മൈലാഞ്ചി

ജാലകം

Thursday, 20 December 2012

സ്വര്‍ണനിറമുള്ള അഞ്ചുരൂപ...

ഇന്നലെ യൂണിവേഴ്സിറ്റിയില്‍നിന്നു വരുമ്പോ ചാലക്കുടീന്ന് കേറിയ ബസില്‍ അടുത്ത് ഒരു ചേച്ചി വന്നിരുന്നു.
"ഇരിങ്ങാലക്കുടക്കുള്ള ബസ്സല്ലേ മോളേ?"
"അതെ"..(അല്ലേ? ആരെങ്കിലും സംശയം ചോദിച്ചാ എനിക്കും സംശയമാവും..)
"സെന്റ്ജെയിംസ് എത്തിയാ പറയണേ"
"പറയാം"
"അവടത്തെ ഡോക്ടര്‍ടെ ചികിത്സയാണേ..തലവേദനക്ക് ..നല്ല കുറവ്ണ്ട്"
ഞാനൊന്നു ചിരിച്ചു..ബസിലിരുന്ന് ചുമ്മാ പരിചയപ്പെടുന്നോരോട് അത്രയ്ക്കങ്ങോട്ട് താല്പര്യം തോന്നാറില്ല..അവര്‍ വിടുന്ന മട്ടില്ല..
"മോള്‍ടെ വീടെവടെയാ?"
"ഇരിങ്ങാലക്കുട"
"എവടെയാ ജോലി?"
"ജോലി ഇല്ല പഠിക്യാ" എനിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങി.
"എന്താ പഠിക്കണേ?"
"പിഎച്ഡി..കാലടീല്"
ഞാന്‍ പുറത്തേക്ക് നോക്കുന്നതായി നടിച്ചു.. അവര്‍ പെഴ്സ് തുറന്ന് പൈസ എണ്ണിയെടുക്കാനുള്ള ശ്രമത്തില്‍.....കണ്ടക്ടര്‍ വന്നു മുന്‍വശത്തുനിന്നും പൈസ വാങ്ങിത്തുടങ്ങി.. അവര്‍ മിനിമം ചാര്‍ജിന്റെ ദൂരത്തില്‍ ഇറങ്ങും എന്നത് അല്പം സമാധാനം തന്നു..
"സെന്റ്ജെയിംസ് എത്തിയാ പറയണേ.. ഞാന്‍ ആദ്യായിട്ടാ ഒറ്റക്ക് പോണേ..എത്തിയാ അറിയും..എന്നാലും ഒരു പരിഭ്രമം"
പെട്ടെന്ന് എന്തോ പാവം തോന്നിപ്പോയി..
"പേടിക്കണ്ടാട്ടോ..എത്തിയാല്‍ പറയാം"
ബസ് മുന്നോട്ടെടുത്ത് നിര്‍ത്തിയിട്ടു.
"ഇവടെ കൊറേ നേരം നിര്‍ത്ത്വോ?"
"ഏയ് ഇല്ല..ഇപ്പ പോവും"
നിറഞ്ഞ ഒരു ചിരി...
ബസ് നീങ്ങി..അവര്‍ ചില്ലറത്തുട്ടുകള്‍ കയ്യിലെടുത്ത് തിരുപ്പിടിക്കുന്നു..ഞാനും പൈസയെടുത്ത് പെഴ്സ് ബാഗില്‍ വച്ചു.. അവര്‍ നോക്കുന്നതുകണ്ടപ്പോള്‍ വല്ലായ്ക തോന്നി..
"മോള്‍ക്ക് ഈ പൈസ വേണോ?"
സ്വര്‍ണനിറമുള്ള അഞ്ചുരൂപനാണയം നീട്ടിയാണ് ചോദ്യം. ഞാനെന്താ കൊച്ചുകുട്ടിയാണോ ഇതൊക്കെ എടുത്ത് വക്കാന്‍ എന്നു ചോദിക്കാന്‍ തോന്നി..
"ഏയ് വേണ്ട..എനിക്കെന്തിനാ?"
"അല്ല, മോള് വെച്ചോ"
ചെലപ്പോ ഇത് ശരിക്കുമുള്ള പൈസയല്ലെന്ന് കരുതീട്ടാവും.. സഹതാപം തോന്നി..
"ചേച്ചീ, ഇത് ശരിക്കുള്ള അഞ്ചുരൂപയാ..കണ്ടക്ടര്‍ക്ക് കൊടുത്തോളൂ..അയാളെടുക്കും" ഞാന്‍ വിവരസ്ഥയായി..
"എനിക്കറിയാം എടുക്കുമെന്ന്..പക്ഷേ, കൊടുക്കാന്‍ തോന്നുന്നില്ല"
അവരടെ ഉള്ളിലും ഒരു കൊച്ചുകുട്ടിയോ? പക്ഷേ, എന്തിന് എന്നോട് അതെടുത്തോളാന്‍ പറയുന്നു? ഞാനൊന്ന് ചിരിച്ചു..
അവര്‍ ആ നാണയം കൈയിലിട്ട് ഓമനിച്ചുകൊണ്ടിരുന്നു..
"ഇത് കിട്ട്യാ ഭാഗ്യാന്നാ പറയണേ."
ചിരി പുറത്തുചാടാതെ ഞാന്‍ കഷ്ടപ്പെട്ടു..എന്നിട്ട് എന്തെങ്കിലും പറയണല്ലോ എന്ന് കരുതി പറഞ്ഞു..
"എനിക്കിങ്ങനത്തെ കിട്ടിയതൊക്കെ പിള്ളേര്ടേലാ..അവരും കൊടുക്കാന്‍ സമ്മതിക്കില്യ..സൂക്ഷിച്ചുവക്കും"
അവരൊന്നു ചിരിച്ചു..വേറെ എവിടെന്നോ വന്നപോലെ ഒരു ചിരി.
"എന്റെ ഭര്‍ത്താവാ പറഞ്ഞേ ഇത് ഭാഗ്യാണെന്ന്.. ആദ്യായിട്ട് കിട്യപ്പോ ഒരു ചെറ്യേ കുടുക്കേണ്ടാര്‍ന്ന്വേ..കാലിയായിട്ട്....അതിലിട്ടുവച്ചു..പിന്നെ അതില് പത്തുരൂപയെങ്കിലും ഇല്യാണ്ടെ ഇണ്ടായിട്ടില്യ.."
അന്ധവിശ്വാസങ്ങള്‍ ഏതൊക്കെ വഴിക്ക് വരുന്നു എന്ന് ചെറുതായൊന്നാലോചിക്കാന്‍ തുടങ്ങുകയായിരുന്നു..
"ആള്, ഇങ്ങനത്തെ കിട്ട്യാ കൊടുക്കണ്ടാന്ന് പറയും".....ചക്കിക്കൊത്ത ചങ്കരന്‍....!!
"മരിച്ചുപോയി മോളേ..രണ്ടു കൊല്ലാവണൂ.."
ഞെട്ടല്‍ പുറത്തുകാണിച്ചില്ല..
"മോള്‍ടെ കുട്ടീടെ ചോറൂണ് അമ്പലത്തില് വെച്ച് നടത്താന്‍ ആലോചിച്ചതാ..അതിന്റെ തലേന്നാ.. ഹാര്‍ട്ടായിരുന്നു..എന്തുചെയ്യാനാ?.."
മനസിന് വല്ലാത്ത വിങ്ങല്‍..
"നാല്‍പ്പത്തൊമ്പതു വയസേ ണ്ടാര്‍ന്നുള്ളൂ.. ഇപ്പ ണ്ടാര്‍ന്നെങ്കി അമ്പത്തിരണ്ടായേനെ അട്ത്ത പെര്‍ന്നാളിന്.."
കണ്ണ് നിറയാതിരിക്കാന്‍ അവര്‍ പാടുപെട്ടു...‍ഞാനും...
വിഷയം മാറ്റണോ?....
"എന്റേല് വേറെ അഞ്ചുരൂപയുണ്ടോന്ന് നോക്കട്ടെ" ..ഉണ്ടെന്നറിയാം..ചിലവാക്കാതെ വച്ചത്... എടുത്തുനീട്ടി..
"എന്റേല് പൈസ വേറെ ണ്ട്. പക്ഷേ അത് ഇപ്പ കൊടുത്താ പിന്നെ എവടെങ്കിലും ഇത് കൊടുക്കണ്ടി വരും..അതാ.." അവര്‍ നാണയം തന്നു..
"എവടെയാ ചേച്ചീടെ വീട്?"
"മാളേലാ..കാര്‍മല്‍ കോളേജിന്റെ അട്ത്ത്..അറിയോ?"
"ഉം..അമ്മേടെ ചേച്ചീടെ വീട്ടിലേക്ക് പോണത് ആ വഴിയാ.. പാറക്കടവിലക്ക്.."
"ആ..അറിയാം.."
"വീട്ടിലാരൊക്കെണ്ട്?"
"മോനുണ്ട്..അവന്റെ കല്യാണം കഴിഞ്ഞു..അവന്‍ കുഡുമ്പൊക്കെ നോക്കുംട്ടോ..മോളടെ കല്യാണത്തിന് കൊറച്ച് കടണ്ടാര്‍ന്നു.. അതൊക്കെ വീട്ടി.. ഇപ്പ സുഖാ.ഒരു കൊഴപ്പോല്യ..ന്നാലും ഭര്‍ത്താവില്യാത്തേന്റെ ഒരിത് ണ്ടാവൂലോ.. അതല്ലാണ്ടെ ഒരു കൊഴപ്പോല്യ"
"ഇതൊന്നും നമ്മടെ കയ്യിലല്ലല്ലോ ചേച്ചീ.." എനിക്കെവടന്നാണോ ഫിലോസഫി വരണത്? സ്വയം ദേഷ്യംതോന്നി..അവരുടെ നഷ്ടത്തിന് പകരം വക്കാന്‍ പൊള്ളയായ വാക്കുകള്‍ എന്തിന് പുലമ്പുന്നു? മിണ്ടതിരുന്നാ പോരേ?
"എന്റെ മോള് നഴ്സാ..ലാലിലാ പടിച്ചേ..ഇപ്പോ കൊടുങ്ങല്ലൂര് മോഡേണില്.......മോള് എന്നും ഈ നേരാവ്വോ തിരിച്ചു വരുമ്പോ?"
"ചെലപ്പോ."
"രാവിലെ എപ്പോ പോണം?"
"നേരത്തേ പോണ്ടതൊക്കെയാണ്..ഞാന്‍ പക്ഷേ ഒമ്പതുമണിയൊക്കെ കഴിഞ്ഞേ പോകൂ.."
"എന്നാലും രാത്രി കുഡുമ്മത്ത് ണ്ടാവൂലോ..എന്റെ മോള്‍ക്ക് നൈറ്റ് ണ്ടാവുമ്പഴാ പ്രശ്നം..ചെറ്യേ മോള്ണ്ടല്ലോ..അവള് പറയും അമ്മ നൈറ്റ് ഇട്ക്കണ്ടാ ന്ന്...പടിപ്പിച്ചത് കൊഴപ്പായി മോളേ.."
"അങ്ങനെ കരുതണ്ട..നല്ല ജോലിയല്ല?.."
"അതൊക്കെ അതെ.. പക്ഷേ, വല്ല ടിടീസീം പടിപ്പിച്ചാ മതീന്നാര്‍ന്നു എനിക്ക്.. അവള്‍ടെ അച്ഛന്റെ നിര്‍ബന്താര്‍ന്നു നഴ്സാക്കണം ന്ന്... എന്നട്ടിപ്പോ..."
ആ അഞ്ചുരൂപാത്തുട്ട് കൈയിലിരുന്ന് പൊള്ളി...
ബസ് നിന്നു..സെന്റ് ജെയിംസ് കടന്നുപോയോ? രണ്ടാളും പരിഭ്രമിച്ചു.. ഇല്ല..ആവുന്നേയുള്ളൂ..
"വര്‍ത്താനം പറഞ്ഞട്ടേ സലം കഴിഞ്ഞോ ന്ന് വിചാരിച്ചു."
"ഞാനും.."
"ഡോക്ടറെ കാണാനല്ല ഇന്ന്..മര്ന്ന് വാങ്ങാനാ.. മോഡേണിലെ ഡോക്ടറാ ഇവടെ വന്ന് കാണാന്‍ പറഞ്ഞേ..ഇപ്പ നല്ല വ്യത്യാസണ്ട് ട്ടോ..മറ്റത്, വെയില് കൊണ്ടാ അപ്പ തലവേദനയാ.. ഇന്നിപ്പോ ഈ നേരായിട്ടും ഒരു കൊഴപ്പോല്യ.."
ചിരി...
"മോളാ ആദ്യം കൂടെ വന്നേര്‍ന്നേ..ചെലപ്പോ മരുമോള് വരും.. ഇന്ന് ഞാന്‍ പറഞ്ഞു, എനിക്ക് കൊഴപ്പൊന്നൂല്യ ഒറ്റക്ക് പോയി നോക്കട്ടേ ന്ന്..അപ്പോ മോന്‍ പറഞ്ഞു മരുന്ന് വാങ്ങ്വല്ലേ വേണ്ടൂ പോയി വാ ന്ന്....    തെരക്കിന്റെടേല് കടലാസ് എഡ്ക്കാന്‍ മറന്നു..അവടെ ചെന്ന് പറയാം ന്നാ വിചാരിക്കണേ.."
"മരുന്നിന്റെ പേരറിയോ?"
"ഇല്ല മോളേ..അവടെചെന്ന് ഡോക്ടറെ കാണേണ്ടിവരും ചെലപ്പോ..പരിചള്ളതാണേ..നല്ല പരിചയണ്ട്..അപ്പോ പറഞ്ഞുതരും.."
"അവടെ ഫയല് ണ്ടാവും .അതില് ണ്ടാവും മരുന്നിന്റെ വിവരം.." ആശ്വസിപ്പിക്കാന്‍ ഒരു ശ്രമം..
"ആ..അതന്യാ ഞാനും വിചാരിച്ചേ.."
"സ്റ്റോപ്പെത്താറായി ചേച്ചീ.."
അവര്‍ എണീറ്റു.. "പ്രാര്‍ത്ഥിച്ചോളൂട്ടോ"
 തലയാട്ടി.. പ്രാര്‍ത്ഥിക്കാറില്ലെന്ന് അവരോട് പറയാന്‍ തോന്നിയില്ല.. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പോലും ആവില്ലല്ലോ എന്ന് നെഞ്ച് വിങ്ങി...
"ഈ അഞ്ചുരൂപ ഞാന്‍ ചെലവാക്കില്ലാട്ടോ ചേച്ചീ"...എന്റെ പ്രാര്‍ത്ഥന ഇതാണ്.
"ഇത് കാണുമ്പോ ചേച്ചിയെ ഓര്‍ക്കണേ.."
"ചേച്ചീടെ പേരെന്താ?"
"ശോഭ".. സുവര്‍ണശോഭയുള്ള ചിരി...
ബസില്‍നിന്നും ഇറങ്ങി 'പിന്നെക്കാണാം'  എന്നമട്ടില്‍ ഒരു തലയാട്ടല്‍..
അഞ്ചുരൂപാത്തുട്ട് കയ്യിലിരുന്ന് തിളങ്ങി.. ചിരിയുടെ ശോഭയോ..കണ്ണീരിന്റെ തിളക്കമോ..മനസിലായില്ല...


20 comments:

  1. കാലം കുറേയായി എന്തെങ്കിലും എഴുതിയിട്ട്.. എഴുതാന്‍ തോന്നാറില്ല.. ഇതിപ്പോ എഴുതാതിരിക്കാന്‍മാത്രം വിങ്ങിയപ്പോള്‍...

    കുറച്ചുകാലം കഴിയുമ്പോ ഇതൊക്കെ മറന്നെന്നുവരും.. ആ അഞ്ചുരൂപ എന്നും പെഴ്സിലിരിക്കാന്‍വേണ്ടി..ഇങ്ങനെയൊന്ന്....

    ReplyDelete
  2. ആഹാ... ഞാനാണോ ആദ്യം ?

    ആ അഞ്ചു രൂപയുടെ തിളക്കം ഈ പോസ്റ്റില്‍ മൊത്തം കാണാനുണ്ട്, ചേച്ചീ...

    നല്ല പോസ്റ്റ്!, ഇഷ്ടമായി.

    [ പിന്നേയ്... പാറക്കടവിലാണ് എന്റെ അമ്മായിയുടെ വീട് :)]

    ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്‍ !!!

    ReplyDelete
    Replies
    1. നന്ദിയുണ്ട് ശ്രീ...വൈകിപ്പോയി നന്ദിപറയാന്‍(ഇത് എല്ലാരോടും കൂടി ട്ടോ..)


      പാറക്കടവില്‍ എവിടെയാ അമ്മായീടെ വീട്?

      Delete
  3. ആ അഞ്ചുരൂപയുടെ തിളക്കം ശരിക്കും കണ്ടു! ആ തിളക്കം രചനയിലും. ഭാവുകങ്ങള്‍.

    ReplyDelete
  4. തെളിമയുള്ള ജീവിതത്തിന്റെ തെളിമയുള്ള എഴുത്ത്.

    ReplyDelete
  5. വളരെ നന്നായി എഴുതിയിരിക്കുന്നു.


    വികെ ആദര്‍ശ്

    ReplyDelete
  6. കൊള്ളാം.ചിലരങ്ങിനെയാണ്,ഇടിച്ചുകയറി വന്നു മനസ്സില്‍ ഒരു നീറ്റല്‍ സമ്മാനിച്ചു കടന്നു പോകും.

    ReplyDelete
    Replies
    1. അതെ ..ഇപ്പഴും ഓര്‍ക്കുമ്പോ വല്ലാത്ത വിങ്ങലാണ്....

      Delete
  7. മൈലാഞ്ചി ഇത്ര പിശുക്കുന്നതെന്തിനാ എഴുതാന്‍? വായിക്കാന്‍ എനിക്കും ഭാഗ്യം വേണമല്ലോ അല്ലേ?

    മനോഹരമായി ഈ എഴുത്ത്. അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. എന്താ എഴുതാത്തേ ന്ന് എനിക്കും അറിയില്ല.. പക്ഷേ ആ ഭാഗ്യം എന്ന പ്രയോഗം സുഖിച്ചൂ ട്ടോ..അതിത്തിരി അക്രമമായെങ്കിലും...

      Delete
  8. എന്തിനാ എഴുതാതിരിക്കുന്നത്?ഇത്രയും നല്ല എഴുത്ത് വായിക്കുക എന്നത് വായനക്കാരന്‍റെ അവകാശമാണ് കേട്ടൊ.. നിഷേധിക്കാന്‍ പാടില്ല. ഇനിയും വരാം പുതിയ എഴുത്തുകള്‍ അന്വേഷിച്ച്.

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി.. വളരെ വളരെ സന്തോഷവും... എഴുതണമെന്നുണ്ട്....

      Delete
  9. Replies
    1. അതെ സനില്‍... യാത്ര കുറേ അനുഭവങ്ങള്‍ തരുന്നുണ്ട്...

      Delete
  10. orunimisham kondoru Kutty aayathupole. Njallaniyil bhasha.aasamsakal.

    ReplyDelete
  11. വളരെ നന്നായിരിക്കുന്നു. വിശ്വാസങ്ങള്‍ പലപ്പോഴും ചില മനസ്സുകളുടെ നന്മയില്‍ നിന്നാണ് ഉടലെടുക്കുന്നത്

    ReplyDelete
    Replies
    1. നന്ദി....ഇഷ്ടമായതില്‍ സന്തോഷം..

      ശരിയാണ്..ചില വിശ്വാസങ്ങള്‍ ഇങ്ങനെയൊക്കെയാണ്..

      Delete

കൂട്ടുകാര്‍