ഇന്നലെ രാവിലെ പാല് കൊണ്ടുവരണ ചേട്ടന് പൈസ കൊടുക്കാനുള്ളോണ്ട് ഗെയ്റ്റ് തുറക്കണ ശബ്ദം കാത്തുനിന്നു..(ചേട്ടന്‍ ന്ന് പറയാം ന്നേള്ളൂ.. അച്ഛനേക്കാള്‍ പ്രായമുണ്ട്ട്ടോ..).. ശബ്ദം കേട്ടില്ല. കാരണം ഏട്ടന്‍ കോളേജില്‍ പോയപ്പോ അത് തുറന്നിട്ടിരുന്നു.. പിന്നെ പാത്രത്തിന്റെ ശബ്ദം കേട്ടപ്പോ വേഗം പോയി വാതില്‍ തുറന്നു. പാല് ഒഴിച്ചുതീര്‍ന്നപ്പോ പൈസ എടുത്തു കൊടുത്തു. വളരെ സൂക്ഷിച്ച് എണ്ണി, പിന്നേം എണ്ണുന്നത് കണ്ടപ്പോ സംശയമായി, ഇനി ഞാനെടുത്തത് തെറ്റിയോ? കണക്കുകൂട്ടുന്ന സ്വഭാവം ഇല്ലാത്തോണ്ട് തെറ്റാന്‍ സാധ്യതയുണ്ടല്ലോ..
ചോദിച്ചു, "കുറവുണ്ടോ പൈസ? .."
"ഇല്ല, എനിക്ക് കണ്ണുകാണല്‍ നല്ലോണം കുറവാ..അതോണ്ടാ.."
ഒന്നും മിണ്ടിയില്ല..എന്തുപറയാന്‍?
"കഴിഞ്ഞ ദിവസം ഇവടെയൊന്ന് വീണു..ഈ പടി കണ്ടില്ല.. അവിടെയെന്തോ ഉണ്ടായിരുന്നെന്ന് തോന്ന്ണു.."
"അയ്യോ.. ചെരുപ്പാവും.. സോറി.. ഇനി മാറ്റിയിട്ടോളാം.."
"ആ ചെരുപ്പാണെന്ന് തോന്നുണു.. ഞാന്‍ കണ്ടില്ല.. വീണെങ്കിലും പാല് കുപ്പി ഞാന്‍ പൊക്കിപ്പിടിച്ചു..അത് പൊട്ടിയാല്‍ ശരിയാവില്ലല്ലോ..."
"അതാവും ഏട്ടന്‍ എന്നോട് രാവിലെ ലൈറ്റിട്ടുവക്കണം ഉമ്മറത്തെ ന്ന് പറഞ്ഞത്..ഏട്ടന്‍ കണ്ടൂന്ന് തോന്ന്ണൂ.."
"ആ..കണ്ടോ ആവോ.."
"കണ്ണടയില്ലേ?"
"അതോണ്ടൊന്നും കാര്യല്യ.. ഇത് തിമിരത്തിന്റെയാ"
"തിമിരത്തിന് ഇപ്പോ ഓപ്പറേഷന്‍ ണ്ടല്ലോ... നോക്കാര്‍ന്നില്യേ?"
"പത്തെഴുപത്തിരണ്ടു വയസ്സായി..ഇനിയിപ്പോ എന്തിനാ? ഒന്നും വേണ്ട.."
"അത്രയല്ലേ ആയുള്ളൂ.. എന്റെ അമ്മമ്മയ്ക്ക് തൊണ്ണൂറു വയസ്സായി.. കുറച്ചുകൊല്ലം മുമ്പാ ഓപ്പറേഷന്‍ ചെയ്തേ.. ദേ ഇപ്പോ വെല്യച്ഛന് ചെയ്തു.. "
"ആര്‍ക്കു വേണ്ടിയാ ചെയ്യണേ.. ഒരു കാര്യോല്യ.."
എന്തു പറയണമെന്ന് മനസിലായില്ല...മിണ്ടാതെ നിന്നു.
"മക്കള്‍ ഉണ്ട്..അവര് നമ്മള് വിചാരിക്കണ പോലെ ആവണമെന്നില്ലല്ലോ.."..
"..........."
"ദേ ഇപ്പത്തന്നെ ഞാന്‍ നാലുമണിക്കെണീക്കണതാ.. പശൂന്റെ പണികളൊക്കെ തീര്‍ത്തു.. പാലെങ്കിലും കൊണ്ടുകൊടുക്കെടാ ന്ന് പറഞ്ഞാ, ഇത്രേം നേരത്തേ പറ്റില്യ, പേടിയാവും, പാമ്പുണ്ടാവും എന്നൊക്കെയാ പറയണേ.. ഞാന്‍ പോരുമ്പോ ആരും എണീറ്റട്ടില്യ.."
.......
"അവരൊക്കെ അവരടേതായ രീതിയിലേ ജീവിക്കൂ..പറഞ്ഞിട്ട് കാര്യല്യ.. പറ്റണ കാലം ഞാന്‍ പണിയെടുക്കും.."
പിന്നെന്തൊക്കെയോ....സംസാരം കൂടിയപ്പോള്‍ ശബ്ദം കുറഞ്ഞു.. പറയുന്നത് എന്താണെന്ന് ഊഹിക്കാമായിരുന്നതിനാല്‍ ചോദിച്ചില്ല.. നെടുവീര്‍പ്പല്ലാതെ പ്രതികരിച്ചതുമില്ല.. എന്തു പറയാന്‍ ?
ഒടുവില്‍ പോകുമ്പോ ഗെയ്റ്റ് അടച്ച് നടന്നു, രണ്ടടി വച്ചിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു.."താങ്ക്യൂ"
മനസ്സില്‍ എവിടെയോ ഒരു കത്തി ഇറക്കിയ വേദന...എന്തിനെന്നറിയില്ല....
..........................
പതിവു തിരക്കുകള്‍ .. അത്രയധികം പണിയില്ലെങ്കിലും നേരം വൈകി പോകാന്‍ ...
ബസ് സ്റ്റോപ്പില്‍ ചെന്നപ്പോ കറക്റ്റായി ചാലക്കുടിക്കുള്ള ഒരു ബസ് പോണു.. ഒരു ബസ് മിസ്സാവുക എന്നു പറഞ്ഞാല്‍ അര്‍ത്ഥം കാലടിക്കെത്താന്‍ മിനിമം ഇരുപത് മിനിറ്റ് വൈകുക എന്നാണ്..
പത്തുമിനിറ്റ് കഴിഞ്ഞു, അടുത്ത ബസ് വന്നു.. പതിവുപോലെ സീറ്റുണ്ടോ എന്ന് വെറുതെ നോക്കി.. (പൊക്കം ധാരാളം ഉള്ളതുകൊണ്ട് തൂങ്ങിയാത്ര വല്ലാത്ത സര്‍ക്കസ്സാണ്.. കഴുത്തും കയ്യും ഒക്കെ വേദനയായോണ്ട് നില്പ് അത്ര സുഖകരവുമല്ല...അതോണ്ട് പരമാവധി സീറ്റുകിട്ടാന്‍ മോഹിക്കാറുണ്ട്..അതിമോഹമാണെങ്കിലും..)
കേറി ഉള്ളിലേക്ക് കടന്ന് നില്ക്കാന്‍ റെഡിയാവുമ്പോ ഒരു സ്ത്രീയുടെ അടുത്തിരുന്നയാള്‍ എണീറ്റു.. ലേഡീസ് സീറ്റില്‍ ഇരിക്കുന്നവര്‍ ചിലപ്പോ എണീറ്റുതരാറുണ്ട്..സന്തോഷത്തോടെ ഇരുന്നു.. എണീറ്റയാളെ ശ്രദ്ധിച്ചില്ല, അടുത്തുള്ള സ്ത്രീയെ ശ്രദ്ധിക്കാതിരിക്കാന്‍ പറ്റിയില്ല.. കാരണം സാമാന്യത്തിലധികം വണ്ണമുണ്ടായിരുന്നു അവര്‍ക്ക്.. അടുത്തിരിക്കാന്‍ കഷ്ടപ്പെട്ടു.. മുക്കാല്‍ഭാഗം സീറ്റും അവര്‍ക്ക് വേണമായിരുന്നു.. ഇന്നത്തെ നിലയ്ക്ക് കാല്‍ഭാഗം സീറ്റ് എനിക്ക് ഒന്നുമാവില്ല, എന്നാലും ഇരുന്നു..ബസ് നീങ്ങി..
എണീറ്റയാള്‍ എന്റെ തൊട്ടടുത്തു നില്പുണ്ടായിരുന്നു. ഏതോ പയ്യന്‍ എന്നുതോന്നി.. ചെറിയ ശരീരം ആണെന്നതേ ശ്രദ്ധിച്ചുള്ളൂ...
കുറച്ചുസമയം കഴിഞ്ഞ് കണ്ടക്ടര്‍ വന്നു.. ടിക്കറ്റെടുത്തു.. എന്റെ അടുത്തുള്ള സ്ത്രീ ഇടിക്കാന്‍ പോണപോലെ കൈ നീട്ടി അമ്പതുരൂപ കൊടുത്തു.."രണ്ട് ചാലക്കുടി".. കണ്ടക്ടര്‍ ബാക്കി കൊടുത്തു..എണ്ണിനോക്കീട്ട് എത്രയാ ചാലക്കുടിക്ക്? എത്രയാ ചാലക്കുടിക്ക്? എന്ന് ഉറക്കെ.. കണ്ടക്ടര്‍ തരാം തരാം എന്നുംപറഞ്ഞ് പോയി.. ഇവര്‍ വീണ്ടും, എത്രയാ ചാലക്കുടിക്ക്? എന്റെ അടുത്തുനിന്നയാല്‍ മറുപടി പറഞ്ഞു.."പതിമൂന്ന്"...
ശബ്ദം കേട്ട് സംശയം തോന്നി ഞാന്‍ അയാളെ നോക്കി.. ഒന്ന് ഞെട്ടി.. കുറഞ്ഞത് എണ്‍പതുവയസ്സെങ്കിലും ഉള്ള ഒരു വൃദ്ധന്‍..!! അദ്ദേഹമാണ് എനിക്ക് സീറ്റ് തന്നത്.. !!!
ആകെ തരിച്ചിരുന്നു ഒരു നിമിഷം... എണീറ്റ് കൊടുക്കേണ്ടതാണ് എന്ന് മനസു പറയുന്നു.. എന്തുപറഞ്ഞ് ഇരിക്കാന്‍ പറയണം? ഇത്ര നേരം കഴിഞ്ഞതിന് എന്ത് ന്യായം പറയണം? ആലോചിച്ച് ഒടുക്കം തീരുമാനത്തിലെത്തി.. സത്യം പറയുക, ശ്രദ്ധിച്ചില്ലായിരുന്നു എന്ന്..സോറിയും..
എണീക്കാന്‍ ബാഗെടുക്കുമ്പോഴേക്കും പിന്നില്‍നിന്ന് ഒരു പയ്യന്‍ എണീറ്റ് സീറ്റ് കൊടുത്തു.. ആശ്വാസത്തേക്കാളേറെ ആത്മനിന്ദയാണ് തോന്നിയത്.. സ്വാര്‍ത്ഥതയുടെ ഊക്കുകൊണ്ട് തീരുമാനം വൈകിച്ചതില്‍... പിന്നെ സങ്കടമാണോ കുറ്റബോധമാണോ എന്താണ് മനസില്‍ എന്നറിയില്ല.. ആകെ ഉരുകി അവിടെയിരുന്ന്...
അടുത്തിരുന്ന സ്ത്രീയുടെ തടി വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. പോരാത്തതിന് അവര്‍ കയ്യെടുത്ത് മുന്‍സീറ്റിലെ കമ്പിയില്‍ പിടിക്കുന്നു...മുട്ട് എന്റെ മൂക്കിന് നേരെ.... എന്നിട്ടും അല്പം കഴിഞ്ഞ് മുന്നില്‍ സീറ്റൊഴിഞ്ഞിട്ടും മാറിയിരുന്നില്ല.. ഈ ശിക്ഷ ഞാന്‍ അര്‍ഹിക്കുന്നു എന്നൊരു തോന്നല്‍ ... കുറേ നേരം വിങ്ങി വിങ്ങി അങ്ങനെ ഇരുന്നു... അദ്ദേഹത്തിന് സീറ്റ് കൊടുത്ത പയ്യന് എതിര്‍വശത്തുള്ള സീറ്റ് കിട്ടിയതോടെ പൂര്‍ണമായി.. അവരെയൊന്നും ഫെയ്സ് ചെയ്യാന്‍ വയ്യാതെ തലകുനിച്ചിരുന്നു... പിന്നെ ഇപ്പോ കരയും എന്ന് തോന്നിയപ്പോ മുന്നില്‍ ഒഴിഞ്ഞ സീറ്റിലേക്ക് വേഗമിരുന്നു..
വിന്‍ഡോ സീറ്റ്.. കാറ്റടിച്ചപ്പോ അല്പം ആശ്വാസം... മെല്ലെ മനസിനെ ശാന്തമാക്കാന്‍ നോക്കി.. ഞാന്‍ പറഞ്ഞിട്ടല്ലല്ലോ സീറ്റ് തന്നത്, വൃദ്ധനാണെന്ന് ശ്രദ്ധിച്ചില്ലല്ലോ എന്നൊക്കെ.. അതൊക്കെ വെറും സ്വയം ന്യായീകരണങ്ങളേ ആകുന്നുള്ളൂ എന്ന് മനസിലായപ്പോള്‍ നിര്‍ത്തി..
അടുത്ത സ്റ്റോപ്പില്‍ മൂന്നാലു പേര്‍ കേറി.. കുട്ടിയേംകൊണ്ട് ഒരു സ്ത്രീ കേറിയപ്പോള്‍ ചാടിയെണീറ്റു..എന്റടുത്തിരുന്ന ചേച്ചി എണീക്കാന്‍ തുടങ്ങിയതായിരുന്നു.. അവര്‍ അല്പം ആശ്വാസത്തോടെയും അത്ഭുതത്തോടെയും നോക്കി, സാധാരണ അറ്റത്തിരിക്കുന്നോരാണല്ലോ എണീറ്റ് കൊടുക്കാറ്....
അവര്‍ക്ക് സീറ്റ് കൊടുത്ത് കമ്പിയില്‍ തൂങ്ങി അല്പനേരവും കുട്ടികള്‍ നില്ക്കുന്ന പോലെ സീറ്റില്‍ പിടിച്ച് ബാക്കി സമയവും നിന്നപ്പോ പത്തുലക്ഷം കടം വാങ്ങിയതില്‍ അമ്പതിനായിരമെങ്കിലും കൊടുത്ത ആശ്വാസം......!!!!
--------------------------
ആസ് എ റിസല്‍ട്ട്.. യൂണിവേഴ്സിറ്റിയില്‍ എത്താന്‍ വൈകി, സെമിനാറില്‍ കേറാന്‍ പറ്റിയില്ല, ഗൈഡ് ലീവായോണ്ട് അദ്ദേഹത്തേം കാണാന്‍ പറ്റിയില്ല... ഈ അനുഭവം ഉണ്ടാവാനും സ്വയം തിരിച്ചറിയാനുംവേണ്ടിമാത്രം ഞാന്‍ കാലടിയില്‍ പോയിവന്നു....!!!
പാലിന്റെ പൈസ കണക്കുകൂട്ടിയതില്‍ തെറ്റിയെന്നും പറഞ്ഞ് നൂറുരൂപ ഇന്ന് തിരിച്ചുതന്നു... കണക്ക് ഞങ്ങള്‍ വെക്കാറില്ലെന്ന് അറിയാവുന്നോണ്ട് തിരിച്ചുതരാതിരുന്നാലും അറിയില്ലായിരുന്നു.. പക്ഷേ, അവനവന്റേതല്ലാത്ത കാശുകൊണ്ട് ഉണ്ടാല്‍ ഇറങ്ങാത്ത ചില മനുഷ്യരെങ്കിലും ഉണ്ട്...... പ്രണാമം...
ReplyDeleteചിലപ്പോള്‍ ഇങ്ങനെയുള്ള ഓരോരോ കുഞ്ഞു കുഞ്ഞ് അനുഭവങ്ങളാകും ചിന്തിയ്ക്കാന്‍ ഒരുപാട് തരുന്നത്...
ReplyDeleteസത്യം ശ്രീ
Deleteചെറിയ അനുഭവങ്ങള്‍, വലിയ പാഠങ്ങള്‍
ReplyDeleteശരിക്കും
Deleteനല്ല അനുഭവങ്ങൾ വീക്ഷണണങ്ങൾ. സന്തോഷം.
ReplyDeleteഎനിക്കും സന്തോഷം
Deleteകുഞ്ഞു സംഭവങ്ങള്‍ വല്യ പാഠങ്ങള്‍ നമ്മളെ പഠിപ്പിക്കും അല്ലേ?
ReplyDeleteഅതെ.. ജീവിതം എത്ര പഠിച്ചാലും തീരാത്ത പാഠമാണ് അല്ലേ?
Delete