മൈലാഞ്ചി

ജാലകം

Wednesday 20 March, 2013

കുറ്റവാളികളില്‍ നിങ്ങളില്ലെങ്കില്‍ ന്യായീകരിക്കാതിരിക്കുക...


"ജീന്‍സും ടീഷര്‍ട്ടും ഇട്ട പെണ്ണും സാരിയുടുത്ത പെണ്ണും എന്നില്‍ ഉണ്ടാക്കുന്ന വികാരം ഒന്നല്ല...ആ വ്യത്യാസം മനസിലാക്കാതെ വേഷംകെട്ടിയാല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും....ചിലര്‍ നിയന്ത്രിച്ചേക്കും ..പക്ഷേ എല്ലാവരും അത് ചെയ്യണമെന്നില്ലല്ലോ.."ഒരു കൂട്ടുകാരന്‍ പറഞ്ഞതാണ്..

വീണ്ടും ചിന്തകള്‍ കാടുകേറാന്‍ തുടങ്ങി. ഇതാദ്യമായല്ല ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുന്നത്. മതത്തിന്റെയോ മറ്റേതെങ്കിലുമോ അധികാരത്തിലിരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിക്കേള്‍ക്കാറുണ്ട്. ചില കൂട്ടുകാരെങ്കിലും അതേറ്റുപിടിച്ച് 'മാന്യമായ' വസ്ത്രധാരണത്തെക്കുറിച്ചും ഇല്ലെങ്കിലുണ്ടാകാവുന്ന പ്രശ്നങ്ങളെപ്പറ്റിയും ഒക്കെ പറയുമ്പോള്‍ ആദ്യമൊക്കെ വല്ലാതെ ദേഷ്യം വന്നിരുന്നു. തര്‍ക്കിക്കുകയും ചെയ്തിരുന്നു. പിന്നീട് ദേഷ്യം ഒന്നിനും പരിഹാരമല്ല എന്ന് മനസിലാക്കി, പരമാവധി മയത്തില്‍ കാര്യം പറയാന്‍ നോക്കും. പലരുടെയും പോയ്ന്റ് ഒന്നുതന്നെയാണ്. പ്രകോപനം പാടില്ല, ഞങ്ങള്‍ ആണുങ്ങള്‍ക്ക് പെട്ടെന്ന് പ്രകോപനം വന്നേക്കും, നിങ്ങള്‍ സൂക്ഷിക്കണം.

ശരി, സൂക്ഷിക്കാം. പക്ഷേ, എന്താണ് മാന്യമായ വേഷം
 ഒരാള്‍ക്ക് സാരിയാണ് ഏറ്റവും മാന്യം. അപ്പോ വേറൊരാള്‍ക്ക് സാരിയോളം സെക്സിയായ വേശമില്ല. ചുരിദാറിന്റെ സ്ലിറ്റ് ഒരാള്‍ക്ക് പ്രശ്നമാണെങ്കില്‍ വോറൊരുത്തന് അത് വിഷയമേയല്ല, പക്ഷേ കഴുത്തിറങ്ങിയിട്ടുണ്ടെങ്കില്‍ അറിയാതെ നോക്കിപ്പോകും. ജീന്‍സ് വെരി അണ്‍റൊമാന്റിക് എന്നൊരാള്‍. റ്റൂ സെക്സി എന്ന് വേറൊരാള്‍. മുഴുവന്‍ മൂടിയ പര്‍ദയില്‍ ഇത്തിരി കാണുന്ന മുഖമാണ് കൊതിപ്പിക്കുന്നതെന്ന് ഇനിയൊരാള്‍
 
പറയാന്‍ തോന്നുന്നത്, നിങ്ങള്‍ ആദ്യം ഒരു പൊതു ധാരണ ഉണ്ടാക്കൂ, ഇനി മുതല്‍ ഇന്നയിന്ന വസ്ത്രം ധരിച്ചാല്‍ പ്രകോപിതരാവില്ല, ഇന്നയിന്നത് ധരിച്ചാല്‍ ആവാം എന്ന്. അപ്പോ ഞങ്ങള്‍ക്കും എളുപ്പമാകുമല്ലോ.

സത്യത്തില്‍ ഇതാണോ പ്രശ്നം? എന്റെ കൂട്ടുകാരോട് ഈ ചര്‍ച്ചക്കിടെ ഞാന്‍ ചോദിച്ചിരുന്നു, കേവലം ആകര്‍ഷണത്തിന്റെയോ, കാഴ്ചസുഖത്തിന്റെയോ അപ്പുറം ഈ വസ്ത്രങ്ങള്‍ അവരെ ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്നുണ്ടോ എന്ന്
 
ഇല്ല എന്നുമാത്രമല്ല ആരും പറഞ്ഞത്. അത് തങ്ങളുടെ പെഴ്സനല്‍ മേന്മയാണെന്നും എല്ലാവരും തങ്ങളെപ്പോലെയാവണമെന്നില്ലെന്നും ഓരോരുത്തരും പറഞ്ഞു!! (എന്റെ ഭാഗ്യംകൊണ്ടാവണം, തനിക്കിഷ്ടമില്ലാത്ത പെണ്ണിനെ തൊടാന്‍ തോന്നാത്ത, ഇഷ്ടമുള്ള പെണ്ണിനെ അവളുടെ സമ്മതത്തോടെ മാത്രം തൊടാന്‍ ആഗ്രഹിക്കുന്നവരാണ് ഈ കൂട്ടുകാരെല്ലാം..). പക്ഷേ, അപരന്‍ അങ്ങനെയല്ലെന്ന് അവര്‍ക്ക് ഉറപ്പുമുണ്ട്. അതുകൊണ്ട് സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട എന്ന്
 
തങ്ങളുടെ സംസ്കാരമാണ് ഇതെന്നും എല്ലാവരില്‍നിന്നും ഈ സംസ്കാരം പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പ്. അപ്പോള്‍, ഇതേ സംസ്കാരം പ്രചരിപ്പിക്കുകയല്ലേ വേണ്ടത്? അതു സാധ്യമല്ല എന്നുകരുതാന്‍ ഏതു മുന്‍വിധിയാണ് നമ്മെ തടയുന്നത്?

വസ്ത്രമാണ് പ്രശ്നം, സ്ത്രീകള്‍ അടങ്ങിയൊതുങ്ങി ഇരിക്കാത്തതാണ് പ്രശ്നം എന്നു പറഞ്ഞവരോട് മൂന്നു ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചത്
 
ഒന്ന്, ആറുമാസം പ്രായമുള്ള കുഞ്ഞും എണ്‍പതുവയസുള്ള വൃദ്ധയും ആക്രമിക്കപ്പെട്ട നാടാണിത്. പതിനഞ്ചിനും നാല്പത്-നാല്പത്തഞ്ചിനും ഇടയിലുള്ള സ്ത്രീകള്‍ 'മാന്യമായ' വേഷം ധരിച്ചാല്‍ ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാവുമോ?

രണ്ട്, ആണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളും ഒട്ടും കുറവല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതും വസ്ത്രധാരണത്തിന്റെ പ്രശ്നമാണോ?

മൂന്ന്, കൊച്ചുപെണ്‍കുട്ടികള്‍ സെക്സ് എന്താണെന്നറിയും മുന്‍പേ സെക്സ് മാര്‍ക്കെറ്റില്‍ വരുന്നു, അവര്‍ക്കാണ് ഡിമാന്റ് എന്നാണ് കേള്‍ക്കുന്നത്. ഇതും വസ്ത്രം 'ശരിയായി' ധരിച്ചാല്‍ മാറുമോ?

മാറും എങ്കില്‍ ഞാനും എന്റെ കൂടെയുള്ളവരും ഇനി മുതല്‍ അവര്‍ പറയുന്ന വേഷമേ ഇടൂ എന്നും പറഞ്ഞു. മൌനമാണ് ആദ്യമറുപടി. പിന്നെ, നിത്യജീവിതത്തില്‍ നാം നേരിടുന്ന പ്രശ്നങ്ങളെയും സെക്സ് റാക്കറ്റ് പോലുള്ള സാമൂഹ്യപ്രശ്നങ്ങളെയും ഒരുപോലെ കാണാനാവില്ല എന്നും, നമ്മള്‍ ഇടപെടുന്ന ചെറിയ ലോകത്തില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് പറയുന്നതെന്നും..

എന്തുകൊണ്ട് നിത്യജീവിതത്തില്‍ നേരിടുന്ന 'ചെറിയ' അപമാനങ്ങള്‍ സാമൂഹ്യപ്രശ്നമല്ല? എങ്ങനെയാണത് ചെറുതാവുന്നത്? മാത്രമല്ല, പറഞ്ഞുതുടങ്ങിയത് സ്ത്രീകള്‍ക്കുനേരെയുള്ള പൊതുവായ അക്രമങ്ങളെയും അപമാനശ്രമങ്ങളെയും കുറിച്ചല്ലേ? അപ്പോള്‍ അതൊരു സാമൂഹ്യപ്രശ്നമായിക്കണ്ട് അതിനെതിരെ തിരിയേണ്ടത് ഓരോരുത്തരുടെയും കടമയാണ്. പരസ്പരം കുറ്റപ്പെടുത്തലല്ല ആവശ്യം. ആരോഗ്യകരമായ ബന്ധങ്ങള്‍ ഉണ്ടാക്കുക, നിലനിറുത്തുക എന്നതാണ്.

അതിനെന്തു ചെയ്യണമെന്നത് കൂട്ടായ ആലോചന ആവശ്യപ്പെടുന്ന ഒന്നാണ്. പക്ഷേ, ഇവിടെയും എന്തോ ഒരു അസ്വാരസ്യം കിടക്കുന്നു.
എന്തുകൊണ്ടാണ് സ്വയം സംസ്കാരമുള്ളവരാണെന്ന് പറഞ്ഞവര്‍ പിന്നെ ഇത്തരം വാദഗതികള്‍കൊണ്ട് പ്രതികളെ ന്യായീകരിക്കുന്ന നിലപാടെടുക്കുന്നത്? ഒരുപക്ഷേ, അറിയാതെയാവാം. പക്ഷേ, എന്തുകൊണ്ട് ?

ഇതിനുത്തരമെന്ന് തോന്നിയ നിഗമനത്തിലെത്താന്‍ സഹായിച്ചത് മറ്റു ചിലരുടെ വാക്കുകളാണ്

 അപമാനകരമായ പെരുമാറ്റങ്ങളും പ്രവര്‍ത്തികളും കൂടിയ അവസ്ഥയില്‍, പുരുഷനായതില്‍ ലജ്ജിക്കുന്നു എന്നും മൊത്തം പുരുഷന്മാര്‍ക്കുംവേണ്ടി എല്ലാ സ്ത്രീകളോടും മാപ്പുചോദിക്കുന്നു എന്നും ഹൃദയത്തില്‍ത്തട്ടി പറഞ്ഞ ചിലരുണ്ട്.  

ഒരുപക്ഷേ, ഇതിന്റെ മറുവശമായിക്കൂടേ ആ ന്യായീകരണങ്ങള്‍? പുരുഷവര്‍ഗത്തിന് കളങ്കമുണ്ടാക്കിയവരെ ന്യായീകരിച്ച് മറുവശത്ത് കുറ്റം ചുമത്തിയാല്‍ താനുള്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് ആശ്വസിക്കാമെന്ന അബോധവിചാരം ആവുമോ ഇതിനു പിന്നില്‍
 
അങ്ങനെയെങ്കില്‍ സുഹൃത്തുക്കളേ, നിങ്ങള്‍ ചെയ്യേണ്ടത്, പുരുഷവര്‍ഗത്തിനു അപമാനമുണ്ടാക്കുന്നവരെ തിരിച്ചറിയുകയും, അവര്‍ക്ക് പ്രോത്സാഹനമാകുന്ന ബാലിശവാദങ്ങളെ പ്രചരിപ്പിക്കാതിരിക്കുകയും സര്‍വോപരി നിങ്ങളിലുള്ള നല്ല സംസ്കാരത്തെ പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയുമാണ്.
തെറ്റുചെയ്യുന്ന പെണ്ണുങ്ങള്‍ മൊത്തം പെണ്ണുങ്ങളെ പ്രതിനിധീകരിക്കാത്തപോലെത്തന്നെ, ആണുങ്ങളിലെ ക്രിമിനലുകള്‍ മൊത്തം ആണ്‍വര്‍ഗത്തെ പ്രതിനിധീകരിക്കുന്നില്ല. അതുകൊണ്ട് ഇവരെ ന്യായീകരിക്കാനുള്ള ബാധ്യത നമുക്കില്ല എന്ന തിരിച്ചറിവാണ് വേണ്ടത് എന്നുതോന്നുന്നു. ആണും പെണ്ണും ചേരിതിരിഞ്ഞല്ല ഈ പ്രശ്നങ്ങളെ നേരിടേണ്ടത്. ഒന്നിച്ചുതന്നെയാണ്. പരസ്പരം കുറ്റപ്പെടുത്തുന്നതിലൂടെ നാം രക്ഷിക്കുന്നത് കുറ്റവാളികളെയാണ്, സമൂഹത്തെയല്ല.

13 comments:

  1. Just my opinion - Problem starts with sex, not with the dress. Lack of sex at the most stimulating age, lack of satisfactory sex even after marriage and middle/old ages, and lack of options for finishing of this temporary burst of emotions, all mixed into our arrogant maochist culture (helped by our lawlessness) leads to our horrible situation.(doesnt mean I justify it; what about the women who too suffer from lack of sex before and after marriage- Anthropologists think more than 90% of our women never experience orgasms)

    Don't man wear tight jeans/pants and tshirts, exhibiting their buttocks (those who have good ones!). How many women get provoked? - Ask this question to most Indian men and they will reply - but our women dont feel like that right? - Is it? If a woman in the west can enjoy or feel desire by the sight of beautiful male buttocks, an Indian women too should enjoy it. The difference is, we bring up our girls in such a way to be unaware of such male features. And even if some are aware, they know how our society is. So..

    Whatever - to blame the dress for rape is just a vulgar face of our maochism. While love making is arguably the most beautiful pleasure meant for humanity, forced sex shows our dark/anime side.
    My wife is French - in her country she can wear anything. (That's a society where men and women experience sex from the right age - teenage - and keep on enjoying it until they are very old. I have seen even parents explaining to their sons and daughters about solving the problems they faced in their initial experiences) In India when she is in jeans(she is as comfortable as my mother and is a fan of sari),honestly, I get uncomfortable when I see how our men stare. In North India, its different, I feel danger lurking around. In Rajasthan, thrice, we were followed. She was in sari and Churidar, still. Dress aint the problem, lack of options for sex (and wrong idea about women) could be. Out of 1000 people at least 90% of people are harmless. About 5% must be criminals and they cant be stopped. It is the remaining 5% who is wavering and end up doing unacceptable things. Change in attitude to sex, I think, might make a difference to our society, in the long run. Why cant parents and schools start inculcating a 'respect women' idea in children, from the very young age. There could be changes at least in the future.

    Note - by European thoughts, lady should feel proud of her assets and she is right in giving clues about it. Their dresses are designed exactly to bring out this factor. A tight jeans with top, that doesnt cover the buttocks, is meant to make a woman sexy, doesnt mean the body and mind inside that dress is craving for sex or is asking to be raped. The strange factor though, is that, more than 80% of our men and women do not have the body curves (please read body curve and body shape as different factors, even most of our film stars lack curves) to wear tight pants/shirts exhibiting their lower body. Buttocks is may be the most important feature of human anatomy, which make it attractive and beautiful. However since our TV and computer revolution, vast majority of our men and women have lost their curves. When I see a woman without even acceptable curves in tight pants/tshirts or a man with a stomache and/or lacking good buttocks tucking in the shirts I feel they are announcing - ''look how ugly I am''. In the west they know this and accept it, our people, I am not sure, are aware of it. Seems most believe modern dress make you modern. These days some times it is better not to look at all at other people. Our dressing sense is getting ugly.

    ReplyDelete
  2. ലൈംഗീക അതിക്രമങ്ങൾ നടത്തുന്നവരെ ലൈംഗീക കുറ്റവാളികൾ തന്നെ ആയി കാണണം. ഇത്തരം കുറ്റ കൃത്യങ്ങളിലേക്ക് അവരെ നയിക്കുന്നത് ഒരു വ്യക്തിയെ മോഷ്ട്ടാവാക്കുന്ന അതേ കാരണങ്ങൾ തന്നെയാണ്. ദാരിദ്ര്യമോ, അത്യാര്ത്തിയോ. ലൈംഗീക ദാരിദ്ര്യമോ, ലൈംഗീക അത്യാര്ത്തിയോ നിറഞ്ഞ രോഗാതുരമായ സമൂഹമായി നമ്മുടെ സമൂഹം മാറിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ പ്രധാന പ്രതി നമ്മുടെ കപട സദാചാരമാണ്. ലൈംഗീക അടിച്ചമർത്തലുകൾ വലിയ തോതിൽ ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സമ്മർദ്ദ സമൂഹമായി നമ്മളെ മാറ്റിയിരിക്കുന്നു. സ്ത്രീയെ തന്റെ ലൈംഗീക ജീവിതത്തിലെ തുല്യ പങ്കാളിയായി കാണാൻ കഴിയാത്ത വിധം നമ്മുടെ സാംസ്കാരിക ബോധ തലം ജീർണ്ണിച്ചിരിക്കുന്നു. ഏത് അനുകൂല സാഹചര്യത്തിലും പുരുഷനിലെ കാമ മൃഗം പുറത്ത് ചാടുവാൻ സന്നദ്ധമായിരിക്കുന്നു. ഗോധ്രാ കലാപത്തിൽ നിന്നും ജീവൻ ലഭിച്ച ഒരു പെണ്കുട്ടി പറഞ്ഞ ഞെട്ടിക്കുന്ന സത്യം ഓർക്കുന്നുണ്ടായിരിക്കും. താൻ ചാച്ച എന്ന് ബഹുമാന പൂര്വ്വം വിളിച്ചയാൾ ആണ് കലാപത്തിനിടക്ക് അവളെ ബലാത്സഗം ചെയ്തത് . ഈ രോഗാതുരമായ സമൂഹത്തെ ആണ് നാം അഭിസംബോധന ചെയ്യേണ്ടത് .

    ReplyDelete
  3. നമ്മുടെ സമൂഹത്തിൽ ഇന്ന് നടക്കുന്ന ലൈംഗീക അതിക്രമങ്ങൾക്ക് വസ്ത്രധാരണ രീതിയെ മാത്രം കുറ്റപ്പെടുത്താൻ ആരും തയാറാകില്ല പക്ഷെ അത് ഒരു പ്രധാന കാരണമായിട്ടു അംഗീകരിക്കാൻ എന്താണ് ചിലര്ക്ക് മടി. യാത്ര ചെയ്യുമ്പോഴോ അപരിചിതമായ സ്ഥലങ്ങളിലോ ഒക്കെ വെച്ച് ആഭരണങ്ങളിട്ടിട്ടുള്ള സ്ത്രീകള് അത് കഴിയുന്നതും മറച്ചു വെക്കാൻ ശ്രമിക്കുന്നത് സാധാരണ കാണുന്നതാണ്. നഷ്ടപ്പെടുമെന്ന് ഭയമുണ്ടാകുംപോൾ ഉള്ള ഒരു മുന്കരുതലാണത്. ഇങ്ങനെ ഒരു മുന് കരുതൽ വേണമെന്ന് പോലീസും നിർദ്ദേശിക്കാറുണ്ട്, ഇതിനെ കള്ളന്മാര്ക്കുള്ള ന്യായീകരണമായി ആരും വ്യാഖ്യാനിക്കാറില്ലല്ലോ? എത്രയൊക്കെ മുന് കരുതൽ ഉള്ളയിടത്താണെങ്കിലും ചിലപ്പോൾ മോഷണം നടക്കാറുണ്ട് ഒരു മുന് കരുതലുമില്ലാത്തിടത്തു അങ്ങനെ നടക്കണമെന്നുമില്ല. മുന് കരുതൽ എടുക്കാതിരിക്കുന്നതിനു അതൊരു ന്യായീകരണമല്ല. വസ്ത്രം കുറച്ചു ധരിക്കുന്നതോ ധരിക്കാതിരിക്കുന്നതോ ആണ് സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന് നവലോക മാധ്യമങ്ങൾ നമ്മെ പഠിപ്പിക്കുന്നു, എന്നാൽ നഗ്നത മറക്കാനുള്ള സ്വാതന്ത്ര്യമാണ് സ്ത്രീക്ക് വേണ്ടത്. ഇന്ന് നഗ്നത നിർവചിക്കപ്പെടുന്നതു പ്രാദേശികമായാണ്. ചിലയിടങ്ങളിൽ നഗ്നതയായിക്കാണുന്ന ഭാഗങ്ങൾ വേറെ ചിലയിടങ്ങളിൽ അങ്ങനെയല്ല. ആപേക്ഷികമല്ലാതെ നോക്കിയാൽ എന്താണ് സ്ത്രീയുടെ നഗ്നത? മുന്കയ്യും മുഖവും ഒഴികയുള്ള ഭാഗങ്ങൾ സ്ത്രീക്ക് നഗ്നതയാണ്. ശരീര വടിവുകൾ കാണും വിധം വസ്ത്രം ധരിച്ചാൽ അത് നഗ്നത മറക്കലാകില്ല, അത് കൊണ്ടാണ് ചില രീതിയിൽ സാരി ധരിക്കുന്നത് വിപരീത ഫലമുളവാക്കുന്നത്. കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷകൊടുക്കുന്നതിനോടൊപ്പം അതിനിടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നത് സമൂഹത്തിന്റെ ബാധ്യതയാണ്. (വിലപ്പെട്ടത്‌ എന്ന അർത്ഥത്തിൽ മാത്രമാണ് ആഭരണം എന്ന വാക്കുപയോഗിച്ചത്)

    ReplyDelete
  4. ഡ്രസ്സെന്തു പിഴച്ചു അല്ലെ?

    ReplyDelete
  5. ഭംഗിയായി എഴുതഇ കേട്ടോ, അഭിനന്ദനങ്ങള്‍.
    പൂര്‍ണ സമ്മതമില്ലാതെ മറ്റൊരു ശരീരത്തിനോട് നടത്തുന്ന എന്തിടപെടലും വളരെ ഹീനമായ മൂല്യ ച്യുതിയാണ്. ഈ പാഠം നമ്മുടെ മതങ്ങളോ സംസ്ക്കാരമോ ആചാരങ്ങളോ വിശ്വാസങ്ങളോ പ്രത്യയശാസ്ത്രങ്ങളോ രാഷ്ട്രീയമോ ഭരണമോ നിയമമോ ചരിത്രമോ ഒന്നും നമ്മെ പഠിപ്പിച്ചിട്ടില്ല ഇന്നുവരെ. അത് അത്യാവശ്യമായ ഒരു പഠനമാണെന്ന് നമുക്ക് തോന്നുന്നുമില്ല.

    ReplyDelete
    Replies
    1. നിങ്ങൾ പറഞ്ഞതിനോട് ഒരു കര്യതിനോട് ഞാൻ യോജിക്കുന്നില്ല മതം ഇവക്ക് എതിരെ കർശനമായി വിലക്ക് കൽപ്പിക്കുന്നുണ്ട് . ഞാൻ വിശ്വസിക്കുന്ന മതത്തിൽ (ഇസ്ലാമിൽ ) ഇവക്ക് കർശനമായ വിലക്കുണ്ട് . താങ്കൾക്ക്
      ഇവയെക്കുറിച്ച് ഇസ്ലാമിൽ എന്താണ് പറയുന്നത് എന്നറിയണമെങ്കിൽ ഇതിനെക്കുറിച്ച് അറിയാവുന്ന ആൾക്കരോടോ അല്ലെങ്കിൽ ഇന്റർനെറ്റ്‌ ലൂടെയോ മനുസ്സിലക്കാൻ പറ്റും

      Delete
  6. എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി...

    രാജേഷ്.. താങ്കളോടുള്ള ബഹുമാനം കൂടി വരുന്നു... (ഭാര്യ വന്നതില്‍ശേഷമാണോ ചിന്തകളില്‍ മാറ്റം? എങ്കില്‍ അവര്‍ക്കും ഒരു വലിയ സല്യൂട്ട്..)

    ഭാനു കളരിക്കല്‍ ..രോഗാതുരമായ സമൂഹത്തെ എങ്ങനെയൊക്കെ നേരിടണമെന്ന് നോക്കേണ്ടിയിരിക്കുന്നു....

    ബൈജുഖാന്‍...."നമ്മുടെ സമൂഹത്തിൽ ഇന്ന് നടക്കുന്ന ലൈംഗീക അതിക്രമങ്ങൾക്ക് വസ്ത്രധാരണ രീതിയെ മാത്രം കുറ്റപ്പെടുത്താൻ ആരും തയാറാകില്ല പക്ഷെ അത് ഒരു പ്രധാന കാരണമായിട്ടു അംഗീകരിക്കാൻ എന്താണ് ചിലര്ക്ക് മടി"...ഇതിനോടുള്ള പ്രതികരണമാണ് എന്റെ ഈ പോസ്റ്റ് എന്നാണ് ഞാന്‍ കരുതിയിരുന്നത്.. താങ്കള്‍ ഉപരിപ്ലവമായി കാര്യങ്ങളെ കാണാതെ ചെറിയ ഒരു ശ്രദ്ധ കൊടുത്ത് നിരീക്ഷിച്ചിരുന്നെങ്കില്‍ മനസിലാവും, ആക്രമണങ്ങള്‍ വസ്ത്രത്തിന്റെ പേരിലല്ല ഉണ്ടാവുന്നത് എന്ന്.. (വസ്ത്രം ധരിക്കാനുള്ള അവകാശത്തെക്കുറിച്ചല്ല, ആക്രമിക്കപ്പെടാതിരിക്കാനുള്ള അവകാശത്തെക്കുറിച്ചാണ് ഞാനിവിടെ പറഞ്ഞതും..). നമ്മുടെ ഈ കേരളത്തില്‍പ്പോലും ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്, അതിന് കാരണം വസ്ത്രം ആണോ? തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ ആക്രമിച്ചത്? സ്കൂളില്‍പോകുന്ന കുട്ടികളെ?..ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും ഉണ്ട്.. അതുപോട്ടെ..

    താങ്കള്‍ പറഞ്ഞ ആഭരണഉദാഹരണം മനസിലായി.. ഇത്തരം ചര്‍ച്ചക്കിടെ എന്റെ ഒരു സുഹൃത്ത് മസാലക്കറി ഉണ്ടാക്കി കൊതിപ്പിക്കുന്നതിനെപ്പറ്റിയാണ് പറഞ്ഞത്.. എന്റെ മറുപടി, നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ക്കായി ഉണ്ടാക്കിയ കറി നിങ്ങള്‍ക്കുള്ളതാണ്, അല്ലെങ്കില്‍ നിങ്ങള്‍ ഹോട്ടലില്‍നിന്ന് പൈസ കൊടുത്ത് വാങ്ങിയതാവണം.. അല്ലാതെ അയല്‍വീട്ടിലെ മസാലക്കറിക്ക് കൊതിപ്പിക്കുന്ന മണമാണെന്ന് പറഞ്ഞ് അത് കട്ടെടുക്കാനോ തട്ടിപ്പറിക്കാനോ പാടില്ല.. നിങ്ങളെ വിളിച്ചു വിളമ്പിയാല്‍ ഓക്കെ നിങ്ങള്‍ക്ക് ആസ്വദിക്കാം.. അതല്ലാതെ നിങ്ങള്‍ക്ക് അതിന്റെ പേരില്‍ ഒരവകാശവുമില്ല..എന്ന്..

    താങ്കള്‍തന്നെ പറഞ്ഞു നഗ്നത ആപേക്ഷികമാണ് എന്ന്..അപ്പോള്‍ എങ്ങനെയാണ് അത് നിര്‍വചിക്കുക? എന്തടിസ്ഥാനത്തിലാണ് നഗ്നത മറയ്ക്കണമെന്ന് പറയുക? ഒക്കെ പോട്ടെ..മറയ്ക്കപ്പെട്ട നഗ്നത ആക്രമിക്കപ്പെടാതിരിക്കാനുള്ള കാരണമാണെന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ഇല്ല സുഹൃത്തേ.. ഓരോ കേസും എടുത്ത് നോക്കൂ..വസ്ത്രം അല്ലേയല്ല കാരണം...
    ബലാത്സംഗത്തെക്കുറിച്ച് നടന്ന ചില പഠനങ്ങള്‍ വായിച്ചിട്ടുണ്ട്.. അതിലൊന്ന് അത് ചെയ്യുന്നവരുെട മനശ്ശാസ്ത്രത്തെപ്പറ്റിയാണ്.. അതിലെഴുതിയ ഒരുകാര്യം,ബലാത്സംഗം ചെയ്യാന്‍ ഉറച്ചവര്‍ ന്യായീകരണം കണ്ടെത്തും ആ സ്ത്രീ അത് ആവശ്യപ്പെട്ടിരുന്നു എന്നതിന്, എന്നാണ്.. സാരിയുടെ തലപ്പ് മാറിയത്, ചുരിദാറിന്റെ ഷോള്‍ സ്ഥാനം തെറ്റിയത്, ഇതൊന്നും കിട്ടിയില്ലെങ്കില്‍ നോട്ടത്തിലൂടെ താല്പര്യം പ്രകടിപ്പിച്ചു എന്ന്.. ഞാന്‍ നോക്കിയപ്പോള്‍ അവളും നോക്കി..എന്ന മട്ടില്‍...
    മനോഭാവമാണ് മാറേണ്ടത്... ചെറുപ്പം മുതലേ.. ആണ്‍കുട്ടികളെ വളര്‍ത്തുന്നതില്‍ തുടങ്ങണം.. പെണ്‍കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ച് ആവശ്യത്തിലധികം ചര്‍ച്ച നടന്നുകഴി‍ഞ്ഞു..

    അജിത്..അതുതന്നെ ഞാനും ചോദിക്കുന്നു..ഡ്രസെന്തുപിഴച്ചു?

    എച്ച്മുക്കുട്ടീ.. അത്യാവശ്യമായ പഠനമാണെന്ന് നമ്മള്‍ തിരിച്ചറി‍ഞ്ഞുതുടങ്ങേണ്ടിയിരിക്കുന്നു...

    ReplyDelete
    Replies
    1. എന്റെ അഭിപ്രായത്തെ സഹിഷ്ണതയോടെ സ്വീകരിച്ചതിനു നന്ദി.

      തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ ഒരാള് ആക്രമിക്കുന്നത്തിനു ആ കുട്ടി വസ്ത്രം ധരിച്ചോ ഇല്ലയോ എന്നത് ഒരു കാരണമേ അല്ല. എന്നാൽ അയാൾ ജീവിക്കുന്ന സമൂഹത്തിലെ പല ഘടകങ്ങൽ അതിനു പ്രേരകമാകുന്നുണ്ട്. വസ്ത്ര ധാരണ രീതി അതിലൊന്നാണ് എന്നു ഞാൻ കരുതുന്നു. പ്രതിഷേധിക്കാൻ ആകാത്തവരുടെയോ അതിനു കഴിയാത്തവരുടെയോ നേരെ ആകും പലപ്പോഴും ആക്രമണമുണ്ടാകുക. അപ്പോൾ ഇരകളെ മാത്രം അപഗ്രഥിച്ചു കാരണം കണ്ടെത്തുന്നത് ശരിയായ രീതി ആണെന്ന് എനിക്ക് തോന്നുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള എന്റെ ഒരു വിലയിരുത്തൽ ഇവിടെക്കാണാം. http://baijuannan.blogspot.in/2012/12/blog-post_3.html

      Delete
    2. Respects to you too maam. If your articles were in English, lot of Anthropologists or other people who studies such issues, would have found it very helpful.pity..
      As I had mentioned in another comment, its my first serious acquaintance with a woman which started the change. But my wife changed me in a really huuuuge way, like taking a U turn.

      I had emailed you a horrible translation of the synopsis for one of her (future) articles.hope u received.

      All the best.
      ah.. - http://tehelka.com/the-rapes-will-go-on/ -- this was an old article in Tehelka, even before the Delhi rapes, which tells us why there is lawlessness here. May be you have read it already, if not its very relevant to what you write.

      Delete
  7. പെണ്ണിന്റെ വസ്ത്ര ധാരണം കൊണ്ടു കാമം ഇളകുന്നവരോടു വീട്ടില്‍ ഇരിക്കാന്‍ പറയണം. ഈ ലോകം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്‌ .(ഇതെന്റെ വരികളല്ല. രണ്ടാഴ്ച്ച മുമ്പ് ഒരു ബ്ലോഗില്‍ വായിച്ചതാണ്. )

    ReplyDelete
  8. ബൈജുഖാന്‍ .. എന്റെയും അഭിപ്രായം സഹിഷ്ണുതയോടെ എടുത്തതിനു നന്ദി..

    പിന്നെ, പ്രതിഷേധിക്കാൻ ആകാത്തവരുടെയോ അതിനു കഴിയാത്തവരുടെയോ നേരെ ആകും പലപ്പോഴും ആക്രമണമുണ്ടാകുക. അപ്പോൾ ഇരകളെ മാത്രം അപഗ്രഥിച്ചു കാരണം കണ്ടെത്തുന്നത് ശരിയായ രീതി ആണെന്ന് എനിക്ക് തോന്നുന്നില്ല. ..എന്ന വാചകം വായിച്ചിട്ട് എനിക്ക് തോന്നിയത്, ലൈംഗികചോദന ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്ന ആള്‍ക്കാരെ ആക്രമിക്കാന്‍ പറ്റാത്തതുകൊണ്ടോ, അല്ലെങ്കില്‍ അവര്‍ പ്രതികരിച്ചേക്കും എന്നതുകൊണ്ടോ അവരോട് ചെയ്യാന്‍ പറ്റാത്തത് പ്രതികരണശേഷി കുറഞ്ഞവരിലേക്ക് ആക്രമണം നീളാന്‍ സാധ്യത കൂട്ടുന്നു ..എന്നാണ്......
    അവിടെയും പ്രശ്നം യഥാര്‍ത്ഥത്തില്‍ ആരുടെയാണ്? ആരുടെയെങ്കിലും വസ്ത്രമോ, വല്ല സിനിമാ പോസ്റ്ററോ, അല്ല കാബറേ ഡാന്‍സോ എന്തു കുന്തം കൊണ്ടുമാവട്ടെ, അടക്കാന്‍ കഴിയാത്ത വിധം ലൈംഗികവികാരം വന്നാല്‍, റൂമില്‍ കേറി സ്വയംഭോഗം ചെയ്ത് അവസാനിപ്പിക്കാതെ, ആരെയെങ്കിലും ആക്രമിച്ച് ആ വികാരം ശമിപ്പിക്കണം എന്നുതന്നെ കരുതുന്നത്...അതെനിക്ക് മനസിലാവുന്നില്ല..
    താങ്കള്‍ നേരത്തേ പറഞ്ഞ ആഭരണത്തിന്റെ കാര്യത്തിലായാലും ആഭരണം ഇട്ടു എന്നതുകൊണ്ട് അവര്‍ മോഷ്ടിക്കപ്പെടാന്‍ അര്‍ഹരാണെന്ന് ആരെങ്കിലും പറയുമോ? സൂക്ഷിക്കണം, എന്ന് പറയുന്നതും, കാരണം ഇതാണെന്ന് പറയുന്നതും രണ്ടും രണ്ടു തന്നെയാണ്.. ഇവിടെ സൂക്ഷിക്കണം എന്ന മട്ടിലല്ല അഭിപ്രായങ്ങള്‍ വരാറ്.. താങ്കള്‍ ആ രീതിയില്‍ പറയുന്നുണ്ടായിരിക്കാം.. പൊതുവെ അങ്ങനെയല്ല കേള്‍ക്കുന്നത്... പിന്നെ, വസ്ത്രംകൊണ്ട് സൂക്ഷിക്കല്‍ ഉണ്ടായതുകൊണ്ടുമാത്രം ഒരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല...മനോഭാവമാണ് മാറേണ്ടത്...
    രാജേഷ്.. ഇംഗ്ലീഷ് ട്രാന്‍സ്ലേഷനെക്കുറിച്ച് ഇന്നലെ ഞാന്‍ ആലോചിച്ചിരുന്നു, എന്റെ ഇന്‍ ലോസിനു വേണ്ടി..അവര്‍ക്ക് മലയാളം അറിയില്ല.. പക്ഷേ, എന്റെ ഇംഗ്ലീഷിനെക്കുറിച്ച് എനിക്കുതന്നെ അതിഗംഭീര അഭിപ്രായം ആയോണ്ട് വേണ്ടെന്നു വച്ചേക്കുന്നു തല്കാലം.... (അന്നയച്ചത് വായിച്ചു, സോറി, ഗൂഗിളിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്ലേഷനാണെന്നാ ഞാന്‍ കരുതിയേ..അഭിപ്രായം പറയാന്‍ ഒന്നോരണ്ടോ വട്ടം കൂടി വായിക്കണം എന്നതിനാലാണ് മറുപടി അയക്കാഞ്ഞത്..ക്ഷമിക്കുമല്ലോ...)ആ ലിങ്കിനു നന്ദി..ഞാന്‍ വായിച്ചതല്ലായിരുന്നു..

    റോസാപ്പൂക്കള്‍ ... :) :)

    ReplyDelete
    Replies
    1. Incredible it is, your above comment here.
      Y'day while we were discussing the fate of the poor tourist in Agra, was telling my wife, may be Bangalore is the ideal place for the Govt to test 'Masturbation booths' in the happening places of the city. Whatever, provoked /highly charged one is, if the person can finish it off he should turn harmless, unless he is a criminal.

      That one was translated by google -sorry.
      no worries. If you subscribe Tehelka - available free on their website too, you will find empteen number of articles on such issues.

      Delete
  9. ഒരു പരുതിവരെ സ്ത്രികളുടെ വസ്തധാരണം കാരണമാകുന്നുണ്ട് എന്നാൽ മറ്റു പല കാരണങ്ങളിലൂടെയും ഇന്റർനെറ്റ്‌ പോലെയുള്ളവയും കാരണമാക്കുന്നു .സ്ത്രികളുടെനേരെയുള്ള ലൈംഗീക അതിക്രമങ്ങൾക്ക് പൂർണ വിരാമം വേണമെങ്കിൽ സ്ത്രിയും പുരുഷനും ഒരേ പോലെ പ്രയത്നിക്കണം. സ്ത്രികളിൽവരുന്ന തെറ്റുകളെ അവർ സോയം മനുസ്സിലാക്കി തിരുത്താൻ തയാറാകണം അതെ പോലെ തന്നെ പുരുഷന്മാരും

    ReplyDelete

കൂട്ടുകാര്‍