മൈലാഞ്ചി

ജാലകം

Thursday 17 March, 2016

മരണപത്രം

മനോജേട്ടന്‍ (നിരക്ഷരന്‍ ) മരണപത്രം പോസ്റ്റ് ചെയ്തത് കണ്ടപ്പോഴാണ് രണ്ടുവര്‍ഷം മുമ്പേ മനസില്‍ കുറിച്ചതാണല്ലോ എന്നോര്‍ത്തത് .. ഇനി വൈകേണ്ടതില്ലെന്ന് തോന്നുന്നു.. പണ്ട് കണ്ണ് ദാനം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞപ്പോ ഇതെന്തിനാ ഇപ്പോ പറയുന്നേ എന്ന ചോദ്യം നേരിട്ടു.. മരിച്ചുകഴിഞ്ഞശേഷം പറയാനാവാത്തതുകൊണ്ട് എന്ന് മറുപടി പറഞ്ഞു.. അതുതന്നെ ഇപ്പോഴും കാരണം..
1. ഒരുതരത്തിലുള്ള ആചാരപ്രകാരവും മരണാനന്തരചടങ്ങുകള്‍ നടത്തരുത്.. അത് ദഹിപ്പിക്കല്‍ മുതല്‍ പിണ്ഡം അടിയന്തിരം തുടങ്ങിയ എല്ലാനൂലാമാലകള്‍ക്കും ശ്രാദ്ധം തുടങ്ങിയവയ്ക്കും ബാധകം.. (ഇതൊക്കെ പറയുകയും എഴുതിവെക്കുകയും ചെയ്ത രണ്ട് അച്ഛന്മാര്‍ -കൂട്ടുകാരുടെ അച്ഛന്മാര്‍- എല്ലാ ചടങ്ങുകളോടെയും സംസ്കരിക്കപ്പെട്ടത് അറിഞ്ഞതിനാല്‍ നേരിയ സംശയമുണ്ട്. പക്ഷേ എന്റെ വീട്ടുകാരും കൂട്ടുകാരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു). നാട്ടുകാരെന്തു പറയും എന്ന് വിചാരിച്ച് ഒന്നും ചെയ്യരുത്. (ഈ നാട്ടുകാരെപേടിച്ച് പലതും വേണ്ടെന്നു വെക്കുന്നതല്ലേ ജീവിതത്തില്‍? മരണത്തിലെങ്കിലും അവരെ പേടിക്കാതിരിക്കട്ടെ :))

2. അവയവങ്ങള്‍ പറ്റുന്നത് ദാനം ചെയ്യുക.. മസ്തിഷ്കമരണമാണെങ്കില്‍ പറ്റുന്ന എല്ലാ അവയവങ്ങളും, അതല്ലാത്ത അവസ്ഥയില്‍ കണ്ണോ അതുപോലെ എന്താണ് മരണശേഷം എടുക്കാനാവുന്നത് അതൊക്കെ.. (ഇതിനെക്കുറിച്ച് കാര്യമായി അറിയാത്തോണ്ടാണ്) ബാക്കി വരുന്ന ശരീരം മെഡിക്കല്‍ കോളേജില്‍ കൊടുക്കാം. അതല്ല ഇനി വേറെന്തെങ്കിലും പോസിബിലിറ്റി ഉണ്ടെങ്കില്‍ അതുമാവാം.. (ഇത് വീട്ടുകാര്‍ക്ക് അന്നേരം ഓര്‍ക്കാന്‍ ഉള്ള മാനസികാവസ്ഥ ഉണ്ടാവണമെന്നില്ല, അതുകൊണ്ട് പ്രിയസുഹൃത്തുക്കളാരെങ്കിലും അവരെ ഓര്‍മ്മിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു) ഇന്‍ കേസ്, ഇതിനൊന്നും പറ്റാതെ വല്ല ആക്സിഡന്റിലും തവിടുപൊടിയായിട്ടാണ് കിട്ടുന്നതെങ്കില്‍ എത്രയും പെട്ടെന്ന് ഇല്ലാതാക്കണം, ദഹിപ്പിക്കാന്‍ മരം വെട്ടുന്നതിനോട് യോജിപ്പില്ല, വൈദ്യുതി കളയണോ എന്ന് തീരുമാനിക്കാനാവുന്നുമില്ല, ഭേദം കുഴിച്ചിട്ടിട്ട് അതിന്റെ മീതെ ഒരു മാവ് വെക്കുന്നതാവും. മുവാണ്ടന്‍തന്നെ ആയിക്കോട്ടെ.. (അതെന്റെ ഒരു വീക്നെസ്സാ.. ക്ഷമിച്ചുകള :))

3. മരിച്ചുകിടക്കുന്ന എന്നെ കാണാനായി ആരും വരണമെന്ന് നിര്‍ബന്ധമില്ല..(ഞാന്‍ മരിച്ചു എന്നുറപ്പിക്കാന്‍ വരുന്നതാണെങ്കില്‍ നല്ലത് :) ) അതിനായി ആരും -ആരും എന്നതില്‍ മക്കളടക്കം ഉള്‍പ്പെടും - ബുദ്ധിമുട്ടരുത്. ദു;ഖിതരായ വീട്ടുകാരെയോ ബന്ധുക്കളെയോ കൂട്ടുകാരെയോ ആശ്വസിപ്പിക്കാനോ, അവരുടെ കൂടെ ഉണ്ടാവണം എന്ന തോന്നലുകൊണ്ടോ ഒക്കെ വരാവുന്നതാണ്.. പോയില്ലെങ്കില്‍ എങ്ങനെയാ എന്ന തോന്നലില്‍ ആരും വരരുത്.. (നാട്ടുകാരെന്തു പറയും എന്ന് വിചാരിക്കരുത് നിങ്ങളും ന്ന് അര്‍ത്ഥം :) )

4.ആരെങ്കിലും വന്നില്ല എന്നതിന്റെ പേരില്‍ അവരോട് വിരോധം തോന്നരുത്. വരാത്തവര്‍ക്ക് അവരുടേതായ കാരണങ്ങള്‍ കാണും (പല മരണവീട്ടിലും ബന്ധുക്കളുടെ പരാതി പേടിച്ചാണ് പോകാറുള്ളതുതന്നെ.. ആ മനസ്ഥിതി പലര്‍ക്കും ഉണ്ടാവാമല്ലോ..) (അനിയന്റെ ഷോപ്പ് തുറക്കുന്നതിന് ക്ഷണിക്കാന്‍ പോയപ്പോ അപ്പന്റെ പത്താമത്തെ ആണ്ടിന് വിളിച്ചിട്ട് വീട്ടില്‍നിന്ന് ആരും വന്നില്ലല്ലോ എന്ന് പരാതി കേട്ടിട്ടുണ്ട് !! ആ ടൈപ്പ് തിരിച്ച് പറയരുത്.. പ്ലീസ്)

5. അന്ന് ഫെയ്സ്ബുക്കുണ്ടെങ്കില്‍-അതില്‍ ഞാന്‍ ആക്റ്റീവാണെങ്കില്‍-അവിടെ അനുശോചനം അറിയിക്കുന്നെങ്കില്‍ നല്ലതും ചീത്തയുമായ ഓര്‍മ്മകള്‍ പങ്കുവെക്കുക.. മരണശേഷം പരസ്പരം കാണുന്ന പ്രിയപ്പെട്ടവരോടും ഇതുതന്നെയാണ് പറയാനുള്ളത്.. ചിരിക്കാനും ചിരിപ്പിക്കാനും ആഗ്രഹിച്ച (ഓ സോറി മരിച്ചില്ലല്ലേ.. ആഗ്രഹിക്കുന്ന)യാളാണ്.. അതിനാല്‍ സന്തോഷത്തോടെ ഓര്‍ക്കുക.. (ചുമ്മാ യു ലിവ് ഇന്‍ മൈ മൈന്‍ഡ് എന്നൊക്കെ ഇമേജിടരുത് ന്ന് ... )

6. ഫ്ലക്സടിക്കരുത് എന്ന് എഴുതിയാല്‍ അഹങ്കാരമാവുമോ എന്ന് സംശയമുണ്ട്.. പക്ഷേ പ്രശസ്തരായവര്‍ മാത്രമല്ലല്ലോ ഇപ്പോള്‍ ഫ്ലക്സില്‍ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങാറ്.. അതുകൊണ്ട് അതുംകൂടി... ഫക്സടിച്ച് വഴിയില്‍ പ്രദര്‍ശനവസ്തുവാക്കരുത്..

ഇനി നിങ്ങള്‍ക്ക് വല്ല നിര്‍ദ്ദേശവും തരാനുണ്ടെങ്കില്‍ തരാം.. അതും പരിഗണിക്കാവുന്നതാണ്

4 comments:

  1. കൊള്ളാവുന്നത് വല്ലതുംണ്ടെങ്കിൽ എടുത്തോളാൻ പറഞ്ഞ് ഞാനും ഒരു സമ്മതപത്രം എഴുതാൻ പോവാ. പരോപകാരാർത്ഥമിദം ശരീരംന്ന് മരണശേഷമെങ്കിലും പറയാലോ

    ReplyDelete
  2. Postukalude ennam kurayathe sookshikkane chechi, nallathu vaayikkan edakkokke evidokke vararuntu

    ReplyDelete
  3. അവയവദാന സമ്മതപത്രം ഞാനും ശരിയാക്കി വയ്ക്കുന്നുണ്ട്.

    ReplyDelete

കൂട്ടുകാര്‍