മൈലാഞ്ചി

ജാലകം

Tuesday 12 March, 2013

തമാശയുടെ അതിര് ...


ഇന്നലെ ഒരു കഥ കേട്ടു.....തമാശക്കഥ....പറഞ്ഞയാ

ളോ അയാളോട് പറഞ്ഞയാളോ അത് കേട്ടിരുന്ന് ചിരിച്ചവരോ ഒന്നും ഇവിടെ പ്രസക്തമല്ല...(അതെന്തുകൊണ്ടെന്ന് പിന്നെ പറയാം..)....കഥ വിസ്തരിക്കുന്നില്ല.. പലരും കേട്ട കഥയായിരിക്കണം... 
 
ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു പെണ്‍കുട്ടി ദുഷ്ടാ എന്നെ വിടൂ,....... ദുഷ്ടാ വിടൂ........എന്ന് പറഞ്ഞ് പറഞ്ഞ് ഒടുക്കം ദുഷ്ടേട്ടാ......ദുഷ്ടേട്ടാ......ദുഷ്.......... എന്നിങ്ങനെ ആവുന്നത്...(മനോധര്‍മം അനുസരിച്ച് വികാരം കൊടുത്ത് വായിക്കാവുന്നതാണ്..)...
 
അവര്‍ക്ക് ഇതൊരു തമാശ മാത്രമായിരുന്നു.. എനിക്ക് പക്ഷേ വേദനിച്ചു..നല്ലവണ്ണം.......ബലാത്സംഗം എന്ന ക്രൂരകൃത്യത്തെ എങ്ങനെയെല്ലാം ലഘൂകരിക്കാം എന്നതിന്റെ ചെറിയ ഒരുദാഹരണം മാത്രമാണ് ഈ കഥ....ഇത്തരം പല പല കഥകള്‍ ഇറങ്ങിക്കാണണം..ഇപ്പോഴല്ല, പണ്ടുതന്നെ... കാലടി യൂണിവേഴ്സിറ്റിയുടെ ഏതോ കൊല്ലത്തെ മാഗസിനില്‍ വന്ന കഥ ഒരു സുഹൃത്ത് വായിക്കാന്‍ തന്നത് ഓര്‍ക്കുന്നു... തിരക്കുള്ള ബസില്‍ പെണ്‍കുട്ടികളുടെ സ്പര്‍ശനസുഖത്തിനായി മുന്‍വാതിലിലൂടെ ഡീസന്റ് ചമഞ്ഞ് കയറുന്ന ഒരു പൂവാലന്റെ കഥ.... മാന്യനാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് എന്ന് പറഞ്ഞുവക്കുന്നിടത്തുമാത്രം ആ കഥ പോസിറ്റീവാണ്.. പിന്നീട് പക്ഷേ, ഒരു പെണ്‍കുട്ടിയെ ഇയാള്‍ തോണ്ടാനും പിടിക്കാനും തുടങ്ങുമ്പോള്‍ പുറമേക്ക് എതിര്‍ക്കുന്ന കുട്ടി വാസ്തവത്തില്‍ ആസ്വദിക്കുകയാണെന്നും പറഞ്ഞ് വിസ്തരിക്കുമ്പോള്‍ നേരത്തേ പറഞ്ഞ കഥയില്‍നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലാത്ത മനോഭാവംതന്നെയാണ് കാണുന്നത്.....(ബസില്‍ സ്ഥലമില്ലാതെ പിന്നിലേക്ക് നീങ്ങിനില്‍ക്കേണ്ടിവരുന്ന പെണ്ണുങ്ങള്‍ തോണ്ടല്‍ ആഗ്രഹിക്കുന്നു എന്ന് കരുതുന്നവര്‍ ഏറെയുണ്ടത്രെ!! ഞാന്‍ ഞെട്ടി..) ..നിര്‍ദോഷമെന്ന് കരുതപ്പെടുന്ന തമാശകളിലൂടെയായാലും കഥകളിലൂടെയായാലും ഇത്തരം വാദഗതികള്‍ പ്രചരിപ്പിക്കുമ്പോള്‍ ഒട്ടും നിര്‍ദോഷമല്ലാത്ത, തികച്ചും ദോഷകരമായ, ആശയങ്ങളെയാണ് കൈമാറുന്നത് എന്നത് പലരും അറിയാതെ പോകുന്നു..
ഇതിനൊക്കെ ഇത്ര പറയാനുണ്ടോ, ഇതൊക്കെ ഒരു ചെറിയ തമാശയായി കണക്കാക്കിയാല്‍ പോരേ എന്നാവും പലരുടെയും ചോദ്യം.. പോര എന്നുതന്നെയാണ് എന്റെ ഉത്തരം... തമാശക്കും ഒരതിരുണ്ട് എന്ന് നമ്മള്‍ പറയാറില്ലേ? ഇവിടെ ആ അതിര് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു...

ഒന്നാമത്തെ കാര്യം, ബലാത്സംഗം ഒരു ലൈംഗികപ്രവൃത്തിയായി കാണാന്‍ കഴിയില്ല എന്നതാണ്. അത് അധികാരത്തിന്റെ പ്രകടനമാണ്.. ഏതു ബലാത്സംഗവും അങ്ങനെയാണ്..ലിംഗാധികാരത്തിന്റെ
, രാഷ്ട്രീയാധികാരത്തിന്റെ, ജാതിഅധികാരത്തിന്റെ അങ്ങനെ അങ്ങനെ പലവിധം അധികാരങ്ങള്‍... ബലാത്സംഗം എന്നതുമാത്രമല്ല, സമ്മതമില്ലാതെയുള്ള ഏതു പെരുമാറ്റവും ഇത്തരത്തില്‍ത്തന്നെയാണ്. ഭീഷണിയോ സമ്മര്‍ദ്ദമോ ഉപയോഗിച്ചുള്ള സമ്മതംപോലും ഇത്തരത്തില്‍ത്തന്നെവേണം കണക്കാക്കാന്‍ ... പെണ്‍കുട്ടികളുടെ നേരെ മാത്രമല്ല, ആണ്‍കുട്ടികളുടെ നേരെയും അക്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്.. ഇതൊന്നും ആരുടെയും സമ്മതപ്രകാരമല്ല നടക്കുക.. നിസ്സാരം എന്നുപറയപ്പെടുന്ന തോണ്ടലായാലും ഭീകരബലാത്സംഗങ്ങളായാലും ഇരയുടെ -ആണോ പെണ്ണോ ആവട്ടെ - ഒരു സമയത്തുമുള്ള സമ്മതം ഉണ്ടാവില്ല.. കാരണം അത് ബലപ്രയോഗമാണ്, സ്നേഹമോ കാമമോ പോലും അല്ല.... അതുകൊണ്ടുതന്നെ പുറമേക്ക് എതിര്‍ക്കുന്നവര്‍ അകമേ ആസ്വദിക്കും എന്ന് പറയുന്നതും, ആദ്യം എതിര്‍ക്കുന്നവര്‍ പിന്നീട് സുഖിക്കും എന്ന് പറയുന്നതും ഒരുപോലെ ക്രൂരമാണ്.. കേവലം ലൈംഗികമായി കാണുന്നതുകൊണ്ടാണ്, അവസാനനിമിഷത്തെ "സുഖം" ഉണ്ടാവും എന്ന തോന്നല്‍ കടന്നുവരുന്നത്....അത് മറ്റൊരു തെറ്റിദ്ധാരണയാണ്.. സ്ത്രീലൈംഗികതയെക്കുറിച്ച് അറിയാത്തതുമൂലം....അതിവിടെ തല്കാലം പറയാന്‍ ഉദ്ദേശിക്കുന്നില്ല..
രണ്ടാമത്തെ കാര്യം, ഇത്തരം തമാശകള്‍, കഥകള്‍ എല്ലാം പറയുകയും തമാശയായിത്തന്നെ കാണുകയും മറ്റുപലരോടും പറയുന്നവര്‍ അവര്‍ അറിയാതെതന്നെ ബലാത്സംഗത്തെ ന്യായീകരിക്കുകയാണ് എന്നതാണ്. എനിക്കറിയാം ഇന്നലെ കഥ പറഞ്ഞയാളോ, അയാളോട് പറഞ്ഞയാളോ ഒന്നും ഒരു പെണ്‍കുട്ടിയെയും അനാവശ്യമായി തൊടുകപോലും ഇല്ലെന്ന്..അവരെയും അവരുടെ സുഹൃത്തുക്കളെയും എനിക്ക് വിശ്വാസമാണ്.(അതുകൊണ്ടാണ് ആരെന്ന് പറയുന്നില്ല എന്ന് പറഞ്ഞത്..ഇവര്‍ മാത്രമല്ല ഇത്തരം കഥകള്‍ പറയുന്നത് എന്നതിനാലാണ് ഇവിടെ പേരുകള്‍ പ്രസക്തമല്ലാത്തതും.) പക്ഷേ, അറിയാതെയെങ്കിലും ഒരു ക്രൂരതയെ വെള്ളതേക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അവര്‍ തിരിച്ചറിയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു...

മൂന്നാമത്തേത്, ഇത്തരം കഥകള്‍ പറയുന്നവരുടെ ഒരു സമാധാനം എന്റെ പെങ്ങള്‍, എന്റെ ഭാര്യ, എന്റെ കൂട്ടുകാരി, എന്റെ മകള്‍, എന്റെ അമ്മ ആക്രമിക്കപ്പെട്ടിട്ടില്ല എന്നതാണ്.. (ആക്രമിക്കപ്പെടുകയുമില്ല എന്നതും ?) .. പക്ഷേ, പൊതുവെ നമ്മുടെ നാട്ടില്‍ ഇഷ്ടമില്ലാത്ത നോട്ടവും വാക്കും സ്പര്‍ശവും അനുഭവിക്കാതെ ഒരു പെണ്‍കുട്ടിയും പെണ്ണാവുന്നില്ല എന്നതാണ് സത്യം.. അത് ആസ്വദിക്കുകപോയിട്ട് സാരമില്ലെന്നു വക്കാന്‍പോലും പറ്റുമെന്ന് തോന്നുന്നില്ല... പെങ്ങളോടു ചോദിക്കൂ, ആദ്യമായി ശരീരം അപമാനമാണെന്ന് തോന്നിയത് എപ്പോഴാണെന്ന്..നിങ്ങളെ വിശ്വാസമുണ്ടെങ്കില്‍ അവള്‍ പറഞ്ഞുതരും അവളുടേതല്ലാത്ത തെറ്റുകള്‍ക്ക് അവള്‍ സ്വയം കുറ്റപ്പെടുത്തിയത് എപ്പോഴൊക്കെയാണെന്ന്...


പിന്നെ, പ്രധാനപ്പെട്ട മറ്റൊരു കാര്യം, നമ്മള്‍ അടുത്ത തലമുറയ്ക്ക് കൊടുക്കുന്ന സന്ദേശം എന്താണ് എന്ന്, വേണ്ട, സ്വന്തം തലമുറയോട് ചെയ്യുന്നത് എന്താണ് എന്നത് ഇവരാരും ആലോചിക്കുന്നില്ല എന്നതാണ്.....വാക്കുകള്‍ സംസ്കാരത്തെയാണ് വഹിക്കുന്നത്.. നമ്മുടെ സംസ്കാരത്തില്‍ (ആര്‍ഷഭാരതഒലക്കപ്പിണ്ണാക്കല്ല.
!!!.....ജീവിതം - അതിന്റെ ചുറ്റുപാട്..നിലപാടുകള്‍- സഹജീവികളോടുള്ള പെരുമാറ്റം- സമൂഹത്തോടുള്ള കടമ ഇങ്ങനെ പലതും ആണത്.. ) മെല്ലെ മെല്ലെ വിഷം കലര്‍ത്തുന്ന പ്രവൃത്തിയാണ് അബോധമായെങ്കിലും ഇവിടെ നടക്കുന്നത്.. അതുകൊണ്ട്, പ്രിയപ്പെട്ടവരേ, പറയുംമുമ്പ് ചിന്തിക്കണം പലപ്പോഴും...

12 comments:

  1. ശരിയാണ് ,"പറയും മുന്‍പ് ചിന്തിക്കണം" ആര് ചിന്തിക്കുന്നു. എല്ലാവരും ആഘോഷിക്കുകയല്ലേ?

    ReplyDelete
    Replies
    1. ആഘോഷിക്കുന്നവരില്‍ ഉള്‍പ്പെടുന്ന എന്റെ പ്രിയപ്പെട്ടവരെങ്കിലും ഇത് വായിച്ചിട്ടെങ്കിലും അല്പം ആലോചിച്ചാല്‍, അതുമതി....

      Delete
  2. Let me be frank - at one point in my life - around my collage days until I had a serious love life with a lady, short lived but still - like every Malayaalee man I too used to say/believe so, that all woman are craving for sex, any woman will start enjoying a rape after some time and all this bla bla - some of them which you have rightly pointed out here as a joke from somebody. Really sorry maam, its not a joke, even now I think a good majority of Malayaalee male think so (There was an excellent article about this in Tehelka by Nisha Susan).
    Only when I really get to know a woman - her mind her body and her thought process - I came to realise how much of a fool I was till then. I have tried to change since then. My male friends now comment that I sound like a feminist. My wife will laugh at that, she still points out a lot of maochist methods in me which does not disappear inspite of my continued effort. For, from the very child hood, our society tries to instill these maochist vibes in every boy and at the same time instill a subservient mind set in every little girl.

    From my experience, I changed only when I get to know a woman in my life. Nothing helped me understand, till then, that I was having a horrible idea of women till then. In fact nothing in our society helped. We were all brought up in a society which kept boys and girls far away, helping each other to grow weird ideas about the other. I cannot believe now that it took me about 25 years to know a female. That was a very long period which only helped me grow most horrible ideas on females.
    I look back to those days - adolescent to early twenties - with shame now. What a shame. Was it my mistake - I would like to say it was, but may be not.
    Among few things, but importantly, our society need to change its attitude to sex. Attitude to women will change too.

    note - I also must say, our male dominated film culture has a big part in how our men look at women. Even now if you ask a Malayaalee male to describe his thoughts on his future partner - 99% - you will hear some thoughts as if it came out of a movie script. Many of our writers including M T (for eg his famous lines in Vadakkan Veeragadha - Sthree - aval chirichu kondu kollum ... - something like that) have done a lot in instilling this kind of weird idea of woman. Even today, when there are lot of young writers and directors in our industry, there is hardly any change. Two instances of film makers pretending to be modern by they are'nt - in 22 FK - the heroine still says, abadham patti poyi, she was fooled into losing her virginity - in Molly aunty the modern woman says keep dating and chatting, but keep something for a married life - well all this is still written by the same Malayaalee male, right? They just want to look modern, but deep in their hearts want their girl to be a virgin..

    ReplyDelete
    Replies
    1. താങ്കള്‍ ചിന്തിക്കാനും മാറാനും കാണിച്ച മനസിന് വണക്കം.... മാറാന്‍ പലരും ശ്രമിക്കില്ല എന്നതാണ് വാസ്തവം.. താങ്കളെപ്പോലുള്ളവര്‍ ഇനിയും ഇനിയും ഉണ്ടാവട്ടെ എന്നും എ്ലലാവരും ചിന്തിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറാവട്ടെ എന്നും പ്രതീക്ഷിക്കുന്നു.

      Delete
  3. ഈ പാഠം എല്ലാരും ഓര്‍മ്മവെക്കട്ടെ.പലപ്പോയും സമൂഹം പലതും കണ്ടില്ലന്നു വെക്കുന്നു.

    ReplyDelete
    Replies
    1. കുറച്ചുപേരെങ്കിലും ഇത് കണ്ടിട്ടെങ്കിലും ഓര്‍ക്കട്ടെ..

      Delete
  4. ശരിയാണ് ചേച്ചീ... 100 % യോജിയ്ക്കുന്നു.

    "നിര്‍ദോഷമെന്ന് കരുതപ്പെടുന്ന തമാശകളിലൂടെയായാലും കഥകളിലൂടെയായാലും ഇത്തരം വാദഗതികള്‍ പ്രചരിപ്പിക്കുമ്പോള്‍ ഒട്ടും നിര്‍ദോഷമല്ലാത്ത, തികച്ചും ദോഷകരമായ, ആശയങ്ങളെയാണ് കൈമാറുന്നത് എന്നത് പലരും അറിയാതെ പോകുന്നു"

    ഇതാരും ചിന്തിയ്ക്കാറില്ല എന്നതാണ് സത്യം!

    ReplyDelete
    Replies
    1. അതെ ശ്രീ.... കുറച്ചൊന്നുമല്ല ദോഷം.. അതുപക്ഷേ തമാശയുടെ ലേബലിലാവുമ്പോ എളുപ്പം ചെലവാകും എന്നതാണ് പ്രശ്നം..

      Delete
  5. മൈലാഞ്ചി എഴുതിയത് വെറും സത്യമാണ്....... നമ്മള്‍ എല്ലാവരും കേട്ടു വളര്‍ന്നത്... അപമാനം കൊണ്ട് തല താഴ്ത്തിയത്..ഇപ്പോഴും ഓര്‍ക്കുമ്പോള്‍ മുറിവ് പറ്റുന്നത്...
    ഈ എഴുത്തിനു ഒത്തിരി നന്ദി,ഒത്തിരി അഭിനന്ദനങ്ങള്‍.....

    രാജേഷ് എന്ന സുഹൃത്തിനോടുള്ള ബഹുമാനം മറച്ചുവെക്കുന്നില്ല..

    ReplyDelete
    Replies
    1. നന്ദി എച്ച്മുക്കുട്ടീ..

      പിന്നെ, രാജേഷിനോടുള്ള ബഹുമാനത്തില്‍ ഞാനും പങ്കുചേരുന്നു..

      Delete
    2. റേപ്പിനെക്കുറിച്ച് മൈലാഞ്ചി എഴുതിയത് വായിച്ചോ എന്ന് സുമന്‍ ആണ് ചോദിച്ചത്
      രാജേഷ് പറഞ്ഞതിനോട് ചേര്‍ത്ത് വായിക്കാന്‍ ആണിത്...
      നമ്മുടെ ആദ്യകാലലൈംഗിക സങ്കല്പങ്ങളെല്ലാം രൂപം കൊണ്ടത് സിനിമകളിലൂടെ ആയിരുന്നു.വൈശാലി ആണ് എന്റെ ആദ്യ പാഠം...റേപ്പ്സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നത് social commitment കൊണ്ട് അല്ലെന്ന് അറിയാം.ഈ തമാശ bandit queen കാണുന്നതിന് മുന്‍പ് ആയിരുന്നെങ്കില്‍ ഞാനും ആസ്വദിക്കുമായിരുന്നു. കഥയില്‍ പറഞ്ഞതു പോലെ ഒരു സംഭവം ആണ് റേപ്പ് എന്നായിരുന്നു അതു വരെ ഞാനും വിചാരിച്ചിരുന്നത്.

      നമ്മളൊക്കെ ആര്‍ക്കും വേദനിക്കാത്ത തമാശകള്‍ ( ?)പറയാന്‍ പഠിക്കുന്നത് എന്നാണാവോ...?

      Delete
  6. there is no rape scene in വൈശാലി...my sex education starts from that film. തെറ്റിദ്ധരിക്കരുത്.....

    ReplyDelete

കൂട്ടുകാര്‍