മൈലാഞ്ചി

ജാലകം

Monday, 18 February, 2013

അച്ചൂന്റെ ദൈവം


കഴിഞ്ഞ ദിവസം അച്ചു സ്കൂളില്‍നിന്നു വന്ന് സാധാരണപോലെ വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി..അവന്റെ വിശേഷങ്ങള്‍ മിക്കവാറും ഇന്റര്‍വെല്‍ സമയത്ത് കളിച്ച ക്രിക്കറ്റിന്റെ കമന്ററി ആവാറാണ് പതിവ്."അമ്മേ ഞാനിന്ന് ഉഗ്രന്‍ ഷോട്ടടിച്ചു, .. ഇന്ന് ഷാഹില് സൂപ്പര്‍ ബോളിംഗാര്‍ന്നു, ഞാന്‍ ഡക്കിന് ഔട്ടായി... വിവേകിന്റെ ഇന്നത്തെ ക്യാച്ച് എന്തുട്ടാ ക്യാച്ച് ന്നറിയോ.." ഇങ്ങനെ പോകും...
ഇന്നങ്ങനെ ആയിരുന്നില്ല. "ഇന്ന് ഞാനും ബാലൂം തമ്മില് ഭയങ്കര വാദിക്കലാര്‍ന്നു..അവന്‍ പറഞ്ഞു എല്ലാം ദൈവത്തിന്റെ സൃഷ്ടിയാന്ന് .. ഞാന്‍ പറഞ്ഞു അല്ല സയന്‍സ് ശരിക്ക് കണ്ടുപിടിച്ചട്ട്ണ്ട് ന്ന്.. അവന്‍ കൊറേ കാര്യങ്ങള് പറഞ്ഞു.. ഞാന്‍സമ്മതിച്ചില്യ.. അപ്പോ അവന്‍ ചോദിച്ചു ഈശ്വരന്‍ ഉണ്ടല്ലോ നീ വിശ്വസിക്കുന്നില്ലേ ന്ന്.. ഞാന്‍ പറഞ്ഞു ദൈവൊന്നും ഇല്യാന്ന്.. ".. ഇങ്ങനെ പോയി വര്‍ത്താനം.. അതുകഴിഞ്ഞ് അവന്റെ ചില സംശയങ്ങള്‍.. ബാലുവോ അതുപോലെ ആരൊക്കെയോ പറഞ്ഞതിന് അവന് വിയോജിപ്പുണ്ടെങ്കിലും തര്‍ക്കിക്കാനുള്ള വകുപ്പ് കയ്യിലില്ലാത്തതിനാല്‍ അതിനുള്ള കാര്യങ്ങള്‍ ചോദിക്കല്‍ എന്നിങ്ങനെ...

തൃപ്തികരമായ മറുപടി കിട്ടും വരെ അന്വേഷിക്കുക എന്നത് അവന്റെ രക്തത്തില്‍ ഉള്ളതുകൊണ്ടും നിവൃത്തിയുണ്ടെങ്കില്‍ ഉത്തരം കൊടുക്കുക എന്നത് ഞങ്ങള്‍ ശീലമാക്കിയതുകൊണ്ടും അവന്‍ ഒന്നും പകുതിക്ക് വച്ച് നിര്‍ത്തി പോകില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെട്ടു എന്ന് കരുതുന്നു.

പിന്നെയാണ് അവന്റെ ചോദ്യത്തെക്കുറിച്ചും നിലപാടിനെക്കുറിച്ചും ആലോചിച്ചത്. എന്തുകൊണ്ടായിരിക്കും അവന്‍ ദൈവമില്ല എന്നു പറഞ്ഞിട്ടുണ്ടാവുക? വെറും തര്‍ക്കത്തിനു വേണ്ടി മറ്റൊരാള്‍ പറഞ്ഞത് എതിര്‍ക്കുന്ന സ്വഭാവം അവനില്ല.. അപ്പോ അതല്ല.. പിന്നെന്താവും?

ഇവിടെ വീട്ടില്‍ ഒരു ചെറിയ പൂജാമുറിയുണ്ട്. ഏട്ടന്‍ കുളിച്ചുവന്നാല്‍ മിക്കവാറും വിളക്കുകത്തിക്കലുണ്ട്. അതൊരു ശീലമാണ്. അതിനപ്പുറം ആചാരങ്ങളോ നാമംചെല്ലലോ ഒന്നുമില്ല.. ഏട്ടന് തിരക്കാവുകയോ എവിടേക്കെങ്കിലും പോവുകയോ ചെയ്താല്‍ ആ മുറി അനാഥമാകും. ദൈവം എന്നൊരാളുടെ സാന്നിദ്ധ്യം അതില്‍ ഒതുങ്ങുന്നു. അല്ലാതെ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈശ്വരാ എന്നുവിളിച്ച് പ്രാര്‍ത്ഥിക്കാറില്ല, നല്ല കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാം ദൈവത്തിന്റെ കൃപ എന്നു കൈകൂപ്പാറുമില്ല. കുട്ടികളെ ദൈവശിക്ഷയെപ്പറ്റി പറഞ്ഞ് പേടിപ്പിക്കാറില്ല, ദൈവസ്നേഹമഹത്വം പറഞ്ഞ് പ്രലോഭിപ്പിക്കാറുമില്ല. അതുകൊണ്ടൊക്കെയാവണം അവന് വിശ്വാസം ഇല്ലാതെ പോയത് എന്ന് കരുതി.

പക്ഷേ, വെറും പതിനൊന്ന് വയസുമാത്രം പ്രായമുള്ള ഒരു കുട്ടി ഇക്കാരണം കൊണ്ടു മാത്രം ദൈവത്തെ തള്ളിപ്പറയുമോ?

അപ്പോഴാണ് ചില സാധ്യതകള്‍ മനസില്‍ തെളിഞ്ഞത്. കഴിഞ്ഞ കുറച്ചുനാളുകളായി പലവിധപീഡനവാര്‍ത്തകളാണല്ലോ ചുറ്റും.. ഡല്‍ഹിസംഭവം വായിച്ച് അവന്‍ ചോദിച്ചിരുന്നു എന്താണ് റേപ്പ് എന്ന്. അവന്റെ പ്രായത്തില്‍ കൂടുതല്‍ മനസിലാവില്ല എന്നതിനാല്‍ ഒരു തരം ഉപദ്രവമാണെന്ന് പറഞ്ഞുകൊടുത്തു. എന്തിനാ മനുഷ്യന്മാര് തമ്മില്‍ത്തമ്മില്‍ ഉപദ്രവിക്കുന്നത്, അവരെയൊക്കെ ശിക്ഷിക്കണം എന്നൊക്കെ പറഞ്ഞു അവന്‍.. പിന്നെ ആ കുട്ടി മരിച്ചപ്പോള്‍, സ്വാഭാവികമായും വെറും ഉപദ്രവമല്ല എന്നവന് മനസിലായി വീണ്ടും സംശയങ്ങളുമായി വന്നു.. പോരാത്തതിന് പുതിയ വാക്ക് പേപ്പറില്‍നിന്ന് പഠിച്ചിട്ടുണ്ട്.. റേപ്പ്... എന്താ അമ്മേ റേപ്പ് എന്നു വച്ചാ? അന്നു പറഞ്ഞില്ലേ ബലാത്സംഗം ..അതുതന്നെ റേപ്പ്... പക്ഷേ ഉപദ്രവിച്ചാ ആ ചേച്ചി എങ്ങനെയാ മരിക്കണേ.. ആന്തരാവയവങ്ങള്‍ എന്നാലെന്താ.. അതിനെന്താ പറ്റിയേ എങ്ങനെയാ പറ്റിയേ... സംശയങ്ങള്‍ നീണ്ടു.. ഒടുവില്‍ തുറന്നു പറയുകയാണ് ശരി എന്നു തോന്നിയതിനാല്‍ പറഞ്ഞുകൊടുത്തു. സെക്സും റേപ്പും.... അവന് വിശ്വസിക്കാനാവുന്നില്ല.. ഒരാള്‍ക്ക് ഇഷ്ടമില്ലാതെ എങ്ങനെയാണ് മറ്റൊരാള്‍ തൊടുന്നത്? എങ്ങനെയാണ് ബലം പ്രയോഗിച്ച് സ്വന്തം ഇഷ്ടംമാത്രം നോക്കുന്നത്..? ഇത്രമാത്രം ക്രൂരമായി എങ്ങനെയാണ് പെരുമാറാന്‍ കഴിയുന്നത്..? കരച്ചിലിന്റെ വക്കത്തായി അവന്‍..എല്ലാരേം വെടിവെച്ചുകൊല്ലണം എന്നു പറഞ്ഞ് അവന്‍ എണീറ്റുപോയി..
പിന്നീട് പേപ്പറില്‍ കാണുന്ന പലതരം പീഡനവാര്‍ത്തകള്‍ അവന്‍ കണ്ടുതുടങ്ങി.. കുഞ്ഞുങ്ങളെ വരെ ഉപദ്രവിക്കുന്നവര്‍ ഉണ്ടെന്ന് ഞെട്ടലോടെ അറിഞ്ഞു... പേപ്പറില്‍ കാണില്ല എന്നതിനാല്‍ അവനെപ്പോലുള്ള ആണ്‍കുട്ടികളെയും ഉപദ്രവിക്കുന്നവര്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞുകൊടുത്തു... ഇവിടെ വീട്ടില്‍ തുറന്നുതന്നെ ചര്‍ച്ചകള്‍ നടന്നു... അതുകൊണ്ടുതന്നെ ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ തെറ്റുകാരല്ലെന്ന ബോധ്യം അവനിലുണ്ടായിട്ടുണ്ട്.. അതുകൊണ്ട് സൂര്യനെല്ലി കേസും മറ്റും കേസുകളും വൈകുന്നതും ആ പെണ്‍കുട്ടികളെ ചിലര്‍ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നതും അവന് മനസിലാവുന്നേയില്ല..

രാത്രി ന്യൂസ് കാണുമ്പോള്‍ രാഷ്ട്രീയമായ സംശയങ്ങളും വന്നുതുടങ്ങി.. അച്ചു മാത്രമല്ല, പാപ്പുവും.. അഴിമതിയെപ്പറ്റി.. രാഷ്ട്രീയക്കളികളെപ്പറ്റി.. ഭരണസംവിധാനത്തെപ്പറ്റി.. അങ്ങനെയങ്ങനെ...

ഇതൊക്കെ ഉണ്ടാക്കിയ ആലോചനകളുടെ ഫലമാണ് ദൈവമില്ല എന്ന തീരുമാനത്തില്‍ അവനെ എത്തിച്ചിട്ടുണ്ടാവുക എന്ന് തോന്നുന്നു.. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ആക്രമിക്കപ്പെടുമ്പോള്‍ നോക്കിനില്‍ക്കുന്ന ദൈവം വെറും പ്രതിമ മാത്രമാണെന്നോ അങ്ങനെ ഒരു ദൈവം ഇല്ലാതിരിക്കുകയാണ് ഭേദം എന്നോ തോന്നിയെങ്കില്‍ അവനെ കുറ്റം പറയാനാവില്ലെന്നും എനിക്ക് തോന്നി.. ദൈവങ്ങളുടെ പേരില്‍ത്തന്നെ എത്രയോ പ്രശ്നങ്ങള്‍ .. അല്ലാതെയും. ഇഷ്ടംപോലെ... ഇതിലൊന്നും ഇടപെടാതെ കാഴ്ചക്കാരനായി നില്‍ക്കാനാണെങ്കില്‍ എന്തിനാ ദൈവം? മനുഷ്യന്‍തന്നെ ധാരാളമല്ലേ? ഇതൊന്നും അവന്‍ പറഞ്ഞതല്ല, അങ്ങനെ തോന്നിയാല്‍ കുറ്റമില്ല എന്നാണ് പറഞ്ഞത്..

എന്തുകാരണം കൊണ്ടായാലും അവനോട് ഞാനത് ചോദിക്കാന്‍ പോകുന്നില്ല.. അവന്റെ ടോപ് സ്കോറും ഡക്കൌട്ടും ഒരേ പോലെ സ്വീകരിക്കുന്ന മട്ടില്‍ത്തന്നെ ഇതിനെയും സ്വാഭാവികമായി സ്വീകരിച്ചു.. കാരണം, അത് അവന്റെ തീരുമാനമാണ്, എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് അവന്‍ എത്തിച്ചേര്‍ന്ന തീരുമാനം... ഇനി നാളെ ഒരു ദിനം അവന്‍ ദൈവമുണ്ടെന്ന് കണ്ടെത്തിയാലും അത് അവന്റെ ദൈവം ആകണം, ഞങ്ങളുടേത് ആകരുത്.. സ്വന്തം അനുഭവത്തില്‍നിന്നുവേണം അവന്‍ അതു കണ്ടെത്താന്‍... ഇനി ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും അതും അവന്റെ അനുഭവം ആയിരിക്കണം... ഒപ്പം മറ്റൊരാള്‍ക്ക് തിരിച്ചു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് അവന്‍ മനസിലാക്കുകയും വേണം.

13 comments:

 1. വായിച്ചു...തെറ്റ് ചെയ്യുന്നവര്‍ക്കെല്ലാം ശിക്ഷ കിട്ടുമെന്നുള്ള കുട്ടിക്കഥകളിലാണ് എന്റെ മകള്‍ ഇപ്പോഴും... വളരെ തിരക്കിലാണീശ്വരന്‍...എന്നു തുടങ്ങുന്ന കവിത വായിച്ചിട്ടുണ്ടോ...? യൂസഫലി കേച്ചേരിയുടെ....സാന്ദര്‍ഭികമായി ഓര്‍ത്തതാണ്...
  തിരക്കുള്ള ഈശ്വരനെ കാണാന്‍ കാത്തു നില്‍ക്കേണ്ടതുണ്ടോയെന്ന് അച്ചു സ്വയം തീരുമാനിയ്കട്ടെ...

  ReplyDelete
 2. മധൂ.. ഗായത്രി കുറേക്കൂടി കുട്ടിയല്ലേ.. അവളും വളരട്ടെ..എന്നിട്ട് തീരുമാനിക്കട്ടെ..

  ആ കവിത വായിച്ചിട്ടില്ല, ഒന്ന് ഷെയര്‍ ചെയ്യൂ..

  ReplyDelete
 3. മക്കള്‍ക്ക് എന്തും തുറന്നു ചോദിക്കാന്‍ പറ്റുന്നവരാവണം മാതാപിതാക്കള്‍.കുട്ടികളുടെ സംശയം സത്യസന്ധമായി പരിഹരിക്കാനും അവര്‍ക്ക് കഴിയണം.അച്ചുവിന്‍റെ അമ്മ സത്യസന്ധവും ലളിതവുമായി കുട്ടിക്ക് കാര്യ വിശദീകരിച്ചാല്‍ അവര്‍ സംശയവുമായി മറ്റുള്ളവരുടെ അടുത്ത് പോകില്ല.

  ReplyDelete
  Replies
  1. അങ്ങനെ ആവണം എന്ന് ആഗ്രഹമുണ്ട്. ശ്രമിക്കുന്നുമുണ്ട്...

   Delete
  2. "അവന്‍ വളരുന്നു" അവള്‍ വളരുന്നു" എന്ന പേരില്‍ പി.എം.മാത്യു എഴുതിയ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമാണ്.

   Delete
 4. If I had time, I would have right away, translated your post to my wife, who is now preparing an anthropological article on Indian woman.

  All our parents need to explain to our children(boy) on how to accept and respect woman, from very young age. There shouldn't also be any kind of discriminatory ways of bringing children up (Onoraankuttiyalle, ayyo penkuttiyalle nee angine cheyyaruthu - like that, just for a simple eg) in the family. Both - boys learning to respect women, from a young age, and girls to have the feeling that they are as good as men, would only help our society.

  ReplyDelete
  Replies
  1. നന്ദി ..സന്തോഷം..

   താങ്കളുടെ ഭാര്യയുടെ article വായിക്കാന്‍ തരണേ... എവിടെയാണ് പ്രസിദ്ധീകരിച്ചതെന്ന് പറഞ്ഞാലും മതി..തപ്പിയെടുത്തോളാം...

   ആണ്‍ പെണ്‍ ഭേദം എത്ര ചെറുപ്പത്തില്‍ തുടങ്ങുന്നു എന്നത് നാം അവര്‍ക്ക് കൊടുക്കുന്ന കളിപ്പാട്ടത്തില്‍നിന്നറിയാം.. ആണ്‍കുട്ടികള്‍ക്ക് കാറും ബൈക്കും, പെണ്‍കുട്ടികള്‍ക്ക് പാവ.. അവിടെ തുടങ്ങുന്നു.. അച്ചൂന് ഒരിക്കല്‍ ചെറിയ ഒരപകടം പറ്റി ആശുപത്രിയില്‍ പോയപ്പോ വേദനിച്ച് അവന്‍ കരയുമ്പോ നഴ്സുമ്മാര് പറഞ്ഞു, അയ്യേ ആണ്‍കുട്ടിയായിട്ട് കരയുന്നോ ന്ന്.. അവന്‍ ചോദിച്ചു അതെന്താ ആണ്‍കുട്ടികള്‍ക്ക് വേദനിക്കില്ലേ ന്ന്..
   ഞാന്‍ പറഞ്ഞു, അത് വെറുതെ ശ്രദ്ധതിരിക്കാന്‍ വേണ്ടി പറഞ്ഞതാ ന്ന് കരുതിയാ മതി, നാണക്കേട് വിചാരിച്ച് കരച്ചില് നിര്‍ത്തൂലോ ന്ന്.

   അച്ചുവിനും പാപ്പുവിനും രണ്ടുനിയമം അല്ല ഇവിടെ. ബന്ധുക്കളില്‍ ചിലര്‍ക്കൊന്നും അതത്ര പിടിക്കാറില്ല, ഞങ്ങളതൊട്ട് മൈന്‍ഡ് ചെയ്യാറുമില്ല..

   Delete
  2. Thats very good ji.

   sorry, my wife is French and her papers will be in French too. Her original research is on a topic mixing Mohiniattam and Anthropology - how in our traditional dance, young girls are taught shringara bhava - when in life they are kept so much away from anything about love and sex. And she have had couple of her articles published. All in French though.
   Because of the recent developments in India, and since she has got this invitation for a future seminar, she is preparing one on the life of our girls in city like bangalore - with all the love and danger around.
   Kshamikkanam - officil aane, Malayalathil oppikkaan samayam illa.

   Delete
 5. ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ അവകാശിയായി മകനെ പ്രതീക്ഷിക്കുന്ന ആ നിമിഷം മുതല്‍ ആണ്പെണ്‍ വിവേചനം ആരംഭിക്കുന്നു... അല്ല, മൈലാഞ്ചി അതിനും മുന്പ് ആരംഭിക്കും... ചില പ്രത്യേക ദിവസങ്ങളില്‍ കണ്സീവ് ചെയ്താല്‍ ആണു പിറക്കുമെന്ന വിശ്വാസത്തില്‍ നിന്ന് ചൂടു പിടിക്കുന്ന കിടപ്പറയില്‍ ആരംഭിക്കുന്നു അത്... പാവയൊക്കെ പിന്നെ വരുന്നതാണ് മൈലാഞ്ചി......

  ദൈവം ചിലപ്പോള്‍ സ്ലിപ്പിംഗ് പില്‍സ് കഴിച്ച് ഉറങ്ങും.... ആ സമയത്താവും ഇതൊക്കെ, അല്ലെങ്കില്‍ അന്സ്തേഷ്യ എടുത്ത് ഓപ്പറേഷന്‍ തിയേറ്ററിലാവും... അപ്പോഴാവും ഇങ്ങനെയൊക്കെ... അല്ലേ

  അച്ചൂനും പാപ്പൂനും നല്ലതു മാത്രം വരട്ടെ.

  ReplyDelete
  Replies
  1. ദൈവം ചിലപ്പോള്‍ സ്ലിപ്പിംഗ് പില്‍സ് കഴിച്ച് ഉറങ്ങും.... ആ സമയത്താവും ഇതൊക്കെ, അല്ലെങ്കില്‍ അന്സ്തേഷ്യ എടുത്ത് ഓപ്പറേഷന്‍ തിയേറ്ററിലാവും....ഇതെനിക്കിഷ്ടപ്പെട്ടു...... ഉം..മ്മ...

   Delete
 6. മക്കളെ വളര്‍ത്തുന്ന രീതി ഇഷ്ടപ്പെട്ടു, ചേച്ചീ.

  അറിയാവന്നുത് കുട്ടികള്‍ക്ക് അവരുടെ പ്രായത്തില്‍ മനസ്സിലാക്കാനാകുന്ന രീതിയില്‍ സത്യസന്ധമായി, ലളിതമായി പറഞ്ഞു കൊടുക്കണം. ബാക്കി തീരുമാനങ്ങളും മറ്റൂം അവര്‍ സ്വന്തമായി രൂപപ്പെടുത്തിയെടുക്കട്ടെ.

  ReplyDelete
  Replies
  1. അത്രയേ ഉള്ളൂ ശ്രീ... തീരുമാനങ്ങള്‍ അവരുടേതാണ്... അഭിപ്രായങ്ങളും.. തുറന്നു സംസാരമാണ് എന്തിനെപ്പറ്റിയും... ഉത്തരം പറയാന്‍ കഴിയില്ലെന്ന് തോന്നുന്ന തരം ചോദ്യങ്ങളും വരും ചിലപ്പോ.. എന്നാലും പറയും...

   എനിക്ക് കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റ് അച്ചൂന്റെ കൂട്ടുകാരില്‍നിന്നാണ്.. അച്ചൂനോട് പറഞ്ഞത്... ആദിത്യയുടെ അമ്മയോട് ഇതൊക്കെ ചോദിക്കാന്‍ പറ്റുമോ, ഇതൊക്കെ പറഞ്ഞുതരുമോ? ഞങ്ങടെ അമ്മയാണെങ്കി അപ്പോ പട്ടമടല് എടുത്ത് അടിച്ചിട്ടുണ്ടാവും ..എന്ന്... സെക്സ് ആണ് വിഷയം എന്ന് പറയേണ്ടതില്ലല്ലോ...

   Delete

കൂട്ടുകാര്‍