത്തുകയും ചെയ്തു.
    ആതിരമോൾക്കു എല്ലാ ആശംസകളും.
    അവളുടെ ഉള്ളിലെ പേടികളെ തുടച്ചു കൊടുക്കൂ. അവൾ തിളങ്ങും!
    സ്നേഹത്തോടെ.

    ReplyDelete
  56. ഈവഴി പോയപ്പോ ഇതിലേ ഒന്നു കേറാതിരിക്കാന്‍ പറ്റിയില്ല. അങ്ങനെ നോക്കിയതാ. പത്തുപ്രാവശ്യം വായിച്ചതാണേലും ഒന്നൂടെ പോസ്റ്റുമുഴുവന്‍ വായിച്ചു. പിന്നേം കരച്ചില്‍വരുന്നു........

    പാപ്പു ഇപ്പോ എന്തുപറയുന്നു?. ബൂലോകര്‍ മുഴുവന്‍ പാപ്പൂനും അമ്മയ്ക്കും ഒപ്പമുണ്ടെന്ന് അവളോടു പറയണേ...

    ReplyDelete
  57. രൂപ്‌സ്.. വളരെ നന്ദി.. ഇനിയും എന്തെങ്കിലും ഒക്കെ എഴുതും..

    കുഞ്ഞൂസേ.. വൈകിയതിനു ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. എപ്പൊ വേണേലും വായിക്കാം എന്നതല്ലേ ഈ ബൂലോകത്തിന്റെ മേന്മ... എന്തായാലും വന്നതിനും നല്ല വാക്കുകൾ പങ്കുവച്ചതിനും നന്ദി... കൂട്ടുകാരിയോടും മോളോടും എന്റെ അന്വേഷണം പറയണേ..

    മുകിൽ.. പാപ്പുവിന്റെ പേടികളെ തുടച്ചുമാറ്റാനുള്ള ശ്രമത്തിൽ‌ത്തന്നെയാണ് കുറച്ചുവർഷങ്ങളായി ഞാൻ.. വിജയിച്ചുവരുന്നു... അവൾ തിളങ്ങണം എന്നുതന്നെയാണ് ആഗ്രഹം.. നന്ദി

    സുപ്രിയാ.. പിന്നേം ഞാൻ കരയിച്ചോ? ശ്ശോ.. പാപ്പു ഹാപ്പി.. ബൂലോകം ഓൺലൈനിൽ വന്നത് ഈ പോസ്റ്റാണെന്ന് കണ്ടപ്പോ ‘ഞാനും ഫെയ്മസായി’ എന്നും പറഞ്ഞ് തുള്ളിച്ചാടി നടപ്പാ...

    ReplyDelete
  58. ഒന്നും എഴുതാന്‍ പറ്റുന്നില്ല ...
    അത്രയും ഹൃദയസ്പര്‍ശമായിരിക്കുന്നു.
    വൈകിയാണേലും പാപ്പൂസിന് പിറന്നാള്‍ ആശംസകള്‍!!!

    ReplyDelete
  59. എനിക്ക് ഒത്തിരി ഇഷ്ടമായി പാപുവിനെയും അമ്മയെയും
    വൈകിയെങ്കിലും പിറന്നാല്‍ ആശംസകള്‍

    ReplyDelete
  60. ഇപ്പൊ എനിക്കേറ്റവും ഇഷ്ടം ഈ ബ്ലോഗാ.. എന്ത് രസം ഇത് വായിചോണ്ടിരിക്കാന്‍.... എല്ലാ പോസ്റ്റുകളും വായിചോണ്ടിരിക്കുവാ..
    പാപ്പുന്റെ ആ shortfilm കണ്ടാരുന്നു,ബ്ലോഗും.. ഇവടൊക്കെ എത്താന്‍ താമസിച്ചു പോയി... :-(

    ReplyDelete
  61. This comment has been removed by the author.

    ReplyDelete
  62. ഇത് ശരിക്കും ഞാനായി മാറി എനിക്കും ഉണ്ടു ഇങ്ങനേ ഒരു പാപ്പു ഹൃദയം തൊട്ടറിയുന്ന പാപ്പു

    ReplyDelete
  63. ഒരായിരം പിറന്നാളാശംസകള്‍...

    ReplyDelete
  64. a real touching mother's love .. all mothers are same ...

    but not all fathers are so ...

    ReplyDelete

കൂട്ടുകാര്‍