ഇന്നെന്റെ പിറന്നാളായിരുന്നു. കുംഭമാസത്തിലെ അത്തം. മിനിഞ്ഞാന്ന് ജന്മദിനമായിരുന്നു, ഫെബ്രുവരി പത്തൊമ്പത്. ഫേസ്ബുക് പ്രൊഫൈലില്‍ തിയതി ഉള്ളതിനാല്‍ കുറേ ആശംസകള്‍ വന്നു. ആര്‍ക്കും ഓര്‍മയുടെ ഭാരം താങ്ങേണ്ടല്ലോ ഇപ്പോള്‍ . ഞാനും പതിവാണ് മൊബൈലില്‍ റിമൈന്‍ഡര്‍ ഇടുന്നത്. പല പല തിരക്കുകള്‍ക്കിടയില്‍ മറക്കരുതെന്ന് നാം ആഗ്രഹിക്കുന്ന പലതും മറന്നുപോകും, പിന്നീട് ഓര്‍മവരുമ്പോള്‍ തീര്‍ത്താല്‍ത്തീരാത്ത നഷ്ടബോധവും ചിലപ്പോഴൊക്കെ കുറ്റബോധവും. അതൊഴിവാക്കാന്‍ ഏറ്റവും നല്ല വഴി റിമൈന്‍ഡര്‍ ഇടുക തന്നെയാണെന്ന് കരുതുന്നു, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ മന:പ്പൂര്‍വം കണ്ടില്ലെന്ന് നടിക്കുന്നു. ഫേസ്ബുക്ക് ആശംസകളുടെ ഒരു കുഴപ്പം അത് ആരും ഓര്‍ത്തിരിക്കുന്നതല്ല എന്നത് നമുക്ക് ഓര്‍മ വരും എന്നതാണ്, (നമുക്ക് എന്നുവേണ്ട എനിക്ക് എന്നാക്കാം.) എന്തുകൊണ്ടോ മൊബൈലിലെ ഇത്തരം ആശംസകള്‍ക്ക് ആ കുഴപ്പം എനിക്ക് തോന്നിയിട്ടുമില്ല. ഇത് ഒരുപക്ഷേ, ഞാന്‍ ഫേസ്ബുക്കിനേക്കാള്‍ മൊബൈല്‍ ഉപയോഗിക്കുന്ന ആളായതുകൊണ്ടാവാം, അല്ലെങ്കില്‍ മൊബൈലിലെ റിമൈന്‍ഡര്‍ നമ്മള്‍ സെറ്റ് ചെയ്യുന്നതാണ് എന്നതുകൊണ്ടുമാവാം.
ചില റിമൈന്‍ഡറുകള്‍ നമ്മള്‍ മനസിലും കൂടി സെറ്റ് ചെയ്ത് വക്കും, അതിനുവേണ്ടി ഒരുങ്ങും, മനസും പരിസരവും. ഇത്തവണ എന്റെ പിറന്നാള്‍ അത്തരം ഒരു ഒരുക്കത്തിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരമായിരുന്നു, ഒരു റിമൈന്‍ഡറിന്റേയും സഹായമില്ലാതെ എന്റെ പാപ്പു ഒരുക്കിയെടുത്ത ആഘോഷം. ആഴ്ചകള്‍ നീണ്ട ഒരുക്കങ്ങള്‍ .. ആരെയൊക്കെയോ വിളിക്കുന്നു, എന്തൊക്കെയോ വാങ്ങുന്നു...
കഴിഞ്ഞാഴ്ചയോടെ എനിക്ക് ചെറിയ ഐഡിയ കിട്ടിത്തുടങ്ങി, ദേവനും ഹരിയും വരും, ഉറപ്പിച്ചു, കേയ്ക്ക് വാങ്ങുന്നുണ്ട്, എന്തോ ഗിഫ്റ്റും.. ഇത്രയും അറിഞ്ഞെങ്കിലും നടിച്ചില്ല, ഗിഫ്റ്റ് വാങ്ങിയത് ഞാനറിഞ്ഞു, ഇവിടെ വക്കുന്നു, തുറന്നു നോക്കരുത് എന്ന് അവള്‍ പറഞ്ഞിരുന്നു, ഒരാഴ്ച അതവിടെ ഇരുന്നു, വീട്ടില്‍ വരുന്നവര്‍ക്ക് കാണിച്ചുകൊടുക്കും, ആ സമയം ഞാന്‍ ഒന്നുകില്‍ കണ്ണുപൊത്തണം, അല്ലെങ്കില്‍ വേറെ എങ്ങോട്ടെങ്കിലും മാറണം.. രസമായിരുന്നു.... അവളുടെ കുട്ടമ്മാമനോട് തല്ലുകൂടി പലവട്ടം എന്തൊക്കെയോ വാങ്ങിവന്നു.
ഏറെ രസകരമായ ഒരു സംഭവം, അവള്‍ക്ക് ഇതെന്നോട് പറഞ്ഞാല്‍ക്കൊള്ളാം എന്നുണ്ടായിരുന്നു എന്നതാണ്. ഇടക്ക് വന്ന് പറയും, 'അമ്മാ, എനിക്ക് പറയാന്‍ തോന്നുണു.. പക്ഷേ, പറഞ്ഞാല്‍ സസ്പെന്‍സ് പൊളിയും.. ഞാനെന്താ ചെയ്യാ? ' …
ഒരുവിധം കടിച്ചുപിടിച്ച് പതിനേഴാം തിയ്യതി ആയി.. അന്ന് അവള്‍ എന്നോട് ചോദിച്ചു, അമ്മക്ക് എന്തൊക്കെ മനസിലായീ ന്ന്. ഞാന്‍ അറിയാവുന്നത് പറഞ്ഞു. ആരൊക്കെ വരുമെന്ന് പറഞ്ഞില്ലെങ്കിലും ഊണിന് എത്രപേരുണ്ടെന്ന് പറഞ്ഞില്ലെങ്കില്‍ നിന്റെ വിരുന്നുകാര്‍ പട്ടിണി കിടക്കും എന്ന് ഭീഷണിയും വച്ചു. ഒരു പത്തുപതിനഞ്ചുപേര്‍ നമ്മളേം കൂട്ടി, എന്ന് മറുപടി. പിറ്റേന്നക്ക് അത് കുറഞ്ഞു. അതിന്റെ കാരണം വൈകീട്ട് അനു വിളിച്ചപ്പോളാണ് മനസിലായത്. അനുവിന് പനിയാണ്, പാലക്കാടാണ്, വരില്ല എന്ന്.. പത്തൊമ്പതാം തിയ്യതി അണിമ വിളിച്ചു ആശംസകള്‍ പറഞ്ഞപ്പോള്‍ അവളെയും വിളിച്ചെന്ന് മനസിലായി, അണിമക്കും പനി.. അങ്ങനെ പാപ്പുവിന്റെ സസ്പെന്‍സുകള്‍ ഓരോന്നായി പൊളിഞ്ഞു തുടങ്ങി. മാത്രമല്ല, കഷ്ടകാലത്തിന് പാപ്പൂനും അച്ചൂനും ശനിയാഴ്ച ക്ലാസുമുണ്ട്.
എന്തുചെയ്യും എന്നറിയാതെ അവള്‍ അല്പം വിഷമിച്ചു. ഉടന്‍ പരിഹാരവും കണ്ടു. ഉച്ചവരെയേ പോകൂ. ടീച്ചര്‍ക്ക് ലെറ്റര്‍ തരണം.. ഓക്കെ ..ഡണ്‍ ..(എന്നിട്ടെന്താ, രണ്ടാളും അന്ന് പോയില്ല..)
അങ്ങനെ അവള്‍ കാത്തുകാത്തിരുന്ന ദിവസം.. രാവിലെ അവള്‍ പറഞ്ഞിരുന്നു ഇപ്പോ ഉള്ളവരെ കൂടാതെ നാലാള്‍ എക്സ്റ്റ്രാ എന്ന്. ഞങ്ങള്‍ നാലുപേരല്ലാതെ കുട്ടനും ഷിന്‍ച്ചി എന്ന് ഞാന്‍ വിളിക്കുന്ന ഷീനച്ചേച്ചിയും ഉണ്ടായിരുന്നു. അപ്പോള്‍ ഉറപ്പായി മറ്റു രണ്ടുപേര്‍ ആത്മനും ആത്മസഖി ഷിതയും ആണെന്ന്. (പ്രയോഗം കുട്ടന്റേത്).
എന്തായാലും ചെറുകിട സദ്യ ഒരുക്കാന്‍ ഷിന്‍ച്ചിയുടെ മേല്‍നോട്ടത്തില്‍ അടുക്കള ഒരുങ്ങി.. നോര്‍ത്തും സൌത്തും പുതിയ പരീക്ഷണങ്ങളും ഒരുപോലെ വഴങ്ങുന്ന ഷിന്‍ച്ചി ഒട്ടും മോശമാക്കിയില്ല.. മാത്രമല്ല, പുതിയ ഒരു വിഭവം ലാന്‍ഡ് ചെയ്യുകയും ചെയ്തു. വെള്ളക്കടല വേവിച്ചത് ബാക്കിയായതും തലേന്നത്തെ ചക്ക ഉപ്പേരിയും കൂടി ഒരു പ്രയോഗം.. ഉഗ്രന്‍ സംഭവമായിരുന്നു. പിന്നെ പഞ്ചാരപ്പായസവും... ഒക്കെ കഴിഞ്ഞ് വൈകീട്ട് കേയ്ക്ക് മുറിക്കലും.. എന്റെ ജീവിതത്തിലെ ആദ്യത്തെ birthday cake-white forest.
ആദ്യം മുതലേ ഈ പിറന്നാള്‍ സ്പെഷ്യല്‍ ആയിരുന്നു. അര്‍ദ്ധരാത്രി പ്രിയതമന്റെ മധുരചുംബനം ഏറ്റുവാങ്ങിയാണ് പിറന്നാള്‍ദിനം തുടങ്ങിയത്. അപ്പോഴേ ഊഹിച്ചു ഇത് ഗംഭീരമാവും എന്ന്. ഇത്രയും കൊല്ലത്തിനിടെ ആദ്യമായി ഏട്ടന്‍ അലാം വച്ചെണീറ്റ് wish ചെയ്തു, സമ്മാനം തന്നു..... !!!!
രാവിലെ അച്ചൂനും പാപ്പൂനും വേണ്ടി ഏട്ടന്‍ വാങ്ങിയ സമ്മാനങ്ങള്‍ കൂടി കിട്ടി. ബ്രേസ്ലെറ്റ് പോലുള്ള വാച്ച്, കോഫിമഗ്, ഫോട്ടോഫ്രെയിം... ഇതു കൂടാതെ പാപ്പു നേരത്തേ വാങ്ങിവച്ച സമ്മാനം, ഒരുഗ്രന്‍ മാലേം കമ്മലും സെറ്റ്..കൂടെ birthday cardഉം..
ആത്മന്റെ കാറിലാണ് ദേവനും ഹരിയും വന്നത്.. അവരും പാപ്പൂം കൂടെ എത്ര നാളായി തയ്യാറെടുപ്പ് തുടങ്ങീട്ട് എന്നതിന്റെ തെളിവായിരുന്നു മണിച്ചേട്ടായി എന്ന് ഞാന്‍ വിളിക്കുന്ന് ഹരിയുടെ സമ്മാനം.. അവര്‍ ആഴ്ചകള്‍ക്ക് മുമ്പേ കര്‍ണാടകയിലെ കുശാല്‍നഗറില്‍ പോയപ്പോള്‍ വാങ്ങിയ രണ്ടു കീചെയിനുകള്‍ .. പാവക്കുട്ടികള്‍ തൂങ്ങിക്കളിക്കുന്ന മനോഹരമായ cute gift..
കേട്ട ഗാനം മധുരം , കേള്‍ക്കാനുള്ളത് മധുരതരം എന്നതുപോലെയാണ് എന്റെ കൂട്ടുകാരുടെ എല്ലാരുടേം വക എന്ന് പറഞ്ഞ് തന്ന ഗിഫ്റ്റ്.. ആത്മന്റെ വീട്ടില്‍ വിടര്‍ന്ന മനോഹരമായ ഒരു മഞ്ഞ പനിനീര്‍പ്പൂവച്ച് അലങ്കരിച്ച കവര്‍ തന്നപ്പോഴേ പുസ്തകമാണെന്ന് ഊഹിച്ചു, ഏറെ സന്തോഷിച്ചു, കാരണം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം എന്നും പുസ്തകമാണെന്നതിനാല്‍ …
എന്നാല്‍ ….......
കവര്‍ തുറന്ന ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.. കൂക്കിവിളിച്ചു.. എന്റെ സകല നിയന്ത്രണവും പോയി... എന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മനോഹരസമ്മാനം... എന്റെ കവിതകളുടെ സമാഹാരം.....!!!
കവര്‍ ഡിസൈന്‍ ആത്മന്‍ , പേജ് സെറ്റിംഗ് ദേവന്‍ , പ്രിന്റിംഗ് അനുവും ശ്രീകുമാറും.... ഞങ്ങള്‍ ഒരുമിച്ചുപോയ യാത്രയുടെ ഓര്‍കള്‍ ഉണര്‍ത്തി 'ഇലവീഴാപൂഞ്ചിറ' യാണ് കവറില്‍ .. (ഒഫീഷ്യല്‍ ടൂറല്ലാതെ ഞാന്‍ പോയ ആദ്യ യാത്ര.)
ഇനി ഞാനെന്തുപറയാന്‍ ! സൌഹൃദം അര്‍ത്ഥപൂര്‍ണമാകുന്നത് അനുഭവിച്ചറിയുമ്പോള്‍ വാക്കുകള്‍ അപ്രസക്തമാകുന്നു..
ഇനിയൊരു പിറന്നാളും ആഘോഷിച്ച് ഇതിന്റെ ഭംഗി കെടുത്താന്‍ വയ്യ..
നിറഞ്ഞ മനസോടെ.......
നന്ദി