മൈലാഞ്ചി

ജാലകം

Wednesday, 14 January 2009

ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ
നോക്കിയാല്‍ കാണാം
മുറ്റത്ത് തെങ്ങിന്‍ ചുവട്ടില്‍
അടിച്ചുകൂട്ടിയ കരിയിലകള്‍ക്കിടയില്‍
മെല്ലെ അനങ്ങുന്നത് .......

പിടക്കോഴിയും കുഞ്ഞുങ്ങളും
ജീവിതം ചികഞ്ഞു ചെല്ലുന്നതും കാത്ത്
പതുങ്ങി കിടക്കുന്നത് ......

'എന്റെ അടുത്തേക്ക് നീ വന്നത്
ഇരയാവാന്‍ ഒരുങ്ങിത്തന്നെ'യെന്ന്
വാ പിളര്‍ത്തി വിഴുങ്ങുന്നത് ......

ചണ്ടിയായി പുറത്തേക്ക് എറിയും വരെ
കുഞ്ഞിക്കോഴി കരഞ്ഞിട്ടില്ലെന്നു
നാവു നീട്ടുന്നത് .......

......
......
......

ജനലിനിപ്പുറം
കരിയിലകളില്ല...
പതുങ്ങലില്ല ...
ചില നിഴലനക്കങ്ങള്‍ മാത്രം മതി
വാലു മടക്കി
കണ്ടതും കേട്ടതും
ഒതുക്കി
ചുരുണ്ടു കൂടാന്‍ ......

Sunday, 11 January 2009

മഴ പെയ്യുംമുന്‍പേ
എല്ലാം ശാന്തമായിരുന്നു.
കുടകളെല്ലാം ബാഗിനകത്ത്
സുരക്ഷിതരായിരുന്നു.
കുടയില്ലാത്തവര്‍
നിര്ഭയരായിരുന്നു.
മേല്‍ക്കൂരയിലെ വിള്ളലുകള്‍
ഉറങ്ങുകയായിരുന്നു.
മേല്ക്കൂരയില്ലാത്തവരും
ഉറങ്ങുകയായിരുന്നു.
നിരത്തിലെ കുഴികള്‍
ആഴം വെളിവാക്കി
മലര്‍ന്നു കിടന്നിരുന്നു.
കുഴികള്‍ മൂടിയവ
പുതിയ വേഷത്തില്‍
ചിരിച്ചു നിന്നിരുന്നു.
പക്ഷെ,
ഇതെല്ലാം
മഴക്ക് മുന്‍പായിരുന്നു..

Thursday, 1 January 2009

പുതുവര്‍ഷം...

പല തരം തിരക്കുകള്‍ ആയിരുന്നു.. ഈ വഴി വരാന്‍ ആയില്ല.. എന്തായാലും നല്ല ഒരു വര്‍ഷമാണ്‌ എനിക്ക് കടന്നു പോയത്. സുന്ദരമായൊരു വര്‍ഷം .. എത്ര നല്ലത് ആണെങ്കിലും ഓരോ വര്‍ഷവും യാത്ര പറയും. .. 2008 ഉം പോയി. സുന്ദരം എന്ന് പറയുമ്പോ നല്ലത് മാത്രമെ ഉണ്ടായിട്ടുള്ളൂ എന്ന് അര്‍ഥമില്ല.. ഒരുപാടു പ്രശ്നങ്ങള്‍ .അസുഖങ്ങള്‍..ഒക്കെ ഉണ്ടായിരുന്നു. പക്ഷെ അതെല്ലാം ചിരിച്ചു നേരിടാന്‍ കഴിഞ്ഞു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല..
ഈ കൊല്ലം നല്ലത് മാത്രം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നില്ല. പക്ഷെ നല്ലതും വേണം, നന്നല്ലാത്ത എന്തെങ്കിലും ഉണ്ടായാല്‍ നേരിടാന്‍ ചങ്കുറപ്പു ഉണ്ടാവണം ...

നിങ്ങള്‍ക്ക് എല്ലാര്‍ക്കും നന്മകള്‍ നേരുന്നു..

സ്നേഹത്തോടെ

കൂട്ടുകാര്‍